OVS - Latest NewsOVS-Kerala News

കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ ഇനി മുതല്‍ അഡ്വക്കേറ്റ് ഗീവര്‍ഗീസ് റമ്പാന്‍

കൊച്ചി : അജപാലന ദൗത്യത്തിൽ അഞ്ച് വർഷം പൂർത്തിയാക്കാനൊരുങ്ങവെയാണ് അഭിഭാഷക മേഖലയിലേക്ക് ഗീവർഗീസ് റമ്പാൻ ചുവടുവയ്ക്കുന്നത്. എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗീവർഗീസ് റമ്പാൻ ഉൾപ്പെടെ 112 പേരാണ് കേരള ഹൈക്കോടതിയിൽ അഭിഭാഷകരായി എൻറോൾ ചെയ്തത്. അഡ്വ. തോമസ് പോൾ റമ്പാന് പിന്നാലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത രണ്ടാമത്തെ റമ്പാൻ സ്ഥാനീയനാണ് ഗീവർഗീസ് റമ്പാൻ.

നിയമക്കുരുക്കിൽ പെട്ട് വലയുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള, ദളിത് വിഭാഗത്തിൽ നിന്നുള്ളവരുൾപ്പെടെയുള്ള ആളുകൾക്ക് നിയമസഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അഡ്വക്കേറ്റ് ഗീവർഗീസ് റമ്പാൻ വ്യക്തമാക്കുന്നു.കൂത്താട്ടുകുളത്തിനടുത്ത് മണ്ണത്തൂർ കൊച്ചുപറമ്പിൽ കെ.എം. ഏലിയാസിന്റെയും പരേതയായ ഓമനയുടെയും മകനായ ഗീവർഗീസ് റമ്പാന് 2001-ൽ ശെമ്മാശ് പട്ടം ലഭിച്ചു. തുടർന്ന് പൂണെ സിംബയോസിസ് ലോ കോളജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. കൂടാതെ ഇതേ കോളജിൽ നിന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ലോയിൽ ഡിപ്ലോമയും കരസ്ഥമാക്കി. ക്രമിനോളജിയിലാണ് ഗീവർഗീസ് റമ്പാന്റെ സ്പെഷ്യലൈസേഷൻ.

കോട്ടയം പഴയ സെമിനാരിയിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും സെറാംപൂർ സർവകലാശാലയിൽ നിന്ന് ബിഡി ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2010 ഡിസംബർ 10ന് വൈദികനായും മൂന്നു നാളുകൾക്കപ്പുറം ഡിസംബർ 14ന് റമ്പാനായും ഡോ. തോമസ് മാർ അത്താനാസിയോസ് അദ്ദേഹത്തെ ഉയർത്തി. തുടർന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള കത്തിപാറത്തടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സേവനം അനുഷ്ഠിക്കുകയാണ്. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വേദശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്നു. സഭാ മാനേജിങ് കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കൽ കോളജ് ഗവേണിങ് ബോഡി അംഗം, കണ്ടനാട് ഈസ്റ്റ് ഭദ്രാസന ലീഗൽ സെല്ലിന്റെ അധ്യക്ഷൻ, വചനസ്നേഹാശ്രമം ദയറാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിക്കുന്നു.

12226936_10208218481598539_5683643951936110868_n