മലങ്കര സഭയിലെ കക്ഷി പിരിച്ചിലും കണ്ടനാട് പള്ളിയും – ചില ഓർമ്മക്കുറിപ്പുകൾ

1970 -കളിൽ 3 സ്ഥാനമോഹികൾ മലങ്കര സഭയുടെ അറിവ് കൂടാതെ അനധികൃതമായി മെത്രാൻ സ്ഥാനം അന്തോഖ്യ പാത്രിയർക്കീസിൽ നിന്ന് സ്വീകരിച്ചത് വഴി അവരെ മലങ്കര സഭയിലെ പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്ന് തടുക്കുന്നതിനായി സഭാ നേതൃത്വം കേസ് കൊടുത്തതിനെ തുടർന്നാണ് 48 വർഷം മുമ്പ് കക്ഷി പിരിച്ചിലുണ്ടായത്. ഈ ഒരു കേസ് മാത്രമാണ് മലങ്കര സഭാ നേതൃത്വം കൊടുത്തത് 1958 -ലും മറ്റുമുണ്ടായ കോടതി വിധികൾ എല്ലാം തന്നെ പാത്രിയർക്കീസ് വിഭാഗം കൊടുത്ത കേസിൻ്റെ വിധികളാണ്. നീതിന്യായ വ്യവസ്ഥയെ തെല്ലും കൂസാത്ത അന്തോഖ്യാ വിഭാഗത്തിന് കേസ് വിധികളൊന്നും പ്രശ്നമല്ല. എല്ലാ കാര്യവും കൈയ്യൂക്ക് കൊണ്ട് നേടാമെന്നാണ് അവർ കണക്ക് കൂട്ടുന്നത്. Copyright ovsonline.in

പിന്നീട് യാതൊരു യോഗ്യതയുമില്ലാത്ത ആളുകളെ മെത്രാൻമാരാക്കി കാശുണ്ടാക്കുന്ന ഒരു രീതി ശ്രേഷ്ഠ കാതോലിക്കാ എന്ന വ്യക്തി പിൻതുടർന്നു. മതിയാവാഞ്ഞിട്ട് ഷെവലിയർ, കമാൻഡർ എന്നി സ്ഥാനങ്ങൾ അത്മായർക്ക് നൽകി സമ്പത്ത് വർദ്ധിപ്പിച്ചു. അസന്തുഷ്ടരായ പട്ടക്കാരെയൊക്കെ കോറെപ്പിസ്കോപ്പാമാരാക്കി അങ്ങിനെ ഒരു സഭയെ ഏതെല്ലാം വിധത്തിൽ നശിപ്പിക്കാമോ അതെല്ലാം ആ വിഭാഗം ചെയ്തു തീർത്തു. ഇപ്പോൾ ഇടുക്കിയിലുള്ള തുകലൻ തിരുമേനിയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കൊടുത്ത് (3 കോടി) സ്ഥാനം നേടിയത്. എന്നിട്ടും അദ്ദേഹത്തെ പുത്തൻ കുരിശിൽ വിളിച്ച് വരുത്തി സ്ലോ പോയിസൺ നൽകി വധിക്കാൻ ശ്രമിച്ചു. ഒരു വിധം രക്ഷപെട്ട അദ്ദേഹം കട്ടപ്പനയിൽ കുറച്ച് ആശ്രിതരോടൊപ്പം താമസിക്കുന്നു. (ഇതെഴുതുമ്പോൾ. തിരിച്ചെടുക്കാൻ ധാരണയായി എന്ന് കേൾക്കുന്നു)

ഈ ക്രൈസ്തവ നേതൃത്വത്തെയാണ് ജയശങ്കർ എന്ന മാധ്യമ “വിദഗ്ദനും”, K.T തോമസ് എന്ന Rtd. ജസ്റ്റിസിനെയും പോലുള്ളവർ പിൻതുണക്കുന്നത്. ഒരു കോടതി വിധി വന്നാൽ രണ്ട് വിഭാഗങ്ങളും അത് അംഗികരിക്കുകയെന്ന് പറയാതെ കോടതിക്ക് പുറത്ത് ചർച്ച നടത്തി സമാധാനമുണ്ടാക്കുക എന്നതാണ് അവരുടെ ഉപദേശം. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കണ്ടു നിൽക്കാൻ എന്ത് രസം അല്ലെ? ഇവരെല്ലാം പറയുന്നത് കേട്ട് ഒരു ഏച്ചു കെട്ടൽ സമാധാനം ഉണ്ടാക്കിയാൽ കോടതി വിധിക്ക് കാലഹരണമുണ്ടെങ്കിൽ അതുവരെ കാത്തിരുന്നിട്ട് അസംതൃപ്തർ അന്തോഖ്യയെ ശരണം പ്രാപിച്ച് ഈ സഭയെ മുടിക്കും. അതിനെ കുറിച്ച് നല്ല ബോദ്ധ്യമുള്ളതുകൊണ്ടാണ് സഭാ തലവൻ പ. കാതോലിക്കാ ബാവ തിരുമേനി വളരെ ശക്തമായ നിലപാടെടുത്തിരിക്കുന്നത്. ആ പരിശുദ്ധ പിതാവിന് ദൈവം ആയുരാരോഗ്യ സൗഖ്യവും, ദീർഘായുസ്സും പ്രദാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കാം.

ചരിത്രം പരിശോധിച്ചാൽ പല അവസരങ്ങളിലായി അന്തോഖ്യ പൊള്ള വിശ്വാസം വിട്ട് വന്നവരെ കാണാം, ആരെങ്കിലും ആ വിശ്വാസത്തിൽ ആകൃഷ്ടരായി അങ്ങോട്ട് ചേക്കേറിയതായി കണ്ടിട്ടില്ല. പരിശുദ്ധ ഔഗേൻ ബാവാ റമ്പാനായിരുന്നപ്പോൾ ശീമയിൽ അന്തോഖ്യാ പാത്രിയാർക്കീസിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച് അവരുടെ വിശ്വാസരാഹിത്യത്തിലും, ദ്രവ്യാഗ്രഹത്തിലും മനം മടുത്ത് (ഔഗേൻ മാർ തീമോത്തിയോസ് മെത്രാൻ) സത്യ സഭയിൽ തിരിച്ചു വന്ന് കാതോലിക്കേറ്റ് മലങ്കര സഭയിൽ സ്ഥാപിക്കുന്നതിന് ശക്തമായ നിലപാടുകളെടുത്തു. (1958 ലെ കാതോലിക്കാ പാത്രിയർക്കിസ് പരസ്പര സ്വീകരണത്തിനു ശേഷം സഭയിൽ സമാധാനം ഉണ്ടായി യോജിച്ച സഭയിൽ അദ്ദേഹം കണ്ടനാട് ഭദ്രാസനാധിപനായി ഭരണം നടത്തി.) സഭാ സമാധാനത്തിന് തൊട്ട് മുൻപ് അദ്ദേഹത്തിൻ്റെ കാതോലിക്കേറ്റിനോടുള്ള നിലപാടുകളിൽ കുപിതനായ പാത്രിയർക്കിസ് പക്ഷക്കാർ അദ്ദേഹത്തെ കാപ്പി വടികൊണ്ടടിച്ചു. കാപ്പി വടി വെട്ടിക്കൊണ്ട് വന്നവൻ്റെ മകൻ ആ കുറ്റിയിൽ വീണ് അകാല ചരമമടഞ്ഞത് മറ്റൊരു കാര്യം. ദൈവം പിന്നീട് അദ്ദേഹത്തെ പരിശുദ്ധ ഔഗേൻ പ്രഥമൻ എന്ന പേരിൽ സഭയുടെ പരമാദ്ധ്യക്ഷനാക്കി ഉയർത്തി അനുഗ്രഹിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

റവ. ഡോ. വി.സി ശാമുവേൽ അച്ചൻ അറിയപ്പെടുന്ന ഒരു പാത്രിയർക്കീസ് പക്ഷ പണ്ഡിതനും അറിയപ്പെടുന്ന മൽപ്പാനും, കാനോൻ വിദഗ്ദനുമായിരുന്നു. ഒരു ദിവസം അച്ചൻ മഞ്ഞനിക്കര ദയറായിൽ ചൊല്ലുമ്പോൾ അന്ത്യോഖ്യാ വിശ്വാസികൾ ‘ബാവ‘ എന്ന് വിളിക്കുന്ന യൂലിയോസ് മെത്രാൻ ചില രേഖകൾ തയ്യാറാക്കുന്നത് നേരിൽ കണ്ടു. സത്യ സഭയോട് കേസ്സു നടത്താൻ ചില രേഖകൾ പഴയത് എന്ന് തോന്നുവാൻ വേണ്ടി കട്ടൻ കാപ്പിയിൽ മുക്കി ഉണക്കുന്നത് കാണാൻ ഇടയായി ആ സംഭവം അദ്ദേഹത്തിൻ്റെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചു അങ്ങിനെ അദ്ദേഹം ഒരു യഥാർത്ഥ ഓർത്തഡോക്സ് വിശ്വാസിയായി മാറി. (സഭയുടെ മൽപ്പാനായി സഭയുടെ പ്രതിനിധിയായി WCC -യിൽ പ്രവർത്തിച്ചു.) Copyright ovsonline.in

1995-ലെ സുപ്രീം കോടതി വിധിയോടെ പാത്രിയർക്കീസ് കക്ഷിയിൽ നിന്ന് മാതൃ സഭയിൽ ചേർന്ന 4 മെത്രാൻമാരിൽ ഒരുവനായ എബ്രഹാം മാർ സേവേറിയോസ് പിന്നീട് പാത്രിയർക്കീസ് കക്ഷിയിൽ തിരിച്ച് ചെല്ലുവാൻ നിർബന്ധിതനായി. കാരണം അദ്ദേഹത്തിന് വെങ്ങോലയിൽ (പെരുമ്പാവൂർ അടുത്ത്) കുറേ സ്വത്തുക്കളുണ്ടായിരുന്നു. അത് തട്ടിയെടുക്കുവാൻ വേണ്ടി അദ്ദേഹത്തെ പല തരത്തിലും അപകീർത്തിപ്പെടുത്തുവാൻ തുടങ്ങി. അവസാനം ക്രൈം മാസികയുടെ പത്രാധിപനെവരെ സ്വാധീനിച്ച് മാർ സേവേറിയോസിനെ സ്ത്രീ പീഢനക്കേസ്സിൽ പെടുത്തി നിരന്തരം ആക്രമിച്ചു. ഗതികെട്ട മാർ സേവേറിയോസ് തെമ്മാടിക്കൂട്ടത്തിൽ തിരിച്ചെത്തി. അദ്ദേഹം ഇങ്ങോട്ട് മാറിയ അവസരത്തിൽ സഖാ I പാത്രിയാർക്കിസ് മലങ്കരയിൽ വന്നപ്പോൾ സേവേറിയോസ് അദ്ദേഹത്തെ കാണാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ വി.ഐ.പി ലോഞ്ചിൽ കാത്തിരുന്നു. ആ സമയം അവിടെ വന്ന അന്ത്യോഖ്യ വിശ്വാസികൾ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയും, ഉടുപ്പ് വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. പിന്നീട് തിരിച്ചെടുത്ത് കൈ മുത്തുന്നതും അവരുടെ പരിപാടികളിൽ പെടുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന പഴഞ്ചൊല്ല് ഇവിടെ നിവൃത്തിയാകുന്നു.

ഇവിടെയുള്ള മറ്റു ക്രിസ്ത്യൻ വിഭാഗങ്ങൾ കാത്തോലിക്ക, റീത്ത്, മർത്തോമയെല്ലാം തന്നെ മലങ്കര സഭയോട് ഉള്ളിൽ പക സൂക്ഷിക്കുന്നവരാണ്. ഈ സഭ ചിതറി നശിച്ചു കാണണമെന്ന് വളരെ സ്വകാര്യമായി അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവർ രണ്ട് വിഭാഗവും പങ്ക് വെച്ച് ആരാധന നടത്തണമെന്ന് പ്രേരിപ്പിക്കുന്നത്. എന്നാൽ നീതിന്യായ കോടതികൾക്ക് ഈ ചതിയുടെ കാര്യം ശരിക്കറിയാം അതുകൊണ്ടാണ് മലങ്കര സഭ ഏകമാണെന്നും, അതിൽ സമാന്തര ഭരണം പാടില്ലെന്നും അവർ ശഠിക്കുന്നത്. വളരെ കെട്ടുറപ്പുള്ള ഭരണഘടനയുള്ള ഈ സഭയുടെ കീഴിൽ ഒരു ട്രസ്റ്റായി എല്ലാവരും നിൽക്കണമെന്നും, പിരിയേണ്ടവർക്ക് പിരിയാം എന്നാൽ സ്വത്തോ, പള്ളിയോ കൂടെ കൊണ്ടുപോകാൻ സാദ്ധ്യമല്ല എന്നും കോടതി വളരെ ശക്തമായി പറഞ്ഞു കഴിഞ്ഞു. 1958-ലെ സഭാ സമാധാനത്തിനു ശേഷം ഈ സഭക്കുണ്ടായ പുരോഗതി വിലയിരുത്തിയാൽ നാം അത്ഭുതപ്പെട്ട് പോകും. Dr. Philipose Mar Theophilose എന്ന അംബാസഡർ ലോകം മുഴുവൻ പറന്ന് ചെന്ന് മലങ്കര സഭയുടെ ഖ്യാതി ലോക ക്രൈസ്തവ സഭകൾക്ക് പങ്കുവെക്കുമ്പോൾ വിശ്വമാനവനായ (world citizen) H.G Dr. Paulose Mar Gregorios WCC-യുടെ അമരത്തിരുന്ന് ഈ സഭയുടെ ശക്തി ലോക സഭകളെ അറിയിച്ചു. ഒരു കാലത്ത് അതിശക്തയായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയെ appointment ഇല്ലാതെ കാണാൻ ചുരുക്കം ചിലർക്കെ സാധിച്ചിരുന്നുള്ളൂ. അതിലൊരാൾ നമ്മുടെ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നു. WCC-യുടെ പ്രഥമ വനിതാ പ്രസിഡന്റായി തിരഞ്ഞെടുത്തത് ഒരു മലങ്കര ഓർത്തോഡോക്സുകാരിയായിരുന്നു എന്ന സത്യം നമ്മളിൽ എത്ര പേർക്കറിയാം. പക്ഷെ എല്ലാം നശിപ്പിക്കുവാൻ വിദ്യാഭാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത നാലാം ക്ലാസ്സ്‌ തോറ്റവന് കഴിയുന്നു. അവർക്ക് കൂട്ടുനിൽക്കുവാൻ ഇവിടെ ആളുകളുമുണ്ട്. ഒരുപക്ഷേ സാത്താൻ തിരഞ്ഞു പിടിച്ച് ഈ സഭയെ വേട്ടയാടുന്നു എന്നാണെനിക്ക് തോന്നുന്നത്. ഒരു നിമിഷം ചിന്തിച്ചാൽ ഇവർക്കു പിന്തുണ നൽകുന്നവർ മാതൃസഭയിലേക്ക് തിരികെ വന്ന് ഈ സഭയെ ശക്തിപ്പെടുത്തുവാൻ കഴിയും. ദൈവാശ്രയത്തോടെ അവർ അതിനു ശ്രമിക്കണമെന്ന് മാത്രം.

മലങ്കര സഭയിലെ കക്ഷിവഴക്കിൻ്റെ അലയൊലികൾ നമ്മുടെ ദേവാലയത്തെ ബാധിച്ചു. ഓർത്തഡോക്സ്‌ വിഭാഗത്തെ പുറത്താക്കുവാൻ അന്നേ ശ്രമമാരംഭിച്ചു എന്നാൽ നമ്മുടെ മുൻഗാമികൾ ശക്തരായിരുന്നു. നമ്മുടെ പള്ളിയിൽ ഒന്നിടവിട്ടു അവർക്ക് എന്തെല്ലാം അവകാശങ്ങളുണ്ടോ അവയെല്ലാം നമ്മൾക്കും ലഭിക്കുവാൻ (കേസിൻ്റെ അന്തിമ തീർപ്പുവരെ) അവർ കിണഞ്ഞു പരിശ്രമിക്കുകയും നേടിയെടുക്കുകയും ചെയ്തു. അതിൻ്റെ ആദ്യ പടിയായി പള്ളി റിസീവർ ഭരണത്തിലാക്കാൻ ഈ വക ക്രമീകരണങ്ങൾക്ക് നേത്യുത്വം കൊടുത്തവരെ നമ്മൾക്കോർക്കാം. ഒന്നാമതായി പുല്യാട്ട് തുകലൻ മാത്യു, കാറ്റാടിയിൽ പൗലോസ് (കുഞ്ഞൂഞ്ഞ്), ടി.വി പോൾ തുകലൻ, എഴുമത്തുരുത്തേൽ ജോർജ്, വൈശ്യംപറമ്പിൽ കോര, വൈശ്യംപറമ്പിൽ ജോസഫ്, ആലുങ്കൽ കുഞ്ഞുഞ്ഞ്, മട്ടമ്മേൽ മത്തായി, തുടിയൻ മാത്തച്ചൻ, തുടിയൻ പാപ്പച്ചൻ എന്നിവരാണ് പെട്ടന്ന് മനസ്സിൽ വരുന്നത്. അന്ന് നാം ഒരു ചെറിയ ആട്ടിൻകൂട്ടമായിരുന്നു മാത്രമല്ല സാമ്പത്തിക രംഗവും മോശമായിരുന്നു. ആ അവസരത്തിൽ പണംകൊണ്ടും സ്വാധീനംകൊണ്ടും നമ്മെ പിടിച്ചു നിർത്തിയ, നമ്മൾക്ക് ഒരിക്കലും മറക്കാനാകാത്ത വ്യക്തി നമ്മുടെ ടി.വി പോൾ എന്ന പൗലോച്ചൻ ചേട്ടനാണ്. ഒരിക്കൽ നമ്മുടെ ആളുകളെ മുളന്തുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്ത്രീകളും കുട്ടികളും കരച്ചിൽ ആരംഭിച്ചു. വന്ദ്യനായ പൗലോച്ചൻ ചേട്ടൻ അവരെ ആശ്വാസിപ്പിച്ച് ഇന്ന് ഉറങ്ങുന്നതിനു മുൻപേ നിങ്ങളുടെ ഭർത്താക്കന്മാരെ നിങ്ങളുടെ വീട്ടിലെത്തിച്ചിട്ടേ താൻ വീട്ടിൽ പോകുകയുള്ളു എന്നു പറയുകയും അദ്ദേഹം അത് കൃത്യമായി നിവർത്തിക്കുകയും ചെയ്തു. ആ ധന്യ സമരണയ്ക്കു മുൻപിൽ ഒരുപിടി കണ്ണീർപൂക്കൾ.Copyright ovsonline.in

വന്ദ്യനായ മട്ടമ്മേൽ ഇസഹാക്ക് കത്താനാർക്ക് ശേഷം അദ്ദേഹത്തിൻ്റെ പുത്രൻ വന്ദ്യ. ജോർജ് കത്തനാർ ചുമതലയേറ്റു. അന്നത്തെ കാതോലിക്കാ ബാവായോടും നിയുക്ത കാതോലിക്കാ അഭി. മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനിയോടും നല്ല ബന്ധം പുലർത്തിയ വന്ദ്യ. ജോർജ് അച്ചൻ്റെ പ്രായത്നഫലത്താൽ പരിശുദ്ധ ഔഗേൻ കാതോലിക്ക ബാവയെ കൊണ്ട് സെന്റ് മേരീസ് യൂത്ത് മൂവ്മെന്റ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത്. കോട്ടയത്തു നിന്നു കർമ്മേൽ പെരുന്നാളിന് സംബന്ധിക്കുവാൻ പോകുന്ന വഴിക്ക് പരിശുദ്ധ ബാവയും നിയുക്ത ബാവയും കണ്ടനാട് പള്ളിയിൽ കയറി പ്രാർത്ഥിച്ചു. ആ സമയം ജോർജ്ജച്ചൻ നിയുക്ത ബാവയോട് നമ്മുടെ ആഗ്രഹം പങ്കു വെക്കുകയും, തിരിച്ചു കോട്ടയത്തിനു പോകുമ്പോൾ കണ്ടനാട് പള്ളിയിൽ കയറാം എന്നു നിയുക്ത ബാവ സമ്മതിക്കുകയും ചെയ്തു. ആ സമയം തന്നെ അച്ചൻ ഞങ്ങളെയെല്ലാം വിവരമറിയിച്ചു. അന്നത്തെ യൂത്ത് പ്രതിനിധികളായ വി.കെ വർഗീസ്, തുടിയൻ തമ്പി, കാറ്റാടിയിൽ വാവ, പാണക്കാടൻ ജോയി, കെ.ഒ ജോസഫ് കുന്നേൽ, ജോണി കീയാലിൽ, ബെന്നി എണ്ണിരിയിൽ, ബാബു വൈശ്യംപറമ്പിൽ, സാജു കുര്യൻ വൈശ്യംപറമ്പിൽ, ജിബോയ്‌ കരവട്ടുവീട്ടിൽ, ബിനോയ് കരവട്ടുവീട്ടിൽ എന്നിവരെല്ലാം എത്തി. അന്നത്തെ കണ്ടനാട് കത്തോലിക്കാ പള്ളി വികാരിയും സ്ഥലത്തെത്തി, ഉദ്ഘാടനകർമ്മം സമംഗളം നടന്നു. അന്ന് അവിഭക്ത സഭയായിരുന്നതിനാൽ എതിർ വിഭാഗത്തിലെ ആളുകളും ചടങ്ങിൽ പങ്കെടുത്തു.

ആ കാലത്ത് രണ്ടു വൈദീകർ ഓർത്തഡോക്സ്‌ പക്ഷത്തുള്ളവരായിരുന്നു. ഒരാൾ മട്ടമ്മേൽ ജോർജ്ജച്ചൻ മറ്റെയാൾ കട്ടക്കയം ജോർജ്ജച്ചൻ. അന്നത്തെ കണ്ടനാട് മെത്രാപ്പോലീത്തയായിരുന്ന പൗലോസ് മാർ പീലെക്സിനോസ് കട്ടക്കയം ജോർജച്ചനെ മാറ്റി തൽസ്ഥാനത്ത് ഫാ. ടി.പി പീറ്റർ പുതൃക്കയെ നിയമിച്ചു. (ഈ വൈദീകൻ മഹാ സൂത്രശാലിയായിരുന്നു. പൊന്തക്കോസ് പ്രാസംഗികനായിരുന്ന പീറ്റർ തൻ്റെ പ്രസംഗത്തിൽ സഭയെ വളരെ മോശമായി ചിത്രീകരിക്കുന്ന ഒരു വ്യക്തിയായിരുന്നു. എന്തിനാണ് സഭയെ ഇങ്ങനെ അപകീർത്തി പെടുത്തുന്നതെന്നു മെത്രാപ്പോലീത്തായുടെ ചോദ്യത്തിന് തനിക്കിപ്പോൾ പണിയൊന്നുമില്ല, പണിതന്നാൽ സഭയുടെ കൂടെ നിൽക്കാം എന്നു പറഞ്ഞതനുസരിച്ചു വിളിച്ചു പട്ടം കൊടുത്തതാണ്.) ഞങ്ങളൊക്കെ വിദ്യാർത്ഥികൾ ആയിരിക്കുന്ന സമയത്ത് ഇദ്ദേഹത്തെ ഞങ്ങൾ സംഘം ചേർന്ന് മർദിച്ചു എന്ന കള്ളക്കേസ് കൊടുത്ത വിരുതനാണ് ഇദ്ദേഹം. ബാബു വൈശ്യംപറമ്പിൽ, സാജു കുര്യൻ വൈശ്യംപറമ്പിൽ, ജിബോയ്‌ കരവട്ടുവീട്ടിൽ, ബിനോയ് കരവട്ടുവീട്ടിൽ, പുല്യാട്ട് തുലകൻ പൗലോസ്, ഇളംകുളം അവിരാച്ചൻ തുടങ്ങിയവരായിരുന്നു പ്രതികൾ. ഞങ്ങളെ പലതവണ കോടതി കയറിയിറക്കിയ ഈ കേസിൽ മജിസ്‌ട്രേറ്റ് മൊഴിയെടുത്തപ്പോൾ ഞങ്ങളിൽ പലരും കോളേജിൽ ആയിരുന്നുവെന്നും വേണമെങ്കിൽ തെളിവ് സമർപ്പിക്കണമെന്നും മൊഴികൊടുത്തു. ഞങ്ങളുടെ നിരപരാധിത്വത്തിൽ പൂർണ്ണ വിശ്വാസം വന്ന മജിസ്‌ട്രേറ്റ് അച്ചനെ കണക്കിന് ശകാരിക്കുകയും കേസ് തള്ളുകയും ചെയ്തു. ഞങ്ങളുടെ ഭാവി, സർക്കാർ ജോലി, വിദേശ ജോലി എന്നിവ ഇല്ലാതാക്കുക ആയിരുന്നത്രെ കേസ് കൊടുത്തതിൻ്റെ ഉദ്ദേശം. അദ്ദേഹത്തോട് ഇതു ചോദിച്ചിട്ടെ ഉള്ളു എന്നു നമ്മുടെ മുതിർന്ന അംഗങ്ങൾ തീരുമാനിക്കുകയും മട്ടമ്മേൽ മത്തായി, വൈശ്യംപറമ്പിൽ ജോസഫ്, തുടിയൻ മാത്തച്ചൻ എന്നിവർ വഴിയിൽ കാത്തിരുന്നു. അച്ചൻ ഇത് എങ്ങനെയോ അറിഞ്ഞു വഴിമാറി ഉദയംപേരൂർ കവലയിൽ നിന്നു പള്ളിയിൽ എത്തിയ അച്ചനെ ഇവർ ചോദ്യം ചെയ്തു. സമ്മർദത്തിന് വഴങ്ങി ചെയ്തതാണെന്നും, തന്നെ വെറുതെ വിടണമെന്നും അച്ചൻ അഭ്യർത്ഥിച്ചു. കൂടാതെ എൻ്റെ ഈ കൈത്തണ്ട്‌ മുറിച്ചാൽ കാതോലിക്കേറ്റിന് പിന്തുണയുള്ള രക്തം മാത്രമേ ഒഴുകു എന്നും അച്ചൻ കരഞ്ഞു പറഞ്ഞു. ഈ അച്ചനെ പിന്നീട് യാക്കോബായക്കാർ ബലം പ്രയോഗിച്ചു നീക്കം ചെയ്തു.

ജോൺ പുന്നച്ചാലിൽ അച്ചനെ നിയമിച്ചത് മറ്റൊരു ചരിത്രം. ഇദ്ദേഹത്തിന് പട്ടം കൊടുത്ത പൗലോസ് മാർ പീലെക്സിനോസ് മെത്രാൻ 1958 -ലെ സഭാ യോജിപ്പിന് ശേഷം പുത്തൻകാവിൽ കൂടിയ അസോസിയേഷനിൽ വച്ച് ആ ചന്ദ്രതാരം ഞാനിനി ഈ കാതോലിക്കേറ്റിൻ്റെ കീഴിൽ നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശേഷം സഭയിൽ കലഹം ഉണ്ടാക്കുന്നതിൻ്റെ ആദ്യ പടിയായി ‘അന്ത്യോഖ്യൻ മൂവ്മെന്റ്‘ -ന് രൂപം കൊടുത്ത ആളാണെന്നത് ശ്രദ്ധേയം. പീറ്റർ അച്ചനെ ബലം പ്രയോഗിച്ച് നീക്കം ചെയ്ത അവസരത്തിൽ തുകലൻ ബാലൻ ചേട്ടൻ്റെ വീട്ടിൽ അഭയം തേടിയ അച്ചനെ വീട്ടുടമയെ ഭീഷണിപ്പെടുത്തി പുറത്തുചാടിച്ച് ഓടിച്ചുവിട്ടവരാണ് ഇവിടുത്തെ പാത്രിയർക്കീസുകാർ. എന്തൊക്കെ പറഞ്ഞാലും അവർക്ക് നേതൃത്വം കൊടുത്ത വൈദികന് പുറത്താക്കാൻ കുറച്ചുകൂടി പരിഷ്കൃതമായ രീതി അവലംബിക്കാമായിരുന്നു എന്ന് തോന്നി പോകുന്നു.Copyright ovsonline.in

വികാരി വന്ദ്യ മട്ടമ്മേൽ ഫാ. ജോർജ്ജിൻ്റെ കാലശേഷം കണ്ടനാട് പള്ളിയിൽ ഐസക് അച്ചൻ ചാർജ്ജെടുത്ത കാലം ജോർജ്ജ് അച്ചൻ പോയതോടെ അദ്ദേഹം വ്യക്തിപരമായി നേടിയ അധികാരാവകാശങ്ങൾ എല്ലാം നഷ്ടപ്പെട്ടുവെന്നും ഓർത്തഡോക്സുകാർക്ക് പള്ളിയിൽ ഒരു കാര്യവും ഇല്ലെന്നും പാത്രിയർക്കീസ് പക്ഷം തീരുമാനം എടുത്തു. വിഘടിത മെത്രാന്മാർ ഇവാനിയോസും, മറ്റുള്ളവരും ഇവിടെ യഥേഷ്ടം കയറി ഇറങ്ങുവാൻ തുടങ്ങി. ജോർജ്ജ് അച്ഛൻ്റെ കാലത്തു നിയമിച്ചാക്കിയ പള്ളി കമ്മറ്റിയ്ക്ക് പ്രസക്തിയില്ലായിരുന്നു. നീതിമാനായ തൃപ്പൂണിത്തുറ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജോ അലക്സാണ്ടർ ഒരു പരാതി എഴുതി തന്നാൽ നടപടി എടുക്കാം എന്ന് നിർദേശിച്ചു. ഒരു പരാതി സർക്കിൾ ഇൻസ്പെക്ടർക്ക് സമർപ്പിച്ചു. അദ്ദേഹം, മുകളിൽ നിന്നു നിങ്ങൾക്ക് അനുകൂലമാണ് തീരുമാനം എന്നും പക്ഷെ ആഹ്ളാദ പ്രകടങ്ങൾ ഒന്നും വേണ്ടെന്നും നിർദേശിച്ചു. അതനുസരിച്ചു പോലീസ് നടപടി എടുത്തു, സ്റ്റാറ്റസ്കോ പണ്ടുള്ളതുപോലെ തുടരാനായിരുന്നു തീരുമാനം. ഇതിൽ കുപിതരായ പാത്രിയർക്കീസ് പക്ഷം പല ഭീഷണികളും മുഴക്കി. പുന്നച്ചാലിൽ അച്ചൻ കുർബാനക്കിടയിലെ പ്രസംഗമധ്യേ വളരെ മോശമായി പരാമർശിച്ചു, ഞങ്ങളെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ പരി. ദൈവമാതാവിൻ്റെ കൃപയാൽ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. പിന്നീട് ഒരിക്കൽ പുന്നച്ചാലിൽ അച്ചനോട് ഇതിൽ എൻ്റെ ശക്തമായ പ്രതിഷേധം അറിയിച്ചു. അപ്പോൾ അച്ചൻ വളരെ സൗമ്യമായി നമ്മുടെ വ്യക്തി ബന്ധങ്ങളെ ഇതൊന്നും ബാധിക്കില്ലെന്നും ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഞാൻ പറഞ്ഞുപോയതാണെന്നും അറിയിച്ചു. എന്തൊരു മര്യാദക്കാരൻ? വൈദീകനായിരുന്നപ്പോൾ എൻ്റെ വീട്ടിൽ നിത്യ സന്ദർശകനായിരുന്ന അഭിനവ മെത്രാൻ എന്നോട് പിണക്കമായി. മെത്രാൻ്റെ കുടുംബം ഉൾകൊള്ളുന്ന ഫാമിലി ഫെല്ലോഷിപ്പിൽ പ്രമേയം അവതരിപ്പിച്ചു. സൗമ്യനായി നടക്കുന്ന ഞാൻ മെത്രാങ്കക്ഷി തീവ്രവാദിയാണെന്നും അയാളെ ഒറ്റപ്പെടുത്തണമെന്നും പലരും വാദിച്ചു. അവിടെയും എൻ്റെ സുഹൃത്തും പ്രസ്തുത കുടുംബത്തിലെ ഒരു മുതിർന്ന അംഗവുമായ (പേര് ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല). മാന്യ വ്യക്തി അതിനെ എതിർത്തു. ഒരു തികഞ്ഞ ഓർത്തഡോക്സ്കാരനായ അയാൾക്ക് അങ്ങിനെയല്ല പ്രവർത്തിക്കാൻ ഒക്കുകയുള്ളു അതിൽ നാം അമർഷം കൊണ്ടിട്ട് കാര്യമില്ല എന്നും പറഞ്ഞ് ആ സംഭവം നിസ്സാരവൽകരിച്ച് എന്നും എടുത്തു പറയേണ്ടതാണ്. എന്നിരുന്നാലും അവരുടെ തീവ്രവാദികൾ എന്നെ കാണുമ്പോൾ മുഖം തിരിക്കുകയും വളരെ ദേഷ്യത്തോടെ നോക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് അവരിൽ പലരും എന്നോട് സൗഹൃദത്തോടെ ഇടപെഴുകുന്നുണ്ട്. അന്ന് ഞാൻ ഒരു ബിസിനെസ്സ് നടത്തുന്നുണ്ടായിരുന്നു, അവിടേക്ക് പോകുംവഴി കുരീക്കാട് വച്ച് എന്നെ കൈയ്യേറ്റം ചെയുവാൻ പോലും അവർ പ്ലാൻ ചെയ്തിരുന്നു. എന്നാൽ അവിടുള്ള അക്രൈസ്തവരായ ഒരു വലിയ സുഹൃത് വലയം എനിക്കുണ്ടായിരുന്നു. ഞാനവരോട് ഇക്കാര്യം സൂചിപ്പിച്ചു. ഇങ്ങു വരട്ടെ നമുക്ക് നോക്കാം എന്നവർ പറഞ്ഞു. ഞാൻ നിർഭയം അവരുടെ മുൻപിലൂടെ യാത്ര ചെയ്തു. ചിലപ്പോഴൊക്കെ മനപ്പൂർവം അവരുടെ മുൻപിൽ വണ്ടി നിർത്തി എൻ്റെ സുഹൃത്തുക്കളോട് സൗഹൃദ സംഭാഷണങ്ങൾ നടത്തി. എൻ്റെ സുഹൃത്തുക്കളും അതീവ ജാഗ്രതയിൽ ആയിരുന്നു. ദൈവത്തിൻ്റെ വലിയ കൃപ ഒരു അനിഷ്ട സംഭവവും ഉണ്ടാകാതെ അതങ്ങനെ അവസാനിച്ചു.

1958-ലെ സഭാ സമാധാനത്തിനുശേഷം മലങ്കര സഭയിലെ പള്ളികളെല്ലാം ഓർത്തഡോക്സ് പള്ളികൾ എന്ന അറിയപ്പെട്ടു. അതിനു മുൻപും ഈ സഭാ ഓർത്തഡോക്സ് സഭാ തന്നെയായിരുന്നു. നിരവധി തെളിവുകൾ ഇതിനായി നിരത്തുവാൻ നമുക്ക് കഴിയും. പിറവം പള്ളിയുടെ റോഡിലേക്കുള്ള മുഖവാരത്തിൽ ഓർത്തഡോക്സ് ചർച്ച്, പിറവം കവലയിൽ ഉള്ള കുരിശിൻ തൊട്ടിയിൽ Belongs to Orthodox Church Piravom എന്ന് കോൺക്രീറ്റ് ചെയ്തു ആലേഖനം ചെയ്തിരുന്നു. പിന്നീട് 2002-ലെ പുതിയ പുത്തൻകുരിശു സഭ അതെല്ലാം കുത്തിപൊളിച്ചു യാക്കോബായ എന്ന നാമം ചേർത്തു. 1969-ൽ ഒരു വഴിപാട് അകപ്പറമ്പിലെ മാർ ശാബോർ അഫ്റോത്തു പള്ളിയിലേക്ക് നേർന്നു അത് കഴിഞ്ഞു അവിടെ പോയ അവസരത്തിൽ കുർബാനക്ക് പേര് കൊടുത്തു. അകപ്പറമ്പ് ഓർത്തഡോക്സ്‌ പള്ളി എന്ന റെസീപ്റ്റ് ആണ് പള്ളിയിൽ നിന്നു തന്നത്. പാത്രിർക്കീസ് വിഭാഗത്തിൻ്റെ പ്രബലസാന്നിധ്യം ഉള്ള അങ്കമാലി ഭദ്രാസനത്തിലെ അകപ്പറമ്പ് പള്ളിയുടെ കഥ ഇതാണെങ്കിൽ തീർച്ചയായും മലങ്കരയിലെ എല്ലാ പള്ളികളും ഓർത്തഡോക്സ്‌ തന്നെ ആണ്. ഓർത്തഡോക്സ്‌ എന്ന പേര് ഇതിനു മുൻപ് കേട്ടിട്ടില്ല പുതിയ ഒരു പേരാണ് എന്ന് പറയുന്നവരുടെ പാത്രിയർക്കീസ് സിറിയൻ ഓർത്തഡോക്സ്‌ സഭയുടെ പാത്രിയർക്കീസ് ആണെന്നു അണികളിൽ എത്ര പേർക്ക് അറിയാം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകുവാൻ സാധിക്കും. നമ്മുടെ നാട്ടിൽ ഒരു പൊട്ടൻ ഉണ്ടാകുവയും പൊട്ടന് ഒരു മകൻ ഉണ്ടാകുകയും ചെയ്താൽ അവനെ പൊട്ടൻ്റെ മകൻ എന്ന് വിളിക്കുമായിരിക്കും. എന്നാൽ അവൻ അഭിമാനപ്പൂർവം താൻ ഇന്നടത്തെ ഇന്നാരുടെ മകൻ എന്ന് പറയും. മറ്റു ക്രിസ്‌തീയ വിഭാഗത്തിൽപെട്ടവർ പ്രത്യേകിച്ചു കത്തോലിക്കർ യാക്കോബക്കാർ എന്ന് പരമ പുച്ഛത്തോടെ പറയും, അത് ഭൂഷണമാക്കി തങ്ങൾ അതാണ് എന്ന് പറയാൻ അപാര തൊലിക്കട്ടി വേണം. മലങ്കര ഓർത്തഡോക്സ്‌ സഭ ഭരണഘടനയിലെ ആദ്യപാദത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയെ ‘യാക്കോബായ’ സഭ എന്ന് തെറ്റായി പറഞ്ഞു വരുന്നു എന്ന് ചേർത്തിട്ടുണ്ട്. അങ്ങനെ തെറ്റായ പ്രയോഗത്തെ ഭൂഷണമാക്കി എടുത്തവർ തീർച്ചയായും മലങ്കര ഓർത്തഡോക്സ്‌ സഭ ഭരണഘടനക്ക് ഇതരരാണ്. കണ്ടനാടു പള്ളി ഒരു റിസീവറെ നിയമിച്ചപ്പോൾ ബഹു. കോടതി കണ്ടനാട് ഓർത്തഡോക്സ്‌ പള്ളിക്കു റിസീവറെ നിയമിച്ചിരിക്കുന്നു എന്നാണ് നിയമന ഉത്തരവിൽ കാണിച്ചിരിക്കുന്നത്. ഇതെല്ലാം സ്വയം സംസാരിക്കുന്ന സത്യങ്ങൾ ആണ്. യാക്കോബായ എന്ന പേര് സിറിയൻ ഓർത്തഡോക്സ്‌ സഭ തിരസ്കരിക്കുന്നു എന്ന് ഇപ്പഴത്തെ പാത്രിർകിസ് അപ്രേം 2 ബാവ തൻ്റെ സഭ ചരിത്രത്തിൽ രേഖപെടുത്തിട്ടുണ്ട്.

ഭാരതത്തിലെ പുരാണ ക്രിസ്ത്യാനികൾ മാർത്തോമായുടെ മക്കൾ ആണ്. എന്നാൽ ഇവർ ഭിന്നിച്ചു പല സഭകൾ ആയി നിലനിൽക്കുന്നു. റോമിലും, സിറിയയിലും, ഇംഗ്ലണ്ടിലും ഒക്കെ ഉള്ള വിദേശ സഭകൾക്ക് വേണ്ടി അവരുടെ ഒക്കെ കൂട്ടു പിടിച്ചു മലങ്കര സഭാമക്കൾ ഭിന്നിക്കുന്നു, തമ്മിൽ അടിക്കുന്നു. നമ്മുടെ മാംസത്തിൽ നിന്നുള്ള മാംസവും രക്തത്തിൽ നിന്നുള്ള രക്തവുമായ നമ്മുടെ സഹോദരങ്ങൾ സിറിയയിലോ, റോമിലോ അല്ല ഇവിടെയാണ് ഉള്ളത്. നമ്മുടെ കൂട്ടത്തിൽ നമ്മുടെ ഇടയിൽ ആണ് ജീവിച്ചത്. വിദേശികളായ മാർ പാപ്പയുടെയോ, പാത്രിയർക്കീസ്മാരുടെയോ കിഴിൽ അല്ല ഭാരതത്തിൻ്റെ അപ്പോസ്തോലനായ മാർത്തോമായുടെ പിൻഗാമി പൗരസ്ത്യ കാതോലിക്കായുടെ കീഴിലാണ് ഭാരതത്തിലെ ക്രിസ്ത്യൻ സഭകൾ ഒന്നിച്ചു വരേണ്ടത്. ഇത് സാധിച്ചാൽ മാത്രമേ സഭകളിൽ ഭിന്നതയും തമ്മിൽലടിയും അവസാനിക്കുകയുള്ളു. കൂടാതെ ക്രിസ്തീയ വിശ്വാസം വികലമാകുകയും ഇല്ല.Copyright ovsonline.in

error: Thank you for visiting : www.ovsonline.in