OVS - Latest NewsTrue Faith

മൂന്ന് നോമ്പ് -നിനവേ നോമ്പ്- കന്യകമാരുടെ നോമ്പ്

ലോകത്തിലെ സുറിയാനി സഭകൾ മാത്രം ആചരിക്കുന്ന അമൂല്യമായ ഒരു പാരമ്പര്യമാണ് വി മൂന്ന് നോമ്പ്.

പ. സഭയുടെ അഞ്ചു കാനോനിക നോമ്പുകളില്‍ രണ്ടെണ്ണം യേശുക്രിസ്തുവിന്റെ മനുഷ്യാവതാര സംഭവങ്ങളുമായി ബന്ധപ്പെടുത്തി ആചരിക്കുന്നു, ഒരെണ്ണ൦ ശ്ലീഹന്മാരെ സ്മരിച്ചും, ഒരെണ്ണo മാതാവിന്റെ വാങ്ങിപ്പിനെ സ്മരിച്ചും നടത്തുമ്പോൾ ഒരെണ്ണം മാത്രം പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. അതാണ് മൂന്നു നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പ് അവസാനിക്കുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് നിനവേ – മൂന്നു നോമ്പ് ആചരിക്കുക. അതുകൊണ്ടു ഈ നോമ്പിനു പതിനെട്ടാമിടം എന്നുകൂടി പേരുണ്ട്. ഈസ്റ്ററിനു മുമ്പ് എഴുപതാം ദിവസം ആരംഭിക്കുന്ന ഈ നോമ്പ് ഏറ്റവും നേരത്തെ വരാവുന്ന തീയതി ജനുവരി 12 -ഉം ഏറ്റവും വൈകിവരാവുന്നതു ഫെബ്രുവരി 15 -നും ആണ്. ആനീദേ ഞായറാഴ്ചയുടെ പിറ്റേ ഞായറാഴ്ചയാണ് മൂന്നു നോമ്പിന്റെ പേത്രത്ത. സഭയുടെ ആരാധനാ കലണ്ടറിൽ ആ ഞായറാഴ്ചക്കു വിശേഷാൽ പേരൊന്നുമില്ല. ദനഹാക്ക് ശേഷം ഒന്നാം ഞായർ മുതൽ ആറാം ഞായർ വരെയുള്ള ഞായറാഴ്ചകളിൽ മൂന്നു നോമ്പിന്റെ പേത്രത്ത വരാം.

പഴയ നിയമത്തിൽ യോനാപ്രവാചകൻ ദൈവകൽപ്പന അനുസരിച്ച് നിനവേ നഗരത്തിൽ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടർന്നുള്ള അവരുടെ മാനസാന്തരത്തിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിക്കുന്നത്. അതിനാൽ ഈ നോമ്പാചരണം ‘ നിനവേക്കാരുടെ യാചന’ അഥവാ ‘നിനവേ നോമ്പ്’ [Rogation of the Ninevites] എന്ന പേരിലും അറിയപ്പെടുന്നു. ‘യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചെലവഴിച്ചു മാനസാന്തരപ്പെട്ടു’ എന്ന വചനമാണ് മൂന്നു ദിവസത്തെ നോമ്പിന്റെ പ്രസക്തി. കർത്താവായ യേശുക്രിസ്തു പേരെടുത്തു പറയുന്ന പ്രവാചകരിൽ ഒരാളാണ് യോനാ.

നിനവേയിൽ യോനാ പ്രവാചകൻ നടത്തിയ പ്രസംഗം കേട്ടപ്പോൾ അവിടെയുള്ളവർ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് ‘നിനവേ നോമ്പ്’ എന്ന പേരിന്റെ സാംഗത്യം. അപ്പോൾ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ എന്നൊരു തർക്കമുന്നയിക്കപ്പെടാറുണ്ട്. എന്നാൽ, യോനയുടെ മൂന്നു ദിവസത്തെ മത്സ്യത്തിന്റെ ഉദരത്തിലുള്ള വാസവും നിനവേക്കാരുടെ മാനസാന്തരവും പരസ്പരപൂരകവും ഒന്നിച്ചു മനസിലാക്കാവുന്നതും ആയതിനാൽ ഈ നോമ്പിന്റെ പേരോ ദിവസക്കണക്കിന്റെ കാരണമോ നോമ്പിന്റെ ചൈതന്യത്തിന് ക്ഷതമേൽപ്പിക്കുന്നുമില്ല, വൈരുദ്ധ്യം സൃഷ്ടിക്കുന്നുമില്ല.

എന്നാൽ പഴയനിയമ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാൾ ചരിത്രപരമായ കാരണങ്ങളും ഈ നോമ്പിന്റെ പിന്നിലുണ്ടെന്നാണ് പണ്ഡിതരുടെ അഭിപ്രായം. എ.ഡി 570- 580 കാലത്ത് ശക്തമായ ഒരു പ്ലേഗ് മെസൊപ്പൊട്ടേമിയൻ പ്രദേശത്തു പടർന്നു വ്യാപിച്ചു. സസാനിയൻ സാമ്രാജ്യത്തിലെ അധികാരികൾക്ക് അതിന്റെ വ്യാപനം തടയാൻ കഴിയാതെ വന്നു. ജനങ്ങൾ തെരുവുകളിൽ മരിച്ചു വീണു. പ്രത്യേകിച്ച് സാമ്രാജ്യ തലസ്ഥാനമായ സെലൂഷ്യ -സ്റ്റെസിഫോൺ, അദിയാബാൻ ഭദ്രാസനത്തിൽ പെട്ട : ആർബിൽ, നിനവേ, ഹക്കാൻ, ബെത്ഗോർമോ, അസൂർ, തുടങ്ങിയ പേർഷ്യൻ നഗരങ്ങളിൽ പ്ലേഗ് ബാധമൂലം അനേകർ കൊല്ലപ്പെട്ടപ്പോൾ ഭയഭീതരായ വിശ്വാസകൾ ഞായറാഴ്ച്ച ദൈവാലയത്തിൽ ഒന്നിച്ചുകൂടി ഈ നിയോഗം സമർപ്പിച്ച് പ്രാർത്ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന, അവർക്ക് ലഭിച്ച ദൈവിക അരുളപ്പാടനുസരിച്ച് അവർ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാർത്ഥിക്കാൻ തീരുമാനിച്ചു. പിന്നീട് ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതിൽ കൃതജ്ഞതാനിർഭരരായ വിശ്വാസി ഗണം ഇനിയൊരിക്കലും ഇത്തരം പ്ലേഗുബാധ ഉണ്ടാകാതിരിക്കാൻ തുടർന്ന് എല്ലാ വർഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാൻ നിശ്ചയിച്ചു. പേർഷ്യൻ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന മലങ്കര സഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിക്കുകയായിരുന്നു. പതിഞ്ചാം നൂറ്റാണ്ടിൽ തന്നെ മലങ്കരയിൽ ഈ നോമ്പ് ഏറ്റവും ഭയഭക്തിബഹുമാനാദരങ്ങളോടെ ആചരിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്.

ഇത് ഒരു കാനോനിക നോമ്പ് പോലെ ആചരിക്കാൻ തുടങ്ങിയത് മോർ മോറൂത്താ മഫ്രിയാനയുടെ [ c 565 – 649 May 2 ] കാലത്താണ്. പരിശുദ്ധ അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ’ചിതറിയ മുത്തുകൾ’ എന്ന ഗ്രന്ഥത്തിൽ മോർ മോറൂത്തായുടെ കാലത്താണ് മൂന്നു നോമ്പു ആരംഭിച്ചത് എന്ന് അദ്ദേഹ൦ എഴുതിയിട്ടുണ്ട്.

മൂന്ന് നോമ്പ് – കന്യകമാരുടെ നോമ്പ്

പാമ്പാക്കുട നമസ്കാരക്രമത്തിന്റെ പഴയ പതിപ്പുകളിൽ കന്യകമാരുടെ നോമ്പ് എന്ന ഒരു നോമ്പ് കൂടി ഇതേ കാലയളവിൽ രേഖപ്പെടുത്തുന്നുണ്ട്. ഇത് ഇപ്പോൾ നമ്മുടെ സഭ ആചരിക്കുന്നില്ല. ദനഹാക്ക് ശേഷം വരുന്ന ആദ്യത്തെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ മൂന്നു ദിവസങ്ങളിലാണ് ഈ നോമ്പ് ആചരിക്കപ്പെട്ടിരുന്നത്. കൽദായ സഭകൾ ഇപ്പോഴും ഈ നോമ്പ് ആചരിക്കുന്നുണ്ട്. ഈ വർഷത്തെ തീയതി ജനുവരി 10,11,12 ആയിരുന്നു. പല വർഷങ്ങളിലും നിനവേ നോമ്പും കന്യകമാരുടെ മൂന്നു നോമ്പും ഒരുമിച്ചു വരും. VIRGINS FAST ബുധനാഴ്ച ഉച്ചതിരിഞ്ഞു വി കുർബാനയോടെയും നിനവേ നോമ്പ് വ്യാഴാഴ്‌ച രാവിലെ കുർബാനയോടെയും വീടുന്നു. വിഷയലമ്പടനായ അബ്ദുൽ മൽക്ക്‌ എന്ന അഹമ്മദീയ രാജാവിന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്ന് സുന്ദരികളായ സുറിയാനി കന്യകമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടതിന്റെ നന്ദിസൂചകമായി സ്ത്രീകൾ ആണ്ടു തോറും ആചരിക്കുന്ന നോമ്പ് ആയിരുന്നു ഇത്. ഇക്കാര്യം പ്രാർത്ഥനാപുസ്തകത്തിൽ വിവരിക്കുന്നുണ്ട് .

മൂന്നു നോമ്പാചരണ൦, അതിനു നിനവേക്കാരുടെ അനുതാപവും യോനായുടെ മൽസ്യത്തിനുള്ളിൽ നിന്നുള്ള അപേക്ഷയുമായുള്ള ബന്ധങ്ങൾ, നിനവേനോമ്പിന്റെയും കന്യകമാരുടെ നോമ്പാചരണത്തിന്റെയും ഉത്ഭവചരിത്രം ഇവയെല്ലാം കുറെയൊക്കെ ഐതിഹ്യങ്ങളെയും പാരമ്പര്യങ്ങളെയും അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ടവയാണ്. തമ്മിൽ കൂടിക്കുഴഞ്ഞും കിടക്കുന്നു. ഇവ പേർഷ്യൻ സ്വാധീനമുണ്ടായിരുന്ന സമയത്തു മലങ്കര സഭയിൽ പ്രചാരത്തിൽ വന്നു ചേർന്നതാണ് എന്ന കാര്യത്തിൽ മാത്രം രണ്ടു പക്ഷമില്ല.

ഡോ എം കുര്യാക്കോസ്.
04/20/2022