OVS - Latest NewsOVS-Kerala News

സ്നേഹസാന്ത്വനമായി പരിശുദ്ധ കാതോലിക്കാ ബാവ ; സന്തോഷം മറച്ചുവെക്കാതെ ഫാത്തിമയും അനുഗ്രഹും

കോഴിക്കോട് ∙ അനുഗ്രഹിനും ഫാത്തിമയ്ക്കും കാതോലിക്കാ ബാവാ സമ്മാനിച്ചത് ആര്യവേപ്പ് ചെടിയും പേനയുമാണ്. നാടിന്‍റെ നന്മമരങ്ങളായി വളരാനും നല്ലതെല്ലാം കോറിയിടാനും ഇതിലും നല്ലൊരു സമ്മാനം ഈ കുരുന്നുകൾക്ക് വേറെ നൽകാനില്ലല്ലോ. ചെടികൾ വളർന്നു നാട്ടിൽ നന്മമരക്കാടുകൾ പിറവിയെടുക്കട്ടെ എന്ന ആശംസയോടെ ബാവാ കുഞ്ഞുങ്ങളെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചു.

പറമ്പിൽക്കടവ് എം.എ.എം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരനുമായ എം. എം. അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും കാണാൻ മാത്രമായാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കോട്ടയത്തു നിന്നെത്തിയത്. സെറിബ്രൽ പാൾസി ബാധിച്ചു നടക്കാൻ കഴിയാതിരുന്ന അനുഗ്രഹിനെ സ്കൂളിൽ എല്ലാക്കാര്യങ്ങളിലും സഹായിക്കുന്ന ഫാത്തിമയാണ്. ഇവരുടെ സൗഹൃദത്തെക്കുറിച്ചറിഞ്ഞാണ് ബാവാ അനുമോദിക്കാനെത്തിയത്.

കക്കോടി കിഴക്കുംമുറിയിലെത്തിയ ബാവായെ സ്നേഹതീരം റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നാട് ഒന്നടങ്കം സ്വീകരിച്ചു. അനുഗ്രഹിനെയും ഫാത്തിമയെയും അരികിലിരുത്തി കുശലാന്വേഷണം നടത്തി. ബാവാ സമ്മാനിച്ച പേനയുടെ സൗന്ദര്യം ആസ്വദിച്ച് ഫാത്തിമ പതിയെ ചോദിച്ചു: ‘എന്‍റെ വീട്ടിലേക്ക് ഒന്നു വരാമോ?’ മുഖത്തു തൂവെള്ള ചിരിവിരിയിച്ച് വരാമല്ലോ എന്നു ബാവാ മറുപടിയും നൽകി.

അനുഗ്രഹ് തനിക്കു ലഭിച്ച സമ്മാനം നെഞ്ചോടു ചേർത്തു പിടിച്ചു. കൂടിയിരുന്നവരെ നോക്കി ചിരിച്ചുകൊണ്ട് ബാവായ്ക്ക് അരികിലേക്ക് കൂടുതൽ ചേർന്നിരുന്നു. ഈ കെട്ടകാലത്ത് നന്മയുടെയും സ്നേഹത്തിന്‍റെയും പൂമരങ്ങളായി ഈ കുരുന്നുകൾ ലോകത്തിനു നൽകുന്ന സന്ദേശം വലുതാണെന്ന് ബാവാ പറഞ്ഞു. ഇവർ ഈ നാടിനു ഗുരുനാഥരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുവർക്കുമായി അഞ്ച് ലക്ഷം രൂപ മലങ്കര ഓർത്ത‍‍ഡോക്സ് സഭ സമ്മാനിക്കും. മേയ് 15-നു കോട്ടയത്തു നടക്കുന്ന മെറിറ്റ് ഇവനിങ്ങിലായിരിക്കും തുക സമ്മാനിക്കുക. ചടങ്ങിൽ കുരുന്നുകളെയും ആദരിക്കും.

പിന്നീട് ഒറ്റയടിപ്പാത താണ്ടി അനുഗ്രഹിന്‍റെ വീട്ടിലേക്കായി ബാവായുടെ യാത്ര. പോകും വഴി അനുഗ്രഹിന്‍റെ വീട്ടിലേക്കു നാട്ടുകാർ നിർമിക്കുന്ന റോഡിന്‍റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. സമീപവാസികൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയതിനെ തുടർന്നാണ് സ്നേഹവീഥി എന്നു പേരിട്ടിരിക്കുന്ന റോഡ് നിർമിക്കുന്നത്.

പിന്നീട് ഫാത്തിമ ബിസ്മിയുടെ വീട്ടിലേക്കും പോയി. സഭാ സെക്രട്ടറി ബിജു ഉമ്മൻ, ചെറിയാൻ തോമസ്, കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ചോയിക്കുട്ടി, സ്നേഹതീരം റസിഡൻസ് അസോസിയേഷൻ‍ പ്രസിഡന്റ് എം. മോഹനൻ, കക്കോടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീലതാ ബാബു, പഞ്ചായത്തംഗങ്ങളായ ഇ. എം. ഗിരീഷ് കുമാർ, കൈതമോളി മോഹനൻ, സ്നേഹതീരം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ടി. കെ. ശാന്തകുമാർ എന്നിവരും പങ്കെടുത്തു. മഠത്തിപറമ്പിൽ മണികണ്ഠൻ – സുധ ദമ്പതികളുടെ മകനാണ് അനുഗ്രഹ്. പൂതങ്ങര മുഹമ്മദാലി – നസീമ ദമ്പതികളുടെ മകളാണ് ഫാത്തിമ.