OVS - Latest NewsOVS-Kerala News

ഓര്‍ത്തഡോക്സ് സഭ പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും

കോട്ടയം: കേരളത്തില്‍ സമാനതകളില്ലാത്ത വിധം പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്ത സൈനീകര്‍, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസേവകര്‍, ഈ പ്രശ്നത്തിന്‍റെ ഗൗരവം പൊതുജനശ്രദ്ധയില്‍ കൊണ്ടു വരാന്‍ കഠിനാദ്ധ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അനുമോദനം അര്‍ഹിക്കുന്നു. മനുഷ്യത്വം മരിച്ചിട്ടില്ലെന്നും വെല്ലുവിളികളെ നേരിടാന്‍ ജാതി-മത കക്ഷിരാഷ്ട്രീയ ഭേദമെന്യ മലയാളികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭദ്രാസന-ഇടവക തലങ്ങളിലും ആദ്ധ്യാത്മീയ സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം താഴെപ്പറയുന്ന പദ്ധതികള്‍ സഭ ഏറ്റെടുക്കുന്നതാണ്. സഭയിലെ മേല്പട്ടക്കാരും, വൈദീകരും, സഭാസ്ഥാപനങ്ങളിലെ ജീവനക്കാരും, സഭാംഗങ്ങളായ ഉദ്യോഗസ്ഥരും ഒരു ദിവസത്തെ വരുമാനമെങ്കിലും സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

  1. പ്രളയദുരിതത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക് ഭവന പുന:നിര്‍മ്മാണ സഹായം നല്‍കും.
  2. സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും.
  3. പ്രളയദുരിതബാധിതര്‍ക്ക് സഭാവക ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാസഹായം നല്‍കും.
  4. സഭയുടെ വൈകാരികസഹായ കേന്ദ്രമായ “വിപാസന”യുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സഹായം ഏര്‍പ്പെടുത്തും.
  5. പ്രളയദുരിതത്തില്‍പ്പെട്ട് പഠനം മുടങ്ങാനിടയുളള വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കും.
  6. പ്രളയത്തെതുടര്‍ന്ന് മലിനമായ പൊതു ഇടങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് യുവജന- വിദ്യാര്‍ത്ഥി സംഘടനാംഗങ്ങള്‍ സഹകരിക്കും.
  7. ആദ്ധ്യാത്മീക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസാധനങ്ങള്‍, വസ്ത്രം, മരുന്ന് എന്നിവ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും.
  8. ഉപജീവനമാര്‍ഗ്ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെവരില്‍ അര്‍ഹിക്കുന്നവര്‍ക്ക് സഹായം നല്‍കും.
  9. കേരളത്തിലെ ഇടവകകള്‍ക്കൊപ്പം ബാഹ്യകേരളത്തിലെയും വിദേശങ്ങളിലെയും ഇടവക അംഗങ്ങളോട് ഈ സംരംഭത്തില്‍ സഹകരിക്കണമെന്ന് പ്രത്യേകിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
  10. ആഗസ്റ്റ് 24 വെളളിയാഴ്ച്ച ഉപവസിച്ച് ഉപവാസമിച്ചം സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സഭാംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
  11. സഭയുടെ ആഭിമുഖ്യത്തില്‍ പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
  12. തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ പ്രസിഡന്‍റും, സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറും, ഫാ. എബിന്‍ അബ്രഹാം കോര്‍ഡിനേറ്ററുമായുളള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, അഡ്വ. ബിജു ഉമ്മന്‍, പ്രൊഫ. പി.സി ഏലിയാസ് എന്നിവര്‍ സംബന്ധിച്ചു.

മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു.