OVS - Latest NewsOVS-Kerala News

പാലാരിവട്ടം സെന്‍റ്. ജോർജ് പള്ളിയിൽ കലാസാഹിത്യ സമ്മേളനം 15-ന്

കൊച്ചി :- പാലാരിവട്ടം സെന്‍റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കലാസാഹിത്യ സമ്മേളനം 15-ന്. കലയും സാഹിത്യവും മലങ്കരസഭയും എന്ന വിഷയത്തിലുള്ള സമ്മേളനം തേജസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലു മുതൽ 6.30 വരെ നടക്കും. കലയും സാഹിത്യവും ക്രിസ്തീയ ദർശനത്തിൽ എന്ന വിഷയത്തിൽ ജോർജിയൻ മിറർ വാർഷിക പ്രഭാഷണം ഫാ. ഡോ. കെ.എം. ജോർജ് നിർവഹിക്കും. ഡോ. യാക്കോബ് മാർ ഐറേനിയസ് അധ്യക്ഷനായിരിക്കും.

പാലാരിവട്ടം സെന്‍റ്. ജോർജ് പള്ളിയിൽ കലാസാഹിത്യ സമ്മേളനത്തെതുടർന്നു നടക്കുന്ന സമ്മേളനത്തിൽ എഴുത്തുകാരായ ബെന്യാമിൻ, പോൾ മണലിൽ, ഡോ. കുര്യൻ തോമസ് എന്നിവർ പ്രസംഗിക്കും. കെ.വി. മാമ്മൻ, ചെമ്മനം ചാക്കോ, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവരെ ആദരിക്കും. സെന്‍റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ രജതജൂബിലി ആഘോഷങ്ങൾ ഏപ്രിലിലാണ് ആരംഭിച്ചത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ക്വയർ ഫെസ്റ്റ് 13നു നടക്കും. മതസൗഹാർദ സമ്മേളനം, സൺഡേ സ്കൂൾ അധ്യാപക സെമിനാർ തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 2017 ജനുവരി എട്ടിനാണ് ആഘോഷങ്ങൾ സമാപിക്കുക. എറണാകുളം സെന്‍റ്. മേരീസ് പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സെന്‍റ്. ജോർജ് ഓർത്തഡോക്സ് ചാപ്പൽ 1991 ഏപ്രിൽ ഒന്നിനാണ് ഇടവകയായി ഉയർത്തിയത്. എഴുന്നൂറോളം കുടുംബങ്ങളുള്ള ഇടവകയുടെ നേതൃത്വത്തിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും നടക്കുന്നു. സഭാ വിജ്ഞാനഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന ‍ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് ലൈബ്രറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സെന്‍റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.