OVS - Latest NewsOVS-Kerala News

മലങ്കര അസോസിയേഷന്‍ : പരിശോധനയ്ക്ക് ട്രിബ്യൂണലിനെ നിയമിച്ചു

കോട്ടയം ● മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷനില്‍ പങ്കെടുക്കാന്‍ അവകാശമുള്ള പള്ളി പ്രതിപുരുഷന്‍മാരുടെയും അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുക്കുന്ന ഭരണസമിതിയുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ കേട്ട് തീര്‍പ്പു കല്‍പ്പിക്കാന്‍ പരിശുദ്ധ കാതോലിക്ക ബാവ ട്രിബ്യൂണലിനെ നിയമിച്ചു. പള്ളി പ്രതിപുരുഷന്‍മാരുടെ ലിസ്റ്റ് സംബന്ധിച്ച പരാതികളും ട്രിബ്യൂണല്‍ കേള്‍ക്കും.

സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ് ട്രിബ്യൂണല്‍ അധ്യക്ഷന്‍. ഫാ.പി.കെ.സഖറിയ പെരിയോര്‍മറ്റം, അഡ്വ.മാത്യൂസ് മഠത്തേത്ത്, അഡ്വ.മത്തായി മാമ്പള്ളി, തോമസ് ജോണ്‍ മോളേത്ത് എന്നിവര്‍ അംഗങ്ങളാണ്.
 
 
 
ഇടവകകള്‍ തെരഞ്ഞെടുത്ത പള്ളി പ്രതിപുരുഷന്‍മാരുടെ ലിസ്റ്റ് ഡിസംബര്‍ 15 നകം അസോസിയേഷന്‍ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. പ്രാഥമിക ലിസ്റ്റ് ഡിസംബര്‍ 25-ന് പ്രസിദ്ധീകരിക്കും. ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ 2017 ജനുവരി 10, 11 തീയതികളിലും ജനുവരി 27-നും ട്രിബ്യൂണല്‍ പരിശോധിക്കുക. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമാണ്. അവസാന ലിസ്റ്റ് ജനുവരി 29-ന് പ്രസിദ്ധീകരിക്കും.