OVS - Latest NewsOVS-Pravasi News

അഭി. സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ WCC എക്സിക്യുട്ടിവ് കമ്മറ്റിയിലേക്ക്

മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായെ ലോക ക്രിസ്ത്യൻ കൗൺസിലിന്റെ (WCC) എക്സിക്യുട്ടിവ് കമ്മറ്റിയിലേക്ക് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. നോർവേയിൽ വെച്ചു നടന്ന വാർഷിക യോഗത്തിൽവെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് WCC എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ പ്രാധിനിത്യം ഉണ്ടാകുന്നത്. അഭി. അലക്സിയോസ് മാർ തീവദോസിയോസ് മെത്രാപ്പോലീത്തായിക്കും, അഭി.ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായിക്കും ശേഷം എക്സിക്യുട്ടിവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലങ്കര ഓർത്തോഡോക്‌സ് സഭയുടെ മൂന്നാമത്തെ പ്രതിനിധിയാണ് അഭി. നിക്കോളോവോസ് മെത്രാപ്പോലീത്താ. 2013 ൽ അഭി. മെത്രാപ്പോലീത്താ കേന്ദ്ര കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രതിനിധികളെ നിയമിക്കുന്നതും, ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതും, കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ബജറ്റ് മേൽനോട്ടം വഹിക്കുന്നതും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ഉത്തരവാദിത്വമാണ്. 500 ദശ ലക്ഷം വിശ്വാസികൾ അംഗമായതും, 110 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നതുമായ വിവിധ ക്രിസ്ത്യൻ സഭകളുടെ കൂട്ടാഴ്മയാണ് 1948ൽ നിലവിൽ വന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്. 1948 മുതൽ തന്നെ മലങ്കര ഓർത്തോഡോസ് സുറിയാനി സഭ WCC യിൽ അംഗമാണ്.