OVS-Kerala News

കാരാപ്പുഴ പള്ളിയിൽ പാരീഷ് ഹാൾ കൂദാശയും പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും

കാരാപ്പുഴ: മാർ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പുതുതായി നിർമിച്ച പാഴ്സനേജിന്‍റെയും നവീകരിച്ച പാരീഷ് ഹാളിന്‍റെയും കൂദാശയും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ശനി, ഞായർ ദിവസങ്ങളിൽ നടത്തും. പരിശുദ്ധ പാമ്പാടി തിരുമേനി 1934-ൽ സ്ഥാപിച്ച ദേവാലയമാണ് കാരാപ്പുഴ പള്ളി. 1973-ൽ വികാരിയായി എത്തിയ ഫാ. കെ.ജി.ജോർജ് 12 വർഷം സേവനമനുഷ്ഠിച്ചു.

പിൽക്കാലത്ത് കോട്ടയം ഭദ്രാസനാധിപനായി ഗീവർഗീസ് മാർ ഈവാനിയോസ് എന്ന പേരിൽ അദ്ദേഹം മെത്രാപ്പൊലീത്തയായി. പാരീഷ് ഹാളിന് ഗീവർഗീസ് മാർ ഈവാനിയോസ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഗീവർഗീസ് മാർ ഈവാനിയോസ് കബറടങ്ങിയ ഞാലിയാകുഴി ദയറയിൽ നാളെ രാവിലെ 6.15-ന് വികാരി ഫാ. തോമസ് ജോർജ് കുർബാന അർപ്പിക്കും.

ഒൻപതിന് മാർ ഈവാനിയോസിന്‍റെ തിരുശേഷിപ്പും ഛായാചിത്രവും വികാരി ഏറ്റുവാങ്ങും. 10-ന് മാർ ഏലിയാ കത്തീഡ്രലിൽ സ്വീകരണം, 10.30-ന് കാരാപ്പുഴ പള്ളിയിൽ സ്വീകരണം, രാത്രി ഏഴിന് ഫാ. പി.എ.ഫിലിപ്പ് പ്രസംഗിക്കും. 7.30-ന് റാസ ഭീമൻപടി കുരിശിൻതൊട്ടിയിലേക്ക്. ഞായറാഴ്ച 6.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു സ്വീകരണം.

എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 9.30ന് ആശിർവാദം, നേർച്ചവിളമ്പ്, 10-നു നവീകരിച്ച ഹാളിന്‍റെ കൂദാശ. 10.30-നു സമ്മേളനം. മലങ്കരസഭാ ഗുരുരത്നം ഫാ. ഡോ. ടി.ജെ.ജോഷ്വാ മുഖ്യപ്രഭാഷണം നടത്തുമെന്ന് വികാരി ഫാ. തോമസ് ജോർജ്, ട്രസ്റ്റി ഇട്ടി പി.ചെറിയാൻ പെരുമ്പള്ളിൽ, ജനറൽ കൺവീനർ ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.