Outside KeralaOVS - Latest News

ബാംഗ്ലൂർ കെ.ആർ പുരം പള്ളി രജത ജൂബിലിയിലേക്ക്

ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രോജക്റ്റുകൾ 

ബാംഗ്ലൂർ: കൃഷ്ണരാജപുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയുടെ രജതജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം2016 ജൂലൈ 17 ന് ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിക്കുന്നു.
അൾസൂർ, ജോൺസൺ മാർക്കറ്റ് പള്ളികളിൽ അംഗങ്ങളായിരുന്ന കെ.ആർ പുരം പ്രദേശത്തെ വിശ്വാസികളുടെ ദീർഘകാല അഭിലാഷത്തിന്റെ പൂർത്തീകരണമായി സ്ഥാപിതമായ ഈ ദേവാലയം 1992 ജൂൺ 26 ന് അന്നത്തെ കാതോലിക്ക ബാവാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ  തിരുമനസിന്റെ കാർമികത്വത്തിൽ കൂദാശ ചെയ്തു. 2001ൽ  ദേവാലയം പുതുക്കി പണിയുന്നതിന് വേണ്ടി ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപനം നടത്തുകയും 2002ൽ പുതിയ ദേവാലയത്തിന്റെ കൂദാശ നടത്തുകയും ചെയ്തു.

ഇപ്പോൾ 200 ൽ പരം കുടുംബങ്ങൾ കൂടി നടക്കുന്ന ഈ ദേവാലയത്തിൽ ബാംഗ്ലൂർ നഗരത്തിലെ കഗ്ഗദാസപുര, വിജ്ഞാൻ നഗർ, നാരായണപുര, ഉദയനഗർ, രാമമൂർത്തി നഗർ, കൃഷ്ണരാജപുരം, TC പാളയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഇടവക അംഗങ്ങളായിട്ടുണ്ട്.

ജൂലൈ 17ആം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന്  വിശുദ്ധ മൂന്നിന്മേൽ കുർബാനയും  ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയുടെ  മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടും. കുർബാനാനന്തരം 11 മണിക്ക് ആരംഭിക്കുന്ന രജതജൂബിലി  ആഘോഷങ്ങളുടെ ചടങ്ങിൽ ഇടവക വികാരി വെരി.റവ. ടി.കെ തോമസ് കോർ എപ്പിസ്‌കോപ്പ സ്വാഗതം ആശംസിക്കുന്നതും തുടർന്ന്  ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നതുമാണ്. അതിനു ശേഷം നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായനിധി വിതരണം ബാംഗ്ലൂർ കോർപ്പറേഷൻ നാരായണപുര കൗൺസിലർ  വി. സുരേഷ്  നിർവഹിക്കുന്നു. നിർധനരായ രോഗികൾക്കുള്ള ചികിത്സ സഹായം വിജ്ഞാൻ നഗർ കൗൺസിലർ  എസ്. നാഗാർജുന വിതരണം ചെയ്യുന്നതാണ്.

ഇടവകയുടെ വെബ്‌സൈറ്റ് അഭിവന്ദ്യ മെത്രാപോലീത്ത തിരുമനസ്സുകൊണ്ട് അനാവരണം ചെയ്യും. ആശംസ പ്രസംഗങ്ങൾ വെരി.റവ. പി സി ഫിലിപ് കോർ എപ്പിസ്കോപ്പ , കൃഷ്ണരാജപുരം  സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജോയ് അറക്കൽ (CMI), മാർത്തോമാ പള്ളി വികാരി ഫാ. സുനിൽ മാത്യു എന്നിവർ നിർവഹിക്കുന്നു.