OVS - Latest NewsOVS-Kerala News

വരുവിൻ‍ സ്വർഗ്ഗീയ പിതാവിനാൽ‍ അുഗ്രഹിക്കപ്പെട്ടവരെ അകത്തു പ്രവേശിപ്പിൻ

കണ്ടനാട്: തലവാചകം “വരുവിൻ‍ സ്വർഗ്ഗീയ പിതാവിനാൽ‍ അുഗ്രഹിക്കപ്പെട്ടവരെ അകത്തു പ്രവേശിപ്പിൻ” മിശിഹാ കാലം 1800-ൽ കണ്ടനാട് പള്ളിയുടെ പ്രധാന മുഖവാരത്തിൽ കല്ദായ സുറിയാനി ഭാഷയിൽ എഴുതപ്പെട്ട ലിഖിതത്തിൻ്റെ മലയാളം പരിഭാഷയാണ്. അക്ഷരാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്. കണ്ടനാട് വെസ്റ്റ് ഭദ്രാസന ഇടയൻ കണ്ടനാട് തലപ്പള്ളിയിൽ കയറി പരിശുദ്ധ മാതാവിൻ്റെ തിരുനടയിൽ സാഷ്ടാംഗം വണങ്ങി നമസ്കരിച്ചതിൻ്റെ കാഴ്ച നമ്മുടെ മനോമുകിരങ്ങളിൽ കുളിര് കോരുന്നതാണ്. സ്വർഗ്ഗീയ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവർക്ക് മാത്രമേ ഇതുപോലെ വിനയപ്പെട്ട് പരിശുദ്ധ ദേവാലയത്തിൽ പ്രവേശിച്ച് ആരാധന നടത്തുവാൻ സാധിക്കുകയുള്ളൂ.

കക്ഷി വഴക്കുകൾ മലങ്കരയിൽ ഉണ്ടായ കാലം മുതൽ കണ്ടനാട് പള്ളിയിൽ കക്ഷി തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ 1974-ന് ശേഷമാണ് സംജാതമായത്. ഒരുമിച്ചു ആരാധന നടത്തി വന്നവർ വ്യക്തി വിദ്വേഷങ്ങൾ പള്ളിയിലേക്ക് കൊണ്ടു വന്നതാണ് വിശ്വാസികളുടെ ഇടയിൽ ഭിന്നത ഉണ്ടാക്കിയത്.

2019 സെപ്റ്റംബർ 6-ന് ഭാരതത്തിൻ്റെ പരമോന്നത നീതിപീഠത്തിൽ നിന്നും കണ്ടനാട് പള്ളിയെ സംബന്ധിച്ച് സുപ്രധാനമായ ഒരു വിധി തീർപ്പാണ് ഉണ്ടായത്. സുപ്രീം കോടതി വിധി പ്രഖ്യാപനം മുതൽ പ്രാബല്യത്തിൽ വരും എന്നത് സൗകര്യപൂർവ്വം മറന്ന് വിധി പകർപ്പ് ലഭിച്ചില്ല എന്ന് പ്രചരണം നടത്തി ഏഴാം തീയതി വൈകിട്ട് ഗുണ്ടകളെ രംഗത്തിറക്കി പള്ളിയിൽ സംഘർഷമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ച യാക്കോബായ വിഭാഗത്തിൻ്റെ ആളുകൾ പള്ളിയുടെ വാതിലുകൾ ചവിട്ടി പൊളിച്ച് പള്ളിയിൽ കയറിയത് എല്ലാ വിഭാഗം വിശ്വാസികൾക്കും വേദനയുളവാക്കിയ സംഭവമാണ്. എന്നിട്ടും ദൈവനിശ്ചയം പോലെ കാര്യങ്ങൾ വന്നെത്തി, അനധികൃതമായി അകത്തു കയറിയ വരെ അധികാരികൾ പുറത്താക്കി. 10 മിനിട്ട് പള്ളിയിൽ തേർവാഴ്ച നടത്തിയ സ്ഥിരം ക്രിമിനലുകൾ പള്ളിയിലെ പല പുരാതന പുസ്തകങ്ങളും കുരിശും കൊള്ളയടിച്ചാണ് പള്ളി വിട്ടത്.

തുടർന്ന് പള്ളി പോലീസ് കസ്റ്റഡിയിൽ ആയെങ്കിലും താക്കോൽ വികാരിയുടെ കൈവശം തന്നെയാണ് സൂക്ഷിച്ചത്. അക്രമത്തിൽ പരിക്കേറ്റ വികാരിയും സഹവികാരിയും വിശ്വാസികളും ആശുപത്രിയിൽ കഴിയേണ്ടി വന്നത് ആശങ്ക ഉളവാക്കി. വിധി പകർപ്പ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അധികാരികൾ മലങ്കര സഭയ്ക്ക് പള്ളി പൂർണ്ണ സ്വാതന്ത്ര്യത്തിൽ ഉപയോഗിക്കുന്നതിന് സൗകര്യം ഒരുക്കി തരികയാണ് ഉണ്ടായത്. അതിനെ തുടർന്ന് ഇടവക മെത്രാപ്പോലീത്താ സെപ്റ്റംബർ 21-ന് പള്ളിയിലേക്ക് എഴുന്നള്ളി വിശുദ്ധ ബലി അർപ്പിച്ച് ഇടവകയേയും ദേശത്തേയും അനുഗ്രഹിച്ചു.

ഇടവക മെത്രാപ്പോലീത്താ പ്രസംഗമദ്ധ്യേ കണ്ടനാട് പള്ളിയുടെ പ്രാധാന്യം എടുത്തു പറയുകയുണ്ടായി. മാർത്തോമ്മാ മെത്രാപ്പൊലീത്താമാർ താമസിച്ചു ഭരിച്ചിരുന്ന ഈ ദേവാലയം മലങ്കര സഭയുടെ ആസ്ഥാനമായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കൂടാതെ കരവട്ടുവീട്ടിൽ തിരുമേനിമാർ ഈ ഇടവകക്കാർ ആയിരുന്നു എന്നതും ശെമവൂൻ മാർ ദീവന്നാസിയോസ് ഈ പള്ളിയിൽ ആജീവനാന്തം താമസിച്ചു ഭരണം നിർവഹിച്ചു എന്നും തിരുമേനി ഓർമ്മിപ്പിച്ചു. കണ്ടനാട് പടിയോലയും ബൈബിൾ വിവർത്തനവും ഈ ഇടവകയുടെ പ്രധാന സംഭവങ്ങൾ ആണെന്ന് തിരുമേനി ഓർമ്മിപ്പിച്ചു. ഇടവക വികാരിയെയും മുൻ വികാരിമാരേയും അവരുടെ സംഭാവനകൾ ഓർത്ത് അനുസ്മരിച്ചു.

ഞായറാഴ്ചകളിൽ രണ്ട് വിശുദ്ധ കുർബാനകൾ നടത്തുന്നതിനുള്ള അനുമതിയും അഭിവന്ദ്യ തിരുമനസ്സുകൊണ്ട് ഇടവകയിലെ ചുമതലക്കാരായ വൈദീകർക്ക് നൽകി. പള്ളിയിലെ ആരാധനാ സമയക്രമം അനുസരിച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണിയ്ക്ക് സന്ധ്യാ നമസ്കാരവും ഞായർ രാവിലെ 5 മണിയ്ക്ക് ആദ്യത്തെ കുർബ്ബാനയുടെ പ്രഭാത നമസ്കാരവും 6 മണിയ്ക്ക് വി.കുർബ്ബാനയും 7 മണിയ്ക്ക് രണ്ടാമത്തെ കുർബ്ബാനയുടെ പ്രഭാത നമസ്കാരവും 8 മണിയ്ക്ക് വിശുദ്ധ കുർബാനയും തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 6 മണിയ്ക്ക് പ്രഭാത നമസ്കാരവും 7 മണിയ്ക്ക് വി.കുർബ്ബാനയും ശനിയാഴ്ച രാവിലെ 6.30 മണിയ്ക്ക് പ്രഭാത നമസ്കാരവും 7.30 മണിയ്ക്ക് വി.കുർബ്ബാനയും ആണ് ക്രമീകരണം.

സുപ്രീം കോടതിയിൽ നിന്നും വന്ന വിധിയുടെ അടിസ്ഥാനത്തിൽ ഇവിടെ ആരും വിജയിച്ചിട്ടുമില്ല പരാജയപ്പെട്ടിട്ടുമില്ല എന്നും ഇത് മലങ്കര സഭയുടെ വിജയമാണെന്നും വികാരി റെവ. ഐസക്ക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ പറഞ്ഞു. ആര് പ്രാർത്ഥിക്കുന്നു എന്നതല്ല ആരോട് പ്രാർത്ഥിക്കുന്നു എന്നതാണ് നോക്കേണ്ടത് എന്ന് കൂടി ശ്രദ്ധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നും അച്ചൻ  ഓർമ്മിപ്പിച്ചു.

മലങ്കര സഭയിലെ കക്ഷി പിരിച്ചിലും കണ്ടനാട് പള്ളിയും – ചില ഓർമ്മക്കുറിപ്പുകൾ