OVS - ArticlesOVS - Latest News

എന്തുകൊണ്ട് കുറവിലങ്ങാട് സമ്മേളനം പ്രഹസനമാകുന്നു?

കുറവിലങ്ങാട് കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തിൽ നസ്രാണി സമ്മേളനമെന്ന പേരിൽ നടത്തപ്പെടുന്നത് വെറും പ്രഹസനമാണ്. ഇല്ലാത്ത ചരിത്രത്തെ നിർമ്മിക്കാനും കറുത്ത അദ്ധ്യായങ്ങളെ വെള്ള പൂശാനുള്ള സ്ഥിരം രീതികളുടെ വക്രീകരിച്ച പുതിയ പതിപ്പ് മാത്രമാണത്. ആ ശ്രമത്തിൻ്റെ ഭാഗമായി വേണം പാലാ മെത്രാൻ മാർ കല്ലറങ്ങാട്ടിൻ്റെ അബദ്ധ സർക്കുലറിനെ കണക്കാക്കുവാൻ. നസ്രാണികൾ ഒരു കാലത്തും അംഗീകരിക്കാതിരുന്നത് അടിമത്വമാണ്. റോമാ നുകത്തെ അലങ്കാരമായി കണക്കാക്കുന്ന സീറോ മലബാർ കത്തോലിക്കനു എങ്ങിനെയാണ് ആ പൈതൃകത്തിൻ്റെ കാവൽക്കാരനാകാൻ കഴിയുന്നത്? നസ്രാണികൾ എക്കാലവും എതിർത്ത ഒന്ന് വിഗ്രഹാരാധനയാണ്; ‘‘നമ്മുടെ മാതാവിൻ്റെ ഒരു പ്രതിമ ഞാൻ കാണിച്ചപ്പോൾ ഇവർ കണ്ണുപൊത്തുകയും, ഞങ്ങൾ ക്രിസ്ത്യാനികളാണ്, വിഗ്രഹങ്ങളെ ആരാധിക്കുന്നവരല്ല. ആ വൃത്തികെട്ട സാധനം കൊണ്ടു പോകണം’‘ എന്നു പറഞ്ഞ നസ്രാണി പിതാക്കൻമാരുടെ പിൻഗാമികളാണ് ഞങ്ങൾ. ഇങ്ങനെ പറഞ്ഞത് മറ്റാരോടും അല്ല നസ്രാണികളെ കത്തോലിക്കവൽക്കരിക്കാൻ അഹോരാത്രം പ്രയത്നിച്ച സാക്ഷാൽ മെനെസിസിനോടാണ്. ഈ വസ്തുത കാണുന്നത് നസ്രാണി ചരിത്രകാരൻമാരുടെ പുസ്തകങ്ങളിലല്ല മറിച്ച് മക്കെൻസി എഴുതിയ Christianity in Travancore -ലാണ്. ആ പിതാക്കൻമാരെ തള്ളിക്കളഞ്ഞ് കത്തോലിക്കവൽക്കരണത്തിൽ അകപ്പെട്ട് വിഗ്രഹങ്ങളോട് സന്ധി ചെയ്ത സീറോ മലബാർ കത്തോലിക്കർ എങ്ങനെയാണ് നസ്രാണി പൈതൃകത്തിൻ്റെ നേരവകാശിയാകുന്നത്? Copyright ovsonline.in

കുറവിലങ്ങാടിനു ഇല്ലാത്ത സ്ഥാനം ഉണ്ടാക്കിയെടുക്കാനുള്ള വളഞ്ഞ വഴിയിലുള്ള ശ്രമങ്ങൾക്ക് ഏതാനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിൽ ആദ്യത്തെ വാദം രണ്ടാം നൂറ്റാണ്ടിൽ പള്ളി സ്ഥാപിക്കപ്പെട്ടു എന്നാണ്. എ.ഡി. 105-ൽ എന്നു മെത്രാൻ്റെ സർക്കുലറിൽ കാണുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണത്. 1100-ൻ്റെ മദ്ധ്യത്തിലല്ലാതെ ആ പള്ളി സ്ഥാപിക്കപ്പെടുവാൻ ഒരു സാദ്ധ്യതയുമില്ല; തെളിവുമില്ല. നിരണം ഗ്രന്ഥവരിയിൽ കൃത്യമായി 1162-ൽ പള്ളി സ്ഥാപിക്കപ്പെട്ടു എന്നു പറയുന്നു. ഡോ. അലക്സാണ്ടർ ജേക്കബ് IPS -നെ പോലെയുള്ളവരുടെ അഭിപ്രായവും ഇതിനോട് യോജിക്കുന്നതാണ്‌. ഒരു നുണ ആയിരം ആവർത്തി പറഞ്ഞ് ഫലിപ്പിക്കുക എന്ന സ്ഥിരം തന്ത്രമാണ് കുറവിലങ്ങാടിൻ്റെ കാര്യത്തിലും സംഭവിക്കുന്നത്. തോമാശ്ലീഹാ ഏ.ഡി 50 -നോടടുത്ത് ക്രിസ്തുമാർഗം ഉപദേശിച്ച സ്ഥലങ്ങളിൽ നിന്ന് 150-ഓളം കിലോമീറ്റർ അകലെയാണ് കുറവിലങ്ങാടിൻ്റെ സ്ഥാനം. ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനം എന്തു കാരണം കൊണ്ടാണ് നസ്രാണികൾ തങ്ങളുടെ ആദ്യ പാർപ്പിടങ്ങളിൽ നിന്ന് ഇത്രയും ദൂരം സഞ്ചരിക്കാനിടയാക്കിയ സാമൂഹിക പശ്ചാത്തലം എന്തായിരുന്നു എന്ന് എങ്കിലും ഈ പറയുന്നവർ പറഞ്ഞാൽ കൊള്ളമായിരുന്നു. കുറവിലങ്ങാട് 1150-കളിൽ സ്ഥാപിക്കപ്പെട്ടു എന്നു പറഞ്ഞാൽ കെട്ടിപ്പൊക്കി കൊണ്ട് വന്ന പകലോമറ്റം കള്ളക്കഥകൾക്കും ബ്രാഹ്മണ മിത്തുകൾക്കും അത്രയും പഴക്കമേ കാണു എന്ന് ഉറപ്പിക്കപ്പെടും. അപ്പോൾ പരമാവധി കുറവിലങ്ങാടിനെ ചരിത്രത്തിൽ പിറകോട്ട് കെട്ടി വയ്ക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. അങ്ങനെയെ കുറവിലങ്ങാടിനെ അധികരിച്ചു വളർന്ന മറ്റു കഥകൾക്കും പഴക്കം സിദ്ധിക്കൂ.

ഒരു ലഘുവായ ചോദ്യത്തിലൂടെ ഈ പഴക്കക്കഥയിലെ പതിരു തിരിച്ചറിയാം. ഇത്രയേറ പഴക്കമുണ്ടെന്നും അർക്കദിയാക്കോൻമാരുടെ സ്വന്തം പള്ളിയെന്നും അവകാശപ്പെടുന്ന കുറവിലങ്ങാടിനെ കൂനൻ കുരിശ് സത്യത്തിനു ശേഷമുള്ള പ്രധാനസംഭവങ്ങളിൽ എങ്ങും കാണാത്തത് എന്തുകൊണ്ടാണ്. കൂനൻകുരിശ് സത്യത്തിനു ശേഷം കൂടിയ രണ്ട് പ്രധാന ആലോചനാ യോഗങ്ങൾ ഇടപ്പള്ളിയിലും ചേന്ദമംഗലത്തുമാണ് നടന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ 1653 മെയ് മാസം 22-ാം തീയതി തോമാ അർക്കദിയാക്കോനെ മാർത്തോമാ ഒന്നാമനായി വാഴിക്കുന്നത് ആലങ്ങാട്ട് പള്ളിയിൽ വച്ചാണ്. ഇവിടെയൊന്നും കുറവിലങ്ങാട് ചിത്രത്തിലേ ഇല്ല. പിന്നെ എവിടെയാണ് കുറവിലങ്ങാട് കാണുന്നത് അത് ചാണ്ടി കത്തനാരെപ്പറ്റി പറയുമ്പോഴാണ്. ഒന്നാം മാർത്തോമായെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ നാലു പേരടങ്ങിയ കമ്മറ്റിയെ നിയമിച്ചു. അവർ കടുത്തുരുത്തി കടവിൽ ചാണ്ടിക്കത്തനാർ, അങ്കമാലി വേങ്ങൂർ ഗീവറുഗീസ് കത്തനാർ, ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാർ, കുറവിലങ്ങാട്ടു പറമ്പിൽ ചാണ്ടി കത്തനാർ എന്നിവരായിരുന്നു. ഈ സഹായിയായി നിയമിച്ച പറമ്പിൽ ചാണ്ടിക്കത്തനാരെ ആണ് പാലാ മെത്രാൻ തൻ്റെ സർക്കുലറിൽ ആദ്യ തദ്ദേശിയ മെത്രാനെന്നു വിശേഷിപ്പിച്ചത്. എന്തൊരു വിരോധാഭാസമാണ്. ആ സർക്കുലറിലെ അക്ഷന്തവ്യമായ തെറ്റും ഈ നുണയാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഒന്നാം മാർത്തോമായെ അവഗണിക്കുന്ന ചരിത്രം യഥാർഥത്തിൽ മറുപടി അർഹിക്കുന്നതേ അല്ല. ”...അർക്കദിയാക്കോനെ സഭ ഏകാഭിപ്രായമായിട്ടാണ് ബിഷപ്പായി തെരഞ്ഞെടുത്തത്. രാജാക്കൻമാർ എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു..’‘ ഇത് പറഞ്ഞിരിക്കുന്നത് James Hough – ആണ് നസ്രാണികൾ അല്ല. (History of Christianity in India : James Hough ) എന്നാലും പാലാ മെത്രാൻ മാർ കല്ലറക്കാടിനു ആദ്യമെത്രാൻ മാർത്തോമ ഒന്നാമനല്ല, അദ്ദേഹത്തിൻ്റെ സഹായി പറമ്പിൽ ചാണ്ടിയാണ്. നസ്രാണികളുടെ ഒരു സന്നിഗ്ദ്ധഘട്ടത്തിൽ പൂർവ്വിക പൈതൃകത്തിൽ ഉറച്ച് നിന്ന് ഒരു വൈദേശികാധിപത്യത്തിനും വിധേയപ്പെടാതെ വഴുതി മാറിയ ആ വലിയ പിതാവിനെ അവഗണിച്ചു കൊണ്ട് എന്ത് സമ്മേളനമാണ് നിങ്ങൾ വിളിച്ചു കൂട്ടുന്നത്. മാർത്തോമാ ഒന്നാമൻ ആദ്യം വൈദികപട്ടം കൊടുത്തത് പറങ്കികളിൽ നിന്നു വന്ന ഡയസിനായിരുന്നു (L W Brown p 100). അന്നും മാർത്തോമാ ഒന്നാമൻ്റെ കൂടെ പറമ്പിൽ ചാണ്ടി ഉണ്ടായിരുന്നു. ചരിത്രം വ്യക്തമായും സത്യമായും നിലകൊള്ളുന്നു. കണ്ണടച്ചാൽ അത് ഇരുട്ടാകുന്നതല്ല.Copyright ovsonline.in

പറമ്പിൽ ചാണ്ടി മെത്രാനായത് കൂടി ഓർമ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം, നസ്രാണി ചരിത്രം പരിശോധിച്ചാൽ മലങ്കര നസ്രാണികളെ വിഴുങ്ങുവാൻ ആഗ്രഹിച്ചവർ പലപ്പോഴും പിന്തുടർന്ന ഒരു രീതിയാണ് വിഘടിച്ചു നിൽക്കുന്നവർക്ക് സ്ഥാനം നൽകി കൂട്ടത്തിലാക്കുക എന്നത് അതു തന്നെയാണ് ഇവിടെയും നടന്നത്. മാർത്തോമാ ഒന്നാമൻ ഭരണം തുടങ്ങി രണ്ട് കൊല്ലമായപ്പോൾ അദ്ദേഹത്തിൻ്റെ നാല് ആലോചനക്കാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. പറമ്പിൽ ചാണ്ടിക്കത്തനാരും കടവിൽ ചാണ്ടിക്കത്തനാരും പാപ്പായുടെ പ്രതിനിധിയെ കണ്ടു റോമായിക്ക് വഴങ്ങുവാൻ തീരുമാനിച്ചു. കൃത്യമായി ആ സമയത്ത് ജോസഫ് സെബസ്ത്യാനി ഇടപെട്ടു. പറമ്പിൽ ചാണ്ടിക്കു മെത്രാൻ സ്ഥാനവും കടവിൽ ചാണ്ടിക്കു വികാരി ജനറാൾ സ്ഥാനവും കൊടുത്തു; രണ്ട് പേരും മറിഞ്ഞു. എന്നാൽ ഉടനെ സ്ഥാനം നൽകാൻ റോം തയ്യാറായില്ല. നാളെ വീണ്ടും തിരിച്ച് മറുകണ്ടം ചാടിയാലോ? ഏതാണ്ട് 8 കൊല്ലം കഴിഞ്ഞ് കടുത്തുരുത്തിയിൽ സെബസ്ത്യാനിയുടെ വീട്ടിൽ കൂടിയ യോഗത്തിലാണ് പറമ്പിൽ ചാണ്ടിയെ മെത്രാനാക്കാൻ ഔദ്യോഗികമായി തീരുമാനിച്ചത്. അങ്ങനെയാണ് പറമ്പിൽ ചാണ്ടി മെത്രാനാകുന്നത്. മാർത്തോമാ ഒന്നാമൻ മെത്രാനായി പത്ത് വർഷം കഴിഞ്ഞ്. ഇനിയെങ്കിലും ദയവായി ഈ അസത്യപ്രചരണം നിർത്തൂ. ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് പറമ്പിൽ ചാണ്ടി മെത്രാൻ മരിച്ച് 100 വർഷത്തോളം തദ്ദേശീയ മെത്രാൻമാരെ വാഴിക്കാൻ റോം സമ്മതിച്ചില്ല എന്നതും.

പല കാലങ്ങളിൽ നസ്രാണി സഭാ ഗാത്രത്തിൽ നിന്ന് പിരിഞ്ഞു പോയവർ ഒന്നിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. എന്നാൽ അതിനു ശ്രമിക്കേണ്ടത് വ്യാജചരിത്രങ്ങളിലൂടെയും മനഞ്ഞെടുക്കുന്ന കൽപ്പിത കഥകളിലൂടെയുമല്ല. ചരിത്രത്തെ സത്യസന്ധമായി പഠിക്കുക എന്നത് തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ കാൽവയ്പാണ്. അതിനാദ്യം ചെയ്യേണ്ടത് മുതുകത്തിരിക്കുന്ന റോമാ നുകം എടുത്ത് മാറ്റി വയ്ക്കുകയാണ്. അതാണ് പലപ്പോഴും കാഴ്ചകളെ വികലമാക്കുന്നതും.Copyright ovsonline.in
ഡി. ആർ
www.ovsonline.in

കുറവിലങ്ങാട് പള്ളി ചരിത്രം: ഒരു നേർകാഴ്ച