OVS-Kerala News

വൈദികപട്ടം സ്വീകരിച്ചിട്ടു 25 വര്‍ഷം : ജൂബിലിക്ക് ഇവിടെ അര്‍ഥം ജീവകാരുണ്യം ; അതു തന്നെ ദൈവ സ്നേഹമെന്നു ഡോ. സഖറിയ മാർ തെയോഫിലോസ്

കോഴിക്കോട് ∙ ‘‘സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു (2 കൊറിന്ത്യർ 9:7)’’. ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിനെ നയിക്കുന്നത് ഈവചനമാണ്. വൈദികപട്ടം സ്വീകരിച്ചതിന്റെ രജത ജൂബിലി നിറവിൽ നിൽക്കുമ്പോൾ ദൈവം ഇതുവരെനൽകിയ അനുഗ്രഹങ്ങളുടെ ഓർമയിൽ നന്ദിപൂർവം തലകുനിക്കുകയാണ് മാർ തെയോഫിലോസ്. 1991 മേയ് 15ന് പട്ടം സ്വീകരിച്ചതു മുതൽ ഇന്നുവരെ ദൈവത്തിന്റെ സമൃദ്ധമായ കരുണയാണ് അനുഭവിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു.

ഭദ്രാസനത്തിന്റെ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞത്, വിശുദ്ധനാട്ടിൽ ഒരു കുർബാന അർപ്പിക്കണമെന്ന ആഗ്രഹത്തിനു മറുപടിയായി ക്രിസ്തുവിന്റെ കബറിടത്തിലടക്കം13 കുർബാനകൾ അർപ്പിക്കാൻ കഴിഞ്ഞത്, എല്ലാറ്റിനും ഉപരി തെയോഫിലോസ് എന്ന പേരിന്റെ അർഥം പോലെ ദൈവസ്നേഹിയായി ജീവിക്കാൻ കഴിഞ്ഞത്.ശരീരത്തിൽ രണ്ട് കാൻസറുകളുമായി ജീവിക്കുന്ന മെത്രാപ്പൊലീത്ത ആ രോഗത്തെപ്പോലും വലിയ അനുഗ്രഹമായി കരുതുന്നു.

എത്രയോ പേരുടെ ദുഃഖങ്ങൾ മനസ്സിലാക്കാനും അവരെ സഹായിക്കാനും ഇതിലൂടെ സാധിച്ചു. അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ ചാണ്ടപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്നുമക്കളിൽ രണ്ടാമത്തെയാൾ. ചെറിയാൻ എന്നായിരുന്നു പേര്. ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഫിലിപ്പോസ് മാർ തെയോഫിലോസിൽനിന്നാണ് പട്ടം സ്വീകരിച്ചത്. കേക്ക് മുറിച്ചും സദ്യനടത്തിയുമല്ല മാർ തെയോഫിലോസിന്റെ രജതജൂബിലി ആഘോഷം.

25 വർഷം കൈപിടിച്ചുനടത്തിയ ദൈവത്തോടു നന്ദിപറയാനായി ഒരുകോടി രൂപയുടെ ജീവകാരുണ്യപദ്ധതിയാണ് നടപ്പാക്കുന്നത്. നാനാജാതിമതസ്തരായ 25 പേരുടെ വിവാഹം, 100 കോളജ് വിദ്യാർഥികൾക്ക് 25,000 രൂപയുടെ സഹായം, ഭദ്രാസനത്തിന് 100 പശുക്കൾ, 100 തയ്യൽമെഷീൻ,ലഹരിവിമുക്ത ചികിൽസയ്ക്ക് 100 പേരെ സ്പോൺസർ ചെയ്യൽ എന്നിങ്ങനെ പോകുന്നു ‘ആഘോഷം’. മാർ തെയോഫിലോസിന് 60 വയസായപ്പോഴും ഇതുപോലൊരു ആഘോഷം നടന്നിരുന്നു, ആരെയും അറിയിക്കാതെ.

നഴ്സിങ്, എൻജിനീയറിങ് വിദ്യാർഥികളടക്കം 60 വിദ്യാർഥികൾക്ക് 25,000 രൂപയുടെ
സ്കോളർഷിപ്പാണ് അന്നു നൽകിയത്. 11 വർഷം മുൻപ് മാർ തെയോഫിലോസ് അധ്യക്ഷനായി ചുമതലയേറ്റതു മുതൽ ഭദ്രാസനത്തിൽ ജീവകാരുണ്യപദ്ധതികളുടെ പുതുചരിത്രം ആരംഭിക്കുകയായിരുന്നു. ഭദ്രാസനത്തിലെ വൈദികരുടെയടക്കം നാലായിരത്തിലധികം കുടുംബങ്ങൾ സന്ദർശിച്ചതു തന്നെ വലിയ മാറ്റമായി.വീടില്ലാത്തവർക്ക് വീടു വച്ചുകൊടുക്കുന്ന ഹോം ഫോർ ദ് ഹോംലെസ് പദ്ധതി ഈ യാത്രയുടെ അവസാനം രൂപം കൊണ്ടതാണെന്ന് മെത്രാപ്പൊലീത്ത പറയുന്നു.

150 കുടുംബങ്ങൾക്ക് ഭദ്രാസനം നേരിട്ടും 150 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരുമായി ചേർന്നും വീടുകൾ പണിതുനൽകി. ഇതുകൂടാതെ സ്വന്തമായി സ്ഥലമില്ലാത്ത 25 കുടുംബങ്ങൾക്കും വീടു പണിതു നൽകി.മെഡിക്കൽ കോളജിലെയും ബീച്ച് ആശുപത്രിയിലെയും ചെസ്റ്റ് ഹോസ്പിറ്റലിലെയും രോഗികളുടെകൂട്ടിരിപ്പുകാർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതി 2006ൽ തുടങ്ങിയതാണ്. വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലും ഭക്ഷണം നൽകുന്നുണ്ട്. 450 വിധവകൾക്ക് കോഴി, ആട് എന്നിവ നൽകുന്ന പദ്ധതിയും ഭദ്രാസനം നടപ്പാക്കുന്നുണ്ട്.

നിലമ്പൂർ എരുമമുണ്ടയിൽ തുടങ്ങിയ ഡിഅഡിക്‌ഷൻ സെന്ററും മാർ തെയോഫിലോസിന്റെ മനസ്സിലാണ് രൂപംകൊണ്ടത്. ഭദ്രാസനം തുടർച്ചയായി നടപ്പാക്കുന്ന പദ്ധതികൾ വേറെയുമുണ്ട്. എല്ലാ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സഹകരിക്കുന്ന ഒട്ടേറെ സുഹൃത്തുക്കൾ മാർ തെയോഫിലോസിനുണ്ട്. എങ്കിലും എടുത്തുപറയേണ്ട സുഹൃത്ത് ആരാണെന്നുചോദിച്ചാൽ പറയും, ജീസസ് തന്നെ. വയസ്സ് 64ൽ എത്തിനിൽക്കുന്നു.ഇനിയും ഒട്ടേറെ ജീവകാരുണ്യ പദ്ധതികളാണ് മനസ്സിൽ. പൊതുവേ ആഘോഷങ്ങളിൽനിന്നും ആരവങ്ങളിൽ നിന്നും അകന്നു നടക്കുന്ന മാർ തെയോഫിലോസിന്റെ മുഖം എപ്പോഴും പ്രസന്നമാണ്. കാരണം രണ്ട്  കൊറിന്ത്യർ 9:7 തന്നെ.