OVS - Latest NewsOVS-Pravasi News

പരിശുദ്ധ കാതോലിക്ക ബാവയുടെ മഹനീയ സാന്നിധ്യത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്

ന്യുയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഇതാദ്യമായി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നു. ജൂലൈ 12 മുതൽ 15 വരെ പെൻസിസില്വേനിയയിലെ പോക്കണോസ് കലഹാരി റിസോർട്സ് ആൻഡ് കൺവെൻഷൻ സെന്റെറിലാണ് കോൺഫറൻസ് നടക്കുന്നത്. കോൺഫറൻസ് നടക്കുന്ന നാലു ദിവസങ്ങളിലും പരിശുദ്ധ ബാവയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും. ഇതു ഭദ്രാസനത്തിനു കിട്ടിയ അപൂർവ്വവും അസുലഭവുമായ സന്ദർഭമായി ഭദ്രാസന അധ്യക്ഷൻ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചു. പരി. ബാവയുടെ സാന്നിധ്യത്താൽ ഭദ്രാസന കോൺഫറൻസ് ധന്യമാകുന്നുവെന്ന് കോൺഫറൻസ് കോ ഓർഡിനേറ്റർ റവ. ഡോ. വറുഗീസ് എം. ഡാനിയൽ അഭിപ്രായപ്പെട്ടു. പരിശുദ്ധ സഭയുടെ നേതൃത്വത്തിന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തോടുള്ള അകമഴിഞ്ഞ ആഭിമുഖ്യമാണ് വെളിവാകുന്നതെന്ന് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ അഭിപ്രായപ്പെട്ടു.

ഫാമിലി കോൺഫറൻസിൽ പങ്കെടുത്ത ആദ്യത്തെ പരി. ബാവ, മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമനായിരുന്നു. പരി. ബാവ തിരുമേനിയെ ആദരപൂർവ്വം വരവേൽക്കാൻ കാത്തിരിക്കുകയാണ് ഭദ്രാസന ജനത. 1200 പേര് ഇതിനോടകം രജിസ്റ്റർ ചെയ്ത കോൺഫറൻസിൽ ഫാ. ഡോ. എം.ഒ.ജോണാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയിലെ പ്രധാനി. യുവജനങ്ങൾക്കായി സെൻറ് പീറ്റേഴ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഡോണ റിസ്ക് ഇംഗ്ലീഷിൾ ക്ലാസുകളെടുക്കും. എം.ജി.ഒ സി.എസ്.എം ഫോക്കസ് ഗ്രൂപ്പുകൾകായി റവ.ഡീക്കൻ പ്രദീപ് ഹാച്ചറും സണ്ഡേ സ്കൂൾ കുട്ടികൾക്കായി റവ.ഡീക്കൻ ബോബി വറുഗീസും ക്ലാസുകൾ നയിക്കും. കോൺഫെറെൻസിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റികൾ സജീവമായി.

കോൺഫെറെൻസിന്റെ അവസാന ഒരുക്കങ്ങളുമായി വ്യാപൃതരായിരിക്കുകയാണ് എല്ലാ കമ്മിറ്റിയംഗങ്ങളും എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ റവ. ഡോ. വറുഗീസ് എം. ഡാനിയൽ , ജോർജ് തുമ്പയിൽ , ജീമോൻ വറുഗീസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്:
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Jeemon Varghese, (201)-563-5550, jeemsv@gmail.com
Family conference website – www.fyconf.org
Conference Site – https://www.kalahariresorts.com/Pennsylvania