OVS - Latest NewsOVS-Kerala News

ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാഭിഷേക രജതജൂബിലിക്ക് വാഴൂർ പള്ളി ഒരുങ്ങി

പുളിക്കൽകവല :- ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്തയുമായ ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിനു മാതൃ ഇടവകയായ വാഴൂർ പള്ളിയിൽ ഒരുക്കങ്ങളായി. 14ന് പള്ളിയിലാണു ചടങ്. രാവിലെ ഏഴിനു പള്ളികവാടത്തിൽ മെത്രാപ്പൊലീത്തയെ സൺഡേ സ്കൂൾ കുട്ടികളും ശുശ്രൂഷകരും വിശ്വാസികളും ചേർന്നു സ്വീകരിക്കും. 7.15നു പ്രഭാതനമസ്കാരം. 8.15നു മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാന. 10.15നു പൊതുസമ്മേളനം. വികാരി ഫാ. അലക്സി മാത്യൂസ് അധ്യക്ഷത വഹിക്കും.

വാഴൂർ‌ തീർഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ഒ.തോമസ് മുഖ്യപ്രഭാഷണവും മെത്രാപ്പൊലീത്തയുടെ ഗുരു ടി.ടി.ചാക്കോ മുഖ്യസന്ദേശവും നൽകും. മംഗളപത്ര സമർപ്പണം സി.എം.സ്കറിയയും, ഇടവകയുടെ സ്നേഹോപഹാരം ട്രസ്റ്റി മനോജ് തോമസും സമർപ്പിക്കും. 19ന് ഉദ്ഘാടനം ചെയ്യുന്ന ഡോ.മാത്യൂസ് മാർ സേവേറിയോസിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ പ്രസന്നം സെന്ററിന് മാതൃ ഇടവകയുടെ സമ്മാനം ചടങ്ങിൽ സമർപ്പിക്കും. തുടർന്നു സ്നേഹവിരുന്ന്. ചടങ്ങുകൾക്കു വികാരി ഫാ. അലക്സി മാത്യൂസ്, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി അജീഷ് ഏബ്രഹാം, ഭരണസമതി അംഗങ്ങൾ‌ എന്നിവർ നേതൃത്വം നൽകും.