OVS - Latest News

രക്ഷാകരമായ വിശുദ്ധ കഷ്ടാനുഭവ ആഴ്ച


“ബ്രീക്ക് മൂക്കോകോക്ക് ദഹലോഫൈന്‍ ” (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴാഴ്മ വാഴ്തപ്പെട്ടതാകുന്നു) ഇത് കര്‍ത്താവിന്റെ രക്ഷാകരമായ കഷ്ടാനുഭവ ആഴ്ച. ഈ ആഴ്ചയില്‍ പള്ളിയിലെ മറയും വിരിയും മറ്റും ദുഃഖത്തിന്റെതായ കറുപ്പ് നിറം ആക്കുന്നു. പാതി നോമ്പിനു ശേഷം പള്ളിയുടെ നടുക്ക് നാട്ടിയിരുന്ന വിശുദ്ധ സ്ലീബാ ഇനി മദ്ബഹായുടെ താഴെ നമസ്കാരമേശയുടെ വടക്ക് വശത്ത് സ്ഥാപിക്കുന്നു. കര്‍ത്താവിന്റെ കഷ്ടാനുഭവം സൂചിപ്പിക്കാനാണ് അത്. (പള്ളിയുടെ നടുക്ക് സ്ലീബാ സ്ഥാപിക്കുന്നത് പരസ്യ ശുശ്രൂഷയെ സൂചിപ്പിക്കാനും മദ്ബഹായുടെ തൊട്ടു താഴെ വയ്ക്കുന്നത് കഷ്ടാനുഭവത്തിനെ സൂചിപ്പിക്കാനും ഉയിര്‍പ്പിന് ശേഷം മദ്ബഹായില്‍ വയ്ക്കുന്നത് മഹത്വത്തെ സൂചിപ്പിക്കാനും ആണ്.). എവന്‍ഗെലിയോന്‍ വായിക്കുന്നതും മദ്ബഹായ്ക്ക് താഴെ നിന്നാണ്. ഈ സ്ലീബാ തന്നെയാണ് വലിയ വെള്ളിയാഴ്ച (ദുഃഖവെള്ളി) ശുശ്രൂഷകളില്‍ ഉപയോഗിക്കുന്നത്. ഈ ആഴ്ചയില്‍ മേല്പ്പട്ടക്കാരുടെയോ പട്ടക്കാരുടെയോ കൈ മുത്തുന്നില്ല. പരസ്പരം കൈയസൂരി (സമാധാനം) കൊടുക്കുന്നില്ല. വി. കുര്‍ബാനയില്‍ ‘നിങ്ങള്ക്ക് സമാധാനം ഉണ്ടായിരിക്കട്ടെ’ എന്ന് തുടങ്ങുന്ന ഭാഗം ഉണ്ടായിരിക്കില്ല. എവന്‍ഗേലിയോന് മുന്‍പും സമാധാനം (ശ്ലോമോ ല്കുല്‍കൂന്‍) ആശംസിക്കുന്നില്ല. കര്‍ത്താവിന്റെ കഷ്ടാനുഭാവത്തില്‍ ഹൃദയം കലങ്ങി പങ്കാളികള്‍ ആകുന്നു എന്നതിനെ സൂചിപ്പിക്കാനാണ് ഇത്. ഈ സമാധാനം നാം വീണ്ടെടുക്കുന്നത് ഉയിര്‍പ്പ് പെരുന്നാളില്‍ ‘നിങ്ങള്ക്ക് സമാധാനം’ എന്ന യേശുവിന്റെ വാക്കുകള്‍ ധ്യാനിച്ച്‌ കൊണ്ടാണ്. ഈ ആഴ്ചയില്‍ നാം മധ്യസ്ഥപ്രാര്‍ഥനകള്‍ ചോല്ലുന്നില്ല. ‘കൃപ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ഉപയോഗിക്കുന്നില്ല. ദൈവമേ നീ പരിശുദ്ധനാകുന്നു എന്നതിന് പകരം ഓരോ ദിവസത്തേക്കും പ്രത്യേകം കൌമകള്‍ ഉണ്ട്.  അഗാധ ദുഃഖത്തിന്റെയും അനുതപത്തിന്റെയും ധ്യാനാത്മക തലത്തിലേക്ക് വിശ്വാസികളുടെ മനസ്സുകളെ എത്തിക്കുന്ന രാഗങ്ങൾ  ഉള്ള പാട്ടുകളും വായനകളും ആണ് ഈ ആഴ്ചയിലെ ആരാധനയിലെ പ്രത്യേകത.