OVS - ArticlesOVS - Latest News

മാര്‍ ഈവാനിയോസിൻ്റെ “പുനരൈക്യം”

പൗരസ്ത്യ സഭകളില്‍ നിന്നും റോമന്‍ കത്തോലിക്ക സഭയിലേക്ക് പോകുന്ന വിമതരായ പുരോഹിതരുടെ ചുവടുമാറ്റത്തെ ‘പുനരൈക്യം” എന്ന മഹത്തായ പദം കൊണ്ട് വര്‍ണിക്കുന്നതിലെ യുക്തിരാഹിത്യം ആണ് നമ്മള്‍ ഇതുവരെ പരിശോധിച്ചത്. തികച്ചും ഭാഗ്യാന്വേഷികളായ ഇത്തരക്കാരുടെ കാലുമാറ്റത്തെ പുനരൈക്യം എന്ന പേര് ചാര്‍ത്തി ലഘൂകരിക്കുന്നത് ചരിത്ര സത്യങ്ങളോടുള്ള അവഹേളനമായിട്ടേ കരുതാന്‍ സാധിക്കൂ.

മലങ്കര കത്തോലിക്ക സഭയിലെ ചരിത്രകാരന്മാര്‍ എന്നാല്‍ മാര്‍ ഈവാനിയോസിൻ്റെ ചുവടുമാറ്റത്തേ അതിമഹത്തായ ഒരു ചരിത്രസംഭവമായിട്ടാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

റോമാ സഭയിലേക്കുള്ള ചുവടുമാറ്റത്തെ ചരിത്ര സംഭവമായും അപ്രകാരം ഒരു അവസരം സാദ്ധ്യമാക്കിയത് ഈവാനിയോസ് മെത്രാൻ്റെ അതിവൈദഗ്ദ്യവും വൈഭവവും പരിജ്ഞാനവും കൊണ്ടാണെന്നൊക്കെ വിവരിച്ച് വളരെ അതിശയോക്തിപരമായി ഇതിനെ അവതരിപ്പിക്കാനാണ് മലങ്കര കത്തോലിക്ക സഭയുടെ ചരിത്രകാരന്മാര്‍ എപ്പോളും ശ്രമിച്ചിട്ടുള്ളത്.

എന്നാല്‍ എന്തെങ്കിലും ചരിത്രപരമായ പ്രാധാന്യം ഉള്ള ഒന്നാണോ ഇത്. നമുക്ക് പരിശോധിക്കാം. റോമാ സഭയിലേക്ക് ഒരു പൗരസ്ത്യ അപോസ്തോലിക സഭയിലെ പുരോഹിതന്‍ ചുവടു മാറ്റുന്നതും അപ്രകാരം ഒരു റീത്ത് സ്ഥാപിക്കപ്പെടുന്നതുമായ പ്രക്രിയയെ യൂണിയേറ്റിസം എന്നാണ് വിളിക്കുക. ഇപ്രകാരം ഒരു റീത്ത് സ്ഥാപിക്കുന്നതിന് വലിയ വൈദഗ്ദ്യമോ പരിജ്ഞാനമോ യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ ?

ഇല്ല എന്നാണ് ചരിത്രം പറയുന്നത്. റോമന്‍ പോപ്പിൻ്റെ ‘പൊതുതലവന്‍’ തലവന്‍ എന്ന അവകാശവാദം അംഗീകരിക്കുകയും തങ്ങള്‍ ഇത് അംഗീകരിച്ചു എന്ന് റോമിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്താല്‍ മാത്രം മതിയാകും ഒരു യൂണിയേറ്റ് റീത്ത് സ്ഥാപിച്ചെടുക്കാന്‍. 1921-ല്‍ ക്നാനായ യാക്കോബായ സഭയുടെ ഒറ്റത്തൈക്കല്‍ തോമാക്കത്തനാര്‍ ഈ സംഭവം ഭാഗീകമായി സാദ്ധ്യമാക്കിയതുമാണ്. അടിസ്ഥാന വിദ്യാഭ്യാസവും അറിവും മാത്രവുമുള്ള ഒരു സാധാരണ വൈദീകന്‍ 1921-ല്‍ സാദ്ധ്യമാക്കിയ ഒന്നാണിത് എന്ന യാഥാര്‍ത്ഥ്യം നാം പരിശോധിച്ചാല്‍ ഒരു റീത്ത് സ്ഥാപനത്തെ ചരിത്ര സംഭവമായി പര്‍വതീകരിച്ചു കാണിക്കുന്നത് എത്രയോ ബാലിശമായ സംഗതിയാണെന്ന് മനസിലാകും.

1921-ല്‍ തന്നെ ഈ റീത്ത് ഭാഗീകമായി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മാര്‍ ഈവാനിയോസ് അതിൻ്റെ കൂടെ ഒരു ഹയറാര്‍ക്കി കൂടെ സ്ഥാപിച്ചെടുത്തു എന്നു മാത്രം. എന്തിനായിരുന്നു ഈ ഹയറാര്‍ക്കി സ്ഥാപനം?. പ്രത്യേകം ഹയറാര്‍ക്കി ഇല്ലാതെ തന്നെ സീറോ മലബാര്‍ സഭയില്‍ ചേര്‍ന്ന് പാശ്ചാത്യ സുറിയാനി ക്രമം പിന്തുടരുന്നു കൊണ്ട് തന്നെ ഒരു പ്രത്യേക റീത്തായി നില്‍ക്കാന്‍ സാധിക്കും എന്നിരിക്കെ ഒരു ഹയറാര്‍ക്കി തന്നെ വേണം എന്ന് വാശിപിടിച്ചത് അധികാരമോഹം എന്നല്ലാതെ എന്ത് പറയാന്‍. മലങ്കര സഭാ ചരിത്രത്തില്‍ ഒരു പിളര്‍പ്പു കൂടെ സൃഷ്ടിച്ച് ഒരു സഭ കൂടെ സ്ഥാപിതമാവാന്‍ പ്രയത്നിച്ച മാര്‍ ഈവാനിയോസിനെ സഭൈക്യത്തിൻ്റെ അംബാസഡറായി മലങ്കര കത്തോലിക്കര്‍ ഉയര്‍ത്തിക്കാട്ടുന്നതിനെ എന്തിനോട് ഉപമിക്കണം എന്നത് വായനക്കാരുടെ യുക്തിക്ക് വിടുന്നു.

കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info

മാര്‍ ഈവാനിയോസും മലങ്കര സഭയും