OVS - Latest NewsOVS-Kerala News

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് 7 പുതിയ മെത്രാപ്പോലീത്തമാർ; തിരഞ്ഞെടുത്തത് മലങ്കര അസോസിയേഷനിൽ

കോലഞ്ചേരി∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കു ഏഴു പുതിയ മെത്രാപ്പോലീത്തമാർ. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് ഏഴു വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഫാ. എബ്രഹാം തോമസ്, ഫാ.കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി. സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. സഖറിയാ നൈനാന്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുന്നതോടുകൂടി മെത്രാപ്പോലീത്തായായി വാഴിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ആരംഭിക്കും. അസോസിയേഷന്‍ യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരും മാനേജിങ് കമ്മറ്റി അംഗങ്ങളും പ്രധാന വേദിയായ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ സമ്മേളിച്ചു. ഓണ്‍ലൈനായി 3889 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്‌തു.

അതിജീവനം കാലഘട്ടത്തിന്റെ അനിവാര്യത: പരിശുദ്ധ കാതോലിക്കാ ബാവാ

മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവില്‍ വീര്‍പ്പ് മുട്ടുന്ന മനുഷ്യന്‍ അതിജീവനത്തിന് മാർഗം കണ്ടെത്തേണ്ടത് കാലത്തിന്റെ ആവശ്യമായാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരിയില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ.

മഹാമാരിയുടെ നടുവില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ യോഗവും തിരഞ്ഞെടുപ്പും അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താമാര്‍, സഭാ സ്ഥാനികള്‍, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. ഫാ.ഡോ. എം.പി.ജോര്‍ജ് പ്രാർഥനാ ഗാനം ആലപിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നോട്ടിസ് കല്‍പന വായിച്ചു.

അസോസിയേഷന്‍ അംഗങ്ങളായ മരിച്ചവരെ അനുസ്മരിച്ച് വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഫാ.ജോസ് തോമസ് പൂവത്തിങ്കല്‍ ധ്യാനം നയിച്ചു. ഫാ.ജേക്കബ് കുര്യന്‍ വേദവായന നടത്തി.

അധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് മുഖ്യ വരണാധികാരി ഡോ.സി.കെ.മാത്യു തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദീകരണം നല്‍കി. തുടര്‍ന്ന് സ്ഥാനാർഥികളെ പരിചയപ്പെടുത്തി. 2.15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍ 99.53% പേര്‍ വോട്ട് രേഖപ്പെടുത്തി. 6 മണിക്ക് ഫലം പ്രഖ്യാപിച്ചു. വൈദിക സെമിനാരി ഗായക സംഘം ഗാനാലാപനം നടത്തി. അസോസിയഷന്റെ നടത്തിപ്പിന് വേണ്ടി അധ്വാനിച്ച എല്ലാവര്‍ക്കും പരിശുദ്ധ ബാവാ നന്ദി അറിയിച്ചു.

നിയുക്ത മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവർ:

1. ഫാ. ഏബ്രഹാം തോമസ് (52): കോട്ടയം പഴയ സെമിനാരി അസി.പ്രഫസർ, എക്യുമെനിക്കൽ റിലേഷൻസ്, ഓർത്തഡോക്സ് സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ചർച്ചകളുടെ രാജ്യാന്തര ജോയിന്റ് കമ്മിഷൻ കോ-സെക്രട്ടറി. ഗണിതശാസ്ത്ര ബിരുദം. പുരാതന, ബൈസന്റൈൻ പഠനങ്ങളിൽ ബിരുദാനന്തര ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.

2. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ (48): വികാരി, കത്തിപ്പാറത്തടം പള്ളി, കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് പള്ളി, ചരിത്രത്തിലും നിയമത്തിലും ബിരുദം.ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.

3. ഫാ. ഡോ. റെജി ഗീവർഗീസ് (48): കോട്ടയം പഴയ സെമിനാരി അസോഷ്യേറ്റ് പ്രഫസർ. ബികോം, ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും.

4. ഫാ. പി. സി. തോമസ് (52): അസി. പ്രഫസർ, പഴയ സെമിനാരി. മലയാളത്തിൽ ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും

5. ഫാ. ഡോ. വർഗീസ് കെ, ജോഷ്വാ (50): മാർ ബസേലിയോസ് ദയറാ, ഞാലിയാകുഴി, ചരിത്രത്തിൽ ബിരുദം, സുറിയാനിയിൽ ബിരുദാനന്തര ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും.

6. ഫാ. വിനോദ് ജോർജ് (49): മാനേജർ, പരുമല സെമിനാരി. സാമ്പത്തിക ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം.

7. ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട് (43): മലങ്കര സഭാ മാസിക ചീഫ് എഡിറ്റർ. നിയമത്തിലും ദൈവശാസ്ത്രത്തിലും ബിരുദം, സുറിയാനിയിൽ ബിരുദാനന്തര ബിരുദം.

പുതുചരിത്രം രചിച്ച് മലങ്കര അസോസിയേഷൻ ; 7 പേരെ തിരഞ്ഞെടുക്കണം: ബാവാ