Departed Spiritual FathersOVS - Articles

മാർ അപ്രേം ; പരിശുദ്ധാത്മാവിന്റെ കിന്നരം (Mar Ephrem; Harp of the Holy Spirit)

ക്രൈസ്തവ സഭാപിതാക്കൻമാരിൽ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനും കവിയുമായിരുന്നു വിശുദ്ധ അപ്രേം. സിറിയാക്കാരൻ അപ്രേം (Ephrem the Syrian) എന്ന പേരിലും അദ്ദേഹത്തെ അറിയപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ വീണ’, ‘സുറിയാനിക്കാരുടെ പ്രവാചകൻ’, ‘മഹാഗുരു’, ‘വിജ്ഞാനദീപിക’, ‘സഭസ്തംഭം’ ഇത്യാദി ശ്രേഷ്ഠനാമങ്ങളിൽ മാർ അപ്രേമിനെ ആദരിക്കുന്നു.

തുർക്കിയിലെ നിസിബിസ് എന്ന സ്ഥലത്ത് ആയിരുന്നു മാർ അപ്രേമിന്റെ ജനനം. പുരാതന കാലത്ത് അതിപ്രസിദ്ധമായ ഒരു വ്യാപാര കേന്ദ്രം കൂടിയായിരുന്നു നിസിബിസ് പട്ടണം. യുദ്ധതന്ത്രപരമായും അതിനു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. തന്മിത്തം; ഈ നഗരത്തിൻമേൽ ആധിപത്യം ഉറപ്പിക്കുവാൻ സമീപസ്ഥരായ റോമാക്കാരും പേർഷ്യകാരും തമ്മിൽ യുദ്ധങ്ങൾ ഉണ്ടാവുകയും ആധിപത്യം മാറുകയും ചെയ്തിരുന്നു. അപ്രേമിന്റെ കാലത്തു റോമാക്കാരുടെ കൈവശമായിരുന്നു നിസിബിസ്.

അപ്രേം ജനിച്ചത് റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയിനിന്റെ കാലത്തും, ക്രിസ്തുവർഷം 306 ൽ ആയിരിക്കാം എന്ന് കരുതുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അക്രൈസ്തവരായിരുന്നു എന്നു ചില ചരിത്രകാരൻമാരുടെ വാദത്തിന്മേൽ സുറിയാനി ചരിത്രത്തിൽ കാണുന്നുണ്ട്. എന്നാൽ അതു ശരിയല്ല എന്നും മാതാപിതാക്കന്മാർ രണ്ടുപേരും ക്രൈസ്തവരായിരുന്നു എന്നും അപ്രേമിന്റെതന്നെ വാക്കുകളിൽനിന്നു മനസ്സിലാക്കുവാൻ സാധിക്കുന്നു. ‘കന്യാത്വത്തെക്കുറിച്ച്’ അപ്രേം എഴുതിയ ഗാനസമുച്ചയത്തിൽ ഇപ്രകാരം കാണുന്നു. ‘നിന്റെ സത്യം ചെറുപ്പത്തിൽ എന്നോടുകൂടെ ഉണ്ടായിരുന്നു; വാർദ്ധക്യത്തിലും അതെന്നോടുകൂടെയുണ്ട്.’ അപ്രേമിന്റെ ഒരു ആത്മാവിഷ്ക്കരണം ( Confession) ഗ്രീക്കു വിവർത്തനത്തിലൂടെ നമുക്കും ലഭിച്ചിട്ടുണ്ട്. അതിൽ അദ്ദേഹത്തിന്റെ മാതാപിതാക്കന്മാരെക്കുറിച്ചു പറയുന്നു: “എന്റെ മാതാപിതാക്കന്മാർ ചെറുപ്പത്തിൽത്തന്നെ മിശിഹായേക്കുറിച്ച് എന്നെ പഠിപ്പിച്ചു. എന്റെ മാതാപിതാക്കന്മാർ ന്യായാധിപസമക്ഷം വിശ്വാസപ്രഖ്യാപനം ചെയ്തവരാണ്. അതേ, അവർ രക്തസാക്ഷികളോടു ബന്ധപ്പെട്ടവരാണ്. ” അപ്രേമിന്റെ പിതാവിന്റെ പേരും യൗസേപ്പ് എന്നാണെന്ന് ഒരു ചരിത്ര ഗ്രന്ഥത്തിൽ കാണുവാൻ സാധിക്കുന്നത്.

അപ്രേം പതിനെട്ടാമത്തെ വയസ്സിലാണ് മാമ്മോദീസാ സ്വീകരിച്ചത്. അക്കാലഘട്ടത്തിൽ സാധാരണമായി മാമ്മോദീസാ നല്കിയിരുന്നത്, പ്രായപൂർത്തിയായ ശേഷം ക്രൈസ്തവ വിശ്വാസസത്യങ്ങൾ പഠിച്ചതിനുശേഷമായിരുന്നു നിസിബിസിലെ മെത്രാപ്പൊലീത്തായായിരുന്ന മാർ യാക്കോബിന്റെ ഭവനത്തിൽ താമസിച്ചുകൊണ്ട് അപ്രേം മതതത്ത്വങ്ങൾ പഠിക്കുകയും അദ്ദേഹത്തിൽനിന്നുതന്നെ മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു. മാമ്മോദീസായോടൊപ്പം മാർ യാക്കോബ് അപ്രേമിന് ശെമ്മാശൻ പദവി കൊടുത്തു എന്ന് കരുതപ്പെടുന്നു.

അപ്രേമിന്റെ ബുദ്ധിസാമർത്ഥ്യവും സുകൃതനിഷ്ഠയും മനസ്സിലാക്കിയ മാർ യാക്കോബ് അദ്ദേഹം തന്റെ സ്വന്തം കൈ പണിയാൽ സ്ഥാപിച്ച നിസിബിയൻ സ്കൂളിലേയ്ക്ക് അവനെ അയച്ചു വിദ്യഭ്യാസം കൂടുതലായി അഭ്യസിപ്പിച്ചു. ദൈവത്തിന്റെ കൃപയാൽ മാർ അപ്രേം പഠനത്തിൽ അതിവേഗം പുരോഗമിക്കുകയും, അചിരേണ അതിപ്രഗത്ഭരായ അധ്യാപകരിലൊരാളായി ഉയരുകയും ചെയ്തു. വേദപുസ്തകം പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക, പ്രചാരത്തിലിരിക്കുന്ന പാഷണ്ഡതകൾക്കെതിരേ പോരാടുക ഇവ രണ്ടുമായിരുന്നു സ്കൂളിൻറെ പ്രധാനമായ പ്രവർത്തനങ്ങൾ. അദ്ധ്യപനത്തോടൊപ്പം തന്നെ കവിതകൾ രചിക്കുന്നതിൽ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. നല്ലൊരു ഭാഷാപണ്ഡിതനും കവിയുമായിരുന്ന അപ്രേം ആരാധനക്രമങ്ങൾക്കുവേണ്ടിയാണ് ഗാനങ്ങൾ മിക്കവയും രചിച്ചത്. പേർഷ്യൻ ചക്രവർത്തിയായ ഷപൂർ നിസിബിസിനെതിരെ നടത്തിയ മൂന്നാക്രമണങ്ങളെയും ചെറുത്തു തോല്പിക്കുവാൻ അപ്രേമിന്റെ പ്രോത്സാഹനം ജനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. പരിശുദ്ധത്രിത്വം, ദിവ്യരക്ഷകൻ, വി. കുർബാന, പരിശുദ്ധ ജനനി, പത്രോസിന്റെ പരമാധികാരം, മാമോദീസാ, ശുദ്ധീകരണസ്ഥലം മുതലായ വിഷയങ്ങളെകുറിച്ച് എല്ലാം അദ്ദേഹം പ്രതിപാദിക്കുന്നു. വിശുദ്ധ കുർബാനയും പരിശുദ്ധ കന്യകയും ആണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രിയങ്കരമായ വിഷയങ്ങൾ. ഇവ രണ്ടിനെയും കുറിച്ച് മിക്ക ഗാനങ്ങളിലും സന്ദർഭം ഉണ്ടാക്കി പ്രതിപാദിക്കുന്നത് കാണുവാൻ സാധിക്കുന്നു. ‘മരിയൻ വേദശാസ്ത്രജ്ഞൻ’ എന്ന അപരനാമം ലഭിക്കത്തക്കവിധം പരിശുദ്ധകന്യകയെക്കുറിച്ചു അത്രയധികം അദ്ദേഹം എഴുതിയിട്ടുണ്ട്. ദൈവ ജനനിയുടെ അമലോദ്ഭവത്തെക്കുറിച്ചുള്ള പ്രസ്താവന പ്രഥമത: നാം കാണുന്നത് അപ്രേമിന്റെ കൃതിയായ ‘നിസ്സിബിയൻ ഗാനങ്ങളിലാണ്’. “എന്റെ കർത്താവേ, നിന്നിലൊരു കളങ്കവുമില്ല; നിന്റെ അമ്മയിൽ ഒരു മാലിന്യവുമില്ല” എന്നതാണു ചരിത്രപ്രസിദ്ധമായ ആ വാക്യം. മാർ അപ്രേം ഗദ്യത്തിലും പദ്യത്തിലും കൃതികൾ രചിച്ചിട്ടുണ്ട്. ഗാനങ്ങളായിത്തന്നെ മുപ്പത് ലക്ഷത്തിലധികം ശ്ലോകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. കയ്യെഴുത്തുപ്രതികളിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ കൃതികളിൽ പലതും നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അപ്രമിന്റെ കൃതികളുടെ ഒരു സവിശേഷത അവയിലുള്ള വേദപുസ്തകപരാമർശനങ്ങളുടെ ബഹുലതയാണ്. വേദപുസ്തകം മുഴുവൻ അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു. വേദപുസ്തക പരമായ പല സംഭവങ്ങളും അദ്ദേഹം തന്റെ കൃതികളിലൂടെ പരമാർശിക്കുന്നുണ്ട്. കരകാണാത്ത സമുദ്രത്തിന്റെ വ്യപ്തിയോട് മാർ അപ്രേമിന്റെ കൃതികളെ ഉപമിക്കുവാൻ സാധിക്കുന്നു.

ഏ.ഡി. 363-ൽ നിസിബിസിനെ പേർഷ്യക്കു കൈമാറാൻ നിർബ്ബന്ധിതനായ റോമാ ചക്രവർത്തി ജൂലിയൻ നഗരത്തിലെ ക്രിസ്ത്യാനികളോട് അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടു. ക്രൂരമായ മതപീഡനം ഉണ്ടാകുമെന്നു ഭയപ്പെട്ട് നിസിബിസിലെ ക്രൈസ്തവർ റോമൻ പ്രവിശ്യകളിൽ അഭയം തേടി. അപ്രേം നിസിബിസിലെ സഹപ്രവർത്തകരോടും ശിഷ്യന്മാരോടുമൊത്തും എദേസയിലെത്തി. തുടർന്നുള്ള അപ്രേമിന്റെ പത്തുവർഷത്തെ സജീവപ്രവർത്തനങ്ങൾ ഈ പട്ടണത്തിലായിരുന്നു. എദേസൻ കുന്നിലെ താപസൻമാരുടെ സഹായത്തോടു കൂടി ഏകാന്തവാസത്തിനും ഒരു സ്ഥലം അദ്ദേഹം കണ്ടെത്തി. പ്രാർത്ഥനയിലും സങ്കീർത്തനത്തിലും ജീവിതം തള്ളിനീക്കുന്ന അനേകം വലിയ സന്യാസിമാരെ അദ്ദേഹം ഇവിടെ കണ്ടു. വി. ഗ്രന്ഥങ്ങൾ പഠിക്കുന്നതിനും വ്യാഖ്യാനങ്ങൾ എഴുതുന്നതിനും വേണ്ടി ഒരു വിദ്യാപീഠം അദ്ദേഹം എദേസയിൽ സ്ഥാപിച്ചു. ധാരാളം യൗവനക്കാരായ യുവാക്കൾ അദ്ദേഹത്തിനൊപ്പം ചേർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. അപ്രേം ഏകാന്തവാസം ഇഷ്ടപ്പെട്ടിരുന്നെങ്കിലും ജനങ്ങളുടെ ആധ്യാത്മിക ജീവിത കാര്യങ്ങൾ നിറവേറ്റുന്നതിനായി കർമ്മനിരതനായി രംഗത്തിറങ്ങുമായിരുന്നു. ജനങ്ങളുടെ ഇടയിൽ ഏദോസിലെ ശെമ്മാശൻ എന്നും അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലും, സാന്നിധ്യവും പ്രോത്സാഹനവും ഏതു പ്രതിസന്ധിയെയും ചെറുത്തു നിൽക്കുന്നതിന് അവർക്ക് ധൈര്യം നൽകി. ക്രൈസ്തവ വിശ്വാസത്തിൻ നിഴലിൽ ഉറച്ചുനില്ക്കുവാൻ വിശ്വാസികൾക്കു അദ്ദേഹം ശക്തി നല്കിയിരുന്നു. ആരിയൂസിന്റെ പാഷണ്ഡതയെ അംഗീകരിച്ചിരുന്ന വാലൻ്റസ് ചക്രവർത്തി എദേസയുടെ നേർക്കും ഉപരോധം ഏപ്പെടുത്തിയപ്പോൾ അദ്ദേഹത്തിനെതിരേ ചെറുത്ത് നില്ക്കുവാൻ വൈദികർക്കും വിശ്വാസികൾക്കും അപ്രേം പ്രചോദനം നൽകി.

മാർ അപ്രേം ഏറ്റവും ചെറിയവനും ഏറ്റവും മോശക്കാരനുമായി തന്നെ സ്വയം കണക്കാക്കിയിരുന്നു. മഹത്തായ സന്യാസിമാരുടെ ജീവിതം ദർശിക്കുവാൻ അദ്ദേഹം ഈജിപ്തിലേക്ക് പോയി. അവിടെ അദ്ദേഹത്തെ സ്വാഗത അതിഥിയായി സ്വീകരിക്കുകയും അവരുമായി സംഭാഷണത്തിൽ നിന്ന് വലിയ ആശ്വാസം കണ്ടത്തുകയും ചെയ്തു. മടക്കയാത്രയിൽ അദ്ദേഹം വിശുദ്ധ ബസ്സേലിയോസിനെ കപ്പഡോഷ്യയിലെ സിസേറിയയിൽ സന്ദർശിച്ചു. അദ്ദേഹത്തെ ഒരു പുരോഹിതനായി അഭിഷേകം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു, എന്നാൽ താൻ പൗരോഹിത്യത്തിന് യോഗ്യനല്ലെന്ന് അപ്രേം സ്വയം വിലയിരുത്തി ബസേലിയോസിനെ തന്റെ അഭിപ്രായം ബോധിപ്പിച്ചു. മരണം വരെയും മാർ അപ്രേം ശെമ്മാശനായി തന്നെ തുടർന്നു.

എദേസയിൽ സമാധാനം പുനഃസ്ഥാപിതമായപ്പോൾ അപ്രേം ഏകാന്തവാസത്തിനായി വീണ്ടും തന്റെ കുടിലിലേക്കു പോയി എന്ന് പറയപ്പെടുന്നു. എന്നാൽ അധികംനാൾ കഴിയുന്നതിനു മുൻപ് എദേസയിലുണ്ടായ അത്യുഗ്രമായ ക്ഷാമവും തുടർന്നുവന്ന രോഗബാധകളും ഏകാന്തതയിൽ കഴിയുവാൻ അദ്ദേഹത്തെ അനുവദിച്ചില്ല. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അപ്രേം രംഗത്തിറങ്ങി. ആവശ്യത്തിലധികം ധാന്യങ്ങൾ സൂക്ഷിച്ചുവച്ചിരുന്ന ധനികരുടെ അറകൾ അദ്ദേഹം തുറപ്പിച്ചു. രോഗികളെ ശുശ്രൂഷാസ്ഥലങ്ങളിൽ എത്തിക്കാനും മരിക്കുന്നവരെ ശവസംസ്കാരകകേന്ദ്രങ്ങളിൽ കൊണ്ടുപോകുന്നതിനുമായി മുന്നുറോളം മഞ്ചലുകൾ ഉണ്ടാക്കി പ്പിച്ചു. ഈ പ്രവർത്തനങ്ങൾ സമീപപ്രദേശങ്ങളിലേയ്ക്കും അദ്ദേഹം വ്യാപിപ്പിക്കുകയുണ്ടായി.

 ഏതാനും വർഷങ്ങൾക്ക് ശേഷം രാജ്യത്തിൽ വ്യാപിച്ചിരുന്ന രോഗ ബാധകൾ നീങ്ങുകയും ക്ഷാമത്തിൻറ കെടുതികൾ കുറഞ്ഞ് സമൃദ്ധിയുടെ കാലം ആരംഭിക്കുകയും ചെയ്യുന്നതു കണ്ടതോടെ അപ്രേം എദേസൻ കുന്നിലുള്ള തന്റെ വാസസ്ഥലത്തേയ്ക്കു തിരികെപ്പോയി. എന്നാൽ അവിടെ ഏറെനാൾ താമസിക്കുവാൻ ആരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല. തന്റെ അവസാന നാളുകൾ ആഗതമായി എന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ ശിഷ്യന്മാർക്കു ഉപദേശം നല്കുന്നതിനും തന്റെ സത്യവിശ്വാസം പ്രഖ്യാപിക്കുന്നതിനുമായി മരണപത്രിക എഴുതിയെന്നും ‘സുറിയാനി ജീവചരിത്രത്തിൽ’ കാണുന്നു. തന്നെ സന്ദർശിക്കാൻ വന്ന എല്ലാവർക്കുവേണ്ടിയും അദ്ദേഹം പ്രാത്ഥിക്കുകയും അവരുടെ തലയിൽ കൈവച്ച് ആശീർവ്വദിക്കുകയും ചെയ്തു. മരണത്തിന് മുമ്പ് തന്നെ തന്റെ ശിഷ്യൻമാരോട് സംസ്കാര ചടങ്ങ് എപ്രകാരമായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു “

അവ ഇപ്രകാരമാണ് : “എന്നെ വിശുദ്ധ അൽത്താരയ്ക്ക് കീഴിൽ വയ്ക്കരുത്. എന്നെപ്പോലെ അശുദ്ധനായവന് വിശുദ്ധ സ്ഥലത്ത് കടക്കുവാൻ യോഗ്യതയില്ല. എന്നെ വിശുദ്ധ ദേവാലയത്തിന് അകത്ത് അടക്കരുത്. ആ മഹത്വത്തിന് ഞാൻ യോഗ്യനല്ല… സ്വയം അഭിമാനം പുലർത്താൻ കഴിയാത്തവന് എന്ത് ബഹുമതി ? ഞാൻ അപരിചിതരുടെ കൂടെ കിടക്കണമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാരണം അവരെ പോലെ ഞാനും ഈ ലോകത്തിൽ ഒരപരിചിതനാണ്. അവരുടെ ഇടയിൽ മാത്രം എന്നെ കുഴിച്ചിടുക. അനുതപിച്ച ഹൃദയങ്ങളിൽ കിടക്കുന്ന സ്ഥലത്ത് എന്നെ സംസ്കരിച്ചാലും”

ഏ ഡി 373 ജൂൺ 9-ാം തീയതി 67മത്തെ വയസിൽ മാർ അപ്രേം തന്റെ ആത്മാവിനെ ദൈവത്തിന് സമർപ്പിച്ചു. മാർ അപ്രേമിന്റെ ശരീരം അദ്ദേഹത്തിന്റെ അന്ത്യ അഭിലാഷമനുസരിച്ച് ആഡംബരമൊന്നും കൂടാതെ സ്വന്തം വസ്ത്രങ്ങളിൽ തന്നെ പരദേശികൾക്കായുള്ള ശ്മശാനത്തിൽ സംസ്ക്കരിച്ചു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം എദേസനിവാസികൾ തങ്ങളുടെ അത്മീയ ഗുരുവിന്റെ ശരീരവശിഷ്ടങ്ങൾ അവിടെനിന്നു മാറ്റി എദേസൻകുന്നിലുള്ള വി. സർഗീസിന്റെ ദൈവാലയത്തിൽ മെത്രാപ്പോലീത്താമാർക്കായി തിരിച്ചിട്ടുള്ള സ്ഥലത്തു കബറടക്കി.

എഴുതിയത്,

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

അവലംബം :

1.ജോൺ ഹീലി: “സിറിയക്കാരനായ എഫ്രയീം മുതൽ നിനെവേയിലെ ഐസക്ക് വരെയുള്ള കിഴക്കൻ ആത്മീയത”