മലങ്കര സഭയും, ബഥനിയുടെ മാര്‍ ഈവാനിയോസും, റോമാ “പുനരൈക്യവും”

ആമുഖം:

ഇരുപതാം നൂറ്റാണ്ടിൻ്റെ മൂന്നാം ദശകത്തിൻ്റെ അവസാനം രൂപം കൊള്ളുകയും നാല് പതിറ്റാണ്ടോളം മലങ്കരയിലെ സ്തുതി ചൊവ്വാക്കപെട്ടവരുടെയും, തെക്കൻ തിരുവിതാംകൂറിലെ അക്രൈസ്തവരുടെയും ഇടയിൽ അവർക്കു ഭൗതിക സൗകര്യങ്ങൾ നൽകി വളർത്തിയെടുക്കുകയും ചെയ്ത സിറോ മലങ്കര റീത്ത് പ്രസ്ഥനത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലങ്കര സഭക്ക് നിശ്ശേഷം ഭയമില്ല. പക്ഷെ ‘പുനരൈക്യം‘ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന അജമോഷണം മറ്റു എപ്പിസ്കോപ്പൽ സഭകളിൽ നിന്നു ആഗ്രഹിക്കുകയും ആ ആത്മാവോടെ സമീപിക്കുകയും ചെയ്യുമ്പോൾ മലങ്കരയിലെ മക്കളെ ചിലതൊക്കെ ഓർമ്മിപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ് എന്ന് കരുതുന്നു

സമഗ്രമായ ഒരു അന്വേഷണത്തിന് തല്ക്കാലം മുതിരുന്നിലെങ്കിലും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ പടുത്തുയർത്തിയ ചീട്ടുകൊട്ടാരങ്ങളുടെ ചില ഉള്ളറകളെങ്കിലും തുറന്നു കാണിക്കുവാനുള്ള എളിയ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ ഗ്രന്ഥ രചനക്ക് ശ്രമിച്ചത്. എല്ലാ മേഖലകളിലെയും എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ല. അതിൻ്റെ ആവശ്യകത ഉണ്ടെന്ന് തോന്നുന്നുമില്ല. കാരണം, അരി വെന്തോയെന്നു നോക്കുവാൻ എല്ലാ അരിമണിയും തൊട്ടു നോക്കേണ്ട ആവശ്യമില്ലല്ലോ. ഈ ലോക്ക്ഡൗൺ കാലത്തു സമാനമനസ്കരായ ഏതാനം ചെറുപ്പക്കാരുടെ പരിശ്രമ ഫലമാണ് ഇതിലെ ലേഖനങ്ങൾ. സഭ ചരിത്ര-എക്യൂമെനിക്കൽ പഠിതാക്കളുടെ തുടർ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഇതൊരു ത്വരകമായി രൂപപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലവരെയും നന്ദിയോടെ സ്മരിക്കുകയും, ഈ ലേഖനങ്ങൾ ഒരു ഗ്രന്ഥ രൂപത്തിൽ ക്രമീകരിക്കുവാൻ സൗമനസ്യം കാട്ടിയ ഓ സി പി പ്രസിദ്ധീകരണ വകുപ്പ് ഭാരവാഹികളോട് സ്‌നേഹാദരവുകൾ അർപ്പിക്കുകയും ചെയ്തുകൊണ്ട് നിർത്തുന്നു.

അദ്ധ്യായം 1 :മലങ്കര സഭയും, ബഥനിയുടെ മാര്‍ ഈവാനിയോസും, റോമാ പുനരൈക്യവും

”പുനരൈക്യം” എന്താണ് പുനരൈക്യം? മുമ്പ് ഉണ്ടായിരുന്നതും എന്നാല്‍ പിന്നീട് വിച്ഛേദിക്കപ്പെട്ടതുമായ ഐക്യം പുനസ്ഥാപിക്കുന്നതിനെയാണ് പുനരൈക്യം എന്ന സംജ്ഞ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ പുനരൈക്യം എന്ന സംജ്ഞയെ ആഗോള ക്രൈസ്തവ സഭയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോള്‍ പൗരസ്ത്യ സഭകളില്‍ നിന്നും പുരോഹിതരോ വിശ്വാസികളോ റോമാ സഭയോട് ഐക്യപ്പെടുന്നതിനെ നിര്‍വചിക്കാനാണ് വ്യാപകമായി ഈ പദം ഉപയോഗിച്ച് കാണുന്നത്. പൗരസ്ത്യ സഭകളില്‍ നിന്നും പുരോഹിതരോ വിശ്വാസികളോ റോമാ സഭയോട് ചേര്‍ന്നാല്‍ അതൊരു ‘‘പുനരൈക്യം” ആണോ. ഈ പ്രവര്‍ത്തിയെ പുനരൈക്യം എന്നു വിശേഷിപ്പിക്കുന്നതിലെ മാനുഷിക യുക്തി എത്രമാത്രം ആണെന്ന് നമുക്കൊന്നു പരിശോധിക്കാം.

സാധാരണയായി കത്തോലിക്ക സഭാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ചില അവകാശവാദങ്ങള്‍ ഉണ്ട്. കത്തോലിക്ക സഭ എന്നാല്‍ വ്യക്തി സഭകളുടെ കൂട്ടായ്മ ആണെന്നും. 24 റീത്തുകള്‍ കൂടിചേരുന്നതാണ് കത്തോലിക്ക സഭയെന്നും. അതിൻ്റെ പൊതുതലവന്‍ ആണ് മാര്‍പാപ്പയെന്നും. 24 വിഭാഗങ്ങള്‍ക്കും അവരുടേതായ വ്യക്തിഗത തലവന്മാര്‍ ഉണ്ട് എന്നും. വ്യക്തിഗത റീത്തുകള്‍ക്ക് ഉള്‍ഭരണ സ്വാതന്ത്ര്യം ഉണ്ട് എന്നും അങ്ങനെ പോകുന്നു അവകാശവാദങ്ങള്‍. എന്നാല്‍ എന്നാണ് ഈ വ്യക്തിസഭകള്‍ ഉണ്ടായത്?. റോമിലെ മാര്‍പാപ്പയെ ”പൊതുതലവന്‍” ആയി അംഗീകരിക്കാന്‍ പൗരസ്ത്യ സഭയുടെ പാരമ്പര്യമോ ക്രൈസ്തവ സഭയുടെ പൊതുവായ കാനോനുകളോ ആവശ്യപ്പെടുന്നുണ്ടോ?. മാര്‍പാപ്പയെ പൊതുതലവന്‍ ആയി അംഗീകരിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മ ആയിരുന്നോ പൗരസ്ത്യ സഭകളും പാശ്ചാത്യ സഭയും തമ്മില്‍ ആദ്യ നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്നത്?. ”കാതോലികം” എന്ന ഗ്രീക്ക് പദം കൊണ്ട് വിശേഷിക്കപ്പെട്ട സഭാ കൂട്ടായ്മക്ക് റോമിലെ പാത്രികീസ് ”പൊതുതലവന്‍” ആണോ?. ഇങ്ങനെ ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ആദ്യ നൂറ്റാണ്ടിലെ ക്രൈസ്തവ കൂട്ടായ്മയുടെ ചരിത്രപശ്ചാത്തലം പരിശോധിച്ചു കൊണ്ട് നമുക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം.

ആദിമ നൂറ്റാണ്ടിലെ ക്രൈസ്തവ സഭയുടെ ചരിത്രം പരിശോധിച്ചാല്‍ അപോസ്തോലിക സഭകള്‍ എല്ലാം കൂട്ടായ്മയില്‍ നിലനിന്നിരുന്നു എന്നു കാണാം. പ്രത്യേകിച്ചും റോമാ സാമ്രാജ്യത്തിലെ അപോസ്തോലിക സഭകള്‍ പരസ്പരം ദൃഢമായ സംസര്‍ഗത്തില്‍ നിലനിന്നിരുന്നതായി കാണാം. സാമ്രജ്യങ്ങള്‍ തമ്മിലുള്ള കിടമല്‍സരവും രാഷ്ട്രീയ കാരണങ്ങളും നിമിത്തം റോമാസാമ്രാജ്യത്തിനു പുറത്തുള്ള സഭകളുമായുള്ള അപോസ്തോലിക സംസര്‍ഗം അത്രയും ദൃഢതയുള്ളതായിരുന്നില്ല എങ്കില്‍ തന്നെയും റോമാ സാമ്രാജ്യത്തിനകത്തുള്ള അപോസ്തോലിക സഭകളും സാമ്രാജ്യത്തിൻ്റെ പുറത്തുള്ള അപോസ്തോലിക സഭകളും തമ്മില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള ആശയവിനിമയവും പരസ്പര സംസര്‍ഗവും തുടര്‍ന്നു വന്നിരുന്നു. അപോസ്തോലിക സഭകളുടെ തലവന്മാര്‍ക്കെല്ലാം തന്നെ തുല്യ അധികാരങ്ങള്‍ ആയതിനാല്‍ എല്ലാ സഭാതലവന്മാരെയും സമന്മാരായിട്ടാണ് കണ്ടിരുന്നത്. റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരമായ റോമിലെ ബിഷപ് എന്ന നിലയില്‍ തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍ മാത്രം റോമിലെ ബിഷപിനെ സമന്മാരില്‍ ഒന്നാമനായി കണ്ടിരുന്നു. അതിനര്‍ത്ഥം അദ്ദേഹത്തെ പൊതുതലവനായി മറ്റു സഭകള്‍ കണ്ടിരുന്നു എന്നല്ല. റോമിലെ മെത്രാന് മറ്റ് അപോസ്തോലിക സഭകളുടെ മേല്‍ അധികാരമോ ഒരു പൊതുതലവന്‍ എന്ന അംഗീകാരമോ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ എവിടെയും കാണാന്‍ കഴിയില്ല. സഭയുടെ ആദ്യത്തെ ഔദ്യോഗികവും അനൗദ്യോഗികവുമായ കൗണ്‍സിലുകളില്‍ മറ്റു പാത്രികീസുമാരുടെ അദ്ധ്യക്ഷതയിന്‍ കീഴില്‍ റോമന്‍ പാത്രികീസ് പങ്കെടുത്തതായും ചരിത്രം പറയുന്നു. അതായത് റോമാ പാത്രികീസിൻ്റെ അപ്രമാധിത്വവും അപോസ്തോലിക അധികാരവും റോമാ സഭയുടെ ഉള്ളില്‍ മാത്രം നിജപ്പെട്ടിരുന്നു. ആ പരിധിക്ക് പുറത്ത് മറ്റ് അപോസ്തോലിക സഭകളുടെ മേല്‍ റോമന്‍ പോപ്പിന് അധികാരം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ആദിമ ക്രൈസ്തവ സഭയില്‍ നിലനിന്നിരുന്ന സഭാ കൂട്ടായ്മയില്‍ റോമാ പോപ്പിന് പൊതുതലവന്‍ എന്ന അംഗീകാരം ഇല്ലായിരുന്നു.

ആദിമ നൂറ്റാണ്ടില്‍ നിലനിന്നിരുന്ന അപോസ്തോലിക സഭാ കൂട്ടായ്മ പിന്നീട് രാഷ്ട്രീയപരവും വിശ്വാസപരമായ കാരണങ്ങളാല്‍ വിച്ഛേദിക്കപ്പെട്ടതായി കാണാം. അഞ്ചാം നൂറ്റാണ്ടിലെ കല്‍കദൂന്‍ സുന്നഹദോസോടെ ഉടലെടുത്ത പാശ്ചാത്യ സഭയും (റോമന്‍) പൗരസ്ത്യ സഭകളും തമ്മിലുള്ള ഭിന്നത AD 1054 ഓടെ പൂര്‍ണമായ ഒരു പിളര്‍പ്പില്‍ കലാശിച്ചു.

ക്രിസ്തുവര്‍ഷം 1054-ല്‍ റോമന്‍ സഭയുമായുള്ള ഐക്യം എല്ലാ പൗരസ്ത്യ സഭകളും വിച്ഛേദിച്ചു. റോമന്‍ മാര്‍പാപ്പയുടെ അപ്രമാധിത്വവാദവും പത്രോസിൻ്റെ പരമാധികാരവാദവും പൗരസ്ത്യ സഭക്ക് അംഗീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ റോമാ സഭ നടത്തിയ വിശ്വാസപരമായ വ്യതിചലനങ്ങളും പാശ്ചാത്യ സഭയെയും പൗരസ്ത്യ സഭകളെയും പൂര്‍ണമായി പിളര്‍ത്തി.

ചരിത്രപരമായോ കാനോനികമായോ ഇല്ലാത്ത ഒരു അധികാരം റോമന്‍ പോപ്പ് പൗരസ്ത്യ സഭകളുടെ മേല്‍ അവകാശപ്പെട്ടതാണ് പിളര്‍പ്പിനുള്ള പ്രധാന കാരണം റോമന്‍ പോപ്പിനെ പൊതുതലവന്‍ എന്ന രീതിയില്‍ അംഗീകരിക്കണം എന്നായിരുന്നു റോമിൻ്റെ അവകാശവാദം. പൗരസ്ത്യ സഭകള്‍ ഈ അവകാശവാദം പൂര്‍ണമായി തള്ളിക്കളയുകയും റോമാ സഭയുമായുള്ള സംസര്‍ഗം പരിപൂര്‍ണമായി വിച്ഛേദിക്കുകയും ചെയ്തു.

എന്നാല്‍ പതിനാറാം നൂറ്റാണ്ടോടെ റോമന്‍ സഭ പൗരസ്ത്യ സഭകളില്‍ നിന്നും പുരോഹിതരെയും മെത്രാന്മാരെയും തങ്ങളുടെ പക്ഷത്താക്കി അപ്രകാരം പൗരസ്ത്യ സഭകളില്‍ നിന്നും റോമാപക്ഷത്തേക്ക് വരുന്നവര്‍ക്കായി റോമാ സഭ റീത്തുകള്‍ സ്ഥാപിച്ചു നല്‍കി. ഏത് പൗരസ്ത്യ വിഭാഗത്തില്‍ നിന്നാണോ അവര്‍ റോമാ പക്ഷത്തെത്തിയത് ആ പൗരസ്ത്യ സഭയുടെ അതേ പിരമ്പര്യവും ആരാധനക്രമവും പിന്തുടരാന്‍ അവര്‍ക്ക് അനുവാദം നല്‍കി കൊണ്ട് പോപ്പിന്റെ പരമാധികാരം അംഗീകരിക്കുന്ന പൗരസ്ത്യ വിഭാഗങ്ങളെ റോമാ സഭ സൃഷ്ടിച്ചെടുത്തു. യൂണിയേറ്റിസം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇപ്രകാരം സ്ഥാപിക്കപ്പെട്ട റീത്തുകള്‍ യൂണിയേറ്റ് റീത്തുകള്‍ എന്നും വിളിക്കപ്പെടുന്നു. പൗരസ്ത്യ അപോസ്തോലിക സഭകളിലെ വിമതരെയും അസംതൃപ്തരെയും മറ്റും റോമാ സഭയിലേക്ക് എത്തിച്ച് അവരെ കൊണ്ട് റോമാ പോപ്പ് പൊതുതലവന്‍ എന്ന പൗരസ്ത്യ സഭ ഔദ്യോഗികമായി തള്ളിക്കളഞ്ഞ വാദം പൗരസ്ത്യ സഭയിലെ വിമത വിഭാഗത്തെ കൊണ്ട് അംഗീകരിപ്പിച്ച് അവരെ പോപ്പിനു കീഴില്‍ ഒരു റീത്തായി നിര്‍ത്തുകയായിരുന്നു. എന്നാല്‍ റീത്ത് വിശ്വാസികള്‍ ഇതിനെ മയപ്പെടുത്തി പുനരൈക്യം എന്നാണ് വിശേഷിപ്പിക്കുക. എന്നാല്‍ ഇത് ഒരിക്കലും പുനരൈക്യം ആവില്ല. കാരണം റോമാ പോപ്പിനെ പൊതുതലവന്‍ ആയി അംഗീകരിച്ചുകൊണ്ടുള്ള ഒരു ഐക്യം പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും തമ്മില്‍ ഇതിന് മുമ്പ് നിലവിലില്ലായിരുന്നതിനാല്‍ പൗരസ്ത്യ സഭയുടെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായി സഭയിലെ വിമതരും അസംതൃപ്തരും പാശ്ചാത്യ സഭയോട് ചേര്‍ന്ന് റോമാ പോപ്പ് ക്രൈസ്തവ സഭയുടെ പൊതു സഭാതലവന്‍ എന്ന അവകാശവാദം അംഗീകരിച്ചാല്‍ അതിനെ പുനരൈക്യം എന്ന് വിളിക്കാന്‍ കഴിയില്ല. ഒരു സംഘടനയുടെയോ കൂട്ടായ്മയുടെയോ ഔദ്യോഗിക നിലപാടിനു വിരുദ്ധമായി ആ സംഘടനയുടെയോ കൂട്ടായ്മയുടെയോ ഉള്ളിലുള്ളവര്‍ നിലപാടെടുത്താല്‍ അവരെ വിമതന്മാരായിട്ടാണ് കണക്കാക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ പൗരസ്ത്യ സഭയില്‍ വിമതസ്വരം ഉയര്‍ത്തികൊണ്ട് പാശ്ചാത്യ സഭയോട് ചേര്‍ന്നവരാണ് യൂണിയേറ്റ് റീത്തുകള്‍.

ഇപ്രകായം പൗരസ്ത്യ സഭയില്‍ നിന്നും പാശ്ചാത്യ സഭയിലേക്ക് മാറി റോമാ പോപ്പിൻ്റെ അപ്രമാധിത്വവും പൊതുതലവന്‍ എന്ന വാദവും അംഗീകരിച്ച 23 റീത്തുകളാണ് നിലവില്‍ ഉള്ളത്. ഇനി രസകരമായ ഒരു സംഗതി എന്തെന്നാല്‍ വിമതരുടെ ഇടയിലും വിഭാഗീയത ഉണ്ടെന്നുള്ളതാണ്. ഒരേ പാരമ്പര്യവും ചരിത്രവും ഉള്ളവര്‍ തന്നെ ഒന്നിലധികം റീത്തായി നിലകൊള്ളുന്നു എന്നത് റീത്തുകള്‍ തമ്മിലുള്ള വിഭാഗീയതയെയും അധികാരമോഹത്തെയുമാണ് തുറന്നു കാട്ടുന്നത്. ഉദാഹരണത്തിന് അന്ത്യോഖ്യന്‍ സുറിയാനി സഭയില്‍ രണ്ട് യൂണിയേറ്റ് റീത്തുകള്‍ ഉണ്ട്. മാറോനീത്ത റീത്തും അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്ക റീത്തും. ഇവര്‍ ഒരേ റീത്താണെങ്കിലും രണ്ടായിട്ടാണ് റോമന്‍ കത്തോലിക്ക കൂട്ടായ്മയില്‍ നില്‍ക്കുന്നത്. എന്താണ് കാരണം എന്ന് ചോദിച്ചാല്‍ അതിൻ്റെ ഉത്തരം അധികാരതര്‍ക്കം മാത്രമാണെന്ന് പറയേണ്ടി വരും.

ഇന്‍ഡ്യയിലും സ്ഥിതി ഏകദേശം ഇപ്രകാരം തന്നെയാണ്. ഇവിടെയും സുറിയാനി പാരമ്പര്യം എന്നവകാശപ്പെടുന്ന രണ്ട് റീത്തുകളുണ്ട്. സീറോ മലങ്കര റീത്തും, സീറോ മലബാര്‍ റീത്തും. അന്ത്യോഖ്യയിലെ പോലെ ഇവ രണ്ടും ഒരേ റീത്തല്ല. ഒന്ന് കല്‍ദായ സുറിയാനിയും മറ്റേത് പാശ്ചാത്യ സുറിയാനിയുമാണ് ആരാധനാ ഭാഷയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ കാരണം കൊണ്ട് മാത്രം ഇവ രണ്ടിനെയും രണ്ടു വ്യത്യസ്ത റീത്തുകളായി നിലനിര്‍ത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല കാരണം സീറോ മലബാര്‍ സഭയില്‍ തന്നെ പാശ്ചാത്യ സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്നവരുണ്ട്. 1921-ല്‍ ക്നാനായ യാക്കോബായ സഭയിലെ ഒറ്റത്തൈക്കല്‍ തോമാക്കത്തനാര്‍ പാശ്ചാത്യ സുറിയാനി ആരാധനക്രമം ഉപയോഗിക്കാന്‍ റോമില്‍ നിന്ന് അനുമതി വാങ്ങി സീറോ മലബാര്‍ റീത്തില്‍ ചേര്‍ന്നിരുന്നു. അതിൻ്റെ ഫലമായി സീറോ മലബാര്‍ റീത്തിനുള്ളില്‍ തന്നെ കോട്ടയം അതിരൂപതയില്‍ ഈ രണ്ട് ആരാധനക്രമവും ഉപയോഗിക്കുന്ന വിഭാഗങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ രണ്ട് ആരാധനക്രമങ്ങള്‍ ആയതിനാല്‍ സീറോ മലബാറിനെയും സീറോ മലങ്കര റീത്തിനെയും രണ്ടു വ്യത്യസ്ത റീത്തായി ഇപ്പോളും നിലനിര്‍ത്തുന്നതില്‍ അധികാരമോഹം എന്ന ഒരൊറ്റ കാരണം മാത്രമാണുണ്ടാകുക.

പാശ്ചാത്യ സഭയും പൗരസ്ത്യ സഭകളും തമ്മില്‍ 1054-ല്‍ പരിപൂര്‍ണമായും വേര്‍പിരിഞ്ഞതാണ്. വേര്‍പിരിയലിനു കാരണമായത് വിശ്വാസപരവും രാഷ്ട്രീയ പരവുമായ കാര്യങ്ങളാണ്. ഈ തര്‍ക്കവിഷയങ്ങള്‍ പരസ്പര സംവാദങ്ങളിലൂടെ ചര്‍ച്ച ചെയ്ത് പരിഹരിച്ചെങ്കില്‍ മാത്രമേ പാശ്ചാത്യ പൗരസ്ത്യ ഭിന്നത അവസാനിക്കുകയുള്ളൂ. പൗരസ്ത്യ സഭകളില്‍ നിന്നും ഭാഗ്യാന്വേഷികളെ വശത്താക്കി യൂണിയേറ്റ് റീത്തുകള്‍ സ്ഥാപിച്ചത് പാശ്ചാത്യ സഭയും പൗരസ്ത്യ സഭയും തമ്മിലുള്ള ഭിന്നത കൂടുതല്‍ വഷളാക്കി എന്ന തിരിച്ചറിവില്‍ രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ പൗരസ്ത്യ സഭകളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേദശാസ്ത്ര സംവാദങ്ങള്‍ ആരംഭിക്കാന്‍ റോമാ സഭ തീരുമാനിക്കുകയും അതിന്‍റെ ഫലമായി ഔദ്യോഗികമായി പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മില്‍ വേദശാസ്ത്ര സംവാദങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇപ്രകാരം ആരംഭിച്ച വേദശാസ്ത്ര സംവാദങ്ങളുടെ ഭാഗമായി റോമന്‍ സഭയുടെ വേദശാസ്ത്ര കമ്മീഷനും ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയുമായി 1993 -ല്‍ ലബനനില്‍ വച്ച് നടന്ന ഏഴാം പ്ളീനറി സമ്മേളത്തില്‍ വച്ച് തയാറാക്കിയ ബലാമണ്ട് റിപ്പോര്‍ട്ടിന്റെ ഏഴാമത്തെ പോയിന്റ് ഇതാണ് ”In the course of the centuries various attempts were made to re-establish unity. They sought to achieve this end through different ways, at times conciliar, according to the political, historical, theological and spiritual situation of each period. Unfortunately, none of these efforts succeeded in re-establishing full communion between the Church of the West and the Church of the East, and at times even made oppositions more acute. ”

കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്

ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info

പ്രസാധകന്റെ അനുമതിയോടെ OVS ഈ ലേഖനം സീരീസ് ആയി പ്രസിദ്ധീകരിക്കുന്നു

മാര്‍ ഈവാനിയോസിൻ്റെ “പുനരൈക്യം”

error: Thank you for visiting : www.ovsonline.in