OVS - ArticlesOVS - Latest NewsTrue Faith

നമ്പൂരിച്ചന്‍റെ പൂച്ചയും ഓര്‍ത്തഡോക്‌സ് വിശ്വാസവും

രില്ലത്ത് ഒരിക്കല്‍ ഒരു പൂച്ചയെ ഓമനിച്ചു വളര്‍ത്തിയിരുന്നു. അവിടെ ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തര്‍പ്പണവസ്തുക്കള്‍ അശുദ്ധമാക്കാതിരിക്കാന്‍ തലേന്നുതന്നെ പൂച്ചയെ പിടിച്ചു കൊട്ടകൊണ്ടു മൂടിയിടും. ഇല്ലത്തെ ഉണ്ണികള്‍ ഇതു കണ്ടാണ് വളര്‍ന്നത്. കാലം കടന്നു. നമ്പൂരിച്ചന്‍ മരിച്ചു. പൂച്ചയും ചത്തു. അതോടെ ഇല്ലത്ത് പൂച്ചവളര്‍ത്തലും നിലച്ചു. പക്ഷേ ഒരു പൂച്ചയെ ശ്രാദ്ധത്തലേന്നുമുതല്‍ മൂടിയിടണമെന്നത് ഒരു അനുഷ്ഠാനമാണന്നു ധരിച്ചുവശായ ഉണ്ണികള്‍ എവിടെനിന്നെങ്കിലും ഒരു പൂച്ചയെ സംഘടിപ്പിച്ചു കൊട്ടകൊണ്ടു മൂടിയിടും! ഒരിക്കല്‍ പൂച്ചയെ കിട്ടാഞ്ഞ് അടിയില്‍ പൂച്ച ഉണ്ടെന്ന സങ്കല്പത്തില്‍ ഒരു വെറും കുട്ട കമഴ്ത്തിയശേഷം ശ്രാദ്ധം നടത്തിയത്രെ!

വിശ്വാസവും ആചാരനുഷ്ഠാനങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിചിന്തനം ചെയ്യുവാന്‍ അടിസ്ഥാനമായി ഉപയോഗിക്കവുന്ന ഒരു കഥയാണിത്. അര്‍ത്ഥവും പ്രസക്തിയും പശ്ചാത്തലവും അറിയാതെ യാന്ത്രികമായി അനുവര്‍ത്തിക്കുന്ന ആചാരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനാതീതമായി മാറുന്നതിന്‍റെ കാരണം അവയുടെ ഉത്ഭവ-വികസന ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്. പരമ്പരാഗതമായി ആചരിച്ചുവരുന്ന അനുഷ്ഠാനങ്ങളെ നിരര്‍ത്ഥകമെന്നും അക്രൈസ്തവമെന്നും മുദ്രകുത്തി പുറത്താക്കാന്‍ ശ്രമിക്കുന്നതും വിഡ്ഢിത്വമാണ്. കാരണം അവയ്ക്കു പുറകില്‍ സൂപ്തമായ ഒരു ചരിത്രമുണ്ടാകും. അവയുടെ നെല്ലുംപതിരും വേര്‍തിരിക്കാതെ അവയെ പരിത്യജിക്കാനാവില്ല.

ഒരു ഉദാഹരണംകൊണ്ട് ഇതു വ്യക്തമാക്കാം. വി. കുര്‍ബാന അര്‍പ്പിക്കാന്‍ ദേവാലയത്തിന്‍റെ തെക്കെ വാതിലിലൂടെ മാത്രം പ്രവേശിക്കുന്ന വൈദീകര്‍ ഇന്നും അപൂര്‍വമായെങ്കിലും മലങ്കരസഭയിലുണ്ട്. സൗകര്യപ്രദമായ മറ്റു വാതിലുകള്‍ ഉണ്ടെങ്കിലും ഇതിനു മാറ്റമില്ല. പക്ഷേ ഭൂരിപക്ഷം പേര്‍ക്കും ഇതിന്‍റെ പശ്ചാത്തലം അറിയില്ല എന്നതാണ് വാസ്തവം. മല്പാന്‍മാര്‍/മുതിര്‍ന്ന വൈദീകര്‍ അപ്രകാരം ചെയ്തു കണ്ടതിനാല്‍ – പലരും തികച്ചും അബോധപൂര്‍മായി – അതു പിന്തുടരുന്നവരാണ് ഭൂരിഭാഗവും.

അത്തരം ചട്ടവട്ടങ്ങളുടെ ആവശ്യമില്ലാ എന്ന വാദം ഉന്നയിക്കുന്ന ചിലര്‍ ഇന്നുണ്ട്. അത്തരമൊചാരത്തിനു പിന്നിലെ വിശ്വാസം/ വേദശാസ്ത്രം എന്തെന്നുള്ള അജ്ഞതയാണ് ഈ വാദത്തിനു പിമ്പില്‍. യഥാര്‍ത്ഥത്തില്‍ പള്ളിയുടെ വാതിലുകളെപ്പറ്റിയുള്ള നസ്രാണി സങ്കല്പമാണ് കാര്‍മ്മികന്‍റെ ദക്ഷിണദ്വാരപ്രവേശനത്തിന്‍റെ അടിസ്ഥാനം. പള്ളിയുടെ നാലു വശവുമുള്ള പ്രവേശനദ്വാരങ്ങളെപ്പറ്റി വ്യത്യസ്ഥസങ്കല്പങ്ങളാണുള്ളത്. അതനുസരിച്ച് കിഴക്ക് (സാങ്കല്പികം) – മഹത്വത്തിന്‍റെ വാതില്‍, പടിഞ്ഞാറ് – കരുണയുടെ വാതില്‍, വടക്ക് – പ്രത്യാശയുടെ വാതില്‍, തെക്ക് – അനുതാപത്തിന്‍റെ വാതില്‍. ഈ അര്‍ത്ഥതലം വ്യക്തമാകുമ്പോള്‍ കാര്‍മ്മികന്‍റെ പ്രവേശനരീതി സ്വാര്‍ത്ഥകമാണെന്നു കാണാം. കാരണം, ബലി അര്‍പ്പിക്കുന്നവന്‍ കാര്‍മ്മികന്‍ അനുതാപത്തോടെ വരണമെന്നു വി. വേദപുസ്തകവും പ. സഭയും പഠിപ്പിക്കുന്നു. അവിടെ എതിര്‍പ്പുകള്‍ അപ്രസക്തമാകുന്നു. copyright-ovsonline.in

പ്രവേശനദ്വാരസങ്കല്പം നസ്രാണിയുടെ മാത്രമാണോ അതോ പൊതു പൗരസ്ത്യ പാരമ്പര്യമാണോ എന്നു ഈ ലേഖകനറിയില്ല. നസ്രാണിയുടെ തനതുവകയെങ്കിലും അതിനെ തള്ളിക്കളയാനാവില്ല. കാരണം വിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും രൂപപ്പെടുത്താന്‍ ഓരോ പ്രദേശികസമൂഹത്തിനും അധികാരവും അവകാശവുമുണ്ട്. ഈ വസ്തുത അംഗീകരിക്കാന്‍ തയാറല്ലാത്തവരാണ് പ്രാദേശിക സംസ്‌കൃതികളേയും തനത് വിശ്വാസ-ആചാരങ്ങളേയും നിരസിക്കുന്നത്.

വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരു വിശദീകരണം നല്‍കണമെങ്കില്‍ ആദ്യം സത്യവിശ്വാസം എന്തെന്നു നിര്‍വചിക്കേണ്ടിയിരിക്കുന്നു. മലങ്കരസഭാ ഭരണഘടനയുടെ നാലാം വകുപ്പ് …വി. മാമോദീസാ കൈക്കൊണ്ടവരും വി. ത്രിത്വത്തിന്‍റെ ദൈവത്വം, പുത്രന്‍റെ മനുഷ്യാവതാരം, പരിശുദ്ധാത്മാവിന്‍റെ പുറപ്പാട്, വി. സഭ എന്നിവയിലും, അവയില്‍ നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ ഉപയോഗം, വി. പാരമ്പര്യങ്ങളുടെ ദൈവനിശ്വാസം, ദൈവമാതാവിന്‍റെയും ശുദ്ധിമാന്മാരുടെയും മദ്ധ്യസ്ഥത, മരിച്ചവരുടെ ഓര്‍മ്മ, ഏഴു കൂദാശകളുടെ കര്‍മ്മങ്ങള്‍, നോമ്പ് മുതലായി നിയമാനുസരണമുള്ള അനുഷ്ഠാനങ്ങള്‍ എന്നിവയിലും വിശ്വാസമുള്ളവരും അവയെ അനുഷ്ഠിക്കേണ്ട ബാദ്ധ്യത സ്വീകരിച്ചിട്ടുള്ളവരും ആയ എല്ലാ സ്ത്രീപുരുഷന്മാരും ഈ സഭയിലെ അംഗങ്ങള്‍ ആയിരിക്കുന്നതാകുന്നു… എന്നു സഭാംഗത്വത്തിനുള്ള വിശ്വാസത്തെ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ വിശ്വാസങ്ങള്‍ എല്ലാം ഒരേ ഗണത്തില്‍ പെടുത്താവുന്നവയല്ല. അവയെ അടിസ്ഥാന വിശ്വാസം, സഭാ പാരമ്പര്യം, പ്രാദേശിക സംസ്‌കൃതി എന്നിങ്ങനെ മൂന്നായി തിരിക്കാം.

സഭയുടെ അടിസ്ഥാന വിശ്വാസം എന്നത് നിഖ്യാ വിശ്വസപ്രമാണത്തില്‍ പരാമര്‍ശിക്കുന്നവയാണ്. അതിനാലാണ് എല്ലാ നമസ്‌ക്കാരങ്ങളിലും കൂദാശകളിലും നിഖ്യാ വിശ്വാസപ്രമാണം നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. അഞ്ചാം തുബ്‌ദേനില്‍ പറയുന്ന നിഖ്യായിലും കുസ്തന്തീനോസ്‌പോലീസിലും എഫേസൂസിലും വെച്ചുണ്ടായ പുണ്യപ്പെട്ടവയും പൊതുവിലുള്ളതുമായ മൂന്നു പൊതു സുന്നഹദോസുകള്‍ (യഥാക്രമം ക്രിസ്തുവര്‍ഷം 325, 381, 431) നിര്‍ദ്ധാരണം ചെയ്ത വിശ്വാസസംഹിതയാണ് നിഖ്യാ വിശ്വസപ്രമാണം എന്നറിയപ്പെടുന്നത്. ഈ അടിസ്ഥാന വിശ്വാസങ്ങള്‍ ഏകദൈവം, വി. ത്രിത്വം, ദൈവപുത്രന്‍റെ മനുഷ്യാവതാരവ്യാപാരം, ദൈവമാതാവിന്‍റെ നിത്യകന്യാത്വം, പുത്രന്‍ തമ്പുരാന്‍റെ ആളത്വം, കുരിശുമരണവും പുനരുത്ഥാനവും സ്വര്‍ഗാരോഹണവും, പ. റൂഹായുടെ പുറപ്പാട്, കാതോലികവും ശ്ലൈഹീകവും ഏകവും വിശുദ്ധവുമായ പ. സഭ, വി. മാമോദീസാ, മരിച്ചവരുടെ പുനരുത്ഥാനം, അന്തിമ ന്യായവിധി, നിത്യജീവന്‍ എന്നിവയാണ്. ഈ വിശ്വാസപ്രമാണത്തെപ്പറ്റിയാണ് ….സഭയുടെ വിശ്വാസങ്ങളെ ഭേദപ്പെടുത്തുന്നതിന് ആര്‍ക്കും തന്നെ അവകാശമില്ലാത്തതാകുന്നു. എന്നാല്‍ വിശ്വാസം ഇന്നതാണെന്നുള്ളതിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ മേല്‍ പ്രസ്താവിച്ച എപ്പിസ്‌കോപ്പല്‍ സിനഡിനു തീരുമാനം ചെയ്യാവുന്നതും, ഇതിന്‍റെ അവസാന തീരുമാനം ആകമാന സുന്നഹദോസിന് ഇരിക്കുന്നതും ആകുന്നു… എന്നു സഭാഭരണഘടന 108-ാം വകുപ്പ് വിശദീകരിക്കുന്നത്.

മൂന്നു പൊതു സുന്നഹദോസുകള്‍ പുതിയ വിശ്വസസംഹിതകളൊന്നും രൂപീകരിച്ചില്ല. സഭയുടെ അടിസ്ഥാന വിശ്വാസത്തിനെതിരായ വേദവിപരീതങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ സഭാപിതാക്കന്മാര്‍ അതിനെപ്പറ്റി പരിചിന്തനം ചെയ്ത് സത്യവിശ്വാസം ഏതെന്ന് നിര്‍വചിച്ചു പ്രഖ്യാപിക്കുക മാത്രമായിരുന്നു. ഇതേ മാനദണ്ഡമാണ് സഭാഭരണഘടനയും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

പ. വട്ടശ്ശേരില്‍ തിരുമേനി വിശ്വാസം അനുഷ്ഠാനം ഇവയപ്പറ്റി വിശദീകരിക്കുന്നത് താഴെ പറയുംപ്രകാരമാണ്. … നമ്മുടെ കര്‍ത്താവിന്‍റെയും തന്‍റെ ശ്ലീഹന്മാരുടേയും ഉപദേശത്തിനോ അതിന്‍റെ സ്ഥിരതയ്‌ക്കോ നിഖ്യായിലും കുസ്തന്തീനോസ് പോലീസിലും എപ്പേസൂസിലും കൂടിയ പൊതുവിന്നടുത്ത മൂന്നു സുന്നഹദോസുകളിലെ വിശുദ്ധ പിതാക്കന്മാര്‍ നിശ്ചയിച്ചുറപ്പിച്ച വിശ്വാസരീതിക്കോ എതിരായുള്ള യാതൊരുപദേശത്തേയും കൈക്കൊള്‍വാനോ പഠിപ്പിപ്പാനോ ഒരുത്തനും അധികാരം ഇല്ല. (ഗലാ. 1: 8-9, സുഭാ. 22: 28) ഈ സത്യ ഉപദേശത്തിനും വിശ്വാസരീതിക്കും ചേരുന്നതായുള്ള കര്‍മ്മാചാരങ്ങള്‍ക്കടുത്ത നടപടിക്രമങ്ങളേയും മര്യാദകളേയും കാലയുക്തം പോലെയും ദേശാവസ്ഥപോലെയും ക്രമപ്പെടുത്തുവാന്‍ കാതോലിക്കായിക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ നമ്മുടെ വി. സഭയിലെ മേല്പട്ടക്കാര്‍, പട്ടക്കാര്‍ മുതലായവര്‍ ഒന്നിച്ചുകൂടുന്ന പൊതുവിനടുത്ത സുന്നഹദോസുകള്‍ക്ക് അധികാരമുണ്ട്.(നട. 16: 4, റോമ. 14: 19, 1. കോരി. 8: 12, തീത്തോ. 1: 5)… (മതോപദേശസാരങ്ങള്‍, 34-ാം സംഗതി) copyright-ovsonline.in

നിഖ്യാ വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലങ്കിലും മറ്റു ചില അടിസ്ഥാന വിശ്വാസങ്ങള്‍ കൂടിയുണ്ട്. അവ കര്‍തൃകല്പിതമാണ്. പട്ടക്കാരുടെ പാപമോചന അധികാരം (മത്താ. 16: 18 – 19), വി. കുര്‍ബാന എന്നിവയാണവ. വിശ്വാസങ്ങള്‍ ആചാരങ്ങളായി പരിണമിക്കുന്നത് ദീര്‍ഘകാലത്തെ പ്രക്രിയയിലൂടെയാണ്. അടിസ്ഥാന വിശ്വാസസംഹിതയ്ക്ക് വിരുദ്ധമല്ലാതെ രൂപപ്പെടുന്ന വിശ്വാസങ്ങള്‍ക്കും, അവയില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ക്കാണ് സഭാ പാരമ്പര്യം എന്നു പറയുന്നത്.

വിശ്വാസം, അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ ഇവ എങ്ങിനെ രൂപപ്പെടുന്നു എന്നത് മനസിലാക്കാന്‍ പഴയനിയമ കാലം പരിശോധിച്ചാല്‍ മതി. അബ്രഹാം, യാക്കോബ് മുതലായ ഗോത്രപിതാക്കന്മാര്‍ യഹോവയ്ക്ക് ബലി അര്‍പ്പിച്ചിരുന്നത് കല്ലുകള്‍ പടുത്ത് താല്‍ക്കാലികമായി ഉണ്ടാക്കിയ യാഗപീഠങ്ങളില്‍ ആയിരുന്നു. പിന്നീട് സമാഗമനകൂടാരം ഉണ്ടായി. അതോടൊപ്പം അവിടുത്തെ ബലിയര്‍പ്പണങ്ങള്‍ക്ക് കൃത്യമായ ചട്ടവട്ടങ്ങളും സമയക്രമവും രൂപപ്പെട്ടു. ശലോമോന്‍ രാജാവ് സമാഗമനകൂടാരത്തിനു പകരം യേറുശലേം ദേവാലയം പണിതതോടെ അവ കൂടുതല്‍ വിപുലമായി. പ്രവാസത്തിനു ശേഷം കനാനില്‍ സ്ഥിരതാമസമാക്കിയ യെഹൂദന്മാര്‍ക്ക് പ്രതിവാര പ്രാര്‍ത്ഥനകള്‍ക്കുള്ള പ്രാദേശിക സിനഗോഗുകള്‍ രൂപപ്പെട്ടതും കടിഞ്ഞൂലുകളെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നതും ഒക്കെ ഇതിനോടൊപ്പം പരിഗണിക്കണം. യേറുശലേം ദേവാലയം യാഥാര്‍ത്ഥ്യമായതോടെ അതിനോടനുബന്ധിച്ചു യാഗവസ്തുക്കളുടേയും മൃഗങ്ങളുടേയും കച്ചവടം, പണവ്യാപാരം (Money exchange) മുതലായ തൊഴിലുകള്‍ വളര്‍ന്നുവന്നു. കാലക്രമത്തില്‍ അവ ദുഷിക്കുകയും ആത്യന്തികമായി പുരോഹിതാധിപത്യം (Theocracy) പിടിമുറുക്കുകയും ചെയ്തു എന്നത് യേറുശലേം ദേവാലയത്തിന്‍റെ ആത്യന്തിക ഫലം. പക്ഷേ അതൊന്നും ദേവാലയത്തിന്‍റെ മഹത്വത്തെ ബാധിക്കുന്ന വിഷയങ്ങളല്ല. യേശുക്രിസ്തു ചെയ്തതുപോലെ ചമ്മട്ടിയെടുത്തു ദേവാലയം ശുദ്ധീകരിക്കുക എന്നതാണ് അവയ്ക്കുള്ള പ്രതിവിധി. അല്ലാതെ ദുഷിപ്പ് ഒഴിവാക്കാന്‍ ദേവാലയം തന്നെ ഇല്ലാതാക്കുക എന്നതല്ല. റോമന്‍ കത്തോലിക്കാ സഭയിലെ ജീര്‍ണ്ണത ഇല്ലാതാക്കാന്‍ മാര്‍ട്ടിന്‍ ലൂഥര്‍ ചെയ്തത് അതാണ്. തലവേദന മാറ്റാന്‍ തല വെട്ടിക്കളയുക എന്ന മാര്‍ഗ്ഗം. ഇന്ന് നസ്രാണികളുടെ ഇടയിലും ചിലര്‍ മാര്‍ട്ടിന്‍ ലൂഥറിന്‍റെ ഈ തെറ്റായ നടപടി പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്.

പലപ്പോഴും അടിസ്ഥാന വിശ്വാസം എന്നു പൊതുവെ കണക്കാക്കുന്ന പലതും അപ്രകാരം ആവണമെന്നില്ല. ഉദാഹരണത്തിനു വി. കുര്‍ബാനയ്ക്കു പുളിപ്പുള്ള അപ്പം ഉപയോഗിക്കുക എന്നതാണ് പരസ്പരം കുര്‍ബാന സംസര്‍ഗ്ഗമുള്ള ഓറിയന്റല്‍ സഭകളുടെ രീതി. എന്നാല്‍ അതില്‍ ഉള്‍പ്പെട്ട അര്‍മ്മേനിയന്‍ അപ്പോസ്‌തോലിക്ക് സഭ പുളിപ്പില്ലാത്ത അപ്പമാണ് ഉപയോഗിക്കുന്നത്. അത് ഇതര ഓറിയന്റല്‍ സഭകള്‍ക്ക് സ്വീകാര്യമാണ്. അതേസമയം പുളിപ്പുള്ള അപ്പം ഉപയോഗിക്കുന്ന പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കുര്‍ബാന സ്വീകാര്യവുമല്ല. 1988 വരെയെങ്കിലും മലങ്കരസഭയുടെ ബ്രഹ്മാവാര്‍ പള്ളികളില്‍ പുളിപ്പില്ലാത്ത അപ്പം കുര്‍ബാനയ്ക്ക് ഉപയോഗിച്ചിരുന്നു. അത് സ്വീകാര്യമെങ്കിലും പത്തീറാ ഉപയോഗിക്കുന്ന റോമന്‍ കത്തോലിക്കാ സഭയുടെ കുര്‍ബാനയെ നിരാകരിക്കുന്നു. വി. കുര്‍ബാന അംഗീകൃതമാകുന്നതോ നിരാകരിക്കപ്പെടുന്നതോ സഭയുടെ അടിസ്ഥാനവിശ്വാസത്തിലുള്ള യോജിപ്പുകൊണ്ടാണ് ഇതര പാരമ്പര്യങ്ങളിലെ സമാനതകൊണ്ടല്ല എന്നതാണ് ഇതിനു കാരണം. copyright-ovsonline.in

ആചാരാനുഷ്ഠാനങ്ങള്‍ ജന്മമെടുക്കുന്നതിന്‍റെ ചരിത്ര പശ്ചാത്തലം മനസിലാക്കാന്‍ യഹൂദ പെസഹ പരിഗണിക്കാം. മിസ്രേമിലെ പ്രവാസത്തില്‍നിന്നും ഇസ്രായേലിനു ലഭിച്ച വിടുതലിന്‍റെ നിത്യസ്മരണ നിലനിര്‍ത്താനാണ് പെസഹാപെരുന്നാള്‍ പ്രതിവര്‍ഷം ആചരിക്കണമെന്നു നിഷ്‌ക്കര്‍ഷിച്ചത്. അടിമത്വത്തിന്‍റെയും മോചനത്തിന്‍റെയും വിവിധ തലങ്ങള്‍ പ്രതീകവത്കരിക്കുന്ന പുളിപ്പില്ലാത്ത അപ്പം, കൈപ്പുചീര, കുഞ്ഞാട്, കട്ടിളക്കാലിലെ രക്തം മുതലായവ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പെസഹാഭക്ഷണത്തോടൊപ്പം പ്രവാസത്തിന്‍റെയും മോചനത്തിന്‍റെയും കഥ കുടുംബനാഥന്‍ പ്രതിവര്‍ഷം ആവര്‍ത്തിക്കുന്ന പാരമ്പര്യവും ഉണ്ടായി. യഹൂദരുടെ പ്രവാസം, വിമോചനം എന്ന ചരിത്ര യാഥാര്‍ത്ഥ്യം പെസഹാ പെരുന്നാള്‍ എന്ന അനുഷ്ഠാനത്തിലൂടെയും അതിലെ പ്രതീകങ്ങളിലൂടെയും ദൃശ്യവത്കരിക്കുന്ന അതേ പ്രക്രിയ തന്നെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളേയും രൂപപ്പെടുത്തുന്നത്.

യേശുക്രിസ്തു പെസഹാപ്പെരുന്നാളില്‍ അപ്പവീഞ്ഞുകള്‍ വാഴ്ത്തി തന്‍റെ ശ്ലീഹന്മാര്‍ക്കു നല്‍കുകയും എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവീന്‍ (ലൂക്കോസ് 22: 19 – 20, 1 കോരി. 11: 23 -26) എന്നു കല്‍പ്പിക്കുകയും ചെയ്തതോടെ വി. കുര്‍ബാന സ്ഥാപിക്കപ്പെട്ടു. വി. യാക്കോബിന്‍റെ അനാഫുറായായില്‍, …ഈ രഹസ്യത്തില്‍ നിങ്ങള്‍ സംബന്ധിക്കുമ്പോള്‍ ഇത് അനുഷ്ഠിച്ചുകൊണ്ട്, ഞാന്‍ വരുന്നതുവരെ എന്‍റെ മരണത്തെയും പുനരുദ്ധാനത്തേയും സ്മരിച്ചുകൊള്‍വീന്‍ എന്നു താന്‍ കല്പിച്ചു… എന്നു വിശദീകരിക്കുന്നുമുണ്ട്. വി. കുര്‍ബാനയുടെ വിവിധ ഭാഗങ്ങള്‍ യേശുക്രിസ്തുവിന്‍റെ ജനനം, മാമോദീസ, പരസ്യവ്യാപാരം, കുരിശുമരണം, പുനരുത്ഥാനം, രണ്ടാം വരവ് ഇവയെല്ലാം പ്രതീകവത്കരിക്കുന്നു എന്നു വ്യാഖ്യാതാക്കള്‍ പറയുന്നു. അന്നുമുതല്‍ വി. കുര്‍ബാന അനവരതം നടന്നുവരികയാണ്.

ഇന്ന് പുരാതന സഭകള്‍ക്കെല്ലാം വ്യത്യസ്ഥമായ അനാഫുറകള്‍ ഉണ്ട്. എന്നാല്‍ വി. കുര്‍ബാന ആദിമകാലംമുതല്‍ ഇന്നു കാണുന്നതുപോലെ വിപുലവും വര്‍ണ്ണോജ്ജ്വലവുമായ ഒരു കര്‍മ്മം അല്ലായിരുന്നു. ഇന്നു പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ ത്രോണോസില്‍ തബ്‌ലൈത്താ വെച്ച്, അതിനുമുകളില്‍ വിരിക്കൂട്ടം വിരിച്ച്, കാസാ-പീലാസാകള്‍ ക്രമീകരിച്ച്, അവ കബിലാന കൊണ്ട് മൂടി, മറിയം ദീലേത്തോക്ക് മുതല്‍ ശേലൂം ബശ്ലോമോ വരെ ചൊല്ലുന്ന ചടുലമായ ഒന്നാണ് വി. കുര്‍ബാന. എന്നാല്‍ അദിമകാലത്ത് തീര്‍ച്ചയായും അപ്രകാരം അല്ലായിരുന്നു. അതു തികച്ചും ലളിതമായ ഒന്നായിരുന്നു. അപ്പവീഞ്ഞുകള്‍ എടുക്കാന്‍ രണ്ടു പാത്രങ്ങള്‍, അവ വയ്ക്കുവാന്‍ ഒരു മേശയോ, ഒരു കല്ലോ കല്പീഠമോ; അത്രമാത്രമായിരുന്നു വി. കുര്‍ബാനയുടെ ആദ്യകാല ചമയങ്ങള്‍. യേശുക്രിസ്തു കല്പിച്ച സ്ഥാപകവചനങ്ങള്‍ (Words of institution) മാത്രമായിരിക്കും അനാഫുറ. വി. മദ്ബഹായുടെ ചമയങ്ങളും വൈദീകവേഷവുമൊക്കെ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്നതാണ്. അതേപോലെതന്നെ കാലങ്ങളിലൂടെ വികസിച്ചുവന്നതാണ് അനാഫുറാകളും. അവയില്‍ വിവിധ സഭാ പാരമ്പര്യങ്ങള്‍ കൊടുക്കല്‍-വാങ്ങലുകള്‍ (Exchange)’നടത്തുക മാത്രമല്ല, പ്രാദേശിക സംസ്‌കൃതികള്‍ സ്വാധീനം ചെലുത്തുകയും സംഭാവന ചെയ്യുകയും ചെയ്തിട്ടുമുണ്ട്.

വി. കുര്‍ബാനയിലെ അനുഷ്ഠാനങ്ങള്‍ പരിശോധിച്ചാലും അവയ്ക്ക് വേദശാസ്ത്രപരമായ അര്‍ത്ഥതലം കൂടാതെ പ്രായോഗികമായ (Functional) ഒരു വശംകൂടി ഉണ്ടാവും. പുരോഹിതന്‍ വി. കുര്‍ബാന അണയ്ക്കുമ്പോള്‍ അപ്പവീഞ്ഞുകളെ പ്രാണികളില്‍ നിന്നും സംരക്ഷിക്കുവാന്‍ ശെമ്മാശന്‍ന്മാര്‍ മയില്‍പ്പീലികൊണ്ടോ ലോഹത്തകിടുകൊണ്ടോ ഉണ്ടാക്കിയ വിശറികൊണ്ടു വിശിക്കൊണ്ടിരിക്കട്ടെ എന്ന് ക്രിസ്തുവര്‍ഷം 380-നടുത്ത് ക്രോഡീകരിക്കപ്പെട്ട അപ്പോസ്ഥാലിക കാനോനില്‍ (Apostholic Constitution) പറയുന്നു. അതായത്, മറുബാസാകളുടെ പ്രായോഗിക വശമാണ് ആദ്യം ഉണ്ടായത്. ചക്രവര്‍ത്തിമാരെയും രാജാക്കന്മാരെയും ആലവട്ടം, വെഞ്ചാമരം, വര്‍ണ്ണാഭമായ വിശറികള്‍ തുടങ്ങിയവകൊണ്ടു വീശുമ്പോള്‍ കാറ്റുകിട്ടുക മാത്രമല്ല അവരെ ഈച്ചപിടിക്കാതിരിക്കുക എന്നൊരു ലക്ഷ്യവും കൂടി ഉണ്ടല്ലോ? ആ അര്‍ത്ഥത്തില്‍ രാജാധിരാജനായ കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളാകുന്ന വി. കുര്‍ബാനയെ ആലവട്ടം വീശി ബഹുമാനിക്കുന്നു എന്നു വ്യാഖ്യാനിച്ചാലും തെറ്റില്ല. പിന്നീട് ലോഹവിശറിയില്‍ ക്രൂബേന്മാരുടെ രൂപം കൊത്തുകയും 36 വീതം ചെറുമണികള്‍ ഘടിപ്പിക്കുകയും ചെയ്തപ്പോള്‍ അവ മാലാഖമാരുടെയും 72 അറിയിപ്പുകാരുടെയും പ്രതീകമായി. അങ്ങിനെ അതിനൊരു വേദശാസ്ത്ര വ്യാഖ്യാനമായി. അവയുടെ ഉപയോഗം പ്രതീകാത്മകവുമായി. ഇതേ ഉദ്ദേശത്തോടെ തന്നെയാവണം കാസാ-പീലാസാകള്‍ മൂടുന്ന കബിലാനായും ജന്മമെടുത്തത്. copyright-ovsonline.in

ദൃശ്യപ്രതീകങ്ങള്‍ ക്രിസ്തുമാര്‍ഗ്ഗത്തിന് അന്യമല്ല. യേശുക്രിസ്തുതന്നെ തന്‍റെ പരസ്യാവതാരകാലത്ത് പ്രതീകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പിറവി കുരുടനെ നിലത്തു തുപ്പി ആ തുപ്പല്‍കൊണ്ടു മണ്ണുകുഴച്ചു അവന്‍റെ കണ്ണുകളില്‍ പുരട്ടി ശീലോഹോം കുളത്തില്‍ കഴുകിച്ച് കാഴ്ച നല്‍കി. (യോഹ. 9: 1- 41) വെറും കല്പനയാലും കര്‍ത്താവ് കാഴ്ച നല്‍കിയിട്ടുണ്ട്. (മത്താ. 9: 32 – 35, മര്‍ക്കോ. 10: 46 – 52) …നീ എഴുനേറ്റു നിന്‍റെ കട്ടില്‍ എടുത്തുകൊണ്ട് ഭവനത്തിലേയ്ക്കു പോവുക എന്നു ഞാന്‍ നിന്നോടു പറയുന്നു… (ലൂക്കോ. 5: 17 -26) എന്നു തളര്‍വാതരോഗിയോടു പറയുന്നതും ഒരു പ്രതീകവത്കരണമാണ്.

യാക്കോബു ശ്ലീഹാ ആകട്ടെ …ഒരുവന്‍ രോഗിയെങ്കില്‍ അവന്‍ ജനത്തിന്‍റെ കശ്ശീശന്മാരെ വിളിക്കണം. അവര്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കയും, കര്‍ത്താവിന്‍റെ നാമത്തില്‍ തൈലം പൂശുകയും ചെയ്യും. വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന രോഗിയെ സൂഖപ്പെടുത്തും... (യാക്കോ. 5: 15 പ്ശീത്താ) എന്നു പറയുന്നു. സുപ്രധാനമായ ജനത്തിന്‍റെ കശ്ശീശന്മാരുടെ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയോടൊപ്പം അതിനൊരു ഭൗതീകപ്രതീകംകൂടി അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അതായത്, ജനത്തിന്‍റെ കശ്ശീശന്മാരുടെ പ്രാര്‍ത്ഥനയ്ക്ക് ദൃശ്യമായ ഒരു പ്രതീകം – എണ്ണപൂശല്‍ – കൂടി വേണമെന്നാണ് യാക്കോബ് ശ്ലീഹാ പറയുന്നത്. ഈ ശൈലിയാണ് ക്രിസ്തുമാര്‍ഗ്ഗം ഇന്നു പിന്‍പറ്റുന്നതും.

ഈ വേദപുസ്തക പ്രമാണങ്ങള്‍ക്കനുസൃതമായി എല്ലാ ക്രൈസ്തവ ഉപാസനകള്‍ക്കും ദൃശ്യമായ ഒരു തലംകൂടിയുണ്ട്. കൂദാശകളെപ്പോലും …മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷയ്ക്ക് ആവശ്യപ്പെട്ടവയായി നമ്മുടെ കര്‍ത്താവു നിശ്ചയിച്ചിട്ടുള്ള അപ്രത്യക്ഷങ്ങളായ നന്മകളുടെ പ്രത്യക്ഷമായ വിശുദ്ധ കര്‍മ്മങ്ങള്‍ ആകുന്നു… എന്നാണ് പ. വട്ടശ്ശേരില്‍ തിരുമേനി വിശദീകരിക്കുന്നത്. (മതോപദേശസാരങ്ങള്‍, 5-ാം സംഗതി) അവ സ്വയം രൂപപ്പെടുന്നവയോ പ്രാദേശിക സംസ്‌കൃതികളില്‍നിന്നും സ്വാംശീകരിച്ച് ക്രൈസ്തവവല്‍ക്കരിക്കപ്പെടുന്നവയോ ആകാം.

സഭാ പാരമ്പര്യങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളേയും പ്രാദേശിക സംസ്‌കൃതികള്‍ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഔദ്യോഗിക റോമാ സാമ്രാജ്യ മതമായി ക്രിസ്തുമാര്‍ഗ്ഗം മാറിയപ്പോഴാണ് അവിടുത്തെ സൂര്യദേവന്‍റെ ഉത്സവമായ ഡിസംബര്‍ 25 യേശുക്രിസ്തുവിന്‍റെ ജന്മദിനമായത് എന്നു സഭാചരിത്രകാരന്മാര്‍ പറയുന്നു. വൈദീകരുടെ കറുത്തകുപ്പായം റോമാ സാമ്രാജ്യത്തിലെ ദരിദ്രവസ്ത്രമായ ബ്ലീച്ചുചെയ്യാത്ത പരുക്കന്‍ കമ്പളിയാണ്. പട്ടക്കാരുടെ കാപ്പ, റോമാ പ്രഭുക്കന്മാരുടെ അംഗവസ്ത്രത്തില്‍നിന്നും ജന്മമെടുത്തതാണ്. ഇതിനൊക്കെ വേദശാസ്ത്രപരമായ അര്‍ത്ഥങ്ങള്‍ കല്പിക്കുന്നത് പിന്നീടാണ്. വി. കുര്‍ബാനയുടെ കാര്യത്തിലെന്നവണ്ണം കൂദാശകളിലും ഇത്തരം പ്രാദേശികമായ ആചാരങ്ങളുടെ ക്രൈസ്തവവല്‍ക്കരണം കടന്നുവന്നിട്ടുണ്ട്. പല സഭകളും ഇന്നും ഡിസംബര്‍ 25 ക്രിസ്തുമസ് ആയി അംഗീകരിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ക്രിസ്തുമസ് ദിനത്തിന്‍റെ വിഷയത്തിലെ ഈ വൈജാത്യം അടിസ്ഥാനപരമായ ഒരു പ്രശ്‌നത്തിന്‍റെ സൂചകമാണ് സഭാ പാരമ്പര്യം എന്നു നാമകരണം ചെയ്യുന്നതിന്‍റെ മാനദണ്ഡമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. മറ്റു പലതുംപോലെ റോമാ സാമ്രാജ്യത്തിലെ പാരമ്പര്യമാണ് ഡിസംബര്‍ 25-നു ക്രിസ്തുമസ് എന്നത്. ആ പാരമ്പര്യം കണ്ണുമടച്ച് അംഗീകരിക്കാന്‍ തയാറല്ലാത്ത സഭാവ്യക്തിത്വങ്ങള്‍ അതിനെ നിരാകരിക്കുന്നു. സ്വന്തം വേദശാസ്ത്രവും സഭാവിജ്ഞാനീയവും അതിലുപരി ഹെല്ലനിക്ക് എന്ന ഗ്രീക്കോ-റോമന്‍ പാരമ്പര്യത്തിനുപരി സ്വന്തം വ്യക്തിത്വവും സംരക്ഷിക്കാന്‍ ത്വരയുള്ള സംസ്‌ക്കാരങ്ങളുടെ ചെറുത്തുനില്‍പ്പുമായി വേണം ഈ ഭിന്നതയെ കാണാന്‍.

പൊതുവില്‍ പാശ്ചാത്യ-പൗരസ്ത്യ വേദശാസ്ത്ര ദര്‍ശനങ്ങള്‍ തമ്മില്‍ ഒരു അടിസ്ഥാന വിത്യാസമുണ്ട്. പാശ്ചാത്യ ചിന്ത, ക്രൂശുമരണത്തില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പൗരസ്ത്യ ദര്‍ശനം കേന്ദ്രബിന്ദുവാക്കുന്നത് ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെയാണ്. ഈ ദര്‍ശനവൈജാത്യം ആചാര-അനുഷ്ഠാനങ്ങളിലും ദര്‍ശിക്കാം. ഇവയില്‍ ഒന്നിനെ പിന്‍പറ്റുന്നവര്‍ക്ക് മറുഭാഗത്തിന്‍റെ പല ആചാരങ്ങളും നിരര്‍ത്ഥകമോ വേദവിപരീതമോ പോലുമാകാം.

ഇതിനേക്കാള്‍ ഉപരി, ആചാരാനുഷ്ടാനങ്ങളെ ക്രൈസ്തവമാക്കുന്നതിന്‍റെ മാനദണ്ഡങ്ങളാണ് പരമപ്രധാനം. മുകളില്‍ പറഞ്ഞതുപോലെ റോമാസാമ്രാജ്യത്തിലെ പ്രാദേശിക ആചാരങ്ങളും പ്രായോഗികതകളും വളരെ വലിയ അളവില്‍ ക്രൈസ്തവ ആചാരാനുഷ്ടാനങ്ങളായി കടന്നുകൂടിയിട്ടുണ്ട്. അവയ്‌ക്കൊക്കെ പില്‍ക്കാലത്ത് വേദശാസ്ത്ര വ്യാഖ്യാനങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ അതേരീതിയില്‍ത്തന്നെ ആ രാഷ്ട്രീയ ഭൂപടത്തിനു പുറത്ത് ക്രിസ്തുമാര്‍ഗ്ഗം സ്വാംശീകരിച്ച പ്രാദേശിക പാരമ്പര്യങ്ങളേയും വികസിപ്പിച്ച അനുഷ്ഠാനങ്ങളേയും ക്രൈസ്തവമായി അംഗീകരിക്കുവാന്‍ പലരും വിമുഖതകാട്ടുന്നു. വിമുഖതകാട്ടുക മാത്രമല്ല, അവയെ നിരസിക്കാനും ഒഴിവാക്കാനുമുള്ള തീവൃശ്രമം നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളില്‍ കേരളത്തിലെത്തിയ റോമന്‍ കത്തോലിക്കാ, അന്ത്യോഖ്യാ, ആംഗ്ലിക്കന്‍ മതാധിനിവേശകര്‍ തങ്ങളുടെ ഹെല്ലനിക്ക് വീക്ഷണകോണത്തിന്‍റെ അടിസ്ഥാനത്തില്‍ നസ്രാണി ക്രൈസ്തവ സംസ്‌കൃതിയെ വിശകലനം ചെയ്തതാണ് ഇതിനുകാരണം. പ്രാദേശിക പാരമ്പര്യങ്ങളെ തങ്ങള്‍ ക്രൈസ്തവമാക്കിയതിനെ ന്യായീകരിക്കുന്ന മാനദണ്ഡം ആഫ്രിക്കന്‍, ഇന്ത്യന്‍, പേര്‍ഷ്യന്‍ മുതലായ ഹെല്ലനിക്ക്-ഇതര ക്രൈസ്തവാചാരങ്ങള്‍ക്ക് വകവെച്ചുകൊടുക്കാന്‍ അവര്‍ തയാറല്ല. പകരം അവര്‍ തങ്ങളുടേതല്ലാത്ത എല്ലാ ആചാരാനുഷ്ഠാനങ്ങളേയും അന്ധമായി നിരാകരിക്കുന്നു. നസ്രാണികള്‍ പ്രാദേശികമായി വളര്‍ത്തിയെടുത്ത ഉപാസനാ രീതികളെ അക്രൈസ്തവമെന്നു വിശേഷിപ്പിച്ചു ഹെലനിക്ക് ക്രിസ്തുമാര്‍ഗ്ഗക്കാര്‍ നടത്തുന്ന പ്രചരണമാണ് പാരമ്പര്യാചാരങ്ങളെ നിഷേധിക്കുന്നതിന് ഒരു വിഭാഗം നസ്രാണികളെ ഇന്ന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

നസ്രാണികളുടെ തനത് ക്രൈസ്തവ സംസ്‌കൃതിക്കു പകരം ഹെല്ലനിക്ക് ക്രിസ്തുമാര്‍ഗ്ഗക്കാര്‍ പ്രചരിപ്പിക്കുന്നത് തങ്ങളുടെ പ്രാദേശിക ആചാരങ്ങളാണന്നതാണ് രസകരവും വിചിത്രവുമായ വസ്തുത. അവയില്‍ പലതും ഇതര സംസ്‌കാരങ്ങളില്‍ അവ പലപ്പോഴും അരോചകമായിരിക്കും. 1798-ല്‍ എഴുതപ്പെട്ട ചാത്തന്നൂര്‍ പഞ്ചാംഗത്തില്‍ വലിയ നോമ്പിന്‍റെ തലെ ഞായറാഴ്ച കര്‍ത്താവു വെള്ളം വീഞ്ഞാക്കിയതിന്‍റെ സ്മരണയ്ക്കായി എല്ലാവരും വീഞ്ഞു കുടിക്കണമെന്നു നിര്‍ദേശിക്കുന്നുണ്ട്. (..അന്‍പതു നുയംപിന്‍റെ പെത്തറാ ഞായറാഴിച്ച നാളാകുന്നു കര്‍ത്താവു വെള്ളം വീഞ്ഞാക്കിയ മുന്‍പിലത്തെ പ്രത്യഷ പെരുന്നാള്‍. ഇപ്പെരുന്നാളിന്നു വീഞ്ഞുതാന്‍ രസിക്കണം….) വീഞ്ഞു നിത്യഭക്ഷണത്തിന്‍റെ ഭാഗമായ മദ്ധ്യ പൗരസ്ത്യദേശത്ത് ഇതിനൊരു യുക്തിയുണ്ട്. പക്ഷേ കേരളത്തില്‍ ഇതിനെ മദ്യപിക്കാനുള്ള പരസ്യ ആഹ്വാനമായെ മനസിലാക്കു. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് വസ്ത്രത്തിലടക്കം അനേകം മെസപ്പെട്ടോമ്യന്‍ പ്രാദേശിക പാരമ്പര്യങ്ങള്‍ നസ്രാണികളുടെമേല്‍ ക്രൈസ്തവാചാരങ്ങള്‍ എന്ന പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നതും ഇവിടെ പരിഗണിക്കാം. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക – ഡോ. എം. കുര്യന്‍ തോമസ്, പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്‌ക്കാരങ്ങള്‍, എം.ഒ.സി. പബ്ലിക്കേഷന്‍സ്, കോട്ടയം 2016)

ഒരു സമൂഹത്തിന്‍റെ രാഷ്ട്രീയ – സാമ്പത്തിക പരിസ്ഥിതികള്‍ ആ സമൂഹത്തിന്‍റെ മതപരമായ ആചാരനുഷ്ഠാനങ്ങളേയും ബാധിക്കാം. ഉദാഹരണത്തിനു നൂറ്റാണ്ടുകളോളം തുര്‍ക്കി സുല്‍ത്താന്മാരുടെ കീഴില്‍ ഞെരിച്ചമര്‍ത്തപ്പെട്ട അന്ത്യോഖ്യന്‍ സുറിയാനിസഭയ്ക്ക് ആചാരാനുഷ്ഠാനങ്ങളുടെ വര്‍ണ്ണോജ്ജ്വലഭാവങ്ങള്‍ നഷ്ടപ്പെട്ടു. പള്ളിക്കുവെളിയില്‍ എന്തെങ്കിലും മതചടങ്ങുകള്‍ നടത്തുക അസാദ്ധ്യമായതിനാല്‍ നസ്രാണികളുടെ ഊരുവലത്ത് പ്രദക്ഷിണം പോലുള്ള ആചാരങ്ങള്‍ അവര്‍ക്കിടയില്‍ അസ്തമിക്കുകയോ രൂപപ്പെടാതിരിക്കുകയോ ചെയ്തു. ഈ നിസഹായാവസ്ഥയുടെ പിന്നിലെ യാഥാര്‍ത്ഥ്യം മനസിലാക്കാതെ അതാണ് ക്രൈസ്തവീകത എന്നു ധരിച്ചുവശായ സുറിയാനി മേല്പട്ടക്കാര്‍ നസ്രാണികളുടെ പെരുന്നാളും പ്രദക്ഷിണവും നിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങി. ജാതിബന്ധിതമായ കേരളീയ സമൂഹത്തില്‍ രാഷ്ട്രീയസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന നസ്രാണികള്‍ക്ക് ഇവയൊക്കെ സാധിതവും അനിവാര്യവുമായിരുന്നു എന്ന വസ്തുത അതു സുറിയാനിക്കാര്‍ക്കു ബദ്ധ്യപ്പെട്ടില്ല. അവര്‍ പ്രചരിപ്പിച്ച സഭാവിജ്ഞാനീയം അന്ധമായി പിന്തുടര്‍ന്ന ചില നസ്രാണികളും അതു ഏറ്റുപാടി. അതോടെ പെരുന്നാള്‍ധ്വംസനം ഒരു പതിവു പ്രക്രിയയായി.

യഥാര്‍ത്ഥത്തില്‍ അന്ത്യോഖ്യന്‍ പാരമ്പര്യത്തിലും പ്രദക്ഷിണങ്ങള്‍ ഉണ്ട്. അവ മദ്ബഹയ്ക്കുള്ളില്‍, പള്ളിക്കുള്ളില്‍, പള്ളിക്കു ചുറ്റും എന്നിങ്ങനെ മൂന്നുവിധത്തിലുണ്ട്. വി. കുര്‍ബാനയടക്കമുള്ള കൂദാശകളിലും കാനോനിക പെരുന്നാളുകളിലും ഇത്തരം പ്രദക്ഷിണങ്ങളുണ്ട്. സുറിയാനി സഭയില്‍ വസന്തപ്പെരുന്നാള്‍ പോലുള്ള അവസരങ്ങളില്‍ പള്ളിക്കു പുറത്തും പ്രദക്ഷിണങ്ങള്‍ നടത്തിയിരുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മറിച്ച് രാജകീയ അധികാരമുള്ള എത്യോപ്യയില്‍ സ്ഥിതി തികച്ചും വിഭിന്നമായിരുന്നു. അവിടെ വര്‍ണ്ണോജ്ജ്വലവും വിപുലവുമായ പരസ്യാഘോഷങ്ങള്‍ രൂപപ്പെട്ടു. അവയില്‍ പലതും ആഫ്രിക്കന്‍ ഗോത്രസംസ്‌കൃതി ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടതാണ്.

ഉദാഹരണത്തിന് എത്യോപ്യന്‍ സ്ലീബാ പെരുന്നാളിന്‍റെ ഭാഗമായ മെസ്‌കെല്‍ (Meskel) ആഘോഷം എടുക്കാം. ഹെലനീ രാജ്ഞി സ്ലീബാ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം അന്നത്തെ തീജ്വാല ശുശ്രൂഷയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിവിപുലമായി ആഘോഷിക്കുന്ന മെസ്‌കെലിനു ഒരു വേദശാസ്ത്ര മാനവും എത്യോപ്യന്‍ സഭ നല്‍കിയിട്ടുണ്ട്. അതിനുമപ്പുറം ഇതിനെപ്പറ്റി ~ഒരു നാടോടി വേദശാസ്ത്രവും (Folk theology) എത്യോപ്യക്കാര്‍ക്കിടയില്‍ പരക്കെയുണ്ട്. അതനുസരിച്ച് തീജ്വാലകൂട്ടുവാന്‍ കുരിശുരൂപത്തില്‍ അടുക്കിയ വിറകിനു ചുറ്റും എല്ലാവരും ഓരോ ചുള്ളിക്കമ്പ് വയ്ക്കുന്നു. അതു അഗ്നിക്കിരയാകുന്നതോടെ അര്‍പ്പകന്‍റെ തലേവര്‍ഷത്തെ പാപങ്ങളും എരിഞ്ഞടങ്ങുന്നു എന്നാണ് വിശ്വാസം. ഈ വിശ്വാസം ശരിയോ തെറ്റോ എന്ന് സഭ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. യാഥാര്‍ത്ഥത്തില്‍ വര്‍ഷകാലാന്ത്യം വിളംബരം ചെയ്യുന്ന എത്യോപ്യന്‍ പഞ്ചാംഗത്തിലെ മസ്‌കാരം മാസത്തിലെ ഋതുഉത്സവമാണ് മെസ്‌കെല്‍ എന്നു ചരിത്രകാരന്മാര്‍ പറയുന്നു. അതിനെ ക്രൈസ്തവവല്‍ക്കരിച്ചതിലോ ഒരു വേദശാസ്ത്ര മാനം നല്‍കിയതിലോ ആര്‍ക്കും അവരെ കുറ്റപ്പെടുത്താനവില്ല.

നൂറ്റാണ്ടുകളോളം നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്ന സുറിയാനി സഭയുടെ ജനകീയമുഖം നഷ്ടപ്പെടുക എന്നത് സ്വാഭാവികം. അതോടെ നിയമനിര്‍മ്മാണവും നിയമനിര്‍മ്മാതാക്കളും ദയറാകളിലേയ്‌ക്കൊതുങ്ങി. അവിടുത്തെ അനുഷ്ഠാനങ്ങളെ പിന്നീട് സഭയുടെ പൊതുപാരമ്പര്യങ്ങളായി അവതരിപ്പിച്ചുതുടങ്ങി. യഥാര്‍ത്ഥത്തില്‍ സുറിയാനി സഭാ പാരമ്പര്യങ്ങളായി ഇന്നു നസ്രാണികള്‍ വിശ്വസിച്ചു അനുഷ്ടിച്ചു വരുന്നയില്‍ ഭൂരിപക്ഷവും സാധാരണക്കാര്‍ക്കുള്ളതല്ല, മറിച്ച് സുറിയാനി ദയറാ പാരമ്പര്യങ്ങളാണ്. അന്ത്യോഖ്യന്‍ സഭയില്‍ സഭാവിജ്ഞാനീയം (Ecclisiology) ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തുകയും, അജ്ഞത രോഗംപോലെ പടര്‍ന്നു പിടിക്കുകയും ചെയ്ത മദ്ധ്യകാലഘട്ടത്തിനു ശേഷമാണ് അവരുമായി നസ്രാണികള്‍ സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെട്ടത്. അവിടെനിന്നെത്തിയ മേല്പട്ടക്കാര്‍ സഭാവിജ്ഞാനീയമായി പ്രചരിപ്പിച്ചത് ദയറായിസമാണ്. ആ കാഴ്ചപ്പാടിനെ സത്യവിശ്വാസമായി തെറ്റിദ്ധരിച്ചതാണ് നസ്രാണികളുടെ ആചാരാനുഷ്ഠാനങ്ങളേപ്പറ്റി ഇന്നുള്ള ആശയ വൈരുദ്ധ്യങ്ങള്‍ക്കു കാരണമായത്.

പ്രൊട്ടസ്റ്റന്റ് നവീകരണം നസ്രാണികള്‍ക്കിടയില്‍ പ്രചരിച്ച പത്തൊമ്പതാം നൂറ്റാണ്ടില്‍ ആചാരാനുഷ്ഠാന രംഗങ്ങളില്‍ ഉണ്ടായ തകര്‍ച്ചയ്ക്ക് മിഷനറിമാരെമാത്രം കുറ്റപ്പെടുത്തുന്നവരുണ്ട്. പക്ഷേ സൂക്ഷ്മമായ പഠനം അസന്നിഗ്ദമായി വ്യക്തമാക്കുന്ന ഒന്നുണ്ട്. പ്രൊട്ടസ്റ്റന്റ് മിഷനറിമാരെക്കാള്‍ ഇക്കാര്യത്തില്‍ നസ്രാണികള്‍ക്ക് ആഘാതമുണ്ടാക്കിയത് അക്കാലത്ത് കേരളത്തിലെത്തിയ അന്ത്യോഖ്യന്‍ മെത്രാന്മാരാണ്. അവര്‍ അവരുടെ ദയറായിസവും പ്രാദേശിക ആചാരങ്ങളും നസ്രാണികളുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അവര്‍ക്കു സിഷ്യന്മാരും അനുഗാമികളും ഉണ്ടായതോടെ നസ്രാണികള്‍ക്ക് ആചാരദോഷം സംഭവിച്ചു. അതിന്‍റെ അലകള്‍ ഇന്നും തുടരുകയാണ്. copyright-ovsonline.in

പല ആചാരാനുഷ്ഠാനങ്ങളുടെയും സ്ഥാപനോദ്ദേശവും ചരിത്രവും അറിയാതെ വരുമ്പോഴാണ് അവ വിമര്‍ശന വിധേയമാകുന്നത്. ഉദാഹരണത്തിന് പെസഹാ പെരുന്നാളിലെ കൊഴുക്കട്ട നേര്‍ച്ച എടുക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കുള്ള നേര്‍ച്ചയായി ആണ് ഇത് കണക്കാക്കപ്പെടുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അതിനു പ്രായോഗികമായ ഒരു തലം ഉള്ളതായി കാണാം. ആബാലവൃദ്ധം വി. കുര്‍ബാന അനുഭവിക്കുന്ന പെസഹാദിനത്തില്‍ കുര്‍ബാനാനന്തരം സംസാരിക്കുകയോ തുപ്പുകയോ ചെയ്യുന്നതിനുമുമ്പ് ഒരു ലഘുഭക്ഷണം അഭിലഷണീയമാണ്. തേലേന്നുതന്നെ തയാറാക്കാവുന്ന ലളിതമായ കൊഴുക്കട്ട അതിനു തികച്ചും അനുയോജ്യമാണ്. അങ്ങിനെ അതൊരാചാരമായി. ആരോ എന്നോ ബാലപീഡ സമയത്ത് കൊഴുക്കട്ട നേര്‍ന്നത് ഫലവത്തായ വിവരം പടര്‍ന്നതോടെ അതു ഒരു സ്ഥിരം നേര്‍ച്ചവസ്തുവായി. അതില്‍ തെറ്റൊന്നും ആരോപിക്കാനാവില്ല. കാരണം യേശുക്രിസ്തുതന്നെ പറയുന്നത് …നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചു…(മത്താ. 9: 22) എന്നാണ്.

അര്‍ത്ഥവും പശ്ചാത്തലവുമറിയാത്ത അനുകരണങ്ങള്‍ പലപ്പോഴും അപഹാസ്യങ്ങളാവും. യഥാക്രമം പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നിവിടങ്ങളില്‍ രൂപപ്പെട്ട വിറകിടീല്‍, ചെമ്പെടുപ്പ് എന്നീ ആചാരങ്ങള്‍ ഇന്ന് പല പള്ളികളിലും പകര്‍ത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവ അനുകരണീയങ്ങളല്ല എന്നതാണ് വസ്തുത. കാരണം അവയ്ക്കു തികച്ചും പ്രാദേശികമായ പശ്ചാത്തലങ്ങളാണ് ഉള്ളത്. യുക്ത്യാധിഷ്ഠിതമായി ചിന്തിച്ചാല്‍ അവയുടെ ചരിത്രം മനസിലാക്കാം.

1750 മേടം 23-ന്, പുതിയ കണക്കിന് മെയ് 7-നു പുതുപ്പള്ളി പള്ളി കൂദാശയ്ക്ക് അവിടെ വെച്ചൂട്ട് നടത്തി. തുടര്‍വര്‍ഷങ്ങളിലും പെരുന്നാളിനു ഭക്ഷണം നല്‍കുന്ന പതിവ് അവിടെ തുടര്‍ന്നു. നേര്‍ച്ചയായി ധാരാളം കോഴിയും, പാട്ടവും പതവാരവുമായി നെല്ലും ലഭിക്കുന്ന പുതുപ്പള്ളി പള്ളിക്ക് ഒരുപക്ഷേ അവ ഇതിനായി പ്രത്യേകം ശേഖരിക്കേണ്ട കാര്യമില്ലായിരിക്കും. പക്ഷേ അവ പാകം ചെയ്യാനുള്ള വിറകോ? സ്വാഭാവികമായും അതു എത്തിക്കേണ്ട ബാദ്ധ്യത ഇടവകക്കാര്‍ക്കായി. പള്ളിക്ക് സമീപസ്ഥമായ പുതുപ്പള്ളി, എറികാട് കരക്കാര്‍ പെരുന്നാള്‍ തലേന്നു വിറകുകൊണ്ടുവന്നു പള്ളിമുറ്റത്തു നിക്ഷേപിച്ചുതുടങ്ങി. സ്വാഭാവികമായും പുരുഷന്മാരാകുമല്ലോ ഇപ്രകാരം വിറകു ചുമക്കുന്നത്. പിന്നീട് ഇരുകരകളിലേയും പുരുഷപ്രജകള്‍ പെരുന്നാളിനു വിറകിടുക ഒരാചാരമായി. ഇരുകരക്കാരും സംഘടിച്ച് വിറകിട്ടപ്പോള്‍ അതൊരു ഘോഷയാത്രയായി. അതാണ് പുതുപ്പള്ളിയിലെ വിറകിടീലിനു പിമ്പില്‍. ഈ ചരിത്ര പശ്ചാത്തലം മനസിലാക്കാതെ ഇതര പള്ളികളിലും പൊടുന്നനവേ വിറകിടീല്‍ ചടങ്ങ് ആരംഭിച്ചാലോ?

സമാനസ്വഭാവമാണ് ചന്ദനപ്പള്ളിയിലെ ചെമ്പടുപ്പിനുമുള്ളത്. ചന്ദനപ്പള്ളിയുടെ കാര്‍ഷിക സംസ്‌കൃതിയില്‍നിന്നും ഉടലെടുത്ത ഒരാചാരവും ആഘോഷവുമാണ് ചന്ദനപ്പള്ളി ചെമ്പെടുപ്പ്. ചന്ദനപ്പള്ളിപ്പെരുന്നാളിന് പള്ളിയില്‍നിന്നും സ്വല്‍പ്പദൂരെ അച്ചന്‍കോവിലാറിന്‍റെ കൈവഴിയായ വലിയതോടിന്‍റെ കരയിലാണ് ചോറ് പാകംചെയ്യുന്നത്. മദ്ധ്യവേനലില്‍ നടക്കുന്ന പെരുന്നാളില്‍ പാചകത്തിനുള്ള വെള്ളം സുലഭമായി ലഭിക്കാനുള്ള സൗകര്യമാണ് പാചകം അവിടെയാക്കാന്‍ ചന്ദനപ്പള്ളിക്കാരെ പ്രേരിപ്പിച്ചത്. മുന്‍കാലത്ത് കാര്‍ഷികവൃത്തിയില്‍ മാത്രം ഏര്‍പ്പെട്ടിരുന്ന ചന്ദനപ്പള്ളി നസ്രാണികളുടെ നെല്‍പാടങ്ങള്‍ ആരംഭിക്കുന്നത് അവിടെ മുതലാണ് എന്നതും ഒരു കാരണമാണ്. തലേകൃഷിയിലെ പള്ളിക്കുള്ള ആദ്യഫലങ്ങള്‍ അവിടെ സംഭരിക്കുന്നു. ഓരോ കുടുംബത്തിന്‍റെയും ദശാംശം നെല്ല് അവിടെത്തന്നെ പുഴുങ്ങികുത്തി അരിയാക്കി, അവ ശേഖരിച്ച് അവിടെവച്ചുതന്നെ പാകംചെയ്ത് ചെമ്പോടെ പള്ളിയിലേയ്ക്കു കൊണ്ടുപോകുന്നതാണ് ചെമ്പെടുപ്പ്. കൃഷിയും വിളവെടുപ്പും ഒക്കെ അവസാനിച്ചിട്ടും ഇന്നും പഴയ സ്ഥാനത്ത് ചെമ്പുവെച്ച് ചന്ദനപ്പള്ളിക്കാര്‍ പരമ്പരാഗത രീതിയില്‍ അരിയിടുന്നു. പാകംചെയ്ത് ചോറാക്കുന്നു, ആഘോഷമായി പള്ളിയിലേയ്ക്കു കൊണ്ടുവരുന്നു. ഈ സ്വാഭാവിക പ്രക്രിയ കാലക്രമേണ ചന്ദനപ്പള്ളിയുടെ ദേശീയോത്സവമായി. ദൗര്‍ഭാഗ്യവശാല്‍ ഇത് അന്ധമായി അനുകരിച്ച് ഈ കാര്‍ഷിക സംസ്‌കൃതിയുടെ പശ്ചാത്തലമോ പാരമ്പര്യമോ ഇല്ലാതെ ചില വന്‍നഗരങ്ങളില്‍പ്പോലും ഇന്നു ചെമ്പെടുപ്പ് നടത്തുന്നു!

ചന്ദനപ്പള്ളി പെരുന്നാളിന്‍റെ രാത്രി പ്രദക്ഷിണം എടത്തട്ട എന്ന സ്ഥലത്തെത്തുമ്പോള്‍ പ്രദേശവാസികള്‍ ചൂട്ടുകറ്റ കത്തിച്ച് നിശ്ചിത ദൂരം വഴിതെളിക്കും. വൈദ്യൂതിയും പെട്രോമാക്‌സും ഒന്നും ഇല്ലാതിരുന്ന കാലത്ത് പ്രദക്ഷിണം കടന്നുപോകാന്‍ പ്രകാശത്തിനു ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഇതായിരുന്നു. പില്‍ക്കാലത്ത് ഇതൊരു ആചാരമായി. ഇന്ന് അവര്‍ വിവിധ കാര്യങ്ങള്‍ക്ക് ചന്ദനപ്പള്ളി പ്രദക്ഷിണത്തിനു ചൂട്ടുകറ്റ നേരും. പ്രദക്ഷിണത്തിനു കത്തിച്ച് നേര്‍ച്ച നിവര്‍ത്തിക്കാന്‍ വര്‍ഷം മുഴുവന്‍ നല്ല തെങ്ങോലച്ചൂട്ടുകറ്റകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയും ചെയ്യും.

പുതുപ്പള്ളിയിലെ വിറകിടീലും, ചന്ദനപ്പള്ളിയിലെ ചെമ്പെടുപ്പും, ഇടത്തട്ടയിലെ ചൂട്ടുവീശലും ഇതര പ്രദേശങ്ങളിലെ സമാന ആചാരങ്ങളും ചരിത്രത്തിന്‍റെ പിന്‍ബലമുള്ള പ്രാദേശിക പ്രാദേശിക പാരമ്പര്യങ്ങളാണ്. അവ അക്രൈസ്തവമെന്നു പറയാനാവില്ല. കാരണം അന്നദാനം, വഴിതെളിക്കല്‍ തുടങ്ങിയ പുണ്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ടാണല്ലോ അവ അനുഷ്ഠിക്കുന്നത്. പക്ഷേ ഇതര ഇടങ്ങളില്‍ ഇവ അനുകരിക്കുന്നത് വെറും കഥയറിയാതെ ആട്ടം കാണലാണ്. ഇതേപോലെ തന്നെയാണ് പരുമല പെരുനാള്‍ കൊടിയേറ്റിനു വെറ്റില വാരിവിതറുന്ന ആചാരം. ഇതു പരുമലയുമായി മാത്രം ബന്ധപ്പെട്ട ഒരു പാരമ്പര്യമാണ്. അതിനാല്‍ ഇതര സ്ഥലങ്ങളില്‍ ഇത് അനുകരിക്കുന്നത് ആശാസ്യമല്ല.

നസ്രാണിയുടെ തനതായ പാരമ്പര്യാചാരങ്ങള്‍ കേരളീയ സമൂഹത്തിന്‍റെ പൊതുവായ പവിത്രതാ സങ്കല്പത്തില്‍നിന്നും (Concept of Sacredness) ക്രൈസ്തവവല്‍ക്കരിക്കപ്പെടതാണ്. റോമാ സാമ്രാജ്യത്തിലെ സഭകള്‍ ചെയ്തതും അതാണ്. അതിനുള്ള സ്വാതന്ത്ര്യം അതത് പ്രാദേശിക സഭകള്‍ക്കുണ്ട്. മതോപദേശസാരങ്ങളിലെ മുകളില്‍ ചേര്‍ത്ത വിശദീകരണം ഈ വസ്തുത ഉറപ്പാക്കുന്നു. നസ്രാണികളുടെ തനതായ ആചാരാനുഷ്ഠാനങ്ങള്‍ പ്രാദേശികമായ പവിത്രതാ സങ്കല്പ്പങ്ങളില്‍നിന്നും ഉടലെടുത്തതാണ്.copyright-ovsonline.in

രണ്ട് ഉദാഹരണങ്ങള്‍കൊണ്ട് ഇതു വ്യക്തമാക്കാം. ലോകത്ത് ഒരു ക്രൈസ്തവ സഭയും പള്ളിക്കുള്ളില്‍ പാദരക്ഷകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല. ഹിമവീഴ്ചയുള്ള പ്രദേശങ്ങളില്‍ ഇത് അസാദ്ധ്യവുമാണ്. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ …വെടിപ്പുള്ള ചെരിപ്പുകള്‍ ധരിച്ചുകൊണ്ടല്ലാതെ മദ്ബഹായില്‍ പ്രവേശിക്കാന്‍ കശ്ശീശായ്‌ക്കോ ശെമ്മാശനോ അധികാരമില്ല… (ഹൂദായ കാനോന്‍, നാലാം കെപ്പലയോന്‍, രണ്ടാം പെസൂക്കാ, പൊര്‍സായര്‍) എന്നാണ് പ്രമാണം. പക്ഷേ മലങ്കരയില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്ന കത്തനാര്‍ ഒഴികെ മറ്റുള്ളവര്‍ ചെരിപ്പു ധരിക്കുക എന്നത് ഇന്നും നിര്‍ബന്ധമല്ല. ശെമ്മാശന്മാര്‍ മദ്ബഹയില്‍ പോയിട്ട് പള്ളിക്കുള്ളില്‍പോലും ചെരിപ്പു ധരിക്കുക എന്നത് അചിന്ത്യമാണ്. ശംമ്‌ശോനേന്മാര്‍ക്ക് പട്ടം കൊടുക്കുമ്പോള്‍ പോലും ചെരുപ്പു നല്‍കാറില്ല. ഇത് ദേവസ്ഥാനത്തും രാജസ്ഥാനത്തും ചെരുപ്പു ധരിച്ചു പ്രവേശിക്കരുത് എന്ന കേരളീയ പവിത്രതാ സങ്കല്പത്തില്‍നിന്നും നസ്രാണികള്‍ക്കിടയില്‍ ഉടലെടുത്ത ആചാരമാണ്.

അതേപോലെതന്നെ കുളിക്കാതെ വി. കുര്‍ബാന അനുഭവിക്കുന്നവര്‍ നസ്രാണികള്‍ക്കിടയില്‍ അത്യന്തം വിരളമാണ്. എന്നാല്‍ ഹൂദായകാനോന്‍ വേണമെങ്കില്‍ കുളിക്കാം, നിര്‍ബന്ധമില്ല എന്നാണ് നിര്‍ദേശിക്കുന്നത്. (ഹൂദായ കാനോന്‍, നാലാം കെപ്പലയോന്‍, രണ്ടാം പെസൂക്കാ, ഹൂദായ) കുളിക്കാതിരിക്കുന്നതാണ് സുരക്ഷിതം എന്നൊരു സൂചനയും ഇവിടെയുണ്ട്. കുളിച്ചു ശുദ്ധമാകാതെ ദേവസ്ഥാനത്തു പ്രവേശിക്കുകയോ പ്രസാദം സ്വീകരിയ്ക്കുകയോ ചെയ്യരുത് എന്ന കേരളീയ പവിത്രതാ സങ്കല്പമാണ് ഇവിടെ നസ്രാണികളെ ഭരിക്കുന്നത്. രസകരമായ വസ്തുത, ഇവ രണ്ടും നസ്രാണിയുടെ സ്വന്തം പാരമ്പര്യമാണന്നു മലങ്കര സഭയിലെ നവീന പ്യൂരിട്ടന്മാര്‍ക്കു അറിയില്ല എന്നതാണ് സത്യം.

ഇതുതന്നെയാണ് പള്ളിമതിലിനു പുറത്തുള്ള പ്രദക്ഷിണങ്ങളുടെ സ്ഥിതിയും. പ്രതിവര്‍ഷം ദേശത്തു ദേവന്‍ ആഘോഷപൂര്‍വം ഘോഷയാത്രയായി എഴുന്നള്ളത്തു നടത്തി തന്‍റെ പ്രജകളെ തൃക്കണ്‍പാര്‍ക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലേയും ഊരുവലത്തുകളുടെ പിമ്പിലെ സങ്കല്പം. ഇതര സങ്കല്പങ്ങളുള്ള അപൂര്‍വം ക്ഷേത്ര ഘോഷയാത്രകള്‍ ഉണ്ടന്നുള്ള വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. ഇതേ പവിത്രതാ സങ്കല്പമാണ് നസ്രാണികളുടെ പള്ളി മതില്‍ക്കു പുറത്തുള്ള – റാസാ എന്നു തെറ്റായി സംബോധന ചെയ്യുന്ന – പ്രദക്ഷിണങ്ങള്‍ക്കുമുള്ളത്. തന്‍റെ പ്രതിപുരുഷനായ കത്തനാര്‍ കുരിശു വഹിച്ചുകൊണ്ടു ആഘോഷപൂര്‍വം തന്‍റെ പ്രജകളുടെ കുടിയിരുപ്പകളിലൂടെ സഞ്ചരിക്കുമ്പോള്‍ രാജാധിരാജനായ യേശുക്രിസ്തു അവരെ സന്ദര്‍ശിച്ചു അനുഗ്രഹിക്കുന്നു എന്നാണ് നസ്രാണികള്‍ കണക്കാക്കുന്നത്. അതിനു കേരളീയ ഭൂമികയിലെ ഒരു രാജാവിന്‍റെ എഴുന്നള്ളത്തിനു സമമായ ആഘോഷങ്ങളും ചമയങ്ങളും ഉണ്ടാകും. ഇതു തെറ്റന്നു വിധിക്കുവാന്‍ ആര്‍ക്കും അധികാരമില്ല. അതിനുതകുന്ന ഒരു വേദശാസ്ത്രവും വേദവാക്യവും നിലവിലില്ല. മറിച്ച്, യഹോവയുടെ പെട്ടകത്തിനുമുമ്പില്‍ ആനന്ദനൃത്തമാടി വസ്ത്രമുരിഞ്ഞുപോയ തന്‍റെ ഭര്‍ത്താവ് ദാവീദ് രാജാവിനെ അപഹസിച്ച മീഖളിനു മച്ചി എന്ന ശിക്ഷ കിട്ടിയ ചരിത്രം വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. (2 ശമുവേ. 6: 23)

ഒരേ വിശ്വാസമായതുകൊണ്ട് ഒരേ ആചാരം പുലര്‍ത്തണമെന്നില്ല. ഉദാഹരണത്തിന് കേരളത്തില്‍ അപൂര്‍വം ചിലവ ഒഴികെ ക്ഷേത്രോത്സവങ്ങള്‍ക്ക് ആന അനിവാര്യമാണ്. എന്നാല്‍ സമാന വിശ്വാസം പുലര്‍ത്തുന്ന കേരളത്തിനു പുറത്തുള്ളവര്‍ ഉത്സവങ്ങളില്‍ ദേവവാഹനമായി ആനയെ ഉപയോഗിക്കില്ല. രഥവും മനുഷ്യര്‍ ചുമക്കുന്ന ജീവതയുമൊക്കയാണ് അവിടെ സാധാരണം. അതിനാലാണ് ചില ഉത്തരേന്ത്യന്‍ മത സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലെ ആന എഴുന്നള്ളിപ്പും പൂരവുമൊക്കെ നിരോധിക്കാന്‍ ശ്രമിക്കുന്നത്.

പ്രദക്ഷിണത്തെപ്പറ്റിയുള്ള നസ്രാണി വേദശാസ്ത്രം അറിവില്ലാത്തവരോ അറിവില്ലന്നു നടിക്കുന്നവരോ ആണ് ഇന്ന് സഭയിലെ പെരുന്നാള്‍ ധ്വംസകര്‍. പെരുന്നാള്‍ മാത്രമല്ല, നസ്രാണികളുടെ സ്വന്തമായ ഏതു ഉപാസനാ രീതിയേയും ഇവര്‍ എതിര്‍ക്കും. ഇതിനായുള്ള യാതൊരു ക്രിസ്തീയ അടിത്തറയും ഇല്ലാത്ത അവരുടെ തത്വശാസ്ത്രത്തെ ദയറായിസം എന്നു പേരിട്ടു വിളിക്കാം. മലങ്കരസഭയിലെ യഥാര്‍ത്ഥ സന്യാസികളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ചില ദയറാകളില്‍ അംഗമായി എന്ന ഒറ്റ കാരണത്താല്‍ സഭയില്‍ വൈദീക പദവികള്‍ ലഭിച്ചവരും, അതേ കാരണത്താല്‍ തങ്ങളുടെ തിരുവായ്‌മൊഴികള്‍ക്ക് അപ്രമാദിത്വം ഉണ്ടന്നു കരുതുന്നുവരുമായ കുറെ അവിവാഹിത വൈദീകരുമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. അവരാണ് ദയറായിസ്റ്റുകള്‍ എന്നു ഇവിടെ സംബോധന ചെയ്യപ്പെടുന്നത്. അവരോടു പറ്റിക്കൂടി നടക്കുന്ന അപൂര്‍വം ചില സ്വയം പ്രഖ്യാപിത മല്പാന്മാരും രംഗം കൊഴുപ്പിക്കാനുണ്ട്. കൂട്ടത്തില്‍ സ്വയം തിരഞ്ഞെടുത്ത കത്തനാരുപണി ചെയ്യാന്‍ തയാറല്ലാത്ത കുറച്ച വൈദീകരേയും ഉള്‍പ്പെടുത്താം.

നസ്രാണികളുടെ പ്രാദേശിക പാരമ്പര്യങ്ങളെ അക്രൈസ്തവം എന്ന പേരില്‍ എതിര്‍ക്കുന്നത് സഭയ്ക്കുള്ളിലെ നവപെന്തക്കോസ്തുകാരാണ്. ഇത്തരം ദയറായിസ്റ്റുകളും അത്തരക്കാരോട് അന്ധമായ ആരാധന പുലര്‍ത്തുന്ന കുറച്ചു കത്തനാരന്മാരും അത്തരം സ്ഥാപനങ്ങളില്‍ പ്രീ സെമിനാരി എന്നപേരില്‍ മസ്തിഷ്‌ക പ്രക്ഷോളനം സംഭവിച്ച കുറച്ചു വൈദീകരും അവരുടെ സ്വാധീനത്തില്‍പ്പെട്ട കുറെ പാവം അവൈദികരുമാണ് ഈ ഗണത്തില്‍ വരുന്നത്. അടിസ്ഥാനപരമായ സഭാവിജ്ഞാനിയത്തിലുള്ള പാമരത്വത്തിലുപരി പാരമ്പര്യങ്ങളെ നിഷേധിക്കുന്ന ദയറായിസ്റ്റുകളുടെ പ്രശ്‌നം, തങ്ങള്‍ ചോദ്യം ചെയ്യപ്പെടില്ലന്നുള്ള അഹംഭാവവും തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട ഭൗതീക സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്നവരോടുള്ള പരപീഡാ വാസനയുമാണ് (Sadisam). എഴുതപ്പെട്ട പാരമ്പര്യമാണ് ബൈബിള്‍; എഴുതപ്പെടാത്ത ബൈബിളാണ് പാരമ്പര്യം എന്ന സഭാപിതാക്കന്മാരുടെ പഠിപ്പിക്കല്‍ അവര്‍ക്കു വിഷയമല്ല. copyright-ovsonline.in

ഇവരുടെ പ്രവര്‍ത്തന രീതി വളരെ ലളിതമാണ്. അന്ത്യോഖ്യന്‍ സഭയുടെ ക്രിയാസംഹിതയില്‍ (Rubricks) ഇല്ലാത്തതെല്ലാം വേദവിപരീതം! നസ്രാണികള്‍ സ്വയം വളര്‍ത്തിയെടുത്ത ആചാരാനുഷ്ഠാനങ്ങളാണ് അവരുടെ ലക്ഷ്യവും ഇരയും. ഇതിനു നാലു കാരണങ്ങളുണ്ട്. ഒന്നാമതായി, പത്തൊമ്പാതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നടന്ന തീവൃ അന്തോഖ്യാവല്‍ക്കരണശ്രമത്തിന്‍റെ ഇന്നും അവസാനിക്കാത്ത സ്വാധീനം. രണ്ടാമതായി, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ നസ്രാണികള്‍ക്കിടയില്‍ കടന്നുകൂടിയ തങ്ങളുടേതുമാത്രം ശരി എന്ന ഹെലനിക്ക് തത്വശാസ്ത്രത്തിന്‍റെ സ്വാധീനം. മൂന്നാമതായി, ഒരു പൗരസ്ത്യ മതമായ ക്രിസ്തുമാര്‍ഗ്ഗത്തില്‍ അടിസ്ഥാന വിശ്വാസത്തിനു വിരുദ്ധമാവാത്ത സ്വന്തം ഉപാസനാരീതികള്‍ വികസിപ്പിക്കാന്‍ നസ്രാണികള്‍ക്ക് അവകാശവും അധികാരവുമുണ്ടന്നു അംഗീകരിക്കാനുള്ള വിമുഖത. ഇവയോടൊപ്പം താന്‍ സഭയിലെ ഒരു മല്പാനാണെന്നുള്ള സ്വയംപ്രതിഷ്ഠയും. നാലാമതായി, പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് നവ-ശുദ്ധീകരണവാദത്തിന്‍റെ (Neo-puritanism) സ്വാധീനം.

1875-ല്‍ കേരളത്തിലെത്തിയ പത്രോസ് പാത്രിയര്‍ക്കീസിന്‍റെ ചെയ്തികള്‍ അന്തോഖ്യാവല്‍ക്കരണശ്രമത്തിന്‍റെ ഉദാഹരണമായി എടുക്കാം. തന്‍റെ അറബി സംസ്‌ക്കാരത്തിന് അന്യമായ ഓട്ടുവിളക്കും വിളക്കിലൊഴിക്കന്ന നെയ്യും (Ghee) അദ്ദേഹം നിരോധിച്ചു. എന്നു മാത്രമല്ല, ചാത്തമടിയന്തിരത്തിന് മെസപ്പട്ടോമ്യന്‍ ജനതയ്ക്ക് അപരിചിതമായ പോത്തിറച്ചിയും നിരോധിച്ചു! ഈ സ്വാധീനത്തിലാവാം ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു കോഴിയിറച്ചിയും, വടക്കന്‍ പള്ളികളില്‍ പെരുന്നാള്‍ സദ്യക്കു പോത്തിറച്ചിയും നിരോധിക്കാന്‍ ചിലര്‍ ശ്രമിച്ചു പരാജയപ്പെട്ടത്. മെസപ്പൊട്ടോമ്യന്‍ സംസ്‌കാരവും ജീര്‍ണ്ണിച്ച അന്ത്യോഖ്യന്‍ സുറിയാനി സഭാവിജ്ഞാനീയവും ആണ് ഈദൃശ്യ പ്രവര്‍ത്തികള്‍ക്കു പിന്നില്‍ എന്നു തിരിച്ചിറിയാന്‍ ഈ ദയറായിസ്റ്റുകള്‍ക്കു സാധിക്കുന്നില്ല.

ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂദാശാനുഷ്ഠാനങ്ങളില്‍ പോലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. അന്ത്യോഖ്യന്‍ പാരമ്പര്യങ്ങളില്‍നിന്നും പകര്‍ത്തിയ ഭവന ശുദ്ധീകരണം തന്നെ ഉദാഹരണമായി എടുക്കാം. മലങ്കരയിലെ ചില പ്രദേശങ്ങളില്‍ ഭവനശുദ്ധീകരണത്തിനുള്ള വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കാറുണ്ട്. ഇത് ഏലിയാ പ്രവാചകന്‍ യെറീഹോയിലെ അശുദ്ധജലം ഉപ്പ് ഉപയോഗിച്ച് ശുദ്ധീകരിച്ചതിനെ (2 രാജാ 20: 19 -21) സൂചിപ്പിക്കുന്നു എന്നാണ് പ്രാദേശിക പാരമ്പര്യം. ഭവനശുദ്ധീകരണ ശേഷം ബാക്കി വെള്ളം കിണറ്റില്‍ ഒഴിക്കുക എന്ന പഴയ പതിവനുസരിച്ചു ഈ നടപടി സ്വാര്‍ത്ഥകമാണ്. പക്ഷേ ചില ന്യൂജന്‍ വൈദീകര്‍ക്ക് ഇതു ചതുര്‍ത്ഥിയാണ്! അപ്രകാരം ക്രമപ്പുസ്തകത്തില്‍ ഇല്ല പോലും! ഒരുപക്ഷേ ഇതൊരു നസ്രാണി സംഭാവനയാകാം. എങ്കില്‍പ്പോലും അര്‍ത്ഥപൂര്‍ണ്ണമായ ഈ നടപടിയില്‍ തെറ്റെന്താണ്?

ഭവന ശുദ്ധീകരണത്തില്‍ തന്നെ കോട്ടയം മുതല്‍ തെക്കോട്ട് കാര്‍മ്മികന്‍ വിരല്‍കൊണ്ടാണ് വെള്ളംതൊട്ട് കട്ടിളപ്പടികളില്‍ കുരിശുവരയ്ക്കുന്നത്. കോട്ടയത്തിനു വടക്ക് മുന്‍കാലങ്ങളില്‍ വാഴ്ത്തിയ ജലത്തില്‍ മുക്കിയ കളഭക്കട്ട കൊണ്ടും. സമീപകാലത്തെന്നോ സൗകര്യാര്‍ത്ഥം കളഭക്കട്ട കുന്തിരിക്കത്തിനു വഴിമാറി. ഇതിലെ ദുരന്തം എവിടെ എന്നു വെച്ചാല്‍, ഇന്ന് പഴയരീതിയില്‍ കളഭക്കട്ട കൊടുത്താല്‍ അതു സ്വീകരിക്കാന്‍ പല വൈദീകരും വിസമ്മതിക്കുന്നു. അതിനു പറയുന്ന കാരണമാണ് വിചിത്രം! കുന്തിരിക്കം പള്ളിയില്‍ ഉപയോഗിക്കുന്നതാണ്! കളഭക്കട്ട ദേശീയവും! കേരളീയമായതൊന്നും ക്രൈസ്തവമല്ല എന്നാണ് ഇവര്‍ പറഞ്ഞുവയ്ക്കുന്നതിന്‍റെ സാരം. തീര്‍ച്ചയായും ഇതു തികച്ചും അക്രൈസ്തവമായ ഒരു സമീപനമാണ്.

അടിസ്ഥാന അന്ത്യോഖ്യന്‍ പാരമ്പര്യത്തിലെ ക്രിയാസംഹിതയുടെ പല ഘടകങ്ങളുംപോലും അര്‍ത്ഥമറിയാതെയാണ് ഇന്ന് ഉപയോഗിക്കുന്നത്. വൈദീക രൂപീകരണത്തിലെ (Priestly formation) പാകപ്പിഴകളാണ് ഇതിനു കാരണം. ഇത് അല്പജ്ഞാനികള്‍ക്ക് ആധികാരിക വ്യാഖ്യാതാക്കളാകാനുള്ള അവസരമാണ് ഒരുക്കുന്നത്. ഫലം! മുറിവൈദ്യന്‍ രോഗിയെ കൊല്ലും!

നവ-ശുദ്ധീകരണവാദത്തിന്‍റെ (Neo-puritanism) സ്വാധീനമാണ് കൂദാശകളേക്കാളും പരമ്പരാഗത ആചാരങ്ങളേക്കാളും കണ്‍വന്‍ഷന്‍, ധ്യാനം മുതലായവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവണത വളര്‍ത്തിയെടുക്കുന്നത്. ഇത് വഴിതുറക്കുന്നത് പെന്തക്കോസ്ത് ശൈലിയിലുള്ള കൈയ്യടിയിലേയ്ക്കും കൂവല്‍, കാറല്‍ തുടങ്ങിയ ബഹളങ്ങളിലേയ്ക്കും. ദയറായിസ്റ്റുകള്‍ക്ക് തങ്ങളുടെ വരട്ടു തത്വശാസ്ത്രം പ്രചരിപ്പിക്കാനുള്ള മാദ്ധ്യമവും, മറ്റുചിലര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാനുമുള്ള മാര്‍ഗ്ഗവുമാണ് ഇന്ന് മലങ്കര സഭയിലെ നവ-ശുദ്ധീകരണവാദം. അവരുടേയും ഇര നസ്രാണികളുടെ പരമ്പരാഗത ആചാരാനുഷ്ടാനങ്ങളും ഉപാസനാ രീതികളുമാണ്. സൃഷ്ടിക്കപ്പെടുന്നത് അജപാലനത്തേപ്പറ്റിയുളള (Pastoral care) വികലമായ കാഴ്ചപ്പാടുകളും. വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തവരാണ് ഇതിന്‍റെ പ്രാണേതാക്കളില്‍ ഭൂരിപക്ഷവും. അവര്‍ക്കുള്ള മറുപടി യാക്കോബ് ശ്ലീഹാ നല്‍കുന്നുണ്ട്; …വിശ്വാസവും പ്രവൃത്തികളില്ലാതായാല്‍ സ്വതവേ നിര്‍ജ്ജീവമാകുന്നു… (യാക്കോ. 2: 17)

ഇത്തരക്കാരുടെ പല ചെയ്തികളും ഫലിതാമയങ്ങളും വ്യാഖ്യാനാതീതങ്ങളുമാണ്. പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാനും സഭാകവി സി. പി. ചാണ്ടിയും സ്വര്‍ഗ്ഗാരാജ്യ സിംഹാസനമേറി… എന്ന സുന്ദരവും അര്‍ത്ഥപുഷ്ടി ഉള്ളതുമായ പ്രദക്ഷിണഗീതം ചിട്ടപ്പെടുത്തിയിട്ട് അറുപതു വര്‍ഷത്തിലധികമായി. മലങ്കരയിലെ ഏതാണ്ട് മുഴുവന്‍ പ്രദക്ഷിണങ്ങള്‍ക്കും ഇന്നുപയോഗിക്കുന്നത് ഈ ഗീതമാണ്. കാലോചിതമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഇതില്‍ ഉണ്ടായിട്ടുമുണ്ട്. സമീപകാലത്ത് ഇത്തരക്കാരില്‍ ഒരാള്‍ ഈ ഗീതം ഒഴിവാക്കി പകരം 100 വര്‍ഷങ്ങള്‍ക്കുമുമ്പ് മുമ്പ് കോനാട്ടു മാത്തന്‍ മല്‍പ്പാന്‍ പരിഭാഷപ്പെടുത്തിയതും ദശാബ്ദങ്ങള്‍ക്കുമുമ്പ് പ്രചാരലുപ്തമായതുമായ ദൈവമേ അനുഗ്രഹിക്കാ… എന്ന സാഹിത്യഭംഗിയില്ലാത്ത പാന അവതരിപ്പിച്ചു. കാരണം ആര്‍ക്കുമറിയില്ല. അതോ വെറും നസ്രാണികളായ പാത്താമുട്ടം റമ്പാനും സി. പി. ചാണ്ടിക്കും പ്രദക്ഷിണഗീതം എഴുതാന്‍ അര്‍ഹതയില്ലന്നു ടിയാന്‍ കണ്ടെത്തിയോ? copyright-ovsonline.in

ഒരു കാര്യം വ്യക്തമാക്കിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ. അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍ ഒഴികെയുള്ള സഭാവിശ്വാസങ്ങള്‍ പല കാലംകൊണ്ട് വിവിധ പ്രദേശങ്ങളില്‍ വികസിച്ചു വന്നവയാണ്. അതേപോലെ തന്നെയാണ് ആചാരാനുഷ്ഠാനങ്ങളും. അതിനാല്‍ത്തന്നെ അവയ്ക്ക് പ്രാദേശികമായ വൈജാത്യങ്ങളും സ്വാഭാവികമാണ്. അവയില്‍ ഏതെങ്കിലും വൈദേശിക പാരമ്പര്യത്തെ അളവുകോലാക്കി ഒരു സമൂഹത്തിന്‍റെയും പ്രാദേശിക പവിത്രതാ സങ്കല്പത്തേയും അനുഷ്ഠാനങ്ങളേയും തെറ്റന്നു വിധിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ല. ഒരു പ്രാദേശികസമഹത്തിന്‍റെ സദാചാരം മറ്റൊരു സംസ്‌കാരത്തില്‍ അനാചാരമാകുമെന്ന യാഥാര്‍ത്ഥ്യവും മനസിലാക്കണം. ഏതൊരു ക്രൈസ്തവ സമൂഹത്തേയുംപോലെ സ്വന്തം ഉപാസനാ രീതികള്‍ വികസിപ്പിച്ചെടുക്കാനും അവ അനുഷ്ഠിക്കുവാനും നസ്രാണികള്‍ക്കും അവകാശമുണ്ട്. അവ അടിച്ചമര്‍ത്താന്‍ ആര്‍ക്കും അധികാരമില്ല. ദയറായിസ്റ്റുകളുടെ സ്വകാര്യ വിശ്വാസങ്ങളും താല്പര്യങ്ങളും അടിച്ചേല്പിക്കാനുള്ള വേദിയല്ല നസ്രാണികള്‍. നസ്രാണികളുടെ നാടോടി ദൈവശാസ്ത്രത്തിനും (Folk theology) സഭയില്‍ സ്ഥാനവും അസ്തിത്വവും നിലനില്‍പ്പുമുണ്ട്.

പഴയകാലത്ത് കേരളത്തില്‍ പാതയോരങ്ങളിലുള്ള തറവാടുകള്‍ക്കുമുമ്പില്‍ വഴിയാത്രക്കാര്‍ക്ക് ദാഹശമനത്തിനായി് കല്‍തൊട്ടികളില്‍ വെള്ളം – ചില ജന്മി ഗൃഹങ്ങളില്‍ സംഭാരം – നിറച്ചു വയ്ക്കുമായിരുന്നു. അതൊരു പുണ്യകര്‍മ്മായി ആണ് കണക്കാക്കിയിരുന്നത്. കാലക്രമേണെ കാല്‍നടക്കാര്‍ ഇല്ലാതായതോടെ ഈ പതിവ് അസ്തമിച്ചു. സമീപദശകങ്ങളില്‍ സണ്ടേസ്‌കൂള്‍ പ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് വി. കുര്‍ബാനാനന്തരം ഭക്ഷണം – മിക്കിടത്തും കഞ്ഞി – നല്‍കുന്ന പതിവ് ആരംഭിച്ചു. ഇന്നതിനൊരു നേര്‍ച്ചയുടെ സ്വഭാവം കൈവന്നിട്ടുണ്ട്. ഇവയേപ്പോലെ കാല-ദേശ സ്വഭാവത്തിനനുസരിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ സ്വാഭാവിക പരിണാമം ഉണ്ടാകും. അല്ലാതെ അവ അടിച്ചേല്‍പ്പിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്നത് നിഷ്ഫലമാണ്. അന്ധമായി അനുകരിക്കുന്നതും യുക്തിഹീനമാണ്. എന്തായാലും ആചാരാനുഷ്ഠാനങ്ങള്‍ അര്‍ത്ഥമറിഞ്ഞുവേണം അനുഷ്ഠിക്കുവാന്‍. അല്ലങ്കില്‍ അവ ആമുഖത്തില്‍ പരാമര്‍ശിച്ച നമ്പൂരിച്ചന്‍റെ പൂച്ച പോലെയാവും!

ഡോ. എം. കുര്യന്‍ തോമസ്copyright-ovsonline.in
(ജോര്‍ജിയന്‍ മിറര്‍, മെയ് 2018)

നസ്രാണിക്ക് മറ്റെന്താകാന്‍ പറ്റും?