OVS - Latest NewsOVS-Kerala News

പാമ്പാടി പെരുന്നാൾ ഇന്നും നാളെയും.

പരിശുദ്ധ പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ അമ്പത്തിനാലാമത് ഓർമ്മ പെരുന്നാൾ മലങ്കര സഭ ഇന്നും നാളെയമായി ഭക്തി ആദരവോടെ കൊണ്ടാടുന്നു. പ്രധാന പെരുന്നാൾ പരിശുദ്ധ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി മാർ കുരിയാക്കോസ് ദയറായിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടും.

പെരുന്നാളിന്റെ ആദ്യ ദിനമായ മാർച്ച് 30 ശനിയാഴ്ച രാവിലെ പഴയ സെമിനാരി അധ്യാപകൻ റെവ.ഫാ. ഡോ. എം പി ജോർജ് ന്റെ മുഖ്യകാർമീകത്വത്തിൽ സുറിയാനി കുർബാനയും, തുടർന്ന് കോട്ടയം ഭദ്രാസന സണ്ടേസ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന ധ്യാനവും നടത്തപ്പെട്ടു. സഭാ ഗുരുരക്തനം റെവ.ഫാ. റ്റി ജെ ജോഷ്വ ധ്യാനം നയിച്ചു. മാർച്ച് 31 ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയും, 3 മണിക്ക് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി പെരുന്നാൾ കൊടിയേറ്റും നിർവഹിച്ചു. പെരുന്നാളിന്റെ മൂന്നാം ദിവസമായ ഏപ്രിൽ 1 നു, കോട്ടയം ഭദ്രാസന പ്രാർഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ ധ്യാനയോഗം നടന്നു. റെ.ഫാ.മോഹൻ ജോസഫ് ധ്യാനം നയിച്ചു. ഏപ്രിൽ 2 ചൊവ്വാഴ്ച്ച നടന്ന ഭദ്രാസന വൈദീകരുടെ ധ്യാന ശുശ്രൂഷയിൽ അഭി.ദിയസ്കോറോസ് തിരുമേനി ധ്യാന പ്രസംഗം നടത്തി.

ഉച്ചയ്ക്ക് 2 മണിക്ക് പാമ്പാടി ദയറായുടെ നവീകരിച്ച അരമനയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്മെ ത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു. കോട്ടയം ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠർ സഭയിലെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ ഇടവകളിലെ വിശ്വാസികൾ യുവജനങ്ങൾ എന്നിവർ പ്രസ്തുത കൂദാശ കർമ്മത്തിൽ പങ്കെടുത്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഏപ്രിൽ 3 നു നവോമി പ്രാർഥന കൂട്ടായ്മയുടെയും, ഇടവക വനിതാ സമാജം പ്രവർത്തകരുടെയും നേതൃത്വത്തിൽ പാമ്പാടി പെരുന്നാളിന്റെ പ്രധാന നേർച്ചയായ നെയ്യപ്പം തയാറാക്കലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അന്നേദിവസം കോട്ടയം ഭദ്രാസന മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിലും ഏപ്രിൽ 4നു ഭദ്രാസന സണ്ടേസ്കൂൾ, യുവജനപ്രസ്ഥാനം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലും ധ്യാനയോഗങ്ങൾ നടന്നു. ശ്രീമതി മെർലിൻ റ്റി മാത്യു പുത്തൻകാവ്, റെവ. ഫാ സഖറിയ നൈനാൻ (സാഖേർ) എന്നിവർ ധ്യാനപ്രസംഗം നടത്തി. വൈകിട്ട് ആറുമണിക്ക് സന്ധ്യാനമസ്കാരത്തിന് ശേഷം കബറിങ്കൽ അഖണ്ഡപ്രാർഥനയും നടന്നു.

പ്രധാന പെരുന്നാൾ ദിവസമായ ഏപ്രിൽ 5 വെള്ളിയാഴ്ച്ച, രാവിലെ പത്തു മണിക്ക് റെവ.ഫാ ഡോ.തോംസൻ റോബി നയിക്കുന്ന ധ്യാനയോഗവും , ഉച്ചനമസ്കാരത്തിനു ശേഷം മലങ്കരയുടെ നാനാഭാഗങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർക്ക് പാമ്പാടി ദയറായിൽ സ്വീകരണവും നൽകും. വൈകിട്ട് 4.30 നു പാമ്പാടി കത്തീഡ്രലിൽ സന്ധ്യനമസ്കാരവും, തുടർന്ന് ദയറായിലേക്ക് പ്രദക്ഷിണവും നടക്കും. 5.15 നു കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നെത്തുന്ന തീർഥാടകരെ പാമ്പാടി ദയറായിൽ സ്വീകരിക്കും. തുടർന്ന് പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെയും, അഭിവന്ദ്യരായ തിരുമേനിമാരുടെയും നേതൃത്വത്തിൽ ദയറായിൽ സന്ധ്യ നമസ്കാരം നടത്തപ്പെടും. വൈകിട്ട് 7 മണിക്ക് യു.കെ യൂറോപ്പ് ഭദ്രാസനാധിപൻ അഭി. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് കത്തീഡ്രലിൽ നിന്നും ദയറായിലേക്ക് പ്രദക്ഷിണവും, കബറിങ്കൽ ധൂപപ്രാർഥനയും നടത്തപ്പെടും. വൈകിട്ട് 7.45 നു സ്ലൈഹീക വാഴവ് തുടർന്ന് സ്‌നേഹവിരുന്നും, കബറിങ്കൽ അഖണ്ഡപ്രാർഥനയും നടത്തപ്പെടും.

പെരുന്നാളിന്റെ അവസാന ദിവസമായ ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 7 നു പ്രഭാതനാമസ്കാരവും തുടർന്ന് പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടത്തപ്പെടും. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥനയും, സ്ലൈഹീക വാഴവ്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടത്തപ്പെടും.