OVS - Latest NewsOVS-Pravasi News

സുവര്‍ണ്ണ ജൂബിലി നിറവില്‍ ദുബായ് കത്തീഡ്രല്‍ ; ഗള്‍ഫില്‍ പ്രബല സാന്നിധ്യമറിയിച്ചു ഓർത്തോഡോക്‌സ് സഭ

യു.എ.ഇ : ദുബായ്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ഒന്നിന് തുടങ്ങും.രാവിലെ ഏഴിനു പ്രഭാത നമസ്കാരത്തെ തുടർന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, മുൻ വികാരി സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പ എന്നിവർ സഹകാർമികത്വം വഹിക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം വൈകിട്ട് 4.30ന് ആരംഭിക്കും. ആറിന് വിശിഷ്ടാതിഥികളെ മുഖ്യ കവാടത്തിൽ സ്വീകരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് അധ്യക്ഷത വഹിക്കും.

യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി മുഖ്യാതിഥിയാകും. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസംഗിക്കും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ജനറൽ കൺവീനർ ടി.സി. ജോർജ്, ഇടവക ട്രസ്റ്റി മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജോയിന്റ് ജനറൽ കൺവീനർമാരായ ജോസ് ജോൺ, പി.കെ. ചാക്കോ എന്നിവർ അറിയിച്ചു. ഫോൺ: 04 337 11 22.

ഇടവകയിൽ 3000 കുടുംബങ്ങൾ

നിലവിൽ ഇടവകയിൽ 3000 കുടുംബങ്ങളുണ്ടെന്നു വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം അറിയിച്ചു. തുടക്കം മുതൽ എല്ലാ കാരുണ്യ പ്രവർത്തനങ്ങളിലും ഇടവക സജീവമായി ഇടപെടുന്നു. ഷാർജ സെന്റ് ഗ്രിഗോറിയോസ് ദേവാലയം, റാസൽഖൈമ സെന്റ് മേരീസ് ദേവാലയം, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ദേവാലയം എന്നിവയുടെ മാതൃ ഇടവകയാണിത്.

ചെറുകൂട്ടായ്മയോടെ വലിയ തുടക്കം

നാലു കുടുംബങ്ങളുമായി 1958ൽ ആരംഭിച്ച കൂട്ടായ്മ 1968ൽ 35 അംഗങ്ങൾ ചേർന്നു സെന്റ് തോമസ് ഓർത്തഡോക്സ് അസോസിയേഷൻ എന്ന കോൺഗ്രിഗേഷനായി. ഫാ. കെ.കെ.പുന്നൂസ് ആയിരുന്നു ആദ്യ വികാരി. ഇദ്ദേഹമാണ് പിന്നീട് കൊൽക്കത്ത ഭദ്രാസനാധിപനായ സ്തേഫാനോസ് മാർ തേവോദോസിയോസ്. 1969ൽ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ കൂറിലോസ് (പിൽക്കാലത്തു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ) അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ച ഇടവകയുടെ വളർച്ചയിൽ നിർണായകമായി.

1972 മേയിൽ അന്നത്തെ ബാഹ്യ കേരള ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ അത്തനാസിയോസ് (പിൽക്കാലത്തു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ) ദുബായ് ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്ന് ദേവാലയം നിർമിക്കാൻ സബീൽ ഈസ്റ്റിൽ 68000 ചതുരശ്ര അടി സ്ഥലം സൗജന്യമായി നൽകി.