മുത്തൂറ്റ് ജോയിച്ചായന്‍ (വി)സ്മരിക്കപ്പെടുമ്പോള്‍

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ് അന്തരിച്ചതോടെ മലങ്കരസഭയിലെ ജോയിച്ചായന്‍ യുഗം അസ്തമിക്കുകയാണ്. അദ്ദേഹത്തില്‍നിന്നും നിര്‍ലോപമായ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ച സ്ഥാപനങ്ങളും ഭദ്രാസനങ്ങളും പള്ളികളും വ്യക്തികളും പോലും കാലവിളംബമന്യേ അദ്ദേഹത്തെ വിസ്മരിക്കും. അത് മലയാളിയുടെ സഹജ സ്വഭാവമാണ് എന്ന് തല്‍ക്കാലം ആശ്വസിക്കാം.

എൻ്റെ സഭ, എൻ്റെ രാജ്യം, എൻ്റെ കുടുംബം, എൻ്റെ ബിസിനസ്; എനിക്ക് പ്രിയപ്പെട്ടവ ഇവയാണ്. അവയില്‍ എനിക്ക് ഏറ്റവും പ്രധാനം എൻ്റെ സഭയാണ് എന്ന് തൻ്റെ മക്കളെ ചൊല്ലിപ്പഠിപ്പിച്ച എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ് എന്ന ജോയിച്ചായനുമായി ഈ ലേഖകന് പരിചയമുണ്ടാകുന്നത് 2007-ലെ സമുദായ ട്രസ്റ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. അതും പരസ്യമായി ശത്രുപക്ഷത്തു നില്‍ക്കുമ്പോള്‍!

തിരഞ്ഞെടുപ്പു പ്രചരണം കൊടുമ്പിരികൊണ്ടു നില്‍ക്കുമ്പോള്‍ തികച്ചും എതിര്‍ പാളയത്തില്‍ നില്‍ക്കുന്ന ഈ ലേഖകനടക്കം ഒരു ചെറിയ സംഘവുമായി അദ്ദേഹം സംഭാഷണം നടത്തുവാന്‍ ആഗ്രഹിക്കുകയും അതനുസരിച്ച് ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ സംസാരിച്ചിട്ടും ഇരുപക്ഷവും തങ്ങളുടെ ആദര്‍ശത്തില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച വിഫലമായി. പുഞ്ചിരിച്ചുകൊണ്ടുതന്നെ ഇരുപക്ഷവും പിരിഞ്ഞു.

ആ തിരഞ്ഞെടുപ്പില്‍ ജോയിച്ചായന്‍ വിജയിച്ചു. അതിനുശേഷം പല സഭാവേദികളിലും ഈ ലേഖകനുമായി ജോയിച്ചായന്‍ കണ്ടു മുട്ടാനിടയായി. ആദ്യം അദ്ദേഹം തന്നെയാണ് പരിചയം പുതുക്കി അടുത്തേക്കുവന്നത്. അന്നു മുതല്‍ ഇതഃപര്യന്തം അദ്ദേഹം പഴയ ഏറ്റുമുട്ടലിനേക്കുറിച്ചു ഒരക്ഷരം സൂചിപ്പിച്ചിട്ടില്ല. ഇടക്കെന്നോ സംബോധന എടാ കുഞ്ഞേ എന്നായി. പ്രായംകൊണ്ട് പിതൃസഹോദരതുല്യനായ അദ്ദേഹം അപ്രകാരം സംബോധന ചെയ്യുന്നതില്‍ ഈ ലേഖകനു വിരോധവും തോന്നിയിട്ടുമില്ല. 38,000 കോടിയുടെ ആസ്തിയുള്ള, ഏറ്റവും വലിയ മലയാളി കോടീശ്വരന്‍ എന്ന ജാഡയൊന്നും ഒരിക്കലും അദ്ദേഹം ഈ ലേഖകനോട് കാണിച്ചിട്ടുമില്ല. അതോടെ തിരിച്ചുള്ള സംബോധന ജോയിച്ചായന്‍ എന്നുമായി.

ഓരോ കൂടിക്കാഴ്ചയും – ഹൃസ്വമായാലും ദീര്‍ഘമായാലും – അവസാനം ചെന്നെത്തുക സഭാ വിഷയങ്ങളിലാവും. തൻ്റെ ബിസിനസ് സാമ്രാജ്യം പോലെതന്നെ തൻ്റെ സഭയുടെ വികസനത്തെപ്പറ്റിയും അദ്ദേഹത്തിനു വിശാലമായ കാഴ്ചപ്പാടും സ്വപ്നങ്ങളുമുണ്ടായിരുന്നു. അവയില്‍ പലതും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഈ ലേഖകനടക്കം പലര്‍ക്കും സാധിക്കുമായിരുന്നില്ല. എങ്കില്‍പ്പോലും വ്യക്തിപരമായ ഏതെങ്കിലും നേട്ടങ്ങള്‍ക്കോ സ്വാര്‍ത്ഥലാഭത്തിനോ അല്ലാതെ തൻ്റെ സഭയെപ്പറ്റിയുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ് അദ്ദേഹം ഈ ചിന്തകള്‍ പങ്കുവെച്ചത് എന്ന് വ്യക്തം. കാരണം സഭകൊണ്ട് ഭൗതീകമായി ഒന്നും അദ്ദേഹത്തിനു നേടേണ്ടിയിരുന്നില്ല. അതിനാല്‍ത്തന്നെ മറ്റു പല സ്ഥാനികളേയും പോലെ സഭയ്ക്കു ദ്രോഹമോന്നും ചെയ്തിട്ടുമില്ല.

കോഴഞ്ചേരിയിലെ ഒരു പ്രാദേശിക പണ്ടംപണയം ഇടപാടില്‍നിന്നും ശതകോടികളിലേയ്ക്കുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ തലമുറകളുടെ കഠിനാദ്ധ്വാനമുണ്ട്. അതിലൊരു പ്രധാന പങ്ക് ജോയിച്ചായനുമുണ്ട്. പണ്ടംപണയം ഇടപാടില്‍ നിന്നും കാറ്റാടിപ്പാടങ്ങളും ഹോട്ടല്‍ ശൃംഘലയും റിയല്‍ എസ്റ്റേറ്റും വിദ്യാഭ്യാസവും, ആരോഗ്യ പരിപാലനവും അടക്കം ബഹുമുഖ വ്യവസായങ്ങളിലേയ്ക്ക് മുത്തൂറ്റ് ഗ്രൂപ്പ് വികസിച്ചു കഴിഞ്ഞു. ഈ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടച്ചിട്ടു കാര്യമില്ല.

സ്വര്‍ണപ്പണയ ബിസിനസ് അത്ര മോശമോന്നുമല്ല. നൂറ്റാണ്ടുകളായി നസ്രാണികള്‍ പിന്തുടരുന്ന ഒരു ബിസിനസ് മേഖലയാണിത്. നസ്രാണികള്‍ നടത്തുന്ന ഈടുള്ളതും ഈടില്ലാത്തതുമായ (Secured & Unsecured) വായ്പ്പകളേപ്പറ്റിയും അവയുടെ പലിശ നിരക്കുകളേപ്പറ്റിയും 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിൻ്റെ കാനോനാകളില്‍ പരാമര്‍ശനം ഉണ്ട്. വ്യക്തികള്‍ മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടുവരെ ഇടവകപ്പള്ളികളും ഭൂമി, സ്വര്‍ണ്ണം, ചെമ്പ്-പിച്ചള-ഓട് പാത്രങ്ങള്‍ ഇവയുടെ ഈടില്‍ പണം പലിശയ്ക്കു കടം കൊടുക്കുമായിരുന്നു എന്നും രേഖകളുണ്ട്. എന്തിന്? യേശുക്രിസ്തു പോലും താലന്തു ലഭിച്ചിട്ടു അത് ഫലപ്രദമായി വിനിയോഗിക്കാതിരുന്ന ദാസനോട്, നിന്നെക്കൊണ്ടു വ്യാപാരം ചെയ്യാന്‍ കഴിവില്ലങ്കില്‍ എന്തുകൊണ്ട് അത് പണി അറിയാവുന്ന പണവ്യാപാരിയെ ഏല്‍പ്പിച്ചു പലിശ വാങ്ങിക്കുകയെങ്കിലും ചെയ്തില്ല എന്നാണ് ഉപമയില്‍ ചോദിച്ചത്!

നസ്രാണികള്‍ മാത്രമല്ല, കേരളത്തിലെ പല പ്രമുഖരുടേയും വളര്‍ച്ചയ്ക്കു പിമ്പില്‍ സ്വര്‍ണപണയത്തിൻ്റെ പശ്ചാത്തലമുണ്ട്. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയുടെ അടിസ്ഥാന മൂലധനം സ്ഥാപകനായ വൈദ്യരത്‌നം പി. എസ്. വാര്യരുടെ മാതാവ് ചെറിയ തോതില്‍ നടത്തിയിരുന്ന സ്വകാര്യ സ്വര്‍ണ പണയ ഇടപാടിലെ മിച്ചമൂല്യം ആയിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് ഇത്ര വിശദമായി രേഖപ്പെടുത്തിയത് എം. ജി. ജോര്‍ജ്ജ് മുത്തൂറ്റിൻ്റെ നിര്യാണവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ പ്രതിലോമ പരാമര്‍ശനങ്ങളാണ്. കൊള്ളപ്പലിശക്കാരന്‍ മുതലായ സംബോധനകള്‍ ചാര്‍ത്തിക്കൊടുത്തവരില്‍ തിരുമേനി എന്ന വിളി തനിക്ക് ഇഷ്ടമല്ലന്നു പ്രചരിപ്പിക്കുന്ന ഒരു ബിഷപ്പും ഉള്‍പ്പെടും എന്നതാണ് പരിതാപകരം. ഇതിനു ന്യായീകരണം ഇല്ല എന്നതാണ് വാസ്തവം. ആരെയും നിര്‍ബന്ധിച്ച് ആരും പണയം വയ്ക്കുന്നില്ല. പ്രത്യേകിച്ച് മുട്ടിന് മുട്ടിന് സര്‍ക്കാര്‍ – സഹകരണ – ഷെഡ്യൂള്‍ഡ് ബാങ്കുകളുള്ള, ബാങ്കിംഗ് സാന്ദ്രത (Banking density) ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ ആരെങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നും വായ്പ്പയെടുക്കുന്നത് അവരുടെ സ്വന്തം താത്പര്യം അനുസരിച്ച് മാത്രമാണ്. പിന്നെ പലിശയും പിഴപ്പലിശയും ജപ്തിയുമൊക്കെ സര്‍ക്കാര്‍ വിലാസം ബാങ്കുകളിലും മുറതെറ്റാതെയുണ്ട്.

രണ്ടാമതായി, ഏതാനും വര്‍ഷം മുമ്പ് ജോയിച്ചായന്‍ ഈ ലേഖകനോട് പറഞ്ഞതനുസരിച്ചാണങ്കില്‍ …എടാ കുഞ്ഞേ, ഇന്നു മുത്തൂറ്റ് ഗ്രൂപ്പിൻ്റെ മൊത്തം ബിസിനസിൻ്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് സ്വര്‍ണപ്പണയം. അത് നിര്‍ത്തിയാലും ഞങ്ങങ്ങള്‍ക്കൊന്നുമില്ല. ഈ ധൈര്യത്തിലാവണം. 2019-ല്‍ മുത്തൂറ്റിൻ്റെ പണമിടപാട് സ്ഥാപനങ്ങളില്‍ സമര പരമ്പരകള്‍ അരങ്ങേറിയപ്പോള്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി കേരളത്തിലെ തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണന്ന് പ്രഖ്യാപിക്കുവാന്‍ ചെയര്‍മാന്‍ എം. ജി. ജോര്‍ജിനു ധൈര്യം വന്നത്. അതു സംഭവിച്ചിരുന്നെങ്കില്‍ 25,000-ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമായിരുന്നു എന്നാണ് ചില കണക്കുകള്‍.

ഈ സമരത്തെപ്പറ്റി ഒരു വാക്ക് രേഖപ്പെടുത്താതെ നിവര്‍ത്തിയില്ല. കേരളത്തില്‍ ചെറുതും വലുതുമായ അനേകം പണമിടപാട് സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ എന്തുകൊണ്ട് മറ്റ് സ്ഥാപനങ്ങളിലൊന്നും സമരങ്ങള്‍ അരങ്ങേറിയില്ല? അവിടൊക്കെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെടുന്ന തോതിലാണോ ശമ്പളം നല്‍കുന്നത്? സമാന ബിസിനസ് നടത്തുന്ന കേരളത്തിലെ രണ്ടു സ്ഥാപനങ്ങള്‍ക്കുവേണ്ടി നടത്തിയ സ്‌പോണ്‍സേഡ് സമരമാണ് മുത്തൂറ്റ് അരങ്ങേറിയതെന്ന് അന്നു ചില ശ്രുതികളുണ്ടായിരുന്നു. ഏതായാലും ആ ഭിഷണിയും മുത്തൂറ്റ് ഗ്രൂപ്പ് അതിജീവിച്ചു. എതാനും ദശകം മുമ്പ് കോട്ടയം മലയാള മനോരമ ഓഫീസിനു മുമ്പില്‍ പന്തല്‍കെട്ടി പൂട്ടിക്കും എന്ന ഭീഷണിയുമായി സമരാഭാസം നടത്തിയ അതേ പ്രസ്ഥാനമാണ് മുത്തുറ്റ് സമരത്തിനും പിന്നില്‍ എന്നതിനെ യാദൃശ്ചികമായി കാണാനാവില്ല. അതും, ബഹുമാന്യരായ ചില രാഷ്ട്രീയ നേതാക്കാള്‍ മുകളില്‍ പറഞ്ഞ പത്ര സമ്മേളനത്തിൻ്റെ പേരില്‍ പൊതുവേദികളില്‍ മൈക്കു വെച്ചുകെട്ടി എം. ജി. ജോര്‍ജിനെ വ്യക്തിപരമായി ആക്ഷേപിച്ചതും കൂട്ടി വായിക്കണം.

കേരളത്തില്‍ ചെറുതും വലുതുമായ അനേകം സ്വകാര്യ ധനമിടപാടുസ്ഥാപനങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ട്. നിക്ഷേപകര്‍ വഞ്ചിതരായിട്ടുണ്ട്. ശതകോടികളാണ് ഇത്തരം നിക്ഷേപ തട്ടിപ്പുകളിലൂടെ മലയാളികള്‍ക്കു നഷ്ടപ്പെട്ടത്. ആ പരമ്പര ഇന്നും തുടരുന്നു. പക്ഷേ മുത്തൂറ്റ് ഗ്രൂപ്പിനെ സംബന്ധിച്ച് അത്തരം ഒരു ആക്ഷേപം ഇന്നുവരയില്ല. കുറെ വര്‍ഷം മുമ്പ് ജോയിച്ചായന്‍ പറഞ്ഞതനുസരിച്ചാണങ്കില്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന നിക്ഷേപത്തിനു 130 ശതമാനം സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. അതിനു സ്വീകരിച്ച മാര്‍ഗ്ഗവും അദ്ദേഹം ഈ ലേഖകനോട് വിശദീകരിച്ചു. അത് യാഥാര്‍ത്ഥ്യമാണങ്കില്‍ അതിനെ ബ്രില്യന്റ് എന്നു വിശേഷിപ്പിക്കണം. സമീപകാലത്ത് മുത്തൂറ്റ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച കൈപ്പുസ്ഥകം അനുസരിച്ചാണങ്കില്‍ ഇന്നത് 140 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അത് അന്ന് ഈ ലേഖകനോട് ജോയിച്ചായന്‍ പറഞ്ഞ സ്വര്‍ണ്ണ നിക്ഷേപത്തില്‍ തന്നെ!

മുത്തൂറ്റ് ഗ്രൂപ്പുകള്‍ പൂട്ടിക്കാനുള്ള ശ്രമം നടാടെയല്ല. ഏതാനും ദശകം മുമ്പ് ഈ ഗ്രൂപ്പുകള്‍ പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചു. കോട്ടയത്തു നിന്നും അന്ന് പ്രസിദ്ധീകരണം ഇല്ലാതിരുന്ന കേരളത്തിലെ ഒരു പ്രമുഖ മാദ്ധ്യമമായിരുന്നു ഇതിനു പിമ്പില്‍. അത്തരം ഒരു പ്രചരണം നിക്ഷേപകരെ പരിഭ്രാന്തരാക്കും. അതിൻ്റെ ഫലമായി അവര്‍ കൂട്ടമായി എത്തി നിക്ഷേപങ്ങള്‍ പിന്‍വലിക്കും. അങ്ങിനെ സംഭവിച്ചാല്‍ വമ്പന്‍ ബാങ്കുകള്‍ പോലും പ്രതിസന്ധിയിലാകുകയും അടിപതറുകയും ചെയ്യും. ധനകാര്യ മേഖലയില്‍ ബാങ്ക് റണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനു വഴിമരുന്നിട്ട് മുത്തൂറ്റിനെ തകര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ അതു സംഭവിച്ചില്ല. മൂന്നു ഗ്രൂപ്പുകളുടേയും അന്നത്തെ തലവന്മാര്‍ ചേര്‍ന്ന്, എപ്പോള്‍ വേണമെങ്കിലും അവധി പറയാതെ മുഴുവന്‍ നിക്ഷേപവും മടക്കിത്തരാം എന്ന ഒരൊറ്റ പരസ്യം നല്‍കിയതോടെ ബാങ്ക് റണ്‍ സ്വപ്നം തകര്‍ന്നു. അത് അവര്‍ക്ക് മുകളില്‍ പറഞ്ഞ സ്വര്‍ണ്ണ നിക്ഷേപത്തിൻ്റെ പിന്‍ബലം നല്‍കുന്ന ധൈര്യമായിരിക്കാം.

ജോയിച്ചായൻ്റെമേല്‍ ചൊരിഞ്ഞ അധിഷേപങ്ങളെ മലയാളിക്കു സഹജമായ അസൂയ എന്ന വികാരം മാത്രമായി തള്ളിക്കളയാന്‍ ആവില്ല. അതൊരുതരം അസഹിഷ്ണുത കൂടെയാണ്. ഇതര രണ്ട് മലയാളി ശതകോടീശ്വരന്മാരായ യൂസഫലിയോടും രവി പിള്ളയോടും ഒക്കേ ഇതേ വികാരമാവും മലയാളി വെച്ചുപുലര്‍ത്തുക. പക്ഷേ അവരെ അധിഷേപിച്ചാല്‍ പ്രതികരണം എന്താവുമെന്ന് ആര്‍ക്കും നിശ്ചയമില്ല. പക്ഷേ സൗമ്യനായ ജോയിച്ചായൻ്റെ കാര്യത്തില്‍ അദ്ദേഹത്തില്‍നിന്നും പ്രതികരണം ഉണ്ടാവില്ലന്ന ഉറപ്പാവണം ആ ജീവിതകാലത്തെ അധിക്ഷേപങ്ങള്‍ക്ക് ധൈര്യം പകര്‍ന്നത്.

അനേക തവണ സഭാ മാനേജിംഗ് കമ്മറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗവും പത്തുവര്‍ഷം അവൈദീക ട്രസ്റ്റിയുമായിരുന്നു എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്. 2017-ല്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതിനു ശേഷം അദ്ദേഹത്തിനു വേണമെങ്കില്‍ മാനേജിംഗ് കമ്മറ്റിയില്‍ ഒരു നോമിനേറ്റഡ് അംഗത്വം സംഘടിപ്പിക്കാമായിരുന്നു. അതിനു മുതിരാതെ വീണ്ടും തിരഞ്ഞെടുപ്പു ജയിച്ച് മാനേജിംഗ് കമ്മറ്റിയിലെത്തുകയാണ് ജോയിച്ചായന്‍ ചെയ്തത്. അതാണ് അദ്ദേഹത്തിൻ്റെ മഹത്വം.

ദേവലോകം അരമനയിലേയും പഴയ സെമിനാരിയിലേയും പെരുന്നാളുകള്‍ക്കാണ് മിക്കവാറും ഞങ്ങള്‍ കണ്ടു മുട്ടിയിരുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് സാധാരണ നസ്രാണിയായി പഴയ സെമിനാരിയിലെ മാവിന്‍ചോട്ടില്‍ നില്‍ക്കുന്ന ജോയിച്ചായനാവാം മിക്കവാറും എടാ കുഞ്ഞേ നീ എന്നെ മറന്നുപോയോ എന്ന ചോദ്യവുമായി ഈ ലേഖകനെ സമീപിക്കുന്നത്. കോവിഡ് 19 -ൻ്റെ ലോക്ക്ഡൗണ്‍ വീണതോടെ ഈ ബന്ധം അവസാനിച്ചു.

പക്ഷേ നാലുമാസം മുമ്പ് അപ്രതീക്ഷിതമായി ജോയിച്ചായന്‍ ഈ ലേഖകനെ വിളിച്ചു. ഒന്നര മണിക്കൂറോളം നീണ്ട സംഭാഷണത്തിൻ്റെ ആദ്യഭാഗം കോവിഡ് 19 മൂലം ഉണ്ടാകുന്ന ഭീകാരവസ്ഥയില്‍ എടാ കുഞ്ഞേ നീ സൂക്ഷിക്കണം എന്നാരംഭിച്ച കുറെ സുരക്ഷാ ഉപദേശങ്ങളായിരുന്നു. പിന്നീട് സംഭാഷണം സഭയിലേയ്ക്കും സഭാചരിത്രം പഠിക്കേണ്ടതിൻ്റെ ആവശ്യകതയിലേയ്ക്കും തിരിഞ്ഞു. കൂട്ടത്തില്‍ ഒരു പരിഭവവും പറഞ്ഞു. എടാ കുഞ്ഞേ, നീന്നോട് തേവര്‍വേലില്‍ മത്തായി കത്തനാരുടെ ചരിത്രം ഒന്നു കണ്ടെത്തി തരണമെന്ന് പറഞ്ഞിട്ട് നീ ചെയ്തില്ലല്ലോ? പക്ഷേ അപ്പോഴും അദ്ദേഹം മറ്റൊരു പരിഭവവും പറഞ്ഞില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിൻ്റെ കുടുംബചരിത്രമടക്കമുള്ള കുറെ പ്രസിദ്ധീകരണങ്ങള്‍ അയച്ചു തരികയും ചെയ്തു.

ഇതിന് ഒരു പശ്ചാത്തലമുണ്ട്. ഒരു ദശാബ്ദം മുമ്പ് ഒരിക്കല്‍ ഞങ്ങളുടെ സംസാരമദ്ധ്യേ ജോയിച്ചായൻ്റെ കാരണവന്മാരില്‍ ഒരാളും പ. പരുമല തിരുമേനിയുടെ സമകാലികനുമായ തേവര്‍വേലില്‍ മത്തായി കത്തനാരുമായി ബന്ധപ്പെട്ട ഒരു രേഖയെപ്പറ്റി ഈ ലേഖകന്‍ പരമര്‍ശിച്ചു. അതില്‍ ആവേശഭരിതനായ ജോയിച്ചായന്‍, എടാ കുഞ്ഞേ, തേവര്‍വേലില്‍ മത്തായി കത്തനാരുമായി ബന്ധപ്പെട്ട എല്ലാ രേഖയും കണ്ടെത്തണം. അതിന് എന്തു ചിലവു വന്നാലും ഞാന്‍ വഹിച്ചോളാം. പക്ഷേ സമയദൗര്‍ലഭ്യവും അതിലുമുപരി ഒരു വ്യക്തിയേക്കുറിച്ച് ഗവേഷണം നടത്താനുള്ള വിമുഖതയും കൊണ്ട് ഈ ലേഖകന്‍ ആ വാഗ്ദാനം നിരസിച്ചു. പക്ഷേ പരിഭവം കൂടാതെ അത്രയും കാലത്തിനുശേഷവും ജോയിച്ചായന്‍ അത് ഓര്‍ത്തിരുന്നു. അന്ന് ആ വാഗ്ദാനം സ്വീകരിച്ചിരുന്നു എങ്കില്‍ തേവര്‍വേലില്‍ മത്തായി കത്തനാരുടെ കാലഘട്ടത്തെപ്പറ്റി ജോയിച്ചായൻ്റെ ചിലവില്‍ ഒരു വിശദ ഗവേഷണം നടത്താമായിരുന്നു എന്നതാണ് സത്യം.

നിലവിലുള്ള സ്വഭാവമനുസരിച്ച് വെറുമൊരു അത്മായ പ്രമുഖനായ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ് സഭാചരിത്രത്തില്‍ തമസ്‌ക്കരിക്കപ്പെട്ടാക്കാം. പക്ഷേ സഭയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും സംഭാവനകളും എക്കാലവും മൂടിവെക്കാനാവില്ല. ‘Dream, Dream Dream. Dreams transform into thoughts and thoughts result in action.’എന്നു പ്രഖ്യാപിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്നില്ല. പ. സഭയെപ്പറ്റി നല്ല നാളകള്‍ സ്വപ്നം കണ്ട ജോയിച്ചായനും കടന്നുപോയി.

ഡോ. എം. കുര്യന്‍ തോമസ്

Facebook
error: Thank you for visiting : www.ovsonline.in