OVS - Latest NewsOVS-Kerala News

പാത്രിയര്‍ക്കീസ് വിഭാഗം നുണപ്രചരണങ്ങള്‍ നടത്തുന്നു -അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

സഭാതര്‍ക്കം സംബന്ധിച്ച് പാത്രിയര്‍ക്കീസ് വിഭാഗം നുണപ്രചരണങ്ങള്‍ നടത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പരി. കാതോലിക്കാ ബാവായുടെ അസിസ്റ്റന്റും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. ദീര്‍ഘകാലം വിഘടിച്ചുനിന്ന ശേഷം 1958 ലെ സുപ്രീംകോടതിവിധിയില്‍ പൂര്‍ണ്ണപരാജയം ഏറ്റുവാങ്ങേണ്ടിവന്ന പാത്രിയര്‍ക്കീസ് വിഭാഗം, സഭയില്‍ സമാധാനമുണ്ടാക്കാന്‍ താത്പര്യം കാണിച്ചപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ സമാധാന കരാറുണ്ടാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാനേതൃത്വം തയ്യാറായി. എന്നാല്‍ 1934 ലെ ഭരണഘടന അനുസരിച്ച് സഭയും പള്ളികളും ഭരിക്കപ്പെടണമെന്ന സമാധാന ഉടമ്പടി, 1970 ല്‍ പാത്രിയര്‍ക്കീസ് വിഭാഗം ഏകപക്ഷീയമായി ലംഘിച്ച് വീണ്ടും സഭയില്‍ വിഘടനമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഭരണഘടനയ്ക്കു വിരുദ്ധമായി, തിരഞ്ഞെടുക്കപ്പെടാത്തവരെ മെത്രാന്മാരായി വാഴിക്കുകയും, സെമിനാരി വിദ്യാഭ്യാസമോ മറ്റ് അടിസ്ഥാന യോഗ്യതകളോ ഇല്ലാത്തവരെ വൈദികരായി നിയമിക്കുകയും ചെയ്തുകൊണ്ട് ഒരു സമാന്തര ഭരണം മലങ്കരയില്‍ സ്ഥാപിക്കയാണുണ്ടായത്. 1974 മുതല്‍ നിയമാനുസൃത വികാരിമാരെയും അവരെ പിന്താങ്ങിയിരുന്നവരെയും പള്ളികളില്‍ നിന്നും നിഷ്‌ക്കരുണം പുറത്താക്കി പള്ളികള്‍ പിടിച്ചെടുത്തുകൊണ്ടിരുന്നു. ഇന്നിപ്പോള്‍ ഞങ്ങളുടെ പള്ളികള്‍ എന്ന് അവര്‍ അവകാശപ്പെടുന്ന എല്ലാപള്ളികളും 1958 മുതല്‍ 1973, 74 കാലം വരെ ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിരുന്നവയാണ്. അവിടെനിന്നും ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികരെയും ജനങ്ങളെയും നിഷ്‌ക്കരുണം അടിച്ചുപുറത്താക്കിയ ശേഷമാണ് സമാന്തരഭരണക്കാര്‍ പള്ളികള്‍ പിടിച്ചെടുത്തത് എന്ന സത്യം മറച്ചു വച്ചുകൊണ്ടാണ് നുണ പ്രചരണം നടത്തുന്നത്. മുഷ്ടിബലം കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ ഏതാനും പള്ളികള്‍, സ്വന്തം അധീനതയില്‍ അനധികൃതമായി നിലനിര്‍ത്തി എന്നതുകൊണ്ടുമാത്രം ആ പള്ളികള്‍ അവരുടേതായിത്തീരുകയില്ലല്ലോ.

സത്യത്തിനുവേണ്ടി നിലകൊണ്ടു എന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട ഓര്‍ത്തഡോക്‌സ് വൈദികര്‍ ശമ്പളമില്ലാതെ അലയേണ്ടിവന്നു. ഏതാനും വൈദികര്‍ക്ക് ഭാഗികമായി ഇടവക ശുശ്രൂഷകള്‍ നടത്താനുള്ള അവസരം ലഭിച്ചപ്പോള്‍, ഇടവകകളില്‍ നിന്നും പൂര്‍ണ്ണമായി പുറത്താക്കപ്പെട്ടവരെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ സഹായിക്കേണ്ട ഭാരം സഭ ഏറ്റെടുക്കേണ്ടിവന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള സമ്പന്ന മേഖലകളില്‍ നിന്നും ലഭിച്ച സഹായങ്ങള്‍കൊണ്ട്, കാലം ചെയ്ത ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വൈദികക്ഷേമനിധിയില്‍ നിന്നും നല്‍കാന്‍ സാധിച്ചിരുന്ന തുഛമായ വരുമാനം കൊണ്ടുമാത്രം പ്രശ്‌നബാധിത പ്രദേശങ്ങളിലെ വളരെ അധികം വൈദികര്‍, ജീവിതാന്ത്യം വരെ ഉപജീവനം കഴിക്കേണ്ടിവന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നിന്നും ഏതാനും വൈദികര്‍ ദൂരെയാത്രചെയ്ത് മറ്റു ഭദ്രാസനങ്ങളില്‍ പോയി ശുശ്രൂഷ അനുഷ്ടിക്കേണ്ടിവന്നു. അതിനുമുപരി പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിരന്തരമായ ആട്ടും തുപ്പും സഹിച്ചുകൊണ്ട് സഭയുടെ സ്വാതന്ത്ര്യം കാത്തുസംരക്ഷിക്കേണ്ട ചുമതലകൂടി ഈ വൈദികരില്‍ നിക്ഷിപ്തമായിരുന്നു. ഇന്ന് ഞങ്ങളുടെ പള്ളികള്‍ എന്ന് സങ്കോചമില്ലാതെ പറയുന്നവര്‍ ഈ സത്യങ്ങള്‍ മറച്ചു വയ്ക്കുന്നത് ദയനീയമാണ്.

കോതമംഗലം പള്ളിയില്‍ സംഭവിച്ചത് ഒരു ഉദാഹരണമാണ്. 1974 ല്‍ അഭി. ഫിലിപ്പോസ് മാര്‍ തെയോഫീലോസ് മെത്രാപ്പോലീത്തയാല്‍ അവിടെ നിയമാനുസൃതം നിയമിതനായി ഭരണം നടത്തിക്കൊണ്ടിരുന്ന വികാരി, സാധ്വികനായിരുന്ന ബഹു. കെ. സി. സഖറിയാ അച്ചനെ അനാവശ്യമായി കുറ്റാരോപിതനാക്കി പുറത്താക്കിയശേഷം തികച്ചും അനധികൃതമായി ഇടവക മെത്രാപ്പോലീത്തായുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു വൈദികനെ ഭരണത്തിലാക്കുകയായിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ചവരെ മുഷ്ടിചുരുട്ടിക്കാട്ടി ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.

ഈ സത്യങ്ങള്‍ സുപ്രീംകോടതി തിരിച്ചറിഞ്ഞതിനാലാണ് കേസുകള്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന് പ്രതികൂലമായി ഭവിച്ചുകൊണ്ടിരിക്കുന്നത്. എന്ത് പ്രതിസന്ധി വന്നാലും തങ്ങള്‍ നുണപറഞ്ഞു വിശ്വസിപ്പിച്ചു കൂടെ നിര്‍ത്തിയിരിക്കുന്ന കുറേ ജനങ്ങളുടെ പിന്‍ബലം കാട്ടി എല്ലാം തരണം ചെയ്യാം എന്ന എതിര്‍ വിഭാഗത്തിന്റെ അഹങ്കരമാണ് 2017 ജൂലൈ 3ന് അസ്തമിച്ചത്. 1995 ലെ വിധി അനുസരിച്ച് സഭ ഒന്നായിത്തീരാനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശവും പാത്രിയര്‍ക്കീസ് വിഭാഗം അംഗീകരിച്ചില്ല. ആ വിധി അനുസരിക്കാന്‍ തയ്യാറാവാതിരുന്നതും, പാത്രിയര്‍ക്കീസ് വിഭാഗം വീണ്ടും അക്രമങ്ങള്‍ അഴിച്ചുവിട്ടതുമാണ് ഈ പ്രശനം തുടരാനുള്ള കാരണമെന്ന് 2017 ല്‍ സുപ്രീ കോടതി കണ്ടെത്തിയിരിക്കുന്നു.

1958 ലെ ഉഭയസമ്മത കരാര്‍ അനുസരിച്ച് തുടര്‍ന്നും, സഭയും പള്ളികളും ഭരിക്കപ്പെടണം എന്നതു മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം. അത് ഇന്ത്യയുടെ പരമോന്നത കോടതി അംഗീകരിച്ചു കഴിഞ്ഞു. അതിനു തയ്യാറാവാത്തവര്‍ക്ക് പുതിയപള്ളികള്‍ ഉണ്ടാക്കി അവരുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്താം. ആരുടെയും ആരാധനാസ്വാതന്ത്ര്യം ഹനിക്കണമെന്നോ ആരെയും പള്ളികളില്‍ നിന്നു പുറത്താക്കണമെന്നോ ഓര്‍ത്തഡോക്‌സ് സഭയോ കോടതികളോ ആവശ്യപ്പെട്ടിട്ടില്ല. സമാന്തരഭരണം അവസാനിപ്പിക്കണമെന്നു മാത്രമാണ് ആവശ്യം. നിയമാനുസൃത വികാരിമാര്‍ കോടതിവിധിയുമായി, പള്ളിയില്‍ ആരാധനയ്ക്കുവരുമ്പോള്‍ അവരെ തടയാന്‍ ശ്രമിക്കുന്നതുകൊണ്ടു മാത്രമാണ് സംഘര്‍ഷമുണ്ടാകുന്നതും, പോലീസിന് ഇടപെടേണ്ടിവരുന്നതും. ഭൂരിപക്ഷത്തിന്റെ പേരുപറഞ്ഞ് എന്തു വികൃതിയും കാട്ടിക്കൂട്ടാമെന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മാര്‍ സേവേറിയോസ് പറഞ്ഞു.

പാത്രിയര്‍ക്കീസ് വിഭാഗം നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു – പരിശുദ്ധ കാതോലിക്കാ ബാവാ