മലങ്കര സഭയിൽ കോടതി വിധി നടത്തിപ്പിനായി സ്വീകരിക്കേണ്ട പ്രായോഗിക മാർഗങ്ങൾ : ഭാഗം – 2
എക്സിക്യൂഷൻ കമ്മിറ്റി & ലീഗൽ സെൽ.
ബഹു. സുപ്രീം കോടതിയിൽ നിന്നും അന്തിമ വിധി തീർപ്പു വന്ന കട്ടച്ചിറ, പിറവം, കോതമംഗലം, ചാലിശ്ശേരി എന്നീ മലങ്കര സഭയുടെ ഇടവകകളിലെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട ആസൂത്രിത പ്രതിഷേധത്തിൻ്റെയും, ക്രമസമാധാന പ്രശ്നങ്ങളുടെയും മറവിൽ മലങ്കരസഭ തർക്കം പരിഹരിക്കാൻ എന്ന് പേരിൽ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു കേരള സർക്കാരിൻ്റെ സമ്മർദ്ദ തന്ത്രം ഒരു ഭാഗത്തൂടെയും, കോടതി വിധികളിൽ വെള്ളം ചേർത്ത് കൊണ്ടുള്ള അനൗദ്യോഗിക ചർച്ചകൾ എന്ന് പേരിലുള്ള അട്ടിമറി ശ്രമങ്ങൾ മറ്റൊരു ഭാഗത്തൂടെയും സമാന്തരമായി പുരോഗമിക്കുമ്പോൾ ഈ ലേഖന പരമ്പരയുടെ പ്രസ്കതിയും, ലക്ഷ്യവും വളരെ വർധിക്കുന്നു.
ആദ്യ ഭാഗത്തിൽ ഞങ്ങൾ ഉയർത്തി കാണിച്ചിരുന്ന മലങ്കര സഭാ തർക്കത്തെ പറ്റിയുള്ള സാമൂഹിക ബോധവത്കരണം എന്ന് ആശയത്തെ മലങ്കര സഭാ നേതൃത്വം ഗൗരവമായി എടുക്കുകയും, മാധ്യമങ്ങൾ വഴി കൂടുതൽ ക്രിയാതകമായ പ്രചാരണങ്ങളിലേക്ക് കടക്കുകയും ചെയ്തതിനെ മുക്തകണ്ഠം പ്രശംസിക്കുന്നു. എങ്കിലും മലങ്കര സഭയുടെ ഔദ്യോഗിക മാധ്യമങ്ങൾ ഒക്കെയും ഈ വിഷയത്തിൽ പൂർണ പരാജയമാണ്. അണഞ്ഞു പോയ മലങ്കര സഭയുടെ ന്യൂസ് പോർട്ടൽ, “കാതോലിക്കേറ്റ് ന്യൂസ്” പുനർജീവിപ്പിച്ചു ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ നേതൃത്വം താല്പര്യം എടുക്കണം. ഇപ്പോൾ മലങ്കര സഭയുടെ താല്പര്യങ്ങളെയും, വിശ്വാസ സത്യങ്ങളെയും പ്രചരിപ്പിക്കുകയും, വിഘിടിത നേതൃത്തിൻ്റെ കുപ്രചാരണങ്ങളെയും, സഭയിലെ ചക്കുളത്തി പോരാട്ടങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നതു ഓ.വി.എസ് ഉൾപ്പെടെയുള്ള അൽമായ കൂട്ടായ്മകളുടെ വെബ്സൈറ്റും, സോഷ്യൽ മീഡിയ ഗ്രൂപ്പകളും മാത്രമാണ്.
2017 ജൂലൈ 3 -ൻ്റെ ബഹു. സുപ്രീം കോടതി വിധിയെ തുടർന്ന് പതിറ്റാണ്ടുകൾ നീണ്ട മലങ്കര സഭാ ആഭ്യന്തര കലഹം അതിൻ്റെ സ്വാഭാവിക ക്ലൈമാക്സിലേക്ക് പ്രവേശിക്കുന്ന അവസാന വർഷങ്ങളിൽ, മലങ്കര സഭയുടെ ആത്മീയ – അൽമായ നേതൃത്വം ഒരു പോലെ അവസരത്തിനൊത്തുയർന്ന സാഹചര്യങ്ങളെയും, സാധ്യതകളെയും അവധാനപൂർവ്വം ഉപയോഗിച്ചു മലങ്കര സഭയുടെ ഐക്യം കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഭരണഘടനാസൃതം നടപ്പിൽ വരുത്താൻ ജാഗ്രതയോടും, ബുദ്ധിയോടും പ്രവർത്തിക്കണം. ഇത്തരം ഒരു സാഹചര്യത്തിൽ മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കും നേതൃത്വത്തിനും കരുത്താക്കേണ്ടിയിരുന്ന വർക്കിങ് കമ്മിറ്റി പൂർണ്ണ പരാജയമാണ് എന്ന് സുവ്യക്തം. ഇത്തരം ഒരു സമിതി മലങ്കര സഭയ്ക്ക് ഒരു ബാധ്യതയും, നാണക്കേടുമായതിനാൽ പ്രസ്തുത മാറാല സമിതിയെ ഉടച്ചു വാർക്കണം. കഴിഞ്ഞ 15 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട സമിതികളെയും, സ്ഥാനികളെയും പരിശോധിച്ചാൽ ഇത്രയും ദുർബലമായ, കാര്യപ്രാപ്തി കുറഞ്ഞ ഒരു സമിതി ഉണ്ടായിട്ടില്ല എന്ന് സഭാ വിശ്വാസികൾ വ്യാപകമായി പറഞ്ഞു തുടങ്ങിയത് നേതൃത്വം കേട്ട് തിരുത്താൻ വൈകരുത്. ഇത്തരം സാഹചര്യത്തിൽ മലങ്കര സഭയ്ക്ക് അന്യവാര്യമായ രണ്ടു സമിതികളാണ് എക്സിക്യൂഷൻ കമ്മിറ്റിയും ലീഗൽ സെല്ലും.
എക്സിക്യൂഷൻ കമ്മിറ്റി: മലങ്കര സഭാ കേന്ദ്ര തലത്തിൽ പരിശുദ്ധ ബാവായുടെ രക്ഷാകർത്തത്തിൽ സുന്നഹദോസ് പ്രതിനിധി, മാനേജിങ് കമ്മിറ്റി പ്രതിനിധികൾ, വൈദിക സംഘം പ്രതിനിധി, സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഉന്നത വ്യകതിത്വങ്ങൾ, മികച്ച നയതന്ത്രജ്ഞർ എന്നിവരെ ചേർത്ത് ഉന്നത തല “എക്സിക്യൂഷൻ കമ്മിറ്റി” ആരംഭിക്കണം. ഇവർക്കായിരിക്കണം അതാതു ഭദ്രാസന നേതൃത്വവുമായി ചേർന്ന് ഓരോ ഭദ്രാസനത്തിലെയും ഇടവകകളുടെ വിധി നടത്തിപ്പിൻ്റെ മേൽനോട്ടം. ഇത് മൂലം സർക്കാർ, രാഷ്ട്രീയ, ഉദ്യോഗസ്ഥ, മാധ്യമ തലത്തിലെ എല്ലാ ഇടപെടലുകൾക്കും ഒരു എകീക്രത ശൈലി മലങ്കരയിൽ ഉടനീളം കൈ വരും. ഈ സമിതിയെ തന്നെ കേരള സർക്കാർ ഒരുക്കുന്ന ഉപസമിതി ചർച്ചകൾക്കും വിനിയോഗിക്കണം. മലങ്കര സഭയുടെ വിഘിടിതരോടുള്ള നയസമീപനം, കോടതി വിധികൾ, 1934 സഭാ ഭരണഘടന, വിഘിടിതരുടെ ശവ സംസ്ക്കാരം, സർക്കാരിൻ്റ താല്പര്യം, രാഷ്ട്രീയ സമ്മർദ്ദങ്ങൾ, പണത്തിൻ്റെ സ്വാധീനം മൂലമുള്ള അട്ടിമറികൾ, മലങ്കര സഭയ്ക്ക് എതിരെയുള്ള സഭാ തർക്കത്തിലെ ആക്ഷേപങ്ങൾ, മാധ്യമങ്ങളുടെ പങ്ക് എന്നിങ്ങനെയുള്ള കാതലായ വിഷയങ്ങളിൽ കൃത്യമായ കൂട്ടായ ചർച്ചകളും, ഗൃഹപാഠവും ചെയ്ത് ഐക്യത്തോടെ മുന്നോട്ടു പോയാൽ മലങ്കര സഭയിൽ ശ്വാശതമായ സമാധാനവും, ഐക്യവും വളരെ കുറഞ്ഞു വർഷങ്ങൾ കൊണ്ട് സാധ്യമാക്കും. അങ്ങനെ വരും തലമുറയെങ്കിലും സഭാ ഭിന്നതയിൽ നിന്നും ഒഴിവായി ഐക്യ മലങ്കരസഭയുടെ സത്യവിശ്വാസ മക്കളായി ദൈവത്തെ ആരാധിക്കാൻ ഇടവരുത്തും. ഇത്തരത്തിലുള്ള ഒരു സ്മാർട്ട് മാനേജ്മെന്റ് സംവിധാനം കോടതി വിധി നടത്തിപ്പിലെ പ്രായോഗിക തടസ്സങ്ങളെയും, അട്ടിമറികളെയും നിഷ്പ്രയാസം മറികടക്കാൻ സഹായിക്കും.
ലീഗൽ സെൽ: മലങ്കരയിലെ നിലവിലെ എല്ലാ ഇടവക വ്യവഹാരങ്ങൾക്കും ഒരു ഏകീകൃത സ്വഭാവം കൈവന്നിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ഒരു കേന്ദ്ര ലീഗൽ സെൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കണം. മലങ്കര സഭയുടെ ഒരു സുന്നഹദോസ് അംഗത്തിൻ്റെ മേൽനോട്ടത്തിൽ മാനേജിങ് കമ്മിറ്റി, സഭയിലെ പ്രമുഖ അഭിഭാഷകർ, വിവിധ ഇടവകളിലെ കേസിൻ്റെ ചുമതലക്കാർ എന്നിവരെ ചേർത്ത് കൊണ്ട് ഒരു ലീഗൽ സെൽ മലങ്കര സഭയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൻ്റെ വേഗത വർധിപ്പിക്കും. ഇത്തരം ഒരു സമിതി വന്നാൽ കോടതികളിലെ കാലതാമസം ഒഴിവാക്കാനും, തെളിവുകൾക്കും വാദങ്ങൾക്കും ഒരു ഏകീകൃത ശൈലിയും ലഭിക്കും.
വിഘിടിത യാക്കോബായ വിഭാഗം ഒരുക്കുന്ന ചതികുഴികളെയും, സർക്കാരിൻ്റെ ഒത്തുകളി ശ്രമങ്ങളെയും അതിജീവിച്ചു മലങ്കര സഭയുടെ പ്രമുഖ ദേവാലയങ്ങളിലെ വിധി നടത്തിപ്പിലേക്കു പോകണമെങ്കിൽ ദൈവത്തിൻ്റെ കോടതിയിലും, ഭാരതത്തിൻ്റെ നിയമ വ്യവസ്ഥതയിലും മാത്രം ആശ്രയിക്കുന്ന മലങ്കര സഭ പ്രായോഗിക തലത്തിൽ ചില കൗശലങ്ങൾക്കും, രാഷ്ട്രീയ – ഉദ്യോഗസ്ഥ പ്രഭുക്കൻമാരെ അറിഞ്ഞു ഗൗനിക്കുന്ന തലത്തിലേക്കും വഴി മാറേണ്ടി വരും. മാധ്യമങ്ങളെ കൃത്യമായി മാനേജ് ചെയ്യുന്ന കലിയുഗ ശ്രേഷ്ഠതന്ത്രം യാക്കോബായ വിഭാഗത്തിൽ നിന്നും കടം കൊള്ളേണ്ടി വരും. നീണ്ട വർഷങ്ങളുടെയും, ഭാരിച്ച വ്യവഹാര ചിലവകളുടെയും നിയമ പോരാട്ടത്തിന് ശേഷം ബഹു. കോടതികളിൽ നിന്നും അനുകൂല വിധികൾ സമ്പാദിക്കുന്ന മലങ്കര സഭ, നിഷ്കളങ്കമായി ഈ രാജ്യത്തെ നിയമം അതിൻ്റെ വഴിക്കു സ്വച്ഛന്ദം ഒഴുക്കും എന്ന് അവസരവാദ രാഷ്ട്രീയക്കാരുടെയും, ഒത്തുകളി മുന്നണി സംവിധാനങ്ങളുടെയും, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും, തോൽക്കാതെയിരിക്കാൻ എന്ത് നെറികേടും, അക്രമവും കാണിക്കാൻ മടിക്കാത്ത കലിയുഗ ശ്രേഷ്ഠാചാര്യന്മാരുടെയും നാട്ടിൽ വെറുതെ കിനാവ് കാണരുത്. മലങ്കര സഭ ലക്ഷങ്ങൾ വക്കീലന്മാർക്കു കൊടുത്തു കേസ് ജയിക്കുമ്പോൾ, ആ വിധി പ്രായോഗത്തിൽ വരുത്താൻ മറ്റു കുറച്ചു ലക്ഷങ്ങൾ കൂടെ രാഷ്ട്രീയക്കാർക്ക് ജാഥ നടത്താനും, മതിൽ പണിയാനും, ഇലക്ഷന് വേണ്ടിയും, ഉദ്യോഗസ്ഥർക്ക് ഒരു പ്രോത്സാഹനം എന്ന് നിലയ്ക്കും, വില്ക്കാൻ വേണ്ടി മാത്രം വാർത്തകൾ തയ്യാറാക്കുന്ന ഓൺലൈൻ മഞ്ഞ മാധ്യമങ്ങളെയും പരിഗണിക്കാൻ കൂടിയും കരുതി വയ്ക്കണമെന്ന് പറയുന്നതിൽ ഖേദമുണ്ട്, പക്ഷെ അതൊക്കെയും സത്യമാണ്, അത് ഈ രാജ്യത്തിൻ്റെ നിലവിലെ അവസ്ഥയാണ് .
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
മലങ്കര സഭയിൽ കോടതി വിധി നടത്തിപ്പിനായി സ്വീകരിക്കേണ്ട പ്രായോഗിക മാർഗങ്ങൾ : ഭാഗം – 1