OVS - Latest NewsOVS-Kerala News

സത്യത്തിൻമേൽ മാത്രമേ സഭ വളരൂ: കാതോലിക്കാ ബാവാ

കോട്ടയം ∙ കൗശലം കൊണ്ടോ തന്ത്രം കൊണ്ടോ അല്ല സത്യത്തിൻമേൽ മാത്രമേ സഭ വളരുകയുള്ളൂവെന്നു മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. കോട്ടയം ഭദ്രാസനം പുതുപ്പള്ളി പള്ളിയിൽ സംഘടിപ്പിച്ച കാതോലിക്കാ ദിനാഘോഷവും നസ്രാണി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാക്ഷ്യമുള്ള സഭയായി സമാധാനത്തോടെ മുൻപോട്ടു പോകാൻ സാധിക്കണം.

സഭ സത്യവും നീതിയുമാണ്. അതിനുവേണ്ടി കഷ്ടങ്ങൾ സഹിക്കേണ്ടി വരും. കാതോലിക്കാ ദിനാഘോഷം സഭയുടെ സ്വാതന്ത്യമാണു പ്രഘോഷിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭ ഭാരതീയ സഭയാണെന്നു സുപ്രീം കോടതി പ്രഖ്യാപിച്ചുണ്ടെന്നും കാതോലിക്കാ ബാവാ പറഞ്ഞു. സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു.

മലങ്കരസഭയുടെ വിശ്വാസം ആർക്കും അടിയറ വയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മാത്യൂസ് മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സഭയുടെ സ്വാതന്ത്ര്യം ഊട്ടിയുറപ്പിച്ച സംഭവമാണ് 1912-ലെ കാതോലിക്കേറ്റ് സ്ഥാപനം. 209 വർഷത്തെ ബന്ധം മാത്രമേ അന്ത്യോക്യായുമായുള്ളൂവെന്നും അതിനു മുൻപ് അന്ത്യോക്യൻ ബന്ധം ഇല്ലായിരുന്നുവെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡോ. വർഗീസ് വർഗീസ് സഭാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സത്യത്തിൻമേൽ മാത്രമേ സഭ വളരൂ: കാതോലിക്കാ ബാവാ

വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ, ഫാ. കുര്യൻ തോമസ് കരിപ്പാൽ, പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുൻപു നിലയ്ക്കൽപള്ളിയിൽ നിന്നു പുതുപ്പള്ളി പള്ളിയിലേക്കു നടന്ന മാർത്തോമ്മൻ നസ്രാണി സംഗമ കുടുംബറാലിയിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.

Posted by GregorianTV on Sunday, 18 March 2018

മഴയ്ക്കും തണുപ്പിക്കാനാവാത്ത വിശ്വാസതീഷ്ണത.