OVS - Latest NewsOVS-Kerala News

മൂന്നാം മാർത്തോമ്മായുടെ ഓർമ്മപ്പെരുന്നാൾ 162 വർഷത്തിനു ശേഷം കാർത്തികപ്പള്ളി പള്ളിയിൽ പുനരാരംഭിക്കുന്നു

 കാർത്തികപ്പള്ളി:-അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കാർത്തികപ്പള്ളി കോട്ടക്കകത്ത് സുറിയാനി പള്ളി കേന്ദ്രീകരിച്ചു മലങ്കര സഭയുടെ ഭരണം നിർവഹിച്ച പരിശുദ്ധ മൂന്നാം മാർത്തോമ്മായുടെ ഓർമ്മപ്പെരുന്നാൾ 162 വർഷത്തിനിശേഷം ഏപ്രിൽ 24ന് കാർത്തികപ്പള്ളി സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ പുനരാരംഭിക്കുന്നു. രാവിലെ 7 മണിക്ക് പ്രഭാതനമസ്ക്കാരവും അതിനെ തുടർന്നു മലങ്കര ഓർത്തഡോൿസ്‌ സഭയുടെ വൈദീക ട്രസ്റ്റി റവ. ഫാ. ജോൺസ് എബ്രഹാം കോനാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന. 1686 മുതൽ 1688 വരെ മലങ്കര സഭയുടെ തലവനായിരുന്ന മൂന്നാം മാർത്തോമ്മായുടെ ഓർമ്മ 1854 വരെ എല്ലാ വർഷവും കാർത്തികപ്പള്ളി കത്തീഡ്രലിൽ നടത്തി വന്നിരുന്നു. എന്നാൽ നവീകരണ ആശയത്തിന്റെ കാലത്ത് ഓർമ്മപ്പെരുന്നാൾ നിർത്തലാക്കിയതായിട്ടാണ് ചരിത്രം. പള്ളിക്കുള്ളിൽ മേട സ്ഥാപിച്ചിരിക്കുന്ന ദേവാലയം എന്നാ പ്രത്യേകതയും കാർത്തികപ്പള്ളി കത്തീഡ്രലിനുണ്ട്. വിശ്വാസികൾ ചേർന്ന് നിർമ്മിച്ച മൂന്നാം മാർത്തോമ്മായുടെ രൂപം ഇന്നും മേടക്ക് മുൻപിൽ സൂക്ഷിച്ചിരിക്കുന്നു. കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ അഭ്യർത്ഥനപ്രകാരം പൊതുയോഗമാണ് പെരുന്നാൾ പുനരാരംഭിക്കാൻ തിരുമാനിച്ചത്.