OVS - Latest NewsOVS-Kerala News

വിശ്വാസ തീഷ്ണതയില്‍ ചന്ദനപ്പള്ളി ഭക്തി സാഗരമായി ;ആയിരങ്ങൾ ചെമ്പെടുപ്പ് റാസയിൽ

 പത്തനംതിട്ട  ⇒ വിശ്വാസികളുടെ ആർപ്പുവിളികളാൽ ഭക്തിയുടെ ഒരായിരം താളമൊരുക്കി
പതിനായിരങ്ങൾ ആഗോളതീർഥാടന കേന്ദ്രമായ  ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ചെമ്പെടുപ്പ് റാസയിൽ അണിചേർന്നു. സാമുദായിക ഐക്യം വിളിച്ചോതുന്ന ഭക്തിനിർഭരമായ റാസയോടെ എട്ടുദിവസത്തെ പെരുന്നാളിനു സമാപനമായി.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന അരി ചെമ്പിലിട്ടു പകുതി വേവിച്ച് ചെമ്പിൻ തണ്ടിലേറ്റി കുതിരപ്പുരയിലേക്കു കൊണ്ടുവന്ന ചടങ്ങായ ചെമ്പെടുപ്പ് റാസ കണ്ടു നിർവൃതിയടയുവാൻ പതിനായിരങ്ങളാണ് ചന്ദനപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത്.മുഖ്യ വികാരിയായ ഫാ. ബിജു തോമസ് പറന്തൽ സ്ലീബാ മുദ്രചാർത്തി. ചെമ്പിൽ തൊട്ട് സഹദായുടെ അനുഗ്രഹം വാങ്ങാനായി എത്തിയ ഭക്തജനസഹസ്രങ്ങളാണ് ചെമ്പ് വാഹകരായത്. ചെമ്പിൽ തൊടാനും ചെമ്പെടുപ്പിൽ പങ്കെടുക്കുവാനും ഭക്തജനപ്രവാഹമായിരുന്നു.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റാസ കടന്നുവന്നപ്പോൾ വിവിധ ജാതി മതസ്ഥർ പൂക്കൾ, വെറ്റില,കുരുമുളക് എന്നിവ ചെമ്പിലേക്ക് വിതറിയാണു റാസയെ സ്വീകരിച്ചത്. റാസ പള്ളി വീഥിയിലൂടെകടന്നുവന്നപ്പോൾ സഹദായുടെ കീർത്തനങ്ങൾ ആലപിച്ചാണ് വിശ്വാസികൾ വരവേറ്റത്. പൊൻ, വെള്ളികുരിശുകൾ, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, ശിങ്കാരിമേളം എന്നിവയുടെ അകമ്പടി റാസയ്ക്കു പകിട്ടേകി. രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ കർമം നടന്നു.

പരമ്പരാഗതമായി നിലനിന്നുപോരുന്ന മതസൗഹാർദം വിളിച്ചോതുന്ന ചടങ്ങായ അങ്ങാടിക്കൽ വടക്കുള്ളപുരാതന നായർ തറവാടായ മേക്കാട്ട് കുടുംബത്തിലെ കാരണവരാണ് ചെമ്പിൽ ആദ്യം അരിയിട്ടത്.തുടർന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലും കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരുടെ സഹകർമികത്വത്തിലും മൂന്നിന്മേൽ കുർബാന നടന്നു. സെന്റ് ജോർജ് മാസ് ക്വയറിനുശേഷം തീർഥാടക സംഗമവും അവാർഡു വിതരണവും കാതോലിക്കാ ബാവ നിർവഹിച്ചു.

ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീമതി.മെറിന്‍ ജോസഫ് ഐ.പി.എസിനു  ചടങ്ങിൽ കാതോലിക്കാ ബാവാ സമ്മാനിച്ചു. കേരളാ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. നവാഭിഷിക്ത വൈദികരായ ഫാ. ഷൈജു ചെറിയാൻ, ഫാ. ജേക്കബ് ഡാനിയൽ എന്നിവരെയും സാൻ ജോർജിയൻ കർഷകമിത്രം അവാർഡ് ലഭിച്ച വർഗീസ് കെ. ജയിംസ്, സാൻ ജോർജിയൻ കിങ് സോളമൻ അവാർഡ് ജേതാവ് ജിറ്റു കോശി ജോർജി, ഷോർട്ട് ഫിലിം അവാർഡ് ജോതാക്കളെയും, പള്ളി ആർക്കിടെക്ട് ജി.ഗോപാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

തുടർന്നു പള്ളിയിൽ നടന്ന വാദ്യമേളത്തിനുശേഷമാണ് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ ആരംഭിച്ചത്. ‌ആയിരക്കണക്കിനു വിശ്വാസികളുടെ കൂട്ടായ്മയിലാണ് ചെമ്പെടുപ്പ് റാസ നടന്നത്.റാസയ്ക്ക് ജംക്‌ഷനിൽ സ്വീകരണം നൽകി. ചലച്ചിത്രനടൻ ക്യാപ്റ്റൻ രാജു ഉദ്ഘാടനം ചെയ്തു.ചന്ദനപ്പള്ളിയെ അക്ഷരാർഥത്തിൽ ഭക്തിയുടെ നെറുകയിലെത്തിച്ച റാസയാണു നടന്നത്.

പുണ്യാളനെ പ്രാർഥിച്ച് ചെമ്പിൽ തൊട്ട് അനുഗ്രഹം തേടുവാൻ പതിനായിരക്കണക്കിനു വിശ്വാസികൾ തിക്കും തിരക്കും കൂട്ടി. ഭക്ത്യാദരവുകളോടെ ചെമ്പ് ഉയർത്തിയും സഹദായുടെ കീർത്തനങ്ങൾ വാഴ്ത്തിപ്പാടിയും ആയിരങ്ങളുടെ അകമ്പടിയോടെ ചെമ്പ് കുതിരപ്പുരയിൽ എത്തിച്ചു.

തുടർന്ന് വിശ്വാസികൾ പങ്കെടുത്ത നേർച്ചവിളമ്പും നടന്നു. റാസയ്ക്ക് ട്രസ്റ്റി പി.എസ്. ജേക്കബ്,
സെക്രട്ടറി ടി.എം. വർഗീസ്, റോയി വർഗീസ്, അനിൽ പി. വർഗീസ്, ജോർജ് വർഗീസ് കൊപ്പാറ,
ബാബുജി കോശി, വർഗീസ് കെ. ജയിംസ്, കെ.ജി. ജോയിക്കുട്ടി, റോയി സാമുവൽ, ഡി. ജോസ്,
എം.കെ. ബാബു, ജി. തങ്കച്ചൻ, എ. ജോൺസൺ, ജെഗി ജോൺ, മനോജ് രാജൻ, ജസ്റ്റസ് നാടാവള്ളിൽ,ജേക്കബ് ജോർജ് കുറ്റിയിൽ, പ്രീത് ജി. ജോർജ്, രാജു എം. ജോർജ്, എം. മോനിക്കുട്ടി, ജോസ് സാമുവൽ എന്നിവർ നേതൃത്വം നൽകി.