OVS - Latest NewsOVS-Kerala News

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 559 കോടി രൂപയുടെ ബഡ്ജറ്റ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 559 കോടി രൂപയുടെ ബഡ്ജറ്റ്  പഴയ സെമിനാരി   ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗം അംഗീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പഴയസെമിനാരി നാലുകെട്ടിന്‍റെയും, ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്‍റെയും പുനരുദ്ധാരണം, സഭാ കവി സി. പി ചാണ്ടി അനുസ്മരണം എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്. വൈദീകര്‍ക്കായുളള മെഡിക്കല്‍ ഇന്‍ഷുറന്‍സ് അവരുടെ കുടുബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി വിപുലമാക്കി. വിദ്യാഭ്യാസ സഹായം, ഭവനസഹായം, വിവാഹസഹായം, ചികിത്സാ സഹായം തുടങ്ങിയ പദ്ധതികള്‍ക്കായി കൂടുതല്‍ തുക വകകൊളളിച്ചിട്ടുണ്ട്. അര്‍ഹരായ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് , കരള്‍ മാറ്റിവെയ്ക്കല്‍ തുടങ്ങിയവയ്ക്ക് കൈത്താങ്ങലിനായി “സഹായഹസ്തം” എന്ന പുതിയ പദ്ധതി ആരംഭിക്കും. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കായുളള സ്നേഹസ്പര്‍ശത്തിന് തുക വകയിരുത്തിയിട്ടുണ്ട്. ലോക സമാധാനത്തിനും മാനവഐക്യത്തിനും കുടുംബങ്ങളെ ലഹരിമുക്തമാക്കുന്നതിനും വേണ്ടി സഭ പ്രവര്‍ത്തിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ഡോ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. എന്‍.എം മത്തായി, കെ.എം തോമസ് , എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. നിയമനത്തിന് അംഗീകാരവും അര്‍ഹതപ്പെട്ട വേതനവും ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന അദ്ധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി കൈക്കൊളളണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം യോഗം അംഗീകരിച്ചു.