OVS - Latest NewsOVS-Kerala News

മഴയ്ക്കും തണുപ്പിക്കാനാവാത്ത വിശ്വാസതീഷ്ണത.

കോട്ടയം : കോരിച്ചൊരിഞ്ഞ മഴയ്ക്ക് പുതുപ്പള്ളിയെ കുളിരണിയിക്കാന്‍ സാധിച്ചെങ്കിലും നസ്രാണി സംഗമത്തിന് എത്തിയവരുടെ വിശ്വാസത്തെ തണുപ്പിച്ചില്ല. മനസ്സില്‍ പെയ്തിറങ്ങിയ സഭാസ്നേഹവുംമായാണ് ആയിരക്കണക്കിന് വിശ്വാസികള്‍ സംഗമസ്ഥലമായ പുതുപ്പള്ളി പള്ളിയിലെത്തിയത്.

സംഗമത്തോടനുബന്ധിച്ചു നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഉച്ച കഴിഞ്ഞതോടെ വിശ്വാസികള്‍ എത്തിതുടങ്ങി. ഘോഷയാത്ര ആരംഭിക്കുന്ന നിലയ്ക്കല്‍ പള്ളിയിലേക്ക് മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്ന് ആളുകളെത്തി. മൂന്നരയോടെ ഡോ. യൂഹാനോന്‍ മാര്‍ ദിയാസ്കൊറോസിന്‍റെ നേതൃത്വത്തില്‍ ഘോഷയാത്ര ആരംഭിച്ചു.

തൂവെള്ള വസ്ത്രം ധരിച്ചെത്തിയ കൊച്ചുകുട്ടികളും നസ്രാണികളുടെ പരമ്പരാഗത വസ്ത്രമായ ചട്ടയും മുണ്ടും ധരിച്ചെത്തിയ സ്ത്രീകളും ഘോഷയാത്രയില്‍ പങ്കെടുത്തു. ബാന്‍ഡ് സെറ്റുകളും ചെണ്ടമേളവും ഘോഷയാത്രക്ക്‌ കൊഴുപ്പേകി.

മഴയ്ക്കും തണുപ്പിക്കാനാവാത്ത വിശ്വാസതീഷ്ണത

പുതുപ്പള്ളി കവല ചുറ്റി പുതുപ്പള്ളി പള്ളിയിലെത്തിയ ഘോഷയാത്രയില്‍ കാതോലിക്ക സിംഹാസനം നീണാള്‍ വഴട്ടെയെന്ന മുദ്രാവാക്യങ്ങളും, കാതോലിക മംഗള ഗാനങ്ങളും അലയടിച്ചുയര്‍ന്നു . കോട്ടയം ഭദ്രാസനത്തിലെ എട്ടു മേഖലകളില്‍ നിന്നുള്ള വിശ്വാസികള്‍ ആണ് പങ്കെടുത്തത്. ഘോഷയാത്രയുടെ മുന്‍ഭാഗം പള്ളിയിലെത്തിയതോടെ കത്തുന്ന വേനല്‍ ചൂടില്‍ അനുഗ്രഹമായി മഴ പെയ്തിറങ്ങി. സംഗമത്തിന് എത്തിയ ആളുകളെ കൊണ്ട് പള്ളിയങ്കണത്തില്‍ ക്രമീകരിച്ച പ്രത്യേക പന്തലും പള്ളി പരിസരവും നിറഞ്ഞു.

സത്യത്തിൻമേൽ മാത്രമേ സഭ വളരൂ: കാതോലിക്കാ ബാവാ