OVS - Articles

പ്രതിബദ്ധതയുടെ പ്രവാചകൻ – ഭാഗ്യസ്മരണാർഹനായ ഫീലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി

നാരങ്ങാനത്തെ ഓസിയോസ് പിതാവിന്റെ നാമത്തിലെ ദേവാലയത്തിന്റെ ജ്ഞാനസ്നാന തൊട്ടിയിൽ നിന്നും മലങ്കര നസ്രാണികൾക്ക് പേരങ്ങാട് പുത്തൻ പറമ്പിൽ P. G. തോമസും സാറാമ്മ തോമസും നൽകിയ മുനി ശ്രേഷ്ഠൻ -ബേബി എന്ന ഫീലിപ്പോസ് തോമസ്- ഭാഗ്യസ്മരണാർഹനായ ഫീലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി കർത്തൃസന്നിധി പൂകിയിട്ട് 2023 ജനുവരി 21 -ന് പതിനാല് വർഷം.

ഓസിയോസ് ഇടവക വികാരി കുലത്താക്കാൻ വന്ദ്യ കെ.റ്റി ജോർജ് അച്ചൻ ഫീലിപ്പോസ് എന്ന പന്ത്രണ്ട് വയസ്സുകാരനെ വിശുദ്ധ പടികളിലൂടെ കൈ പിടിച്ച് ദൈവിക ശുശ്രൂഷയിലേക്ക് ആനയിച്ച് വി. മദ്ബഹായിലേക്ക് സമർപ്പിച്ചു.

സഹോദരൻ വന്ദ്യ ദിവ്യശ്രീ. പി.റ്റി. മാത്യൂസ് കോർ എപ്പിസ്കോപ്പായുടെ സൗമ്യതയും അജപാലനവും കണ്ടു വളർന്ന് നാരങ്ങാനത്തും കോഴഞ്ചേരിയിലും ആലുവയിലുമായി വിദ്യാഭ്യാസം.

സമാന്തരമായി സഞ്ചരിക്കുന്ന റെയിൽ പാളത്തിൽ നിന്നും സമർപ്പണ ജീവിതത്തിലൂടെ കോയമ്പത്തൂർ തടാകത്തിലെ ആദർശ വീഥിയിൽ മലങ്കര സഭയിലെ സമാധാന പ്രഭു ബിഷപ്പ് പെക്കൻ ഹാം വാൽഷിന്റെ അരുമശിഷ്യൻ. അവിടെ നിന്ന് സർവ്വസംഗ പരിത്യാഗിയായി മാനവ സേവനത്തിനൊപ്പം വേദശാസ്ത്ര പഠനത്തിനായി തന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ, മലങ്കര മക്കൾക്ക് ദൈവതുല്യ മിഷനറിയായ നവോത്ഥാന നായകൻ അഭിവന്ദ്യ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമനസിന്റെ കത്തുമായി സെറാമ്പൂർ കോളജിലേക്ക്.

1974 May 15 -ന് ദേവലോകം ചാപ്പലിൽ വച്ച് ശെമ്മാശ്ശ പട്ടവും, 1974 June 9 -ന് പരുമല പള്ളിയിൽ വച്ച് വൈദിക പട്ടവും ഡോ. ഫീലിപ്പോസ് മാർ തെയോഫിലസ് തിരുമേനിയിൽ നിന്നും സ്വീകരിച്ച് അൾത്താരയിലേക്ക്. പരിശുദ്ധമായ രണ്ടു കർമ്മങ്ങൾക്കും അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് തിരുമേനി സഹ കാർമ്മികനായിരുന്നു.

മലങ്കര സഭയിൽ, പൊതുജനമദ്ധ്യത്തിൽ വിവിധ വേഷങ്ങളിൽ …

വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തകൻ, അമരക്കാരൻ, വിവിധ NCC, WCC, International Youth Confernce കളിലെ പ്രതിനിധി, ആശ്രമാചാര്യൻ, ബിഷപ്സ് കോളേജ് അദ്ധ്യാപകൻ, വൈദിക സെമിനാരി ചരിത്ര അദ്ധ്യാപകൻ, ആന്ധ്രാ കൊടുങ്കാറ്റ് റിലീഫ് പ്രോജക്ട് സെക്രട്ടറി, ലണ്ടൻ, പുല്ലാട് തുടങ്ങിയ ഇടവകകളിൽ വികാരി തുടങ്ങി അക്ഷരങ്ങളിൽ ഒതുങ്ങാത്ത നീണ്ട നിര.

1982 തിരുവല്ല സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻ – ശ്രേഷ്ട ഇടയസ്ഥാനത്തേക്ക്.

1984 May 14 -ന് പരുമല വച്ച് നിയുക്ത കാതോലിക്കാ അഭിവന്ദ്യ മാത്യൂസ് മാർ കൂറിലോസ് തിരുമനസ്സ് റമ്പാൻ സ്ഥാനവും, 1985 May 15 -ന് മാവേലിക്കര വച്ച് പരിശുദ്ധ മാത്യൂസ് പ്രഥമൻ കാതോലിക്ക ബാവ തിരുമേനി മെത്രാഭിഷേകവും നടത്തി.

1985 Aug 1 മുതൽ സഹായ മെത്രാപ്പോലീത്തായായും 1991 ഒക്ടോബർ 26 മുതൽ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തായും (10 -മത്) ആയി. മുൻഗാമി ദാനിയേൽ മാർ പീലക്‌സിനോസ് തിരുമേനി തുമ്പമൺ ഭദ്രാസനത്തെ മലങ്കര സഭയിലെ ഒന്നും ഒന്നാമത്തെയും ഭദ്രാസനമാക്കിയാണ് പിൻഗാമിയെ ഏൽപ്പിച്ചത്.

മലങ്കര സഭയാകുന്ന പുൽമാലിയിലെ ഉത്തമവൃക്ഷമായി തുമ്പമൺ ഭദ്രാസനത്തെ തിരുമേനി പരിപാലിച്ചു. പല ശിഖരങ്ങളും ആർത്തിയോടെ വളർന്ന് പന്തലിച്ചു. ദാനിയേൽ മാർ പീലക്സിനോസ് മെമ്മോറിയൽ ബിൽഡിംഗ്, യൗസേബിയോസ് തിരുമേനിയുടെ ഷഷ്ഠിപൂർത്തിയിൽ ഭവനദാന പദ്ധതി (128 വീടുകൾ), സപ്തതിയിൽ പ്രകാശധാര സ്കൂൾ, മലങ്കരയിൽ ഇദംപ്രഥമമായി തുമ്പമൺ ഭദ്രാസനത്തിൽ സുവിശേഷ സംഘം രൂപീകരണം, വയോധികരെ താമസിച്ച് പരിപാലിക്കുന്നതിന് മാർ ഗ്രീഗ്രോറിയോസ് ശാന്തിസദനം രൂപീകരണം, തണ്ണിത്തോട് ആശ്രമം, തവളപാറ സെന്റ് തോമസ് സെന്റർ, ആംഗമുഴി ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ തുടങ്ങി സഭയ്ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന അനേകം പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിച്ച് തിരുമേനി “പ്രതിബദ്ധതയുടെ പ്രവാചകനായി”…..

ആത്മാവിലെ അഗ്നി ജ്വലിപ്പിച്ച് കർമ്മ മേഖലകളിൽ നന്മകളെയും, നന്മയുള്ളവരെയും പ്രോത്സാഹിപ്പിച്ചും തിന്മകളെ അടിമുടി എതിർത്തും, തെറ്റുകൾ ചൂണ്ടിക്കാട്ടി പ്രതികരിച്ചും തലോടലും താക്കീതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാക്കാൻ മടിക്കാത്ത “നല്ല ഇടയൻ” അഭിവന്ദ്യ ഫീലിപ്പോസ് മാർ യൗസേബിയോസ് തിരുമേനി.

ഏത് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാലും മലങ്കര സഭയോടുള്ള വിധേയത്വത്തിനും വിശ്വസ്തതയ്ക്കും ക്രിസ്തീയ ദർശനങ്ങൾക്കും പ്രഥമ പരിഗണന നൽകിയ തുമ്പമൺ ഭദ്രാസനാധിപൻ!

നിഷ്ഠയോടു കൂടിയ പ്രാർത്ഥനാ ജീവിതം, ജീവിത ലാളിത്യം, മിതത്വം, സത്യസന്ധത, ആത്മാർത്ഥത, സഹ ജീവികളോടുള്ള കരുണ, ഒരു പരിധിവരെ എല്ലാത്തിനും അകലം നിശ്ചയിച്ചുള്ള ജീവിതം, നന്മ നിറഞ്ഞവരെയും നിഷ്കളങ്കരെയും തിരിച്ചറിയാനും വക്രബുദ്ധിയുള്ളവരെ പടിയ്ക്ക് പുറത്തു നിർത്താനുമുള്ള അസാധാരണ കഴിവ് തുടങ്ങിയ ധാരാളം ഗുണങ്ങളുള്ള വ്യക്തിത്വം!

സഭാ സമാധാന കൂടിയാലോചനകൾക്ക് മുൻതൂക്കം കൊടുക്കുന്ന മനസിന്റെ ഉടമയായ അദ്ദേഹം, സഹോദര സഭകളോടും ഇതര സമുദായങ്ങളോടും നേതാക്കന്മാരോടും സഹോദര സമാനമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

എക്യുമെനിക്കൽ പ്രസ്ഥാനങ്ങളിലെ ശക്തമായ സംഭാഷണ വേളകളിൽ ഓർത്തഡോക്സ് വിശ്വാസത്തിലോ സഭാചരിത്രത്തിലോ അണുവിട വെള്ളം ചേർക്കാതെ തന്നെ ഇതര സഭകളെയും ആദരിക്കുവാനും ബഹുമാനിക്കുവാനും തിരുമേനി ബദ്ധശ്രദ്ധനായിരുന്നു.

സഭ ഏകമാണെന്നും സഭയുടെ നാഥൻ ക്രിസ്തു യേശുവിൽ പിതാവായ ദൈവമാണെന്നുമുള്ള വിശ്വാസത്തിൽ വേദപുസ്തകവും സഭാചരിത്രവും ആഴമായി പഠിച്ച തിരുമേനി വൈവിധ്യത്തിലെ ഏകത്വം എന്ന വിശാലമായ ഐക്യത്തിന്റെയും, ശാശ്വത സമാധാനത്തിന്റെയും സൗന്ദര്യം തന്റെ ആത്മീയ ജീവിതത്തിൽ ആസ്വദിച്ചിരുന്നു.

2009 വരെ അർപ്പണ ബോധമുള്ള ഒരു കർമ്മയോഗിയായി, ദൈവവിളി അനുസരിച്ച് ദൈവപുരുഷനായി, രൂപാന്തരത്തിന്റെ അംശവടിയുമായി ആദ്ധ്യാത്മിക പ്രകാശ ഗോപുരത്തിലെ സ്വയമെരിയുന്ന വഴി വിളക്കായി കർമ്മകാണ്ഡത്തിൽ കത്തിജ്വലിച്ചു നിൽക്കുന്നു. ഇപ്പോഴും ദീപ്തമായ ആ ഓർമ്മകൾ അണയാതെ ശോഭിക്കുന്നു.

ആ ക്രാന്തദർശിയായ പിതാവ് കാട്ടിത്തന്ന വെളിച്ചം ഇന്നും മലങ്കര സഭയുടെ കൂട്ടായ്മകളിൽ, മലങ്കര സഭയിൽ, തുമ്പമൺ ഭദ്രാസനത്തിൽ, പിൻഗാമി അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മീസ് തിരുമേനിയിൽ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ടൈറ്റസ് ജോർജ് അച്ചൻ തുടങ്ങിയ ശിഷ്യരിൽ, തിരുമേനി അഭിഷേകം ചെയ്ത വന്ദ്യ വി.എം. ഏബ്രഹാം അച്ചൻ (H. G. സെറാഫീം തിരുമേനി) ഉൾപ്പെടെയുള്ള വൈദികരിൽ, തിരുമേനിയെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരിൽ, പരിചയപ്പെട്ട് സംസാരിച്ചവരിൽ, വിശ്വാസികളിൽ തുടങ്ങി എല്ലാവർക്കും മാർഗ്ഗദർശകമായി വ്യാപരിക്കുന്നു.

വ്യക്തിപരമായി തിരുമേനിയോടൊത്തുള്ള ധാരാളം സ്മരണകൾ എന്റെ ഹൃദയത്തിൽ തുടിക്കുന്നു. അഭിവന്ദ്യ തിരുമേനിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രാർത്ഥനാപൂർവ്വം ശിരസ് നമിക്കുന്നു. ആ പിതാവിന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥനാപൂർവ്വം അഭയം പ്രാപിക്കുന്നു…