OVS - Latest NewsOVS-Pravasi News

അബുദാബി മുസ്ലിം പള്ളിക്ക് പുതിയ പേര്: മേരി, ദ് മദർ ഒാഫ് ജീസസ്

അബുദാബി:- മുഷ് രിഫിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പള്ളിക്ക് പുനർനാമകരണം–മറിയം, ഉമ്മു ഇൗസ (Mariam, Umm Eisa – Arabic for ‘Mary, the mother of Jesus’) എന്നാണ് പുതിയ പേര്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുനർനാമകരണത്തിന് ഉത്തരവിട്ടത്. വ്യത്യസ്ത മതവിശ്വാസികളുടെ ഇടയിൽ മനുഷ്യത്വത്തിലൂടെ ബന്ധം ഉൗട്ടിയുറപ്പിക്കുകയാണ് പുതിയ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.

യുഎഇ പിന്തുടരുന്ന സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും തിളക്കമാർന്ന ഉദാഹരണവും മനോഹരമായ ചിത്രവുമാണ് ഇതെന്ന് വിശേഷിപ്പിച്ച സഹിഷ്ണുതാ സഹമന്ത്രി ഷെയ്ഖാ ലുബ്ന അൽ ഖാസിമി, ഇതിന് വഴിയൊരുക്കിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിച്ചു. ജനറൽ അതോറിറ്റി ഒാഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻ്റ്സ് ചെയർ മാൻ മുഹമ്മദ് മത്തർ അൽ കഅബിയും ഷെയ്കഅ മുഹമ്മദിനെ അഭിനന്ദിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ കാലം മുതൽ യു.എ.ഇ സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതായി അദ്ദേഹം പറഞ്ഞു.

യുഎഇയിൽ ജീവിക്കുന്നവരുടെ സാഹോദര്യമാണ് ഇത് വെളിവാക്കുന്നത്. യുഎഇയിൽ ജീവക്കുന്ന 200 ലേറെ രാജ്യക്കാരോടുള്ള യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ സമാന മനോഭാവത്തിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സെൻ്റ്  ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌  ചർച്ചിന് തൊട്ടടുത്താണ് മേരി, ദി മദർ ഒാഫ് ജീസസ് പള്ളി സ്ഥിതി ചെയ്യുന്നത്. പുനർനാമകരണത്തെ യു.എ.ഇയിലെ ക്രിസ്ത്യൻ മതവിശ്വാസികൾ ഏറെ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. 1984ലെ ശ്ലൈഹിക സന്ദര്‍ശനവേളയില്‍ പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവ ഷെയ്ക്കിനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ ക്രിസ്ത്യാനികളോടു മമത പുലര്‍ത്തുകയും ഈസാ നബിയേയും മറിയത്തെയും ആദരിക്കുകയും ചെയ്യുന്നു എന്ന് ഷെയ്ക്ക് പറഞ്ഞിരുന്നു.