OVS - Latest NewsTrue Faith

സത്യവിശ്വാസത്തെ ത്യജിക്കരുത്

നോമ്പുകളും പെരുനാളുകളും ഓര്‍ത്തഡോക്‌സിയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. എന്നാല്‍ ഇവ കാനോനികവും സഭയുടെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കെതിരില്ലാത്തതും ആകണം. വിശ്വാസികളുടെ താത്പര്യത്തിനും സര്‍ദ്ദത്തിനും വഴങ്ങി മാറ്റാവുന്നതല്ല പിതാക്കന്‍മാര്‍ സ്വജീവന്‍ ത്യജിച്ച് സംരക്ഷിച്ച സഭയുടെ അടിസ്ഥാന വിശ്വാസം. എന്നാല്‍ ദ്രുതഗതിയിലുള്ള ഫലം പ്രതീക്ഷിക്കുന്ന ഈ ആധുനിക കാലം സഭാപിതാക്കന്‍മാരേയും ശുദ്ധിമതികളേയും തങ്ങളുടെ ഭൗതീകങ്ങളായ ആഗ്രഹ സാധ്യത്തിനുള്ള ഉപകരണങ്ങളാക്കുന്നതിന് സഭാമക്കളെ പ്രേരിപ്പിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ ആചരിക്കപ്പെടുന്ന എട്ടുനോമ്പും പരിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുനാളും ആണ് നമ്മളെ ഇത്തരത്തില്‍ ഇരുത്തിച്ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചത്.

പരിശുദ്ധ കന്യകമറിയാമിന്‍റെ ജനനപ്പെരുനാളായ സെപ്റ്റംബര്‍ 8-ഉം അനുബന്ധമായ എട്ടുനോമ്പും ആചരിക്കുന്നതില്‍ നാം വളരെയധികം പ്രാധാന്യം നല്‍കുന്നു. പ്രതിവര്‍ഷം ഇവ നടത്തപ്പെടുന്ന ദേവാലയങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതേയുള്ളു. എട്ടുനോമ്പ് സഭയുടെ കാനോനിക നോമ്പും മാതാവിന്‍റെ ജനനപ്പെരുനാള്‍ കാനോനിക പെരുനാളും അല്ല.

മാതാവിന്‍റെ ജനനപ്പെരുനാളിന് പ്രാധാന്യം ലഭിക്കുന്നത് കന്യകമറിയാമിൻ്റെ അമലോല്‍ഭവം മുഖേനയാണ് എന്താണ് അമലോല്‍ഭവം? പരിശുദ്ധ പിയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പാ 1854 ഡിസംബര്‍ 8 തീയതി ” In Effabilis Deus” എന്ന പേപ്പര്‍ ബൂളാ (കല്‍പ്പന) വഴി പ്രഖ്യാപിച്ച കത്തോലിക്കാ സഭയുടെ ഒരു വിശ്വാസ സത്യമാണ് അമലോല്‍ഭവം. അതിപ്രകാരമാണ് ”കന്യകമറിയം (തൻ്റെ മാതാവിൻ്റെ ഉദരത്തില്‍) ഗര്‍ഭം ധരിക്കപ്പെട്ട ആദ്യനിമിഷം മുതല്‍ തന്നെ സര്‍ശക്തനായ ദൈവത്തിന്‍റെ പ്രത്യേകമായ കൃപയുടേയും പദവിയുടേയും മനുഷ്യവര്‍ഗ്ഗത്തിൻ്റെ രക്ഷിതാവായ ഈശോമശിഹായുടെ യോഗ്യതകളുടേയും ഫലമായി ഉത്ഭവപാപത്തിൻ്റെ സകലമാലിന്യങ്ങളില്‍ നിന്നും വിമുക്തയാക്കപ്പെട്ടിരിക്കുന്നു”.

എന്നാല്‍ ഓര്‍ത്തഡോക്‌സ് വിശ്വാസം ഇതിനനുരൂപമല്ല. നമ്മുടെ വിശ്വാസപ്രകാരം കന്യകമറിയാമിന്‍റെ ജനനം മറ്റ് ഏതൊരു മനുഷ്യജനനവും പോലെയായിരുന്നു. അതിന് ശേഷം ദൈവത്താല്‍ വിളിച്ച് വേര്‍തിരിക്കപ്പെട്ടു.

കത്തോലിക്കാസഭ സൂചിപ്പിക്കുന്ന ജന്മപാപത്തില്‍ നിന്ന് വ്യത്യസ്തമാണ് ഓര്‍ത്തഡോക്‌സ് സഭ പഠിപ്പിക്കുന്ന ആദാമ്യ പാപം. സ്ത്രീപുരുഷ ബന്ധത്തിലൂടെയുള്ള ജനനത്തെ കത്തോലിക്ക സഭ ജന്മപാപമെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭ ക്രിസ്തീയ ദാമ്പത്യം പരിപാവനമാണെന്ന് പഠിപ്പിക്കുന്നു. കത്തോലിക്ക സഭ ഈ ആശയം ഉയര്‍ത്താന്‍ കാരണം ബ്രഹ്മചര്യത്തിനുള്ള അമിത പ്രാധാന്യം ആണ്. ഇപ്പോള്‍ ഇവര്‍ തിരിച്ചറിവിന്‍റെ പാതയിലാണ്. അഗസ്തീനോസിന്‍റെ ഈ പഠിപ്പിക്കല്‍ ഇന്ന് ഏറെക്കുറേ വിസ്മൃതിയിലായിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ ആദമ്യപാപം ഏദന്‍ തോട്ടത്തില്‍ വച്ച് ആദാം – ഹവ്വാ ഇവരിലൂടെ തലമുറകളിലേക്ക് പകരപ്പെട്ട പാപാവസ്ഥയാണ് ഇത് വി. മാമോദീസായിലൂടെ പരിഹരിക്കപ്പെടുന്നതായും സഭ പഠിപ്പിക്കുന്നു. വി. കന്യക മറിയാമും ആദാമ്യപാപത്തില്‍ നിന്ന് വിമുക്തയല്ല എന്നാണ് സഭ പഠിപ്പിക്കുന്നത്. യേശു മനുഷ്യരൂപമെടുത്തത് സകലമനുഷ്യരേയും രക്ഷിക്കുവാനാണ്. ഇതില്‍ നിന്നും കന്യകമറിയാം വിമുക്തയല്ല. കന്യകമറിയാമും രക്ഷിക്കപ്പെടേണ്ടവളാണ്. കത്തോലിക്കാസഭ പഠിപ്പിക്കുന്നതുപോലെ അമലോത്ഭവയാണെങ്കില്‍ ഈ രക്ഷ ആവശ്യമായി വരുന്നില്ല. അതുകൊണ്ട് നാം മാതാവിന്‍റെ അമലോല്‍ഭവത്തില്‍ വിശ്വസിക്കുന്നില്ല.

ഇവ വിശ്വാസത്തിന്‍റെ ഭാഗമാണ് എന്നാല്‍ നമ്മുടെ നാട്ടിലെ എട്ടുനോമ്പും മാതാവിന്‍റെ ജനനപ്പെരുന്നാളും മറ്റു ചില പ്രായോഗിക വശങ്ങളുടെ പ്രതിഫലനം മാത്രമാണ്. നമ്മുടെ ഇടവകകള്‍ എട്ടുനോമ്പിന് ഇത്രയും പ്രാധാന്യം നല്‍കാന്‍ കാരണം മണര്‍കാട് പള്ളിയിലെ എട്ടുനോമ്പിന്‍റെ സ്വാധീനമാണ്. നമ്മുടെ ഇടവകകളിലെ എട്ടുനോമ്പ് ആചരണത്തില്‍ മേല്‍പറഞ്ഞ അടിസ്ഥാന വിശ്വാസ ലംഘനം കൂടാതെ മറ്റ് ചില അടിസ്ഥാന ഘടകങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സഭയുടെ പഠിപ്പിക്കല്‍ അനുസരിച്ച് വി. കുര്‍ബ്ബാന ഐക്യമുള്ള സഭകള്‍ (മലങ്കര, അന്ത്യോഖ്യന്‍, അര്‍മ്മീനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍ എന്നീ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍) തമ്മില്‍ മാത്രമേ പരസ്പര വി. കുര്‍ബ്ബാന സ്വീകരണം അനുവദനീയമായുള്ളു എന്നാല്‍ നമ്മുടെ ഇടവകകളിലും അക്രൈസ്തവര്‍ എട്ടു നോമ്പില്‍ അറിഞ്ഞോ അറിയാതെയോ വി. കുര്‍ബ്ബാന സ്വീകരിക്കുന്നു. വിശ്വാസ പ്രമാണത്തിന് ശേഷം അക്രൈസ്തവര്‍ക്ക് നമ്മുടെ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ അനുവാദമില്ലാത്തപ്പോഴാണ് പൂര്‍ണ്ണ സമയം വി. കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ഇവര്‍ വി. കുര്‍ബ്ബാന സ്വീകരിക്കുന്നത്. അതുപോലെ തന്നെ നോമ്പില്‍ എന്നും വി. കുര്‍ബ്ബാന അര്‍പ്പിക്കുക അനുവദനീയമല്ല. നോമ്പിനോടനുബന്ധിച്ചുള്ള ഒന്നാണ് ഉപവാസം. എട്ടു ദിവസവും വി. കുര്‍ബ്ബാന അര്‍പ്പിച്ചിട്ട് ആരാണ് ഉപവസിക്കുന്നത്. കാരണം വി. കുര്‍ബ്ബാനാനുഭവ ശേഷം ഉപവാസം സഭ അനുവദിക്കുന്നില്ല. ഇനി ആരെങ്കിലും വി. കുര്‍ബ്ബാനാനുഭവശേഷം ഉപവസിക്കുന്നുവെങ്കില്‍ അങ്ങനെയും സഭാ വിശ്വാസത്തേയും പഠിപ്പിക്കലിനേയും ലംഘിക്കുന്നു. ഉപവാസം അനുതാപസൂചകമാണ്. വി. കുര്‍ബ്ബാന അനുഭവിച്ചശേഷം അനുതാപം ആവശ്യമില്ല. കാരണം തിരു ശരീരരക്തങ്ങളുടെ അനുഭവത്തിലൂടെ പാപമോചനം ലഭ്യമാകുന്നു. ഇതുകൊണ്ട് ആ ദിവസം പിന്നീട് ഉപവസിക്കേണ്ടതില്ല.

അതുകൊണ്ട് സഭയുടെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കും പഠിപ്പിക്കലുകള്‍ക്കും ലംഘനമാകുന്ന എട്ടു നോമ്പും മാതാവിന്‍റെ ജനനപ്പെരുന്നാള്‍ എവിടെ നടന്നാലും അത് അകാനോനികമാണ്. എന്നാല്‍ എട്ടുനോമ്പില്‍ കാട്ടുന്ന ശുഷ്‌കാന്തി നാം പ്രകടിപ്പിക്കേണ്ടത് സഭയുടെ പഞ്ചകാനോനിക നോമ്പുകളിലും, മാതാവിന്‍റെ പഞ്ചകാനോനിക പെരുനാളുകളായ വചനിപ്പ് (മാര്‍ച്ച് 25), വിത്തുകള്‍ക്ക് വേണ്ടി (ജനുവരി 15), കതിരുകള്‍ക്ക് വേണ്ടി (മെയ് 15), വാങ്ങിപ്പ് (ഓഗസ്റ്റ് 15), പുകഴ്ച (ഡിസംബര്‍ 26) എന്നിവയിലും ആണ്. ഓര്‍ത്തഡോക്‌സ് സഭാ പാരമ്പര്യത്തില്‍ ആചരിക്കേണ്ട മാതാവിന്‍റെ നോമ്പ് വാങ്ങിപ്പുമായി ബന്ധപ്പെട്ട പതിനഞ്ച് നോമ്പാണ്, എട്ടുനോമ്പല്ല !.

സഭാ ഭരണഘടനയുടെ 107, 128 വകുപ്പുകള്‍ പ്രകാരം വിശ്വാസ കാര്യങ്ങളെക്കുറിച്ച് തീരുമാനം എടുക്കാനുള്ള അധികാരം പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് മാത്രം ആണ്. ഓര്‍ത്തഡോക്‌സ് സഭ, പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇതുവരെ പ്രകടിപ്പിക്കുകയും പുലര്‍ത്തുകയും ചെയ്ത തെറ്റ് ഇനിയും പുലര്‍ത്തേണ്ടതില്ല. യഥാര്‍ത്ഥ ഓര്‍ത്തഡോക്‌സ് വിശ്വാസം പിന്‍തുടരുന്നതില്‍ എല്ലാ സഭാംഗങ്ങളും ബദ്ധശ്രദ്ധരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിന് സര്‍ശക്തന്‍ കരുണചൊരിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

വിപിന്‍ കെ. വറുഗീസ്

എട്ടു നോമ്പല്ല: വാര ഭജനം