OVS - Latest NewsOVS-Kerala News

വെട്ടിക്കുന്നേൽ പള്ളി പെരുന്നാൾ ഏപ്രിൽ 30, മെയ് 1 തീയതികളിൽ

കോട്ടയം :വാകത്താനം വെട്ടിക്കുന്നേൽ സെന്റ് ജോർജ് ഓർത്തഡോക്സ്‌  പള്ളിയുടെ 114-ാമത് പെരുന്നാൾ 2018 ഏപ്രിൽ 30, മെയ് 1 തീയതികളിലായി ആഘോഷിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.  കോട്ടയം ഭദ്രാസനത്തിലെ നവാഭിഷിക്ത കോർ-എപ്പിസ്കോപ്പാമാരായ വെരി റവ. മാത്യൂസ് കോർ എപ്പിസ്കോപ്പാ, വെരി റവ. യൂഹാനോൻ കോർ എപ്പിസ്കോപ്പാ എന്നിവർ സഹകാർമികത്വം വഹിക്കും. ഏപ്രിൽ 29-നു വി. കുർബാനയെത്തുടർന്നു വികാരി റവ.ഫാ ജോൺ ജോസഫ് ചാലാശേരിൽ കൊടിയേറ്റും.  30-ാം തീയതി വൈകുന്നേരം 6 മണിയ്ക്കു പെരുന്നാൾ സന്ധ്യാനമസ്കാരവും തുടർന്ന് പ്രദക്ഷിണവും അതിനെത്തുടർന്നു സെമിത്തേരിയിൽ അനുസ്മരണവും ഉണ്ടായിരിക്കും.  മെയ് 1-ാം തീയതി രാവിലെ 7:30 നു പ്രഭാതനമസ്കാരവും 8:30 നു അഭി.  തിരുമേനിയുടെ പ്രധാനകാർമികത്വത്തിൽ വി. അഞ്ചിൻമേൽ കുർബാനയും തുടർന്നു നവാഭിഷിക്ത കോർ-എപ്പിസ്കോപ്പാമാർക്കു അനുമോദവും അതെത്തുടർന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും. 3 മണിയ്ക്ക് പ്രദക്ഷിണവും തുടർന്നു നേർച്ചവിളമ്പു എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.  മെയ് 1-ാം തീയതിയിലെ പെരുനാൾ ചടങ്ങുകൾ Didymos Live webcast-ൽ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

വെട്ടിക്കുന്നേൽ പള്ളി – ലഘു ചരിത്രം.

തൃക്കുന്നത്തു സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന കോട്ടയം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തായായിരുന്ന കടവിൽ പൗലോസ് മാർ അത്താനാസിയോസ് തിരുമേനിയുടെ അനുമതി പ്രകാരം 1904-ൽ ആണ് പള്ളി സ്ഥാപിക്കപ്പെട്ടത്.  തിരുമേനിയുടെ പ്രിയശിഷ്യനായിരുന്ന കാരുചിറ ഗീവറുഗീസ് റമ്പാൻ (പിന്നീട് പ. ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവാ) പള്ളി നിർമ്മാണത്തിൽ അനുകൂല തീരുമാനം ഉണ്ടാകുവാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്.  വളളിക്കാട്ട് ദയറായിൽ കബറടങ്ങിയ പ. പിതാവിന്റെ ഓർമ്മപ്പെരുന്നാളിൽ എല്ലാ വർഷവും ഇടവകയിൽ നിന്നു പദയാത്ര ക്രമീകരിച്ചു ആ പിതാവിനോടുള്ള കടപ്പാട് ഇടവക നിറവേറ്റാറുണ്ട്.  1909-ൽ പ. വട്ടശേരിൽ തിരുമേനിയെ മുടക്കിക്കൊണ്ടുള്ള അബ്ദുള്ള പാത്രിയർക്കീസിന്റെ കൽപന വെട്ടിക്കുന്നേൽ പള്ളി വായിക്കുവാൻ തയ്യാറായില്ല എന്നു മലങ്കര നസ്രാണികൾ നാലാം വാള്യത്തിൽ ഇസഡ്. എം. പാറേട്ട് രേഖപ്പെടുത്തിയിരിക്കുന്നു.  1920-ൽ പ. വട്ടശേരിൽ തിരുമേനി ദേവാലയത്തിൽ താമസിച്ചു ദേവാലയത്തിന്റെ നിർമ്മിതിയിൽ ആവശ്യമായ മേൽനോട്ടം വഹിച്ചു. 1983-ൽ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ ദേവാലയത്തിൽ താമസിച്ച് കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ നിർവഹിച്ചു. പുനർനിർമ്മിച്ച ദേവാലയത്തിന്റെ കൂദാശ 1992-ൽ പൗരസ്ത്യ കാതോലിക്കാ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ ബാവാ നിർവഹിച്ചു. 2004-ൽ ഇടവകയുടെ ശതാബ്ദി സമുചിതമായി ആഘോഷിച്ചു.

നാടിനാകെ പ്രകാശം പരത്തിക്കൊണ്ട് ഈ കുന്നിൽ പുണ്യാളച്ചന്റെ ഈ ദേവാലയം പ്രശോഭിക്കുന്നു