OVS - Latest NewsOVS-Kerala News

പരി. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു

കോട്ടയം:- മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് പിതാവിന്റെ ഓർമപ്പെരുന്നാൾ കോട്ടയം പഴയ സെമിനാരിയിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പെരുന്നാൾ ചടങ്ങുകൾക്ക് പരിശുദ്ധ കാതോലിക്കാ ബാവയും അഭിവന്ദ്യ പിതാക്കന്മാരും കാർമ്മികത്വം വഹിച്ചു. ഇന്നലെ (ഫെബ് 24) വൈകിട്ട് സന്ധ്യനമസ്ക്കാരത്തെ തുടർന്ന് വിവിധ ഭദ്രാസനങ്ങളിൽ നിന്നും തീർത്ഥാടകർ ആയി എത്തിയവരെ സെമിനാരി മാനേജറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അഭി. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗം നടത്തി. തുടർന്ന് വിശ്വാസികൾക്ക് ശ്ലൈഹീക വാഴ്‌വും നൽകി.

ഇന്ന് (ഫെബ് 25) നടന്ന വി. മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യ കർമികത്വം വഹിച്ചു. അഭി. ഗീവർഗീസ് മാർ ബർണ്ണബാസ്, അഭി. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമ്മികർ ആയിരുന്നു. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. നല്ല സുവിശേഷത്തിന്റെ പ്രതിഫലനം ജീവിതത്തിൽ പകർത്തിയ വിശുദ്ധൻ ആയിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി. അലംഘനീയമായ ദൈവനീതി കരുണാ പൂർണ്ണമെന്ന് മനസ്സിലാക്കി സന്തോഷപൂർവം ജീവിതത്തിൽ സ്വീകരിച്ച മഹദ് വ്യക്തിത്വം ആയിരുന്നു പരിശുദ്ധ പിതാവ് എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തി. പെരുന്നാൾ ചടങ്ങുകൾക്കു എത്തിയ തീർത്ഥാടകർക്ക് നേർച്ച ക്രമീകരിച്ചു.