OVS - Latest NewsOVS-Kerala News

യുവാക്കള്‍ സമൂഹത്തിന്റെ മൂലധനം : മന്ത്രി കെ.രാജന്‍

പരുമല : നന്മയുള്ള യുവാക്കള്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമൂഹത്തിന് കരുത്താണെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പ്രസ്താവിച്ചു. പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും മികവ് പുലര്‍ത്താന്‍ യുവാക്കള്‍ പരിശീലിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 119-ാമത് പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

വയലാര്‍ സാഹിത്യ അവാര്‍ഡ് ജേതാവ് ബെന്യാമിന്‍ മുഖ്യ പ്രഭാഷണം നടത്തി. തിരസ്‌കരണങ്ങളില്‍ തളരാതെ സര്‍ഗാത്മകത തിരിച്ചറിഞ്ഞ് യുവാക്കള്‍ പ്രവര്‍ത്തിക്കണമെന്നും ജീവിതാനുഭവങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ.അജി കെ. തോമസ്, ട്രഷറാര്‍ ജോജി പി.തോമസ്, കേന്ദ്ര റീജിയണല്‍ സെക്രട്ടറി മത്തായി ടി. വര്‍ഗീസ്, ഭദ്രാസന ഭാരവാഹികളായ ഫാ.വര്‍ഗീസ് തോമസ്, ഫാ. ഗീവര്‍ഗീസ് കോശി, ഫാ. ജാള്‍സണ്‍ പി. ജോര്‍ജ്ജ്, അഡ്വ. കെ.ജി. രതീഷ് കുമാര്‍, റോബിന്‍ ജോ വര്‍ഗീസ്, ജിജോ ഐസക്, അലന്‍ തോമസ് ജോര്‍ജ്ജ്, കെവിന്‍ റെജി ടോം എന്നിവര്‍ പ്രസംഗിച്ചു.

ഉറവയിലേക്ക് വേദവിശ്വാസ പഠന പദ്ധതിയുടെ യുവദര്‍ശന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ഇടവക യൂണിറ്റിന്റെ ഓക്‌സില ചികിത്സാ സഹായ പദ്ധതി വിതരണോദ്ഘാടനം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു.