OVS - Latest NewsOVS-Kerala News

നട്ടെല്ലിനേറ്റ ക്ഷതം പൊലിഞ്ഞ വീടെന്ന സ്വപ്നം സാക്ഷാത്കാരമാകുന്നു

നിലമ്പൂർ : നട്ടെല്ലിനു ക്ഷതമേറ്റു കിടപ്പിലായ ദാനവന് ജീവിതം സമർപ്പിച്ച് സുന്ദരി. ഇവരുടെ ജീവിതം കണ്ടറിഞ്ഞ് ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് ഇവർക്കു വീടുവയ്ക്കാൻ മൂന്നു സെന്റ് ഭൂമി സമ്മാനിച്ചു. പട്ടികവർഗ വിഭഗക്കാരായ ദാനവനും സുന്ദരിയും അമരമ്പലം ചുള്ളിയോട് സ്വദേശികളാണ്. തെങ്ങുകയറ്റ ജോലി ചെയ്തു ദാനവനും അയൽവീടുകളിൽ ജോലിചെയ്തു സുന്ദരിയും ജീവിതം മുന്നോട്ടു കൊണ്ടുപോയി.

10 വർഷം മുൻപു തെങ്ങിൽനിന്നു വീണ് നട്ടെല്ലിനു ക്ഷതമേറ്റ് 27–മത്  വയസ്സിൽ ദാനവൻ കിടപ്പിലായി. നീണ്ട ചികിത്സകൾ ഫലിച്ചില്ല. പ്രായം ചെന്ന അമ്മയാണ് പരിചരിക്കാനുണ്ടാ യിരുന്നത്. ഇരുവരുടെയും സ്നേഹത്തിനു മുൻപിൽ തടസ്സങ്ങൾ വഴിമാറിയപ്പോൾ രണ്ടര വർഷം മുൻപ് ഇരുവരും വിവാഹിതരായി. അമ്മയും സഹോദരങ്ങളുടെ കുടുംബാംഗങ്ങളും ഉൾപ്പടെ 18 പേർക്കൊപ്പം കൊച്ചുവീട്ടിലാണ് ഇരുവരും കഴിയുന്നത്. അപൂർവ കഥ പോലീസ് സ്പെഷൽ ബ്രാഞ്ച് എസ്ഐ എ.സദാശിവൻ വിവരിച്ചപ്പോൾ മാർ തെയോഫിലോസിന്റെ ഹൃദയത്തെ സ്പർശിച്ചു. അങ്ങനെയാണ് ഭൂമി വാങ്ങിനൽകാൻ തീരുമാനിച്ചത്.

മഹിള സമഖ്യ ശിക്ഷൺ കേന്ദ്രത്തിലെ ചടങ്ങിൽ ഭൂമിയുടെ ആധാരം ദാനവന് സമ്മനിച്ചു. ഇനി ഒരു കൊച്ചു വീട് ഒരുക്കേണ്ടതുണ്ട്. മഹിള സമഖ്യയു‌ടെ സംരക്ഷണത്തിലുള്ള ദലിത് കുടുംബത്തിനുവേണ്ടി വാങ്ങിയ ഭൂമിയുടെ ആധാരവും മാർ തെയോഫിലോസ് കൈമാറി. ശിക്ഷൺ കേന്ദ്രത്തിൽവിദ്യാർഥിനികളുമായി അദ്ദേഹം സംവദിച്ചു. സമ്മാനങ്ങളും നൽകി.

ഫാ. ഗീവർഗീസ് കോടിയാട്ട്, ഫാ. വർഗീസ് ജോർജ്, ഫാ. ഗീവർഗീസ് ജോൺ, സഭാ മാനേജിങ് കമ്മിറ്റി അംഗം എ.കെ.ബേബി, ഡീക്കൺ കെ.ജി.ജോജി, സദാശിവൻ, സമഖ്യ ജില്ലാ കോ ഓർഡിനേറ്റർ എം.റജീന എന്നിവരും സന്നിഹതരായിരുന്നു. ദലിത് കുടുംബത്തിന് വീട് നൽകാമെന്നു പിന്നാക്ക വികസന കോർപറേഷൻ ഡയറക്ടർ അലി അക്തർ പാഷ ഉറപ്പുനൽകിയിട്ടുണ്ട്.