OVS - ArticlesOVS - Latest News

അല്പം കാതോലിക്കാദിന ചിന്തകള്‍

1947 ഓഗസ്റ്റ് 15-നാണ് ഇന്ത്യയ്ക്ക് വിദേശാധിപത്യത്തില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചത്. അധികാരം ഏകപക്ഷീയമായി പിടിച്ചടക്കുന്ന രക്തരൂക്ഷിത വിപ്ലവങ്ങള്‍ക്കു പകരം സമാധാനപരമായ സമരങ്ങളിലൂടെ ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുകയായിരുന്നു മഹാത്മഗാന്ധിയടക്കമുള്ളവര്‍ ചെയ്തത്.

സ്വതന്ത്രമായിരുന്ന ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ ഭരണം യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ കൈകളിലമര്‍ന്നത് അവരുടെ ആയുധശേഷികൊണ്ടു മാത്രമൊന്നുമായിരുന്നില്ല. മറിച്ച്, തമ്മിലടിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ കൈയ്യിലിരിപ്പുകൊണ്ടായിരുന്നു. ഈ അവസരം വാണിജ്യ-സാമ്രാജ്യത്വ മോഹങ്ങളുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ മുതലെടുത്തു എന്നുമാത്രം. ഇതിനു സമാനമായ സാഹചര്യമാണ് മലങ്കര സഭയ്ക്കുമുണ്ടായിരുന്നത്.

മലങ്കരയും സ്വതന്ത്രമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പാലക്കുന്നത്തു മാത്യൂസ് മാര്‍ അത്താനാസ്യോസ് മര്‍ദ്ദീനില്‍ പോയി അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍നിന്നും മേല്പട്ടസ്ഥാനം ഏറ്റു. മലങ്കരയുടെ അറിവോ സമ്മതമോ കൂടാതെ ഏകപക്ഷീയമായും അനാവശ്യമായും നടത്തിയ ഈ മേല്പട്ട വാഴ്ചയും അനന്തര സംഭവങ്ങളുമാണ് മലങ്കരയുടെ സ്വാതന്ത്ര്യം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അടിയറവയ്ക്കാന്‍ വഴിമരുന്നിട്ടത്. മലങ്കര മെത്രാപ്പോലീത്തായുടെ സിംഹാസനം കൈക്കലാക്കാന്‍ മറ്റു യാതൊരു പിന്‍ബലവുമില്ലാതിരുന്ന പാലക്കുന്നത്തു മാര്‍ അത്താനാസ്യോസ്, മലങ്കര മെത്രാനെ ആക്കാനും നീക്കാനും ഉള്ള അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാണന്നു യാതൊരു അടിസ്ഥാനവുമില്ലാതെ വാദിച്ചു. അപ്രകാരം മാര്‍ ദീവന്നാസ്യോസ് നാലാമനെ പാത്രിയര്‍ക്കീസ് നീക്കി തന്നെ ആ സ്ഥാനത്ത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നിയമിച്ചിട്ടുണ്ടെന്നും അതിനാല്‍ മലങ്കര മെത്രാന്‍ സ്ഥാനം തനിക്കു ലഭിക്കണമെന്നുമായിരുന്നു മാര്‍ അത്താനാസ്യോസിന്റെ ആവശ്യം.

വാദിയും പ്രതിയും ഈ അടിസ്ഥാനരഹിതവാദം ഉന്നയിച്ചതിനാല്‍ മലങ്കര മെത്രാന്‍ സ്ഥാനത്തിനുള്ള അവകാശവാദങ്ങള്‍ പരിഗണിച്ച കൊല്ലം പഞ്ചായത്തു കോടതി അതിനെ പ്രമാണമായി സ്വീകരിക്കാന്‍ ഇടയായി. അതോടെ മലങ്കരയില്‍ മെത്രാന്മാരെ വാഴിക്കാനുള്ള അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു ലഭിച്ചു. സെമിനാരിക്കേസില്‍ 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധി കൊല്ലം പഞ്ചായത്തു നിശ്ചയം എടുത്തു പറഞ്ഞതോടെ അന്ത്യോഖ്യയുടെ ആത്മീയ അധികാരം മലങ്കരയില്‍ ഉറച്ചു. മെത്രാന്മാരെ വാഴിക്കാനുള്ള അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ മാത്രം നിക്ഷിപ്തമായി എന്നതായിരുന്നു ഇതിന്റെ ആത്യന്തിക ഫലം.

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായും ഇതര സമുദായ നേതാക്കളും ഇതിന്റെ അപകടം മനസിലാക്കി. മേല്പട്ടസ്ഥാനവും വി. മൂറോനും ലഭിക്കാന്‍ പാത്രിയര്‍ക്കീസിന്റെ മുമ്പില്‍ ഓശ്ചാനിച്ചു നില്‍ക്കേണ്ട ഗതികേട് മലങ്കരയ്ക്കുണ്ടാക്കുന്ന ഭവിഷ്യത്ത് അവര്‍ തിരിച്ചറിഞ്ഞു. മലങ്കരയുടെ പൊന്നിലും പണത്തിലും പണ്ടേ കണ്ണുവെച്ചിരുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍ മേല്പട്ടസ്ഥാനവും വി. മൂറോനും വച്ച് മലങ്കരയുടെ ലൗകീകാധികാരത്തിനായി വിലപേശുമെന്ന് അവര്‍ക്കറിയാമായിരുന്നു.

നിയമപരമായ മാര്‍ഗ്ഗത്തിലൂടെ മലങ്കരയുടെ നഷ്ടപ്പെടുത്തിയ സ്വാതന്ത്ര്യം തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമം 1890-കളില്‍ തന്നെ ആരംഭിച്ചു. അന്ത്യോഖ്യന്‍ സഭാവിജ്ഞാനീയത്തിനുള്ളില്‍ നിന്നുകൊണ്ട് സമാധാനപരമായ മാര്‍ഗ്ഗത്തില്‍ ഈ പ്രതിസന്ധി മറികടക്കാനായിരുന്നു അവരുടെ ശ്രമം. അന്ത്യോഖ്യന്‍ സഭയുടെ കാനോന്‍ നിയമപ്രകാരം മേല്പട്ടസ്ഥാനം നല്‍കുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനും അധികാരമുള്ള കാതോലിക്കാ (മപ്രിയാന) സ്ഥാനം മലങ്കരയില്‍ പുനര്‍ജീവിപ്പിക്കുക എന്നതായിരുന്നു മലങ്കരസഭാ നേതാക്കളുടെ ലക്ഷ്യം. അതാണ് 1912-ല്‍ പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ സഹകരണത്തോടെ സാധിതമായത്.

1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്നതിന് ബ്രിട്ടീഷുകാര്‍ ഭരണമുപേക്ഷിച്ചു പോയി എന്നു മാത്രമേ അര്‍ത്ഥമുള്ളു. ബ്രീട്ടീഷ് ഇന്ത്യ കൂടാതെ അറുനൂറിലധികം നാട്ടുരാജ്യങ്ങളും അതോടെ സ്വതന്ത്രമായി. അവയെ കൂട്ടിയിണക്കി കെട്ടുറപ്പും ഭരണസ്ഥിരതയുമുള്ള ഒരു സംവിധാനം ഉണ്ടാക്കാതെ ലഭിച്ച സ്വതന്ത്ര്യം നിലനിര്‍ത്താനാവില്ലായെന്ന് ഇന്ത്യന്‍ ദേശീയ നേതൃത്വത്തിന് ബോദ്ധ്യമുണ്ടായിരുന്നു. ഈ ബോദ്ധ്യമാണ് 1950 ജനുവരി 26-ന്, ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍… എന്നാരംഭിക്കുന്ന ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരാനുള്ള അടിസ്ഥാന കാരണം.

സമാന സാഹചര്യമായിരുന്നു മലങ്കരയുടേതും. കാതോലിക്കേറ്റ് സ്ഥാപനത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കെട്ടുറപ്പുള്ള ഒരു ഭരണ സംവിധാനം അത്യന്താപേഷിതമാണന്ന തിരിച്ചറിവ് മലങ്കരസഭാ നേതൃത്വത്തിനുണ്ടായിരുന്നു. അതിനായി 1929-ല്‍ ഭരണഘടനാ നിര്‍മ്മാണ പ്രക്രിയ ആരംഭിച്ചു. 1934 ഡിസംബര്‍ 26-ന് മലങ്കര സഭാ ഭരണഘടന പാസാക്കി. കാതോലിക്കാ സ്ഥാനവും മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും ഒരേ വ്യക്തി വഹിക്കണമെന്ന് നിശ്ചയിച്ച ഭരണസ്ഥിരതയ്ക്കുള്ള അടിസ്ഥാനമിട്ടു.

സ്ഥാതന്ത്ര്യം നിലനിര്‍ത്താന്‍ അത്യന്താപേഷിതമായ മറ്റൊരു അവശ്യഘടകമാണ് സാമ്പത്തിക ഭദ്രത. ഒരു റിപ്പബ്ലിക്ക് ആയതോടെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഇന്ത്യന്‍ ദേശീയ നേതാക്കളുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ വിഷയത്തിലാണ്. അടിസ്ഥാന വ്യവസായങ്ങളായ ഇരുമ്പുരുക്ക്, ഊര്‍ജ്ജം, രാസവളം മുതലായവയില്‍ സ്വയംപര്യാപ്തത നേടുവാന്‍ രാജ്യം പ്രഥമ പരിഗണന നല്‍കിയത് ദീര്‍ഘകാല സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ടാണ്.

ഇതേ ലക്ഷ്യത്തോടെ തന്നെയാണ് 1934-ല്‍ ഭരണഘടന പാസാക്കിയ മലങ്കര അസോസിയേഷന്‍ കാതോലിക്കാ നിധി സംഭരണം ആരംഭിച്ചത്. കാതോലിക്കേറ്റും അതുമൂലം ലഭിച്ച സ്വാതന്ത്ര്യവും നിലനിര്‍ത്തുക എന്നതിലുപരി ക്രമമായ യാതൊരു വരുമാനമാര്‍ഗ്ഗവുമില്ലാത്ത മലങ്കര സഭയ്ക്ക് ശ്വാശ്വതമായ ഒരു ധനശ്രോതസ് എന്ന നിലയിലാണ് 1935-ല്‍ കാതോലിക്കാ നിധി സംഭരണം ആരംഭിച്ചത്. ഇന്നും സഭാകേന്ദ്രത്തിന്റെ മുഖ്യ വരുമാന ശ്രോതസ് കാതോലിക്കാദിന പിരിവാണ്.

പല പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിയാണ് കാതോലിക്കാ ദിനം ഇന്നത്തെ നിലയില്‍ വലിയ നോമ്പിലെ 36-ാം ഞായറാഴ്ച എത്തിച്ചേര്‍ന്നത്. അതിനെപ്പറ്റി ശ്രീ പി. തോമസ്, പിറവം തന്റെ സഭാചരിത്രാന്വേഷണങ്ങള്‍ എന്ന കൃതിയില്‍ (പേജ് 109) ഇപ്രകാരം രേഖപ്പെടുത്തുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

…1110 മേടം 20 -ാം തീയതി വെള്ളിയാഴ്ച (1935 മെയ് 3) മോറാന്‍ മോര്‍ ബസ്സേലിയോസ് പൗലോസ് കാതോലിക്കാ ബാവാ തിരുമനസ്സിലെ ഓര്‍മ്മദിവസം സര്‍വ്വഗൃഹങ്ങളിലും നിന്ന് പിരിവ് നടത്തണം എന്നാണ് തീരുമാനിച്ചത്…

… ആദ്യത്തെ കാതോലിക്കേറ്റ് നിധിപ്പിരിവിന്റെ തീയതി (1110 മുപ്പത്തിയാറാം ഞായറാഴ്ച എന്ന്) ശ്രീ ഇസഡ്. എം. പാറേട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണ്. (മലങ്കര നസ്രാണികള്‍ വാല്യം 5) 1110 മേടം 20 വെള്ളിയാഴ്ചയായിരുന്നല്ലോ പിരിവ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് (24 x 16 ഇഞ്ച് വലുപ്പത്തില്‍ അച്ചടിച്ച കാതോലിക്കാ നിധി നിത്യ റിക്കാര്‍ഡ് പുസ്തകം) കണ്ടതുപോലെ തോന്നിപ്പിക്കുന്ന അദ്ദേഹത്തിന് ഈ തെറ്റുപറ്റിയതെങ്ങനെ എന്ന് അത്ഭുതപ്പെടുന്നു. ആ വര്‍ഷം വലിയനോമ്പുവീടല്‍ മേടം 15 നായിരുന്നു (വിജ്ഞാപനം 7)

…കാതോലിക്കാദിനപ്പിരിവ് ഒന്നാം കാതോലിക്കാബാവായുടെ ഓര്‍മ്മദിവസത്തില്‍ നിന്ന് പില്‍ക്കാലത്ത് നോമ്പിന്റെ മുപ്പത്തിയാറാം ഞായറാഴ്ചയിലേക്കു മാറ്റി. നിധി സെക്രട്ടറിയായിരുന്ന എം.സി. കുര്യാക്കോസ് കശ്ശീശാ (പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാന്‍ – അസോസിയേഷന്‍ സെക്രട്ടറിയായ ഏക വൈദീകന്‍) 1944-ല്‍ സമുദായ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഈ മാറ്റമുണ്ടായത്. അദ്ദേഹത്തിന്റെ മുന്‍ഗാമി എ. എം. വര്‍ക്കി ഇത് ആസൂത്രണം ചെയ്തിരുന്നുവെങ്കിലും നടപ്പിലാക്കിയത് കുര്യാക്കോസ് കശ്ശീശായാണ്. ഒരു പക്ഷെ നോമ്പുകാലത്തെ ജനങ്ങളുടെ പള്ളിഹാജര്‍ വര്‍ദ്ധന കണക്കിലെടുത്താകാം മാറ്റം വരുത്തിയത്. അതിനു തൊട്ടു മുമ്പ് 1943-ല്‍ മുപ്പത്തിയാറാം ഞായറാഴ്ച സെമിനാരിദിനമായി ആഘോഷിക്കുവാന്‍ കാതോലിക്കാബാവ കല്പന പുറപ്പെടുവിച്ചിരുന്നു…

രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലും രാജ്യത്തിന്റെ ശക്തി പ്രകടനവുമാണ് സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക്ക് ദിനവും വർണ്ണോജ്ജ്വലമായി  ആഘോഷിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. അതുതന്നെയാണ് കാതോലിക്കാദിനാചരണത്തിന്റെ പിന്നിലെ ചേതോവികാരവും. കാതോലിക്കാദിനപ്പിരിവിന്റെ ലിസ്റ്റ് അച്ചടിച്ച് പള്ളികള്‍ക്ക് എത്തിച്ചു കൊടുന്നതും അന്നേ ദിവസം സഭയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതുമായ പതിവ് മുമ്പുതന്നെ ഉണ്ടായിരുന്നു. എന്നാല്‍ 1970-കളില്‍ സഭാ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രതലത്തില്‍ കാതോലിക്കാദിന ആഘോഷിക്കാന്‍ തുടങ്ങിയത്. ഏതാനും വര്‍ഷം മാത്രം തുടര്‍ന്ന അത് തികച്ചും ഒരു ശക്തിപ്രകടനം തന്നെയായിരുന്നു.

ഇന്നു കാണുന്ന രീതിയില്‍ പള്ളികളില്‍ കാതോലിക്കാദിനം ആചരിക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖ ഉണ്ടാക്കിയത് കിഴക്കിന്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമനാണ്. 1976 മുതലാണ് ആ മാര്‍ഗ്ഗരേഖയും അതിനാവശ്യമായ പ്രാര്‍ഥനകള്‍, ഗീതങ്ങള്‍, പ്രതിജ്ഞ, മുദ്രാവാക്യങ്ങള്‍, കാതോലിക്കാ മംഗളഗാനം എന്നിവ തലേ വര്‍ഷത്തെ ഇടവക തിരിച്ചുള്ള പിരിവു കണക്കിനൊപ്പം ലഘു ഗ്രന്ഥമായി അച്ചടിച്ച് എല്ലാ പള്ളികള്‍ക്കും എത്തിച്ചു കൊടുക്കുന്ന പതിവ് ആരംഭിച്ചത്.

കാതോലിക്കാ ദിനാചരണവും കാതോലിക്കാ നിധി സംഭരണവും ഒരു ഓര്‍മ്മപ്പെടുത്തലാണ്. കാതോലിക്കേറ്റ് സ്ഥാപനത്തിലൂടെ മലങ്കര സഭയ്ക്ക് ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മ പുതുക്കല്‍. അതോടൊപ്പം അതു നിലനിര്‍ത്തേണ്ട ബാദ്ധ്യതയുടേയും അതിനാവശ്യമായ സാമ്പത്തിക ഭദ്രതയുടേയും ഓര്‍മ്മിപ്പിക്കല്‍.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, , 4 ഏപ്രില്‍ 2019)

കാതോലിക്കാ സ്ഥാനം: ചില വസ്തുതകള്‍