OVS-Kerala News

അറത്തില്‍ പെരുന്നാള്‍ : യൂത്ത് എെക്കൺ അവാർഡ് വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു

പന്തളം ¤ അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മാഹാഇടവക പള്ളി പെരുന്നാളിനോടനുബന്ധിച്ചു പള്ളി യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ യൂത്ത് എെക്കൺ അവാർഡ് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്കു ഡോ.ഏബ്രഹാം മാർ സെറാഫിം സമ്മാനിച്ചു.

കാഴ്ച വൈകല്യത്തെ സാധനയും കഠിനാധ്വാനവും കൊണ്ടു മറികടന്നു ഉയരങ്ങളിൽ എത്തിയ വിജയലക്ഷ്മി യുവജനതയ്ക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവജന പ്രസ്ഥാനം, തിരുവനന്തപുരം ആർസിസിയിലെ രോഗികൾക്ക് ആശ്വാസം പകരുന്നതിനായുള്ള ജീവകാരുണ്യ ധനസമാഹരണ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

തനിക്കു ലഭിച്ച അവാർഡ് തുകയായ 10,000 രൂപ ഈ സഹായനിധിയിലേക്കു സംഭാവന ചെയ്തു വിജയലക്ഷ്മി മാതൃകയായി. ജോൺ ഡാനിയൽ കോറെപ്പിസ്കോപ്പ, ജേക്കബ് ജോൺസ് കോറെപ്പിസ്കോപ്പ, റവ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, റവ. ഡോ. ഷാജി പി. ജോൺ, ഫാ. എ.ഡി. കുര്യാക്കോസ്, ഫാ. ജിബു ഫിലിപ്, വർഗീസ് ഡാനിയൽ, റോബിൻ രാജു, ജിബിൻ ബേബി എന്നിവർ പ്രസംഗിച്ചു.