OVS - ArticlesOVS - Latest News

“കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കണമേ…”

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനെ തിരഞ്ഞെടുക്കുവാന്‍ ഒക്ടോബര്‍ 14-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചേരുവാനിരിക്കെ നാലു സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അവരെ ചരിത്രം ഓര്‍മ്മിപ്പിക്കുവാനൊരു ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന് പ്രസംഗിക്കുന്നവര്‍ക്ക് അതിനുള്ള പറ്റിയ അവസരമാണിതെന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.

മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിതമായത് 1912-ലാണ്. പ്രഥമ കാതോലിക്കാ സ്ഥാനത്തേക്ക് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ട മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് ആ സ്ഥാനത്തേക്കു വരാന്‍ വിസമ്മതിച്ചതും സമുദായ നേതാക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് അതിന് സമ്മതിപ്പിച്ചതും ഒന്നാം കാതോലിക്കായുടെ ജീവചരിത്രകാരനായ ജോസഫ് മാര്‍ പക്കോമിയോസ് രേഖപ്പെടുത്തിയിരിക്കുന്നത് കാണുക:

ഒന്നാം കാതോലിക്കായും സഭയുടെ നിര്‍ബന്ധവും

“മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1088 ചിങ്ങം 14-ാം തീയതി മാനേജിംഗ് കമ്മിറ്റി വിളിച്ചുകൂട്ടി ഭാവി പരിപാടികളെപ്പറ്റി ആലോചിച്ചു. അതിനുശേഷം കമ്മിറ്റി അംഗങ്ങളും മറ്റു സമുദായനേതാക്കളും കൂടി മാര്‍ അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസിനെ കണ്ട് മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ കാതോലിക്കോസായി ഉയര്‍ത്തണമെന്ന് അപേക്ഷിച്ചു. മലങ്കരയില്‍ കാതോലിക്കാ സിംഹാസനം സ്ഥാപിക്കുന്നതില്‍ സഹകരിക്കാമെന്ന് മാര്‍ അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് സമ്മതിച്ചിരുന്നതിനാല്‍ ഈ അപേക്ഷ ഔദ്യോഗികവും ഔപചാരികവുമായി നടത്തിയ ഒരു ചടങ്ങു മാത്രമായിരുന്നു. ഇവയ്ക്കും പുറമെ കുറിച്ചി കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാന്‍, വാകത്താനത്തു കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ തുടങ്ങി അഞ്ചു പേര്‍ക്ക് മെത്രാന്‍ സ്ഥാനം കൊടുക്കുവാന്‍ തീരുമാനിച്ചിരുന്നു.

സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും ഏകകണ്ഠമായിട്ടാണ് മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ കാതോലിക്കോസായി അവരോധിക്കണമെന്ന് തീരുമാനിച്ചത്. അന്ന് പരുമല സിമ്മനാരിയില്‍ ഉണ്ടായിരുന്ന മാര്‍ ഈവാനിയോസ് തിരുമേനി തനിക്കു വാര്‍ദ്ധക്യവും ക്ഷീണവും ആകയാല്‍ തല്‍സ്ഥാനം സ്വീകരിക്കുന്നതിനു യോഗ്യനല്ലെന്നു പറഞ്ഞു. അതിന് താന്‍ അപ്രാപ്തനാണെന്നും തന്നെ ഒഴിവാക്കണമെന്നും കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാനെ കാതോലിക്കോസായി അവരോധിക്കണമെന്നും മുറിമറ്റത്തില്‍ തിരുമേനി പറഞ്ഞു. സമുദായാഭിമാനികളായ ജോണ്‍ വക്കീല്‍, ചാക്കോ സൂപ്രണ്ട്, കെ. സി. മാമ്മന്‍മാപ്പിള, ഒ. എം. ചെറിയാന്‍, എം. എ. അച്ചന്‍ തുടങ്ങിയവര്‍ തിരുമേനിയെ കണ്ടു കാതോലിക്കാസ്ഥാനം സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം സമ്മതിക്കാതെ കോലഞ്ചേരിക്കു മടങ്ങുകയാണുണ്ടായത്.

തിരുമേനിയുടെ ഈ നിര്‍ബന്ധവും പിന്മാറ്റവും എല്ലാവരെയും വ്യസനിപ്പിച്ചു. കോലഞ്ചേരിയില്‍ തിരിച്ചെത്തിയ ശേഷം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്ക്, സ്ഥാനം സ്വീകരിക്കുന്നതിനുള്ള വൈമനസ്യത്തെ ചുണ്ടിക്കാണിച്ചുകൊണ്ട് ഒരു കത്തും അയച്ചു. സമര്‍ഥനും ഒന്നുകൊണ്ടും ഭയപ്പെടാത്തവനുമായ ദീവന്നാസ്യോസ് മെത്രാച്ചന്‍ പോലും ഈ കത്തു വായിച്ച് അമ്പരന്നു പോയി.

കാതോലിക്കാ സ്ഥാനാരോഹണം നടത്തുവാന്‍ ഉദ്ദേശിച്ചിരുന്ന തീയതിക്കു രണ്ടു മൂന്നു ദിവസം മുമ്പ് വട്ടശ്ശേരില്‍ തിരുമേനി മുറിമറ്റത്തില്‍ തിരുമേനിക്ക് ഒരു കത്തെഴുതി: “കാതോലിക്കാ സ്ഥാനാരോഹണം നടക്കുന്നതിന് ഇനി ഒന്നു രണ്ടു ദിവസമേയുള്ളു. ആ സ്ഥാനത്തേക്കു വൈദിക സുന്നഹദോസ് തിരുമേനിയെയാണ് ഐകകണ്ഠേന തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടു തിരുമേനി ഉടന്‍തന്നെ ഈ ആളുമൊരുമിച്ച് പരുമല സിമ്മനാരിയില്‍ വന്നുചേരണം. ഇതിലേക്ക് എന്തെങ്കിലും തരത്തില്‍ വൈമനസ്യം കാണിക്കുന്നത് പാവപ്പെട്ട നമ്മുടെ സഭയോട് തിരുമനസ്സുകൊണ്ടു ചെയ്യുന്ന ഒരു മഹാപാതകമായിരിക്കും. പിന്‍തലമുറ ഇതേപ്പറ്റി പശ്ചാത്തപിക്കേണ്ടി വരും.” ഈ കത്ത് ഒരു ദൂതന്‍ വശമാണ് കൊടുത്തയച്ചത്. എഴുത്തു കൈപ്പറ്റി പൊട്ടിച്ചു വായിച്ചതോടുകൂടി മുറിമറ്റത്തില്‍ തിരുമേനി വളരെ അസ്വസ്ഥനായിത്തീര്‍ന്നു.

കാതോലിക്കാ സ്ഥാനം സ്വീകരിക്കാന്‍ അശേഷവും മനസ്സില്ല, തൃപ്തിയും തോന്നുന്നില്ല. എന്നാല്‍, താന്‍ മുഖാന്തിരം മലങ്കരസഭയ്ക്കു കൈവരാന്‍ പോകുന്ന മഹാഭാഗ്യത്തിന് താനൊരു വിലങ്ങുതടിയായിത്തീരുന്നത് വളരെ കഷ്ടമായിരിക്കുമെന്നു തോന്നി. ഭാവിതലമുറയോടും സഭയുടെ ഭാവിയോടും ചെയ്യുന്ന ഒരു മഹാപരാധവുമായിരിക്കും. തിരുമേനിയുടെ മനസ്സില്‍ എന്തെന്നില്ലാത്ത സംഘര്‍ഷാവസ്ഥയും പോരാട്ടവും വടംവലിയും നടക്കുകയാണ്. എന്തു തീരുമാനം എടുക്കണമെന്നറിയാതെ കുഴങ്ങിയിരുന്ന സന്ദര്‍ഭത്തില്‍ കോലഞ്ചേരിപ്പള്ളി ഇടവകയില്‍ തനിക്കു വേണ്ടപ്പെട്ട പട്ടക്കാരും ഉറ്റ സ്നേഹിതന്മാരും ആയവരെ വിളിച്ചുവരുത്തി അവരുടെ അഭിപ്രായം ആരാഞ്ഞു.

തിരുമേനിയുടെ മനസ്സിന്‍റെ പിരിമുറുക്കം അവരുടെ മുമ്പില്‍ അവതരിപ്പിച്ചു. കാതോലിക്കാ സ്ഥാനം സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അതു സഭയുടെ നല്ല ഭാവിക്കുള്ള തുടക്കമാണെന്നും അതിനു തടസ്സം നില്‍ക്കരുതെന്നും അവര്‍ സൂചിപ്പിച്ചു. മാര്‍ ദീവന്നാസ്യോസിന്‍റെ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ പരുമലയ്ക്ക് ഉടനെതന്നെ പുറപ്പെടുകയാണ് വേണ്ടതെന്നും എല്ലാവരും തിരുമേനിയെ അറിയിച്ചു.

അത് ദൈവഹിതമെന്ന് ഉറച്ചുകൊണ്ട് മുറിമറ്റത്തില്‍ തിരുമേനി പരുമലയ്ക്ക് പുറപ്പെട്ടു. മുറിമറ്റത്തില്‍ ഗീവര്‍ഗീസ് കത്തനാര്‍, പ്രിയ ശിഷ്യന്‍ മല്പാന്‍ തേനുങ്കല്‍ ഗീവര്‍ഗീസ് കത്തനാര്‍. മത്തായി ആശാന്‍ എന്നിവരൊന്നിച്ചാണ് യാത്ര തിരിച്ചത്. ആദ്യം തെക്കന്‍ പറവൂര്‍ പള്ളിയില്‍ എത്തി അവിടെനിന്നും കോട്ടയത്തേക്കു യാത്ര തിരിച്ചു. കോട്ടയം സെമിനാരിയിലും അവിടെനിന്ന് പരുമല സെമിനാരിയിലും എത്തി. തുടര്‍ന്ന് സ്ഥാനാരോഹണവേദിയായി നിശ്ചയിക്കപ്പെട്ടിരുന്ന നിരണം പള്ളിയിലും എത്തിച്ചേര്‍ന്നു.”

മെത്രാനാക്കാമെന്ന് പാത്രിയര്‍ക്കീസ്; ഒഴികഴിവു പറഞ്ഞ് രക്ഷപെട്ട് രണ്ടാം കാതോലിക്കാ
1876-ല്‍ മലങ്കരയിലെത്തിയ അന്ത്യോഖ്യായുടെ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരസഭയെ കൈപ്പിടിയിലൊതുക്കാന്‍ മലങ്കരമെത്രാപ്പോലീത്തായോട് ആലോചിക്കാതെയും അദ്ദേഹത്തെ സഹകരിപ്പിക്കാതെയും ആറ് മെത്രാപ്പോലീത്താമാരെ വാഴിച്ചു. പാത്രിയര്‍ക്കീസ് ബാവാ മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുത്തവരാരും വിസമ്മതം പ്രകടിപ്പിക്കുകയോ മലങ്കരമെത്രാപ്പോലീത്തായോട് ആലോചിക്കുകയോ ചെയ്തതായി ചരിത്രത്തില്‍ കാണുന്നില്ല. 1909-ല്‍ മലങ്കരയിലെത്തിയ അന്ത്യോഖ്യായുടെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മലങ്കര മെത്രാപ്പോലീത്തായെ മുടക്കിയ ശേഷം തനിക്കു വിടുപണി ചെയ്യുവാന്‍ മെത്രാന്മാരെ വാഴിക്കുവാന്‍ തുടങ്ങി. തന്നെ അനുകൂലിക്കുന്നവരുടെ എണ്ണവും ബലവും വര്‍ദ്ധിപ്പിക്കാനും ചില പ്രമുഖ പള്ളികളുടെ ഭരണം കൈപ്പിടിയിലൊതുക്കുവാനുമായി നടത്തിയ ഈ ശ്രമത്തില്‍ ശെമ്മാശനെ മെത്രാനാക്കാമെന്നു വരെ പ്രലോഭനം ഉണ്ടായി! അന്ന് റമ്പാനായിരുന്ന രണ്ടാം കാതോലിക്കായെ മെത്രാനാക്കാമെന്ന പ്രലോഭനം നല്‍കിയത് അദ്ദേഹം ഡയറിക്കുറിപ്പില്‍ വിവരിക്കുന്നത് കാണുക:

“30-ന് വാകത്താനത്തു പള്ളിയില്‍ തലേദിവസം കഴിക്കേണ്ട പെരുന്നാള്‍ കഴിച്ചു. പെരുന്നാള്‍ കഴിഞ്ഞ് കഥാനായകന്‍ പാത്രിയര്‍ക്കീസു ബാവായെ കാണ്മാന്‍ കരിപ്പാല്‍ യാക്കോബു കത്തനാര്‍, കാരുചിറെ തോമാ എന്നിവര്‍ ഒരുമിച്ച് മുളന്തുരുത്തിയിലേക്ക് പോകയും പിറ്റേദിവസം രാത്രി അവിടെ എത്തുകയും ചെയ്തു.

കന്നി മാസം 1-ന് കാലത്ത് പള്ളിയില്‍ കഥാനായകനും മറ്റും ചെന്നു. അപ്പോള്‍ അവിടെ പാത്രിയര്‍ക്കീസു ബാവാ, ഒസ്താത്തിയോസ്, കൂറിലോസ് എന്നീ മെത്രാച്ചന്മാരും കോനാട്ടു മല്പാന്‍ മുതലായവരും ഉണ്ടായിരുന്നു. ആലുവായില്‍ കാലം ചെയ്തിരുന്ന മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുതിയിരുന്ന വില്‍പ്പത്രപ്രകാരം കഥാനായകന് കിട്ടിയിരുന്ന അധികാരം ഒഴിഞ്ഞുകൊടുക്കേണ്ടതിനെപ്പറ്റി സംസാരിപ്പാനായിരുന്നു അവിടെ ചെല്ലണമെന്ന് കല്പന വന്നത്. ബാവായുടെ ഇഷ്ടപ്രകാരം ചെയ്യുന്നതിലേക്ക് കഥാനായകന് വിരോധമില്ലെന്ന് പറഞ്ഞു. … കഥാനായകനും മെത്രാസ്ഥാനം തരാമെന്ന് ബാവാ കല്പിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞ് പിറ്റെ ദിവസം ഞങ്ങള്‍ തിരിച്ചുപോരികയും ചെയ്തു. മുളന്തുരുത്തിക്ക് പോകുമ്പോഴും വരുമ്പോഴും സിമ്മനാരിയില്‍ കയറി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ കണ്ടു.”

ശെമ്മാശനെ മെത്രാനാക്കാമെന്ന് പാത്രിയര്‍ക്കീസ്
പുതുപ്പള്ളിപള്ളിയുടെ ഭരണം പിടിക്കാന്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് പാറേട്ട് മാത്യൂസ് ശെമ്മാശനെ മെത്രാനാക്കാമെന്ന് അദ്ദേഹത്തിന്‍റെ പിതാവിനോട് പറഞ്ഞ സംഭവം കാണുക:

“പാത്രിയര്‍ക്കീസിന്‍റെ ശാപം വന്നേക്കുമെന്നു ഭയന്നു ചിലര്‍ ഉടമ്പടി കൊടുക്കാമെന്നും സമ്മതിച്ചു. പള്ളിഭരണത്തില്‍ ആ കാലം വരെ യാതൊരു പങ്കും ലഭിച്ചിട്ടില്ലാത്ത മറ്റു ചിലരും പള്ളിഭരണം കിട്ടുമെന്നുള്ള മോഹത്തില്‍ ഉടമ്പടിക്കു വഴിപ്പെട്ടു. എന്നിട്ടും ഉടമ്പടിക്കു വഴിപ്പെടാതെ നിന്ന പലരുണ്ടായിരുന്നു. അവരെക്കൂടി വഴിപ്പെടുത്തുന്നതിനുള്ള ശക്തമായ നീക്കങ്ങള്‍ നടന്നു. ശെമ്മാശന്‍റെ പിതാവ് പാറേട്ട് മാത്തു മേമ്പൂട്ടു കൈസ്ഥാനിയായിരുന്നതുകൊണ്ട് അദ്ദേഹത്തെ കൂടാതെയുള്ള ഉടമ്പടി സാധുവാകയില്ലെന്നുള്ള അഭിപ്രായമനുസരിച്ച് അദ്ദേഹത്തെ പലതരത്തില്‍ ഹേമിച്ചു. ഒരു ദിവസം അബ്ദുള്ളാ പാത്രിയര്‍ക്കീസ് മേമ്പൂട്ടു കൈസ്ഥാനിയെ വിളിപ്പിച്ചു. ഉടമ്പടിയില്‍ ഒപ്പു വച്ചാല്‍ ഇരുപതു വയസ്സു മാത്രമേയുള്ളു എങ്കിലും പുത്രനായ ശെമ്മാശനു മെത്രാന്‍സ്ഥാനം നല്‍കാം എന്നു വാഗ്ദാനം ചെയ്തു. ഒന്നും മിണ്ടാതെ കുറച്ചുനേരം അവിടെ നിന്നശേഷം മേമ്പൂട്ടു കൈസ്ഥാനി ഇറങ്ങിപ്പോയി. പോകുന്നവഴിക്കു കണ്ട ഒരു സ്നേഹിതനോട് പാറേട്ടു മാത്തു അല്പം കോപാവേശത്തോടെ ഇങ്ങനെ പറഞ്ഞു: ഇയാള്‍ ഇത്തരക്കാരനാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. എന്‍റെ മകന്‍ ആ കൊച്ചു ചെമ്മാച്ചനു മെത്രാന്‍പട്ടം കൊടുക്കാമെന്ന് അയാള്‍ എന്നോടു പറഞ്ഞു” (പാറേട്ട് മാര്‍ ഈവാനിയോസ്, കെ. വി. മാമ്മന്‍, കോട്ടയം, 2010, പേജ് 51).

1911-ല്‍ മെത്രാനാകുവാനുള്ള പ്രലോഭനത്തെ ചെറുത്ത ആ ശെമ്മാശനെ പിന്നീട് 1930 സെപ്റ്റംബര്‍ നാലിന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തെങ്കിലും ആ വിസമ്മതം തുടര്‍ന്നു. ഒടുവില്‍ 1953-ല്‍ മാത്രമാണ് ആ സ്ഥാനം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായത്.

മെത്രാപ്പോലീത്താ ആകാനും വിസമ്മതം
1912-ല്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെങ്കിലും അവസാന നിമിഷം വരെ ആകാതിരിക്കുവാന്‍ ശ്രമിച്ച രണ്ടാം കാതോലിക്കാ അക്കാര്യം ഡയറിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് കാണുക: “26-ന് പാത്രിയര്‍ക്കീസു ബാവായും മറ്റും ചെങ്ങന്നൂര്‍ പള്ളിയിലേക്ക് നീങ്ങത്തക്കവണ്ണം ഒരുങ്ങിയിരിക്കയാല്‍ കഥാനായകന്‍ കാലത്തെ തന്നെ തനതു വള്ളം പിടിച്ച് ചെങ്ങന്നൂര്‍ക്ക് പോകയും ഉച്ചകഴിഞ്ഞ് അവിടെ എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ കോട്ടയത്തു നിന്നും കാതോലിക്കാ ബാവായും മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായും കാലത്തെതന്നെ എത്തീട്ടുണ്ടായിരുന്നു. മെത്രാച്ചനുമായി തമ്മില്‍ കണ്ടപ്പോള്‍ സ്ഥാനം ഏല്‍ക്കുന്നതിനെക്കുറിച്ച് പറകയും വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഇതില്‍ നിന്നും കഥാനായകനെ ഒഴിച്ചുവിടണമെന്ന് അറിയിക്കയും സമ്മതിക്കാഞ്ഞതിനാല്‍ ദൈവേഷ്ടം പോലെ വരട്ടെ എന്നു വച്ച് സമ്മതിക്കയും ചെയ്തു.”

പരുമല കബറില്‍ വച്ച് നറുക്കിട്ട് രണ്ടാം കാതോലിക്കായെ തിരഞ്ഞെടുക്കുന്നു
“21-നു പെരുന്നാളില്‍ റാസ കഴിഞ്ഞ ശേഷം വൈദികയോഗം കൂടി. ടി. യോഗത്തില്‍ ദീവന്നാസ്യോസ് മെത്രാച്ചന്‍ ഒരു ദീര്‍ഘമായ പ്രസംഗം ചെയ്ത് താമസിയാതെ സഭാ സംബന്ധമായ കുഴപ്പങ്ങള്‍ക്കു തീരുമാനം വരുത്തുന്നതാണെന്ന് പറകയും ഉണ്ടായി. 22-നു മുതല്‍ 3 ദിവസത്തേക്ക് കഥാനായകനോടും ഗ്രീഗോറിയോസ് മെത്രാച്ചനോടും കാതോലിക്കാസ്ഥാനം ഏല്‍ക്കുന്നതിനേക്കുറിച്ച് തീരുമാനം പറയണമെന്ന് മെത്രാച്ചന്‍ നിര്‍ബന്ധം ചെയ്തു. ഒടുവില്‍ ചിട്ടിയില്‍ തീരുമാനിക്കുന്നതിന് സമ്മതമെന്ന് 2 പേരും പറയുകയും 24-നു ചിട്ടി കബറുങ്കല്‍ വച്ച് ഇടുകയും ചിട്ടി കഥാനായകന്‍റെ പേരില്‍ വീഴുകയും ചെയ്തു. കഥാനായകന്‍ പരുമല നിന്നും പുറപ്പെട്ട് ആലപ്പുഴ കപ്പപ്പുറത്തു ദീനത്തില്‍ ഇരുന്നിരുന്ന കെ. സി. മാമ്മന്‍ മാപ്പിളയെ കാണ്‍മാന്‍ അവിടെ എത്തുകയും ടിയാനെ കണ്ട് അവിടെ നിന്നും കാപ്പിയും ഭക്ഷണവും കഴിച്ചുകൊണ്ട് പുറപ്പെട്ട് പിറ്റെദിവസം രാത്രി വള്ളിക്കാട്ട് പള്ളിയില്‍ എത്തുകയും ചെയ്തു” (രണ്ടാം കാതോലിക്കായുടെ ഡയറിക്കുറിപ്പില്‍ നിന്നും)

കാതോലിക്കായാകാന്‍ പിന്നെയും വിസമ്മതം
നറുക്കിട്ട് തന്നെ തിരഞ്ഞെടുത്തുവെങ്കിലും കാതോലിക്കാ സ്ഥാനം ഏല്ക്കാതിരിക്കാന്‍ രണ്ടാം കാതോലിക്കാ പിന്നെയും പരിശ്രമിച്ചു. അദ്ദേഹം ഡയറിക്കുറിപ്പില്‍ അക്കാര്യം വിവരിക്കുന്നതു കാണുക:

“13-നു പുതുഞായറാഴ്ച കഥാനായകന്‍ ടി. പള്ളിയില്‍ കുര്‍ബാന ചൊല്ലി. 15-നു സന്ധ്യയ്ക്ക് കഥാനായകന്‍ പരുമലയ്ക്ക് പോയി. 16-നു പരുമല നിന്നും കഥാനായകനും ഗ്രീഗോറിയോസ് മെത്രാച്ചനും മറ്റു പലരും കൂടി പരുമല പള്ളിക്കല്‍ പ്രാര്‍ത്ഥന കഴിച്ച് ദീവന്നാസ്യോസ് മെത്രാച്ചനോടും ദീനത്തിലായിരിക്കുന്ന മെത്രാച്ചനോടും യാത്ര ചോദിച്ചുകൊണ്ട് അവിടെ നിന്ന് 11 മണിക്ക് പുറപ്പെട്ട് പന്നായികടവില്‍ എത്തുകയും അവിടെ നിന്നും പല പള്ളിക്കാരുടെയും കേമമായ എതിരേല്പോടു കൂടെ 1 മണിക്ക് നിരണത്ത് എത്തുകയും ചെയ്തു. പിന്നീട് 3 മണിക്ക് യോഗം കൂടിയതില്‍ കാതോലിക്കാ സ്ഥാനം കഥാനായകന്‍ ഏല്‍ക്കണമെന്ന് പലരും നിര്‍ബന്ധിക്കയാല്‍ സമ്മതിക്കേണ്ടതായി വന്നു കൂടി. പരുമല നിന്നും പോരുമ്പോള്‍ കഥാനായകന് ടി. സ്ഥാനം ഏല്ക്കാന്‍ മനസ്സില്ലെന്ന് നിര്‍ബന്ധമായി മെത്രാച്ചനോടും മറ്റും പറഞ്ഞിരുന്നു. 17 -നു 7 1/2 മണിക്ക് ഗ്രീഗോറിയോസ് മെത്രാച്ചന്‍, റമ്പാച്ചന്‍മാര്‍, പട്ടക്കാര്‍, ശെമ്മാശന്‍മാര്‍ എന്നിവര്‍ പള്ളിയകത്തിറങ്ങി ശുശ്രൂഷകളാരംഭിച്ചു. നമസ്കാരം കഴിഞ്ഞു കഥാനായകന്‍ മദ്ബഹായ്ക്ക് മുമ്പില്‍ വന്ന് നില്‍ക്കുകയും ‘കാതോലിക്കാ സ്ഥാനത്തേക്ക് അവിടുത്തെ വിശുദ്ധ റൂഹാ വിളിക്കുന്നു’ എന്നു സുന്നഹദോസ് തലവന്‍ ഗ്രീഗോറിയോസ് മെത്രാച്ചന്‍ പറയുകയും കഥാനായകന്‍ അത് സ്വീകരിച്ചിരിക്കുന്നു എന്ന് ഉത്തരമായി പറയുകയും ചെയ്തു. ഇപ്രകാരം 3 പ്രാവശ്യം പറയുകയുണ്ടായി.”

പ. പാമ്പാടി തിരുമേനി, പത്രോസ് മാര്‍ ഒസ്താത്തിയോസ്, അലക്സിയോസ് മാര്‍ തേവോദോസ്യോസ് തുടങ്ങിയ പല സഭാപിതാക്കന്മാരും അസോസിയേഷന്‍ തിരഞ്ഞെടുത്തിട്ടും സഭാ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയിട്ടും മെത്രാപ്പോലീത്താ സ്ഥാനത്തു നിന്നും മാറി നിന്നവരാണ്. സഭ മുഴുവന്‍റെയും നിര്‍ബന്ധപൂര്‍വ്വമായ പ്രേരണയാല്‍ അത് ദൈവഹിതമെന്നു തിരിച്ചറിഞ്ഞ് പിന്നീട് അവര്‍ മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു.

കുന്നംകുളം മുതല്‍ തിരുവിതാംകോടു വരെയുള്ള ഭൂപ്രദേശത്തു സ്ഥിതി ചെയ്തിരുന്ന അന്നത്തെ മലങ്കരസഭയുടെ കാതോലിക്കാ സ്ഥാനത്തേക്ക് സഭ നിര്‍ബന്ധിച്ചു കൊണ്ടുവന്നവരാണ് ഒന്നും രണ്ടും കാതോലിക്കാമാര്‍. അവര്‍ കാതോലിക്കാ സ്ഥാനം മാത്രമേ വഹിച്ചുള്ളു. മലങ്കര മെത്രാപ്പോലീത്തായായി സഭയുടെ ലൗകിക ഭരണം നടത്താന്‍ അന്ന് വട്ടശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ഉണ്ടായിരുന്നു. മൂന്നാം കാതോലിക്കായുടെ കാലത്ത് 1934 മുതലാണ് മലങ്കര മെത്രാപ്പോലീത്താ-കാതോലിക്കാ സ്ഥാനങ്ങള്‍ ഒരു വ്യക്തി വഹിച്ചു തുടങ്ങിയത്. ഇന്ന് ആഗോള വ്യാപകമായി പടര്‍ന്നു പന്തലിച്ച മലങ്കരസഭയുടെ അദ്ധ്യക്ഷ സ്ഥാനം മെത്രാപ്പോലീത്തന്മാര്‍ക്ക് ഒരു പ്രലോഭനമായി മാറിയിരിക്കുന്നു. “പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും നീക്കേണമേ” എന്ന ദൈവപുത്രന്‍റെ പ്രാര്‍ത്ഥന അനുകരിച്ച് കാതോലിക്കാ സ്ഥാനം വേണ്ട എന്നു പറഞ്ഞവരെ ഓര്‍ക്കാന്‍ നമുക്ക് എവിടെ സമയം!

ജോയ്സ് തോട്ടയ്ക്കാട്

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ