“സമാധാനം ഉണ്ടാക്കുന്നവർ (ശ്രമിക്കുന്നവരും) ഭാഗ്യവാന്മാർ”
2019 മാര്‍ച്ച് 4-ന് ഈ വര്‍ഷത്തെ വലിയ നോമ്പ് ആരംഭിച്ചു. നോമ്പിലേയ്ക്കു പ്രവേശിക്കുന്ന സൂന്ദരവും അര്‍ത്ഥപുഷ്ടവുമായ ചടങ്ങാണ് ശുബ്‌ക്കോനോ അഥവാ രമ്യതയുടെ ശുശ്രൂഷ. പാരമ്പര്യപ്രകാരം തിങ്കളാഴ്ച ഉച്ചക്ക് നടത്തേണ്ട ഈ ശുശ്രൂഷ സൗകര്യാര്‍ത്ഥം മിക്ക ഇടങ്ങളിലും തിങ്കളാഴ്ചസന്ധ്യ നമസ്കാരത്തെ തുടര്‍ന്നാണ് നടത്തുന്നത്. അപൂര്‍വം ഇടങ്ങളില്‍ കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമായി ഞായറാഴ്ച വൈകിട്ടും.
ശുബ്‌ക്കോനോ ശുശ്രൂഷയ്ക്കു സഭാ വിജ്ഞാനകോശം നല്‍കുന്ന വ്യാഖ്യാനം: …‘ശുബ്‌ക്കോനോ’ എന്ന സുറിയാനി വാക്കിന് ക്ഷമ, അനുരഞ്ജനം എന്നൊക്കെ അര്‍ത്ഥമുണ്ട്. ദു:ഖശനിയാഴ്ചയും വലിയ നോമ്പിന്റെ ആരംഭദിവസമായ തിങ്കളാഴ്ചയും നടത്തുവാനുള്ള ഒരു ശുശ്രൂഷയാണ് ശുബ്‌ക്കോനോ, അഥവാ അനുരഞ്ജന ശുശ്രൂഷ. യാഗാര്‍പ്പണത്തിനു മുമ്പ് സഹോദരനുമായി നിരക്കണമെന്നുള്ള (മത്താ. 5:23-25) കര്‍ത്തൃവചനത്തിന്റെ മാതൃകയിലാണ് നോമ്പിനുമുമ്പ് ഈ ശുശ്രൂഷ നടത്തുന്നത്. ദൈവത്തോടും മനുഷ്യരോടും അനുരഞ്ജനപ്പെടുവാനുള്ള അവസരമാണ് നോമ്പെന്ന് ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ അനുസ്മരിപ്പിക്കുന്നു… എന്നാണ്. ഇതില്‍ പരാമര്‍ശിതമായ ദൈവവചനം അനുസരിച്ച് സഹോദരനുമായി നിരക്കാതെ ഒരു ശുബ്‌ക്കോനോയും – അനുരജ്ഞനം – സാര്‍ത്ഥകമാകില്ല.
ഏതാനും വര്‍ഷം മുമ്പ് ഫാ. ഡോ. റ്റി. ജെ. ജോഷ്വാ പഴയ സെമിനാരിയില്‍ നടത്തിയ ശൂബ്‌ക്കോനോ പ്രസംഗത്തിലെ – ഈ പ്രസംഗം ക്രമപുസ്തകപ്രകാരം നിര്‍ബന്ധിതമാണ് – ഒരു ഭാഗം ഇവിടെ തികച്ചും പ്രസക്തമാണ്. …മലങ്കരയിലെ ഒരു ദയറായില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു സന്യാസികള്‍. ഒരാള്‍ നമസ്‌ക്കരിക്കാന്‍ ചെല്ലുമ്പോള്‍ മറ്റെയാള്‍ ചാപ്പലിള്‍ ഉണ്ടങ്കില്‍ ആദ്യത്തെയാള്‍ തിരിച്ചുപോകും. ഒന്നാമന്റെ നമസ്‌ക്കരശേഷം വന്നു നമസ്‌ക്കരിക്കും! ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മറ്റേയാള്‍ അങ്ങോട്ടു പ്രവേശിയ്ക്കില്ല. തമ്മില്‍ അത്ര സ്‌നേഹമാണ്! ഇവര്‍ ശുബ്‌ക്കോനോ ശുശ്രൂഷ നടത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല… തന്‍പോരിമ കാണിയ്ക്കാന്‍ ഇടവകക്കാര്‍ക്കിട്ടു സ്ഥിരം പാരവയ്ക്കുന്ന വൈദീകര്‍ക്കല്ലാം ഇതു ബാധകമാണ്.
ഈ ലേഖകന്റെ കാഴ്ചപ്പാടില്‍ വേദപുസ്തകത്തില്‍ ലിഖിതമായ അനുരജ്ഞനത്തിന്റെ – ക്ഷമയുടെ – ഏറ്റവും ഉദാത്തമായ ഉദാഹരണം മുടിയനായ പുത്രന്റെ ഉപമയാണ് (ലൂക്കോസ് 15: 17). പിതൃസ്വത്തില്‍ തന്റെ വിഹിതം അകാലത്തില്‍ ബലമായി മേടിച്ച് മുടിച്ചു തേച്ചുകഴുകി ഗതികെട്ട് തെണ്ടിത്തിരിഞ്ഞുവന്ന മകനെ ആ പിതാവ് നിരുപാധികം സ്വീകരിച്ചു. സ്വീകരിച്ചു എന്നുമാത്രമല്ല: ആ മടങ്ങിവരവ് കാളയെ അറുത്ത് ആഘോഷമാക്കി. ഇതില്‍ പിറുപിറുത്ത ഇളയമകനും മങ്ങിവരവിനെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ശ്രദ്ധേയം. എന്നും വയലില്‍ പണിയുന്ന തനിക്ക് ആഘോഷിക്കാന്‍ ഒരു കാളക്കുട്ടിയെപ്പോലും അപ്പന്‍ തന്നില്ല എന്നു മാത്രമാണ് ടിയന്റെ പരാതി! അതു ന്യയവുമാണ്.
ഇത്തരുണത്തില്‍ പ. പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മുന്‍ പാത്രിയര്‍ക്കീസ് ഭാഗത്തുള്ളവര്‍ മടങ്ങിവന്നാല്‍ എന്തു ചെയ്യും എന്ന ഈ ലേഖകന്റെ ചോദ്യത്തിന് നല്‍കിയ ഉത്തരം പ്രസക്തമാണ്. സംശയമില്ല; മകനെപ്പോലെയല്ല, മരുമകനെപ്പോലെ സ്വീകരിയ്ക്കും. ഈ ലേഖകനു ഈ പ്രയോഗത്തിന്റെ പിന്നിലെ പഴയ നസ്രാണി സംസ്‌കൃതി മനസിലായില്ലെങ്കില്‍ മനസിലാക്കാന്‍ പ. പിതാവ് വിശദീകരിച്ചു: വീട്ടില്‍ മകന് സ്ഥിരമായി കഞ്ഞിയും പയറുമാണ്. മരുമകന്‍ (മകളുടെ ഭര്‍ത്താവ്) ഇടയ്ക്ക് വിരുന്നു വരുമ്പോഴാണ് ഒരു കോഴിയെ ഒക്കെ കൊന്നു കറിവയ്ക്കുന്നത്! ഈ മനോഭാവമാണ് യഥാര്‍ത്ഥ ശുബ്‌ക്കോനോ.
മുടിയന്മാരായ പുത്രന്മാരെക്കുറിച്ച് നസ്രാണികളുടെ ജാതിക്കു തലവന്മാരുടെ എക്കാലത്തെയും കാഴ്ചപ്പാട് ഇപ്രകാരമായിരുന്നു. ചതിച്ചവനോടും പിഴച്ചവനോടും ക്ഷമിച്ച ചരിത്രമാണ് മലങ്കരസഭാദ്ധ്യക്ഷന്മാര്‍ക്കുള്ളത്. റോമന്‍ കത്തോലിക്കര്‍ കണ്ടിടത്തുവെച്ചു കൊന്നുകളയുകയോ, പിടിച്ച് ഗോവയില്‍ കൊണ്ടുപോയി ഇന്‍ക്വസിഷന്റെ അഗ്നികുണ്ഡത്തില്‍ പൊരിക്കപ്പെടുകയോ ചെയ്യാതിരിക്കാന്‍ ഒരു വ്യാഴവട്ടക്കാലം കാല്‍ വെന്ത നായെപ്പോലെ ഓടേണ്ടിവന്ന മഹാനായ ഒന്നാം മാര്‍ത്തോമായും മുഖ്യ സഹായി ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും ക്ഷമിച്ചു. യഥാക്രമം മെത്രാന്‍ സ്ഥാനവും വികാരി ജനറല്‍ സ്ഥാനവും പിന്നെ കുറെ പണവും ലഭിച്ചപ്പോള്‍ കൂനന്‍ കുരിശില്‍ ചെയ്ത സത്യം മറന്ന് 1663-ല്‍ പിളര്‍ത്തി നസ്രാണികളില്‍ ഒരു ന്യൂനപക്ഷത്തെയെങ്കിലും റോമന്‍ കത്തോലിക്കാ അടിമത്വത്തിലേയ്ക്കു കൊണ്ടുപോയ ചതിയന്മാരായ പറമ്പില്‍ ചാണ്ടിയോടും കടവില്‍ ചാണ്ടിയോടും ക്ഷമിച്ചു. മഹാനായ ഒന്നാം മാര്‍ത്തോമായുടെ പിന്‍ഗാമിയായി 16 വര്‍ഷം മലങ്കര നസ്രാണികളെ നയിച്ച മാര്‍ത്തോമ്മാ രണ്ടാമന്‍ പൂര്‍വികനോടു ചെയ്ത അപരാധം ക്ഷമിച്ചു. ചതിയന്‍ ചാണ്ടിയുടെ സൃഷ്ടിയായ ന്യൂനപക്ഷ റോമാ-സുറിയാനിക്കാര്‍ക്ക് നസ്രാണി പൈതൃകത്തിലേയ്ക്കു മടങ്ങിവരാന്‍ വാതില്‍ തുറന്നിട്ടു. തെറ്റു മനസിലാക്കിയാവണം, അല്ലെങ്കില്‍ ചതിക്കപ്പെട്ടു എന്നു ബോദ്ധ്യമായി, പറമ്പില്‍ ചാണ്ടിയും – റോമന്‍ കത്തോലിക്കാ രേഖകള്‍ പ്രകാരം ബിഷപ്പ് അലക്‌സാണ്ടര്‍ ദ് കാമ്പോ – അതിനെ പിന്തുണച്ചു. തന്റെ പിന്‍ഗാമിയായി മെത്രാന്‍ സ്ഥാനത്തെത്തുമെന്നു ചാണ്ടി പ്രതീക്ഷിച്ച അനന്തിരവന്‍ കുഞ്ഞുമത്തായി അര്‍ക്കദിയക്കോന്‍ പാലാ പള്ളിയില്‍ വെച്ച് മാര്‍ത്തോമ്മാ രണ്ടാമന്റെ കൈമുത്തി പുനഃപ്രവേശന ചര്‍ച്ചകള്‍ നടത്തിയതിയതിനെ മുടിയന്മാരായ പുത്രന്റെ പുനഃരാഗമന ശ്രമമായി കണക്കാക്കം. വിജയിച്ചില്ലന്നു മാത്രം. അതിന്റെ കാരണത്തിലേയ്ക്കു കടക്കുന്നില്ല.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
ഇവിടെ ശ്രദ്ധേയമായ വസ്തുത ഈ സംഭവം നടക്കുന്ന കാലമാണ്. മഹാനായ മാര്‍ത്തോമ്മാ ഒന്നമനെ നിരന്തരം കൊല്ലാനോടിച്ച പറങ്കികളെ ലന്തക്കാര്‍ മലയാളക്കരയില്‍നിന്നും കെട്ടുകെട്ടിച്ചു വളരെക്കാലം കഴിഞ്ഞാണ് ഈ സംഭവം നടക്കുന്നത്. തന്റെ കാരണവരെ ചതിച്ചവരോടും അതിനു കൂട്ടുനിന്നവരോടും സുരക്ഷിതനായ മാര്‍ത്തോമ്മാ രണ്ടാമന്‍ പക വെച്ചുപുലര്‍ത്തിയില്ല എന്നതിനാണ് പ്രാധാന്യം.
കാലം വീണ്ടും മുന്നോട്ടോടുമ്പോള്‍ മാര്‍ത്തോമ്മാ അറാമനിലെത്തുന്നു. 1751-ല്‍ മലങ്കരയിലെത്തിയ ശീമക്കാര്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ മലങ്കര നസ്രാണികളെ ഒരു പിളര്‍പ്പിന്റെ വക്കിലെത്തിച്ച കാലത്താണ് 1765-ല്‍ അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഏതു വിധത്തിലും സമാധാനം ഉണ്ടാക്കണം എന്നു നിശ്ചയിച്ച് സ്വയം മുന്‍കൈയ്യെടുത്ത് പരദേശിയായ മാര്‍ ഈവാനിയോസ് എപ്പിസ്‌ക്കോപ്പായുമായി ചര്‍ച്ച ചെയ്ത് പ്രശനം പരിഹരിച്ചു കരാറുണ്ടാക്കി. അതിന്‍പ്രകാരം പരദേശി മെത്രാന്മാര്‍ക്ക് പ്രതിദിന പെന്‍ഷന്‍ നല്‍കി അവരെ അവരുടെ സഭാ ഭരണ ശ്രമങ്ങളില്‍നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി. പകരം മാര്‍ത്തോമ്മാ എപ്പിസ്‌ക്കോപ്പായെ അവര്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹണം ചെയ്തു.
തന്റെ ദൗര്‍ബല്യമോ പരാജയമോ അല്ല മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ ഇത്തരമൊരു സന്ധി സംഭാഷണത്തിനു മുന്‍കൈയ്യെടുക്കാന്‍ പ്രേരിപ്പിച്ചത്. മലങ്കര നസ്രാണികളുടെ തലവന്‍ എന്ന നിലയില്‍ രാജകീയ വിളംബരം സ്വീകരിച്ചു ശക്തനായ ശേഷമാണ് അദ്ദേഹം അനുരജ്ഞന ശ്രമം ആരംഭിച്ചത്. എന്തിനു വേണ്ടി? സഭ പിളരാതിരിക്കാന്‍. തനിക്ക് പൂര്‍വികമായ മാര്‍ത്തോമ്മാ മെത്രാന്‍ എന്ന സ്ഥാനനാമം ഉപേക്ഷിച്ച് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എന്ന സ്ഥാനം സ്വീകരിയ്ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അത് അനുരജ്ഞനത്തിനു വേണ്ടി മാത്രം സ്വീകരിച്ചതാണ്. പിന്‍ഗാമിയെ പരമ്പരാഗത ശൈലിയില്‍ മാര്‍ത്തോമ്മാ എപ്പിസ്‌ക്കോപ്പാ ആയിയാണ് വാഴിച്ചത് എന്നതുതന്നെ ഇതിനു തെളിവ്.
ചരിത്രം വീണ്ടും മുമ്പോട്ട് വരുമ്പോള്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനിലെത്തുന്നു. 1876-ല്‍ മുളന്തുരുത്തി സുന്നഹദോസ് നടത്തി മലങ്കര അസോസിയേഷന്‍ രൂപീകരിച്ച് താന്‍ അതിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ട് വിജയശ്രീ ലാളിതനായി നില്‍ക്കുമ്പോള്‍ വ്യവഹാരം ആരംഭിക്കുന്നതിനു പകരം പ്രതിയോഗിയായ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്തായുമായി അനുരജ്ഞന ചര്‍ച്ച നടത്തുവാനാണ് അദ്ദേഹം മുതിര്‍ന്നത്. വ്യവഹാരം ആരംഭിക്കുന്നതില്‍ വന്ന കാലതാമസത്തിന്റെ പേരില്‍ പഴി കേട്ടു എങ്കിലും അദ്ദേഹം പിമ്പോട്ടു പോയില്ല. 1877-ല്‍ ചര്‍ച്ച പരാജയപ്പെടുകയും പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്യുകയും ചെയ്തശേഷമാണ് അദ്ദേഹം പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസിനെ പ്രതിചേര്‍ത്ത് സെമിനാരിക്കേസ് ഫയല്‍ ചെയ്തത്.
അവിടെയും അവസാനിച്ചില്ല. 1887-ല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ സെമിനാരിക്കേസ് വിജയിച്ചു പഴയ സെമിനാരി നടത്തിയെടുത്തു. അതിനുശേഷം പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ തിരുവിതാംകൂര്‍ റോയല്‍ കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ വിധി പൂര്‍ത്തിയാക്കി എന്നാല്‍ വിധിക്കുന്നതിനു തൊട്ടുമുമ്പ് തിരുവിതാംകൂര്‍ മഹാരാജാവ് നടത്തിയ അനുരജ്ഞന ശ്രമത്തില്‍ മാര്‍ ദീവന്നാസ്യോസ് മഹാരാജാവിനെ ഞെട്ടിച്ചു. വിശ്വാസപരമായ നിബന്ധനകളില്‍ തോമസ് മാര്‍ അത്താനാസ്യോസ് മഹാരാജാവിനു മുമ്പില്‍ ഉറപ്പു നല്‍കുന്നപക്ഷം അദ്ദേഹത്തിനു വേണ്ടി താന്‍ സ്ഥാനമൊഴിയാന്‍ തയാറാണന്നു മാര്‍ ദീവന്നാസ്യോസ് അറിയിച്ചു. മഹാരാജാവ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ സത്യക്ഷമ പക്ഷേ തോമസ് മാര്‍ അത്താനാസ്യോസ് വിസമ്മതിച്ചതിനാല്‍ വിജയം കണ്ടില്ല. ഭഗ്നാശനായ മഹാരാജാവ് മാര്‍ ദീവന്നാസ്യോസിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു.
കര്‍ക്കശക്കരനെന്നു വിഖ്യാതനായ പ. വട്ടശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായും അനുരജ്ഞനത്തിന്റെ അപ്പോസ്‌തോലനായിരുന്നു എന്നു പലര്‍ക്കു വിശ്വസിക്കാന്‍ പ്രയാസം ഉണ്ടാവും. പക്ഷേ സത്യമതാണ്. വട്ടിപ്പണക്കേസിലെ വിധിവരുന്നതിനു തൊട്ടുമുമ്പ് എതിര്‍ കക്ഷിയായ അക്കര സി. ജെ. കുര്യന് അദ്ദേഹമയച്ച കത്ത് മാത്രം ഇതിനു തെളിവായെടുത്താല്‍ മതി. 1919-ന് ചിങ്ങം 22-നു അദ്ദേഹമയച്ച കത്തിലെ പ്രസക്ത ഭാഗം.
പ്രിയനേ! നമ്മുടെ വട്ടിപ്പണക്കേസിന്റെ വിധി അടുത്ത ബുധനാഴ്ച പ്രസ്താവിക്കുമെന്നാണല്ലൊ ഒരു വിധം സൂക്ഷ്മമായി അറിയുന്നത്. നമ്മുടെ വിശുദ്ധസഭയില്‍ ഭിന്നത ഉണ്ടാകാതിരിപ്പാന്‍ കഴിയുന്നതും ഉത്സാഹിക്കേണ്ടത് നമ്മുടെ ചുമതലകളില്‍ മുഖ്യമായിട്ടുള്ളതെന്ന് വിചാരിക്കുന്നതിനാല്‍ ഇപ്പോള്‍ ഈ കല്പന അയയ്ക്കുന്നതാണ്. വിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ ആര്‍ക്കു ഗുണമായിട്ടായാലും ദോഷപ്പെടുന്ന കക്ഷിയുടെ ഉത്സാഹം അപ്പീല്‍ കൊടുക്കുന്നതിനായിരിക്കുമല്ലൊ. സമാധാനത്തെപ്പറ്റി വല്ല ആലോചനയും നടത്തുന്ന പക്ഷം വിധി പ്രസ്താവിക്കുന്നതിനു മുമ്പായിരിക്കുമല്ലൊ നല്ലത്. നാം കുറ്റമറ്റവനെന്ന് പറയുന്നില്ലെങ്കിലും നമ്മുടെ വിശുദ്ധസഭയുടെ അംഗങ്ങളില്‍ യാതൊരുത്തര്‍ക്കും വിരോധമായും നമ്മുടെ വിശുദ്ധസഭയ്ക്കു വിരോധമായും യാതൊന്നും ചെയ്തിട്ടില്ലെന്നാണ് നമ്മുടെ ബോധം. അല്ല, ചെയ്തിട്ടുണ്ടെന്ന് കൊച്ചുകുഞ്ഞൊ നമ്മുടെ സഭയില്‍ പെട്ടവര്‍ ആരെങ്കിലുമൊ വിചാരിക്കുന്നുവെങ്കില്‍ ദൈവത്തേയും നമ്മുടെ സഭയേയും ഓര്‍ത്ത് നമ്മോടു ക്ഷമിക്കണമെന്ന് നമ്മുടെ സഭയില്‍ പെട്ട ഏവരോടും പ്രത്യേകിച്ച് കൊച്ചുകുഞ്ഞിനോടും, സര്‍വ്വശക്തനായ ദൈവത്തിന്റെ തിരുനാമത്തില്‍ കണ്ണുനീരോടുകൂടെ നാം അപേക്ഷിക്കുന്നു. നാം കാരണത്താല്‍ നമ്മുടെ വിശുദ്ധസഭയ്ക്ക് യാതൊരു ദോഷവും അതില്‍ യാതൊരു ഭിന്നതയും ഉണ്ടാകരുതെന്നുള്ള നമ്മുടെ ആഗ്രഹം നിമിത്തം ഇങ്ങനെ അപേക്ഷിക്കുന്നതാണ്…
ഈ അനുരജ്ഞന ശ്രമം നിഷ്ഫലമായി. വട്ടിപ്പണക്കേസില്‍ ചിങ്ങം 30-ന് മാര്‍ ദീവന്നാസ്യോസിനു പൂര്‍ണ്ണമായും അനുകൂലമായ കോടതിവിധി പ്രഖ്യാപിക്കുകയും ചെയ്തു.
1923-ല്‍ വട്ടിപ്പണക്കേസിലെ തനിയ്ക്കു വിപരീതമായ വീരരാഘവ അയ്യങ്കാരുടെ കുപ്രസിദ്ധമായ ഹൈക്കോടതി വിധിയ്ക്കു ശേഷം പ. വട്ടശ്ശേരില്‍ തിരുമേനി മര്‍ദ്ദീനില്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിയ്ക്കാന്‍ തീരുമാനിച്ചു. പരാജിതന്റെ യാത്ര എന്ന നിലയില്‍ യാത്രോദ്ദേശത്തെപ്പറ്റി ഏറെ ഊഹോപോഹങ്ങള്‍ ഉണ്ടായി. അവയെ യാത്രാരംഭത്തില്‍ കുണ്ടറയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇപ്രകാരം വ്യക്തമാക്കി.
...ഇതാ നാം ഈ ചൊവ്വാഴ്ച പുറപ്പെടുന്നു. യാത്രോദ്ദേശ്യത്തെപ്പറ്റി പലരും പല വിധത്തില്‍ ഊഹിക്കുന്നു, വ്യവഹാരത്തില്‍ തോറ്റതു മൂലമുണ്ടായ ദുഖം തീര്‍ക്കാന്‍ വിദേശസഞ്ചാരത്തിനു പുറപ്പെട്ടിരിക്കയാണ്. വല്ല കാരണവും പറഞ്ഞ് യെറുശലേമില്‍ എത്തി ശിഷ്ടായുസ്സ് അവിടെ കഴിക്കാന്‍ പുറപ്പെടുകയാണ്. പാത്രിക്കീസിനെ കണ്ട് യഥാര്‍ത്ഥങ്ങളെല്ലാം ധരിപ്പിച്ചിട്ടും നിഷ്പക്ഷ നിലയില്‍ ഒന്നും ചെയ്യാത്തപക്ഷം ഏതെങ്കിലും കിഴക്കന്‍സഭയില്‍ ചേരണമെന്നാണുദ്ദേശ്യം, എന്നീ വിധം പോകുന്നു ഊഹാപോഹങ്ങള്‍. പാത്രിക്കീസിനെ കണ്ട് ഇപ്പോഴത്തെ കുഴപ്പങ്ങളും അവയുടെ യഥാര്‍ത്ഥ കാരണങ്ങളും നേരിട്ടു ധരിപ്പിക്കണമെന്ന് മാത്രമാണ് നമ്മുടെ യാത്രയുടെ ഉദ്ദേശ്യം എന്ന് തെളിവായിത്തന്നെ പറഞ്ഞുകൊള്ളട്ടെ…
അപകടകരവും ക്ലേശകരവുമായ യാത്ര നടത്തി മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മര്‍ദ്ദീനിലെത്തി ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിനെ കണ്ടു ചര്‍ച്ച നടത്തി. മലങ്കരയില്‍ ഒരു പിളര്‍പ്പ് ഒഴിവാക്കാന്‍ ഏറെ വിട്ടു വീഴ്ചകള്‍ ചെയ്തു ഒരു കരാറിലെത്തി. പക്ഷേ മറുഭാഗം കരാര്‍ അട്ടിമറിച്ചതോടെ ഈ യത്‌നവും വിഫലമായി. ഭഗ്നാശനാകാതെ മാര്‍ ദീവന്നാസ്യോസ് കേസ് തുടര്‍ന്നു നടത്തി. റിവ്യൂ ഹര്‍ജിയില്‍ അദ്ദഹം പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു.
മാര്‍ ദീവന്നാസ്യോസ് ആറാമന്റെ പിന്‍ഗാമിയായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്റെ മനോഭാവവും വ്യത്യസ്ഥമല്ലായിരുന്നു. 1934-ല്‍ അദ്ദേഹം സമാധാന ശ്രമവുമായി യെറുശലേമിലും ഹോംസിലും എത്തി അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ചു. ഫലമൊന്നും ഉണ്ടായില്ലന്നു മാത്രം. അദ്ദേഹം മടങ്ങിയെത്തിയ ശേഷം മലങ്കര അസോസിയേഷന്‍ കൂടി അദ്ദേഹത്തെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുക്കുകയും മലങ്കര സഭാ ഭരണഘടന പാസാക്കുകയും ചെയ്തു. അതോടുകൂടി ഒന്നാം സമുദായക്കേസ് ആരംഭിയ്ക്കുകയും ചെയ്തു.
തന്റെ മുന്‍ഗാമികളുടെ പിളര്‍പ്പ് ഒഴിവാക്കാന്‍ അനുരജ്ഞനവും വിട്ടുവീഴ്ചയും എന്ന നിലപാടാണ് മാര്‍ ഗീവര്‍ഗീസ് ദ്വിതീയനും സ്വീകരിച്ചത്. അതിനായി പാത്രിയര്‍ക്കീസു വിഭാഗത്തിന്റെ പിടിവാശിക്കും സഹപാഠിയായ കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസിന്റെ ഈഗോയ്ക്കും മുമ്പില്‍ കീഴടങ്ങി സ്ഥാന പൂര്‍ത്തീകരണ ശുശ്രൂഷയ്ക്കു വിധേയനാവാന്‍ പോലും അദ്ദേഹം തയാറായി. ദൈവഗത്യാ ഒരു വീണ്‍വാക്കിന്റെ ഫലമായി അതു സംഭവിച്ചില്ല. പല കോടതികള്‍ കയറിയിറങ്ങി 1958-ല്‍ അദ്ദേഹത്തിനു ഇന്ത്യന്‍ സുപ്രീം കോടതിയില്‍ സമ്പൂര്‍ണ്ണ വിജയം ലഭിച്ചു. അതോടെ മലങ്കര സഭാ ഭരണഘടന സാധുവായി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ അധികാരം ശൂന്യമാവുന്ന ബിന്ദുവിലെത്തി.
‘…നമ്മുടെ പണ്ഡിതനായ മല്പാന്‍ ഇന്നു നമ്മില്‍നിന്ന് പിരിഞ്ഞുപോയിരിക്കുന്നു….. അദ്ദേഹം ഏതെല്ലാം തത്ത്വങ്ങളെയും പ്രമാണങ്ങളെയും മുന്‍നിര്‍ത്തി പോരാടിയോ അവയെ സംരക്ഷിച്ചുപോകേണ്ട കടമ നമുക്ക് ഏവര്‍ക്കും ഉണ്ട്…’ എന്ന് പ. വട്ടശ്ശേരില്‍ തിരുമേനിയുടെ ചരമപ്രസംഗത്തിലൂടെ നസ്രാണികള്‍ക്കു കൊടുത്ത ഉറപ്പ് മാര്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ പാലിച്ചു. 1958-ലെ സമാധാന കല്‍പ്പന പ്രകാരം സഭാഭരണഘടനയ്ക്കു വിധേയമായി പാത്രിയര്‍ക്കീസിനെ സ്വീകരിച്ച് സഭയെ ഒന്നാക്കി. തന്റെ അനുരജ്ഞനം യഥാര്‍ത്ഥവും സത്യസന്ധവുമാണന്നു പില്‍ക്കാലത്ത് അദ്ദേഹം തെളിയിച്ചു. തന്റെ കന്തീലാ ശുശ്രൂഷ മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് നടത്തണമെന്ന് മാര്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് 1963 ഡിസംബര്‍ 21-ന് അത് പൂര്‍ത്തീകരിയ്ക്കുകയും ചെയ്തു.
മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ എല്ലാം സൂക്ഷ്മമായി വിശകലനം ചെയ്താല്‍ വ്യക്തമാകുന്ന ഒന്നുണ്ട്. അനുരജ്ഞനത്തിനായി വിട്ടുവീഴ്ചകള്‍ക്കു തയാറായ എല്ലാ മലങ്കര മെത്രാപ്പോലീത്താമാര്‍ക്കും പ്രതിഫലം ലഭിച്ചത് അത്യൂന്നതവും ആത്യന്തികവുമായ വിജയങ്ങളാണ്. ഓരോ തലമുറ കടക്കുമ്പോഴും നിയമപരമായി സഭയുടെ നില കൂടുതല്‍ ശക്തമാവുകയാണുണ്ടായത്. അതിനു വിസമ്മതിയ്ക്കുകയും പിന്നോക്കം നീങ്ങുകയും ചെയ്തവരുടെ സ്ഥിതി ഏവര്‍ക്കും അറിയാവുന്നതും.
അത്തരൊരനുഭവം പില്‍ക്കാലത്തുമുണ്ടായി. 1958-ലെ സഭാ സമാധാനത്തില്‍ അസംതൃപ്തരായ ഒരു പറ്റം തീവൃ മുന്‍ പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ സഭയിലുണ്ടായിരുന്നു. 1964-ല്‍ പ. ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ വാഴ്ചയില്‍ മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കാനെത്തിയ ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസിനോട് അതില്‍നിന്നും പിന്‍വാങ്ങണമെന്ന് ഈ അതി ന്യൂനപക്ഷം അവശ്യപ്പെട്ടു. അദ്ദേഹം വിസമ്മതിച്ചു. എങ്കില്‍ തങ്ങളെ കാതോലിയ്ക്കായ്ക്കു വിധേയരാക്കാതെ പാത്രിയര്‍ക്കീസിനു കീഴില്‍ ഒരു പ്രത്യേക വിഭാഗമായി നില്‍ക്കാന്‍ അനുവദിക്കണമെന്നായി അവരുടെ ആവശ്യം. അതും പാത്രിയര്‍ക്കീസ് നിരാകരിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ വി. കുര്‍ബാന ചൊല്ലാനിറങ്ങിയ പാത്രിയര്‍ക്കീസിനെ മഞ്ഞനിക്കരവെച്ച് ഘരോവാ ചെയ്യുകവരെയുണ്ടായി. എന്നിട്ടും പാത്രിയര്‍ക്കീസ് വഴങ്ങിയില്ല. കാതോലിക്കാ വാഴ്ച ഭംഗിയായി കഴിയുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ഈ അനുരജ്ഞന നിലപാടില്‍നിന്നും പിന്നോക്കം പോയതാണ് 1970-കളിലെ സംഘര്‍ങ്ങള്‍ക്ക് വഴിമരുന്നിട്ടും രണ്ടാം സമുദായക്കേസ് ആരംഭിയ്ക്കാന്‍ ഇടയായതും. ആത്യന്തിക ഫലം? 1995-ല്‍ രണ്ടാം സമുദായക്കേസില്‍ മലങ്കര സഭയ്ക്ക് അനുകൂലമായി വിധിപ്രഖ്യാപനം വന്നു. അപ്പോള്‍ നടത്തിയ അനുരജ്ഞന ശ്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ നാടകീയവും ഏകപക്ഷീയവുമായി മുന്‍ പാത്രിയര്‍ക്കീസ് പക്ഷം പിന്മാറി. അതോടെ മൂന്നാം സമുദായക്കേസ് ആരംഭിച്ചു. 2017 ജൂലൈയില്‍ വിധിച്ച മൂന്നാം സമുദായക്കേസ്, പാത്രിയര്‍ക്കീസിന്റെ അധികാരം ശൂന്യമാവുന്ന ബിന്ദുവിലെത്തി എന്ന മുന്‍ സുപ്രീം കോടതി വിധി ഊന്നിപ്പറഞ്ഞു. തുടര്‍വിധികള്‍ 1934-ലെ സഭാ ഭരണഘടന എല്ലാ പള്ളികള്‍ക്കും ബാധകമാണന്നും വ്യക്തമാക്കി.
സത്യത്തിലും നീതിയിലും സ്വാതന്ത്ര്യത്തിലും സഭയുടെ ആത്മാഭിമാനത്തിലും വിട്ടുവീഴ്ച ചെയ്യാതെ അനുരജ്ഞനത്തിന്റെ പാതയില്‍ ചരിച്ചവരാണ് മലങ്കര സഭാദ്ധ്യക്ഷന്മാരെല്ലാം. നിരന്തരമായ പരാജയങ്ങള്‍ ഉണ്ടായിട്ടും അവര്‍ ആ ശ്രമങ്ങളില്‍നിന്നും പിന്നോക്കം പോയില്ല. ഏതാണ്ട് എല്ലാ ശ്രമങ്ങളിലും താല്‍ക്കാലികമായി പരാജയപ്പെട്ടങ്കിലും അതിലും വലിയ വിജയങ്ങളാണ് അവരെ കാത്തിരുന്നത്.
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 3 മാര്‍ച്ച് 2019)