OVS - ArticlesOVS - Latest News

തൃക്കുന്നത്ത് സെമിനാരി വില്‍പ്പത്രത്തിന്‍റെ നിലനില്‍പ്പ് ഭരണഘടനാനുസൃതമായി മാറി

ആലുവ : അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയില്‍ അടഞ്ഞു കിടക്കുന്ന സെന്‍റ് മേരീസ്‌ പള്ളി തുറന്ന് പുനരുദ്ധാരണം നടത്തണം എന്ന ആവിശ്യം ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളില്‍ ശക്തമാകുന്നു. #WeWantThrikkunnathuSeminary ChurchToBeOpened ഹാഷ്ടാഗ് ക്യാബയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്.പള്ളി തുറക്കുന്നതിനെ സംബന്ധിച്ചു നിലവിലുള്ള നിയമ നടപടികള്‍ വേഗത്തിലാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.

തൃക്കുന്നത്ത് സെമിനാരി: യഥാര്‍ത്ഥ ഉടമസ്ഥന്‍ ?

1877-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായിരുന്ന പ. ഇഗ്നാത്തിയോസ് പത്രോസ് തൃതിയന്‍ ബാവാ മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിച്ചു. അതിലൊന്നാണ് അങ്കമാലി ഭദ്രാസനം. ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തായായി അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറിലോസ് നിയമിതനായി. അദ്ദേഹം ഭദ്രാസനാസ്ഥാനത്തിനായി ആലുവായില്‍ സ്ഥലം വാങ്ങുകയും പള്ളി സ്ഥാപിക്കുകയും ചെയ്തു. 1891-ല്‍ അദ്ദേഹം കാലം ചെയ്തതിനെ തുടര്‍ന്ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന കടവില്‍ പൌലൂസ് മാര്‍ അത്താനാസ്യോസ് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല ഏറ്റു. 1907-ല്‍ അദ്ദേഹം കാലം ചെയ്തതിന് മുന്‍പ് സെമിനാരിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. കൂടാതെ ഒരു വില്‍പത്രവും തയ്യാറാക്കി. വില്‍പത്രപ്രകാരം തൃക്കുന്നത്ത് സെമിനാരി സ്വത്തുക്കള്‍ ഒരു ട്രസ്റിന് വിധേയമാക്കി. ട്രസ്റിന്റെ ചുമതലക്കാരായി വാകത്താനം ഇടവകയില്‍ കാരുചിറ പുന്നൂസിന്റെ മകന്‍ ഗീവറുഗീസ് റമ്പാനേയും (പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ – വള്ളിക്കാട്ട് ബാവാ) അകപ്പറമ്പ് പള്ളി ഇടവകയില്‍ പൈനാടത്ത് കുര്യതിന്റെ മകന്‍ യൌസേപ്പ് ശെമ്മാശനെയും നിയോഗിച്ചു (വകുപ്പ് 6). ഈ ദയറായ്ക്ക് വേണ്ടതായ ചില പണികള്‍ നടത്തുകയും മറ്റും ചെയ്തിട്ടുള്ള പൈനാടത്ത് പൌലൂസ് റമ്പാന്‍ (കുറ്റിക്കാട്ടില്‍ പൌലൂസ് മാര്‍ അത്താനാസ്യോസ്) ഈ ദയറായില്‍ താമസിക്കുന്നതായി വന്നാല്‍ അദ്ദേഹത്തിന്റെ ചിലവുകള്‍കൂടി വഹിക്കണമെന്നും മുകളില്‍ പറഞ്ഞ രണ്ട് ട്രസ്റിമാര്‍ തമ്മില്‍ ഭരണനിര്‍വ്വഹണത്തില്‍ അഭിപ്രായഭിന്നത ഉണ്ടായാല്‍ പൌലൂസ് റമ്പാനേക്കൂടി ഉള്‍പ്പെടുത്തി മൂവരില്‍ ഭൂരിപക്ഷ തീരുമാനം എടുക്കണം എന്നും വില്‍പത്രം പറയുന്നു. (വകുപ്പ് 7) പൌലൂസ് റമ്പാന്‍ സെമിനാരിയില്‍ താമസിക്കുന്നില്ലെങ്കില്‍ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ അതാതു കാലത്തെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായ്ക്ക് അധികാരമുണ്ട്. (വകുപ്പ് 9) ട്രസ്റിമാരേയും പൌലൂസ് റമ്പാനേയും ആവശ്യമെങ്കില്‍ നീക്കുന്നതിനും അതാത് കാലത്ത് സെമിനാരിക്ക് ചുമതലക്കാരെ നിയമിക്കുന്നതിനും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായ്ക്ക് അധികാരമുണ്ട് (വകുപ്പ് 8, 10). ഇവരെ നീക്കുവാന്‍ സാധിക്കുന്നത് വിശ്വാസ വിപരീതമായോ സ്ഥാന ഭ്രഷ്ടിന് കാരണമായോ എന്തെങ്കിലും ഈ മൂവര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉള്ളു. ട്രസ്റിന്റെ മേലന്വേഷണത്തിന് അതാതുകാലത്തെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായ്ക്ക് അധികാരം ഉണ്ട് (വകുപ്പ് 11).

ട്രസ്റിമാരില്‍ പ്രധാനിയായിരുന്ന കാരുചിറ ഗീവറുഗീസ് റമ്പാന്‍ തന്റെ ഗുരുവായ കടവില്‍ തിരുമേനി കാലം ചെയ്ത ശേഷം മാതൃദേശമായ വാകത്താനത്തേയ്ക്ക് മടങ്ങി. 1910 കന്നി 1-ന് പ. ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതീയന്‍ ബാവായുടെ പ്രത്യേക കല്പന പ്രകാരം അദ്ദേഹത്തെ കാണുവാന്‍ മുളന്തുരുത്തി പള്ളിയില്‍ ചെന്നു കടവില്‍ തിരുമേനിയുടെ വില്‍പ്പത്ര പ്രകാരം റമ്പാന് ലഭിച്ചിരിക്കുന്ന അധികാരം ഒഴിഞ്ഞുകൊടുക്കണമെന്നും അങ്ങനെ ചെയ്താല്‍ പാത്രിയര്‍ക്കീസ് ബാവാ റമ്പാന് മെത്രാന്‍സ്ഥാനം നല്‍കാമെന്നും പറഞ്ഞു. ബാവായുടെ ഇഷ്ടത്തിന് വിരുദ്ധമായി ചെയ്യുകയില്ലെന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം റമ്പാന്‍ മടങ്ങി. മുളന്തുരുത്തിക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും പഴയ സെമിനാരിയിലെത്തി മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ പ. ദീവന്നാസ്യോസ് തിരുമേനിയെ കണ്ട് റമ്പാന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നു. ഗീവറുഗീസ് റമ്പാന്‍ വാകത്താനത്ത് താമസം ഉറപ്പിച്ച അന്തരീക്ഷം നോക്കി പാത്രിയര്‍ക്കീസില്‍ നിന്നും മലങ്കര അസോസിയേഷന്റേയോ സഭയുടേയും അറിവില്ലാതെ മേല്‍പ്പട്ടസ്ഥാനമേറ്റ പൌലൂസ് റമ്പാന്‍ (പൌലൂസ് മാര്‍ അത്താനാസ്യോസ്, കുറ്റിക്കാട്ടില്‍) തൃക്കുന്നത്ത് സെമിനാരി കൈവശപ്പെടുത്തി. തുടര്‍ന്ന് 1953-ല്‍ കാലം ചെയ്യുന്നതുവരെ ബാവാകക്ഷിയുടെ മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പൌലൂസ് മാര്‍ അത്താനാസ്യോസിന്റെ കൈവശമായിരുന്നു സെമിനാരി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ വലിയപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കാലത്ത് 1958-ല്‍ സഭയില്‍ സമാധാനം ഉണ്ടായി. അന്ന് അദ്ദേഹം അങ്കമാലി ഭദ്രാസനത്തില്‍ ബാവാകക്ഷിയുടെ കൈവശമുണ്ടായിരുന്ന എല്ലാ പള്ളികളിലും 1934 ഭരണഘടന അംഗീകരിപ്പിച്ചു.ഓര്‍ത്തഡോക്‍സ്‌  പള്ളികള്‍ ഇത് നേരത്തെ അംഗീകരിച്ചിരുന്നു. 1934-ല്‍ സഭയ്ക്കാകമാനമായി ഒരു ഭരണഘടന നിലവില്‍ വരികയും 1958-ലെ വിധിയിലൂടെ ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ ഭരണഘടന അംഗീകരിക്കുകയും ചെയ്തതോടെ മലങ്കരസഭയിലെ അങ്കമാലി ഭദ്രാസനത്തിന്റെ ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയെ സംബന്ധിച്ച വില്‍പ്പത്രത്തിന്റെ നിലനില്പ് ഭരണഘടനാനുസൃതമായി മാറി. ഭരണഘടനയ്ക്ക് വിരുദ്ധമായ വകുപ്പുകള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് നിലനില്പില്ല എന്നു സാരം.
മാര്‍ ഗ്രീഗോറിയോസിന് ശേഷം ഫീലിപ്പോസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്താ ഭദ്രാസനചുമതല ഏറ്റു. അദ്ദേഹത്തിന്റെ കാലത്ത് മലങ്കരസഭ അറിയാതെ പാത്രിയര്‍ക്കീസില്‍ നിന്നും പട്ടമേറ്റ തോമസ് മാര്‍ ദീവന്നാസ്യോസ് (തോമസ് പ്രഥമന്‍ ബാവാ) പലതവണ സെമിനാരി കൈയ്യേറാന്‍ ശ്രമിച്ചു. അടുത്തകാലത്ത് ചില ഇരുട്ടിന്റെ തന്ത്രങ്ങളിലൂടെയാണ് അവിടെ പ്രവേശിച്ചത്. ഇപ്പോഴും സെമിനാരി നമ്മുടെ ഭദ്രാസനാസ്ഥാനമാണ്. സെമിനാരിയുടെ ചുമതലക്കാര്‍ താമസിക്കുന്നതും ഇവിടെയാണ്. സെമിനാരി പള്ളിയുടെ താക്കോല്‍ നമ്മുടെ കൈവശമുണ്ട്. ക്രമസമാധാന പ്രശ്നത്തെ ഭയന്നാണ് പള്ളി തുറന്ന് ആരാധന നടത്താന്‍ മടിക്കുന്നത്.

ഇനി ഈ സെമിനാരി ആരുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ചു എന്ന് അന്ന് ചുമതലക്കാരനായിരുന്ന വള്ളിക്കാട്ട് ബാവായുടെ ഡയറിയില്‍ കൃത്യമായി പറയുന്നുണ്ട്. 1904-ല്‍ (1079 കുംഭം 13) കടവില്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുതിയ ഒരു കല്പനയില്‍ യാക്കോബായ സുറിയാനിക്കാരായ നമുക്ക് വടക്കേദിക്കില്‍ ഒരു പൊതുസ്ഥലവും സെമിനാരിയും വേണമെന്ന പൂര്‍വ്വീകരുടെ ആഗ്രഹം സാധിക്കുന്നതിനാണ് തൃക്കുന്നത്ത് സെമിനാരി സ്ഥാപിക്കന്നതെന്ന് പറയുന്നു. ഇവിടെ യാക്കോബായ സുറിയാനിക്കാരെന്ന് പറയുന്ന പ്രയോഗം 1934 വരെ (സഭാഭരണഘടന ഉണ്ടാകുന്നതുവരെ) പൊതുവായി ഉപയോഗിച്ചിരുന്ന ഒന്നാണ്. നമ്മുടെ പള്ളിയുടെ അനുവാദകല്പനയില്‍ യാക്കോബായ സുറിയാനിക്കാര്‍ക്ക് എന്ന് (വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കിന് ശേഷമുള്ള സഭാവിഭജനം കഴിഞ്ഞു) രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നും ഇത് വ്യക്തമാണ്. സഭയുടെ ഭദ്രാസനാസ്ഥാനമായി മാത്രമല്ല സഭയുടെ പൊതുസ്വത്ത് എന്ന നിലയിലാണ് ഇത് സ്ഥാപിച്ചതെന്നതിന് തെളിവാണ് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് സഭയിലെ എല്ലാ പള്ളികള്‍ക്കും സെമിനാരി നിര്‍മ്മാണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് 1904 മീനം 5-ന് അകപ്പറമ്പ് പള്ളിയില്‍ നിന്നും അയച്ച കല്പന. സെമിനാരി സ്ഥാപനത്തിനുള്ള കമ്മറ്റിയില്‍ വട്ടശേരില്‍ മല്പാന്‍ (പ. ദീവന്നാസ്യോസ്) ഇലഞ്ഞിക്കല്‍ ജോണ്‍വക്കീല്‍ തുടങ്ങിയ തെക്കുനിന്നുള്ള സഭാനേതാക്കളും ഉണ്ടായിരുന്നു. ദേവാലയങ്ങളില്‍ പോയി പണം പിരിച്ചതും വാരാപ്പുഴയില്‍ പോയി തടി ലേലത്തിന് പിടിച്ചതുമെല്ലാം വള്ളിക്കാട്ട് ഗീവറുഗീസ് റമ്പാനായിരുന്നു.

1995-ലേയും തുടര്‍ന്നും ഉണ്ടായ കോടതി വിധി പ്രകാരം 2002-ല്‍ പ്രാധിനിത്യ സ്വഭാവമുള്ള അസോസിയേഷന്‍ കൂടി ഒരു മാനേജിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രസ്തുത മാനേജിംഗ് കമ്മറ്റി ഭദ്രാസനങ്ങള്‍ മെത്രാപ്പോലീത്താമാര്‍ക്ക് നല്‍കി. അപ്രകാരം അങ്കമാലി ഭദ്രാസനത്തിനും ഒരു മെത്രാപ്പോലീത്തായെ നിയോഗിച്ചു. ഇപ്പോള്‍ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്നു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)