വൈദ്യന്‍ വൈദീകനായിട്ട് 120 വര്‍ഷം ഡോ. എം. കുര്യന്‍ തോമസ്

പാഴ്‌സിയായി ഇന്ത്യയില്‍ ജനിച്ചു, ഫിസിഷ്യന്‍ എന്നനിലയില്‍ ഇംഗ്ലണ്ടില്‍ പ്രശസ്തനായ ഫാ. ഡോ. ഷാപ്പൂര്‍ജി ദാദാഭായി ഭാഭ (Fr. Dr. Shapurji Dadabhai Bhabha M..D.) മലങ്കര സഭയിലെ വൈദീകനായി പട്ടം കെട്ടപ്പെട്ടിട്ട് 2022 ഡിസംബര്‍ 21-ന് 120 വര്‍ഷം തികയുകയാണ്. അന്നത്തെ മലങ്കരസഭാദ്ധ്യക്ഷന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം പാശ്ചാത്യ പാരമ്പര്യത്തില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മദിനമായ 1902 ഡിസംബര്‍ 21-ന് ജറുശലേമില്‍വെച്ചാണ് ഡോ. ഭാഭാ കശ്ശീശായായി അഭിഷേകം ചെയ്യപ്പെട്ടത്.

ഗുജറാത്തിലെ സൂറത്തില്‍ ഒരു പ്രമുഖ പാഴ്‌സി കുടുംബത്തില്‍ 1859-ല്‍ ജനിച്ച ഡോ. ഭാഭ എന്നു മലങ്കര സഭാചരിത്രത്തില്‍ അറിയപ്പെടുന്ന ഷാപ്പൂര്‍ജി 14-മാം വയസില്‍ ഉപരിപഠനത്തിനായി അയര്‍ലണ്ടിലെത്തി. മാതുലനും പ്രമുഖ ദേശീയ നേതാവുമായ ദാദാബായി നവറോജിയുടെ പിന്തുണയോടെ പഠനം നടത്തിയ അദ്ദേഹം സ്‌കോട്ട്‌ലണ്ടില്‍നിന്നും വൈദ്യശ്‌സ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. ലണ്ടനില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം താമസമന്യേ പ്രമുഖ ഫിസിഷ്യനായി അറിയപ്പെട്ടുതുടങ്ങി. 881-1926 കാലഘട്ടത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ പ്രമുഖ അംഗമായിരുന്നു ഡോ. ഭാഭ.

പഠനകാലത്ത് ക്രിസ്തുമതത്തില്‍ ആകൃഷ്ടനായ ഡോ. ഭാഭ പ്രൊട്ടസ്റ്റന്റ് വിഭാഗമായ പ്രസ്ബിറ്റേറിയന്‍ സഭയില്‍ ചേര്‍ന്നു ശെമ്മാശ് (Deacon) ആയി സ്ഥാനമേല്‍ക്കുകയും സജീവ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. ഇംഗ്ലണ്ടിലേയ്ക്കു കുടിയേറിയ യഹൂദരുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.ഡോ. ഭാഭയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം ദാദാബായ് നവറോജി 1886-ല്‍ ഡോ. ഭാഭയെ നേരിട്ടുകണ്ട് ക്രിസ്തുമതത്തില്‍നിന്നും പിന്മാറമമെന്നും സൊറവസ്ട്രിയന്‍ വിശ്വാസത്തിലേയ്ക്കു മടങ്ങിവരണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രസ്ബിറ്റേറിയന്‍ സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും ഡോ. ഭാഭ തന്റെ മതപഠനം തുടര്‍ന്നു. അങ്ങിനെയാണ് നേരിട്ട് യാതൊരു പരിചയവും ഇല്ലാതിരുന്ന അദ്ദേഹം മലങ്കര സഭയെപ്പറ്റി അറിയാനിടയായത്. മലങ്കരസഭയുടെ സഭാചരിത്രം, ഉപദേശാചാരങ്ങള്‍ മുതലായവയെക്കുറിച്ച് അദ്ദേഹം മികച്ച അവഗാഹമുണ്ടാക്കി. ഇന്ത്യന്‍ സുവിശേഷീകരണത്തെപ്പറ്റി ഡോ. ഭാഭയുടെ അഭിപ്രായം “…ഇന്ത്യയിലെ ജാത്യസഭ സുറിയാനിസഭയാണെന്നും സുറിയാനിസഭയ്ക്കല്ലാതെ ഇന്ത്യയില്‍ സഭാഭരണം ചെയ്‌വാന്‍ മറ്റു സഭകള്‍ക്കു അവകാശമില്ലെന്നും മിഷ്യന്‍വേല നടത്തി ഇന്ത്യയെ മനസ്സുതിരിപ്പിക്കാന്‍ സുറിയാനിസഭയ്ക്കു ശക്തിയില്ലാത്തതുകൊണ്ട് മറ്റു സഭയിലെ മിഷ്യനറിമാര്‍ വേലചെയ്തു മനസ്സു തിരിക്കുന്നവരെ സുറിയാനി സഭയിലേക്കു വിട്ടുകൊടുക്കയും സുറിയാനി മേല്പട്ടക്കാരെക്കൊണ്ടു ഭരിപ്പിക്കയും ചെയ്യണമെന്നും…” എന്നതായിരുന്നു.

ബ്രിട്ടീഷ് മാദ്ധ്യമങ്ങളിലും ലഘുലേഖകളായും അദ്ദേഹം മലങ്കര സഭയെപ്പറ്റി നിരന്തരം പ്രസിദ്ധപ്പെടുത്തിയിരുന്ന ഇത്തരം അഭിപ്രായങ്ങള്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ വ്യവഹാര കാര്യസ്ഥനും മലങ്കര അസോസിയേഷന്‍ സെക്രട്ടറിയും മലങ്കര ഇടവക പത്രിക പത്രാധിപരുമായിരുന്ന ഇടവഴിക്കല്‍ ഇ. എം. ഫീലിപ്പോസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അവര്‍ തമ്മില്‍ കത്തിടപാടുകള്‍ ആരംഭിച്ചു. ഇ. എം. ഫീലിപ്പോസ് ഡോ. ഭാഭയെ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്റെ ശ്രദ്ധയില്‍പ്പെടുത്തി. മലങ്കരസഭയുടെ ഉപദേശാചാരങ്ങളെ ആഴത്തില്‍ പഠിച്ച ഡോ. ഭാഭ, തനിക്ക് മലങ്കരസഭയില്‍ അംഗമാകണമെന്നും ഒരു വൈദീകനായി അഭിഷേകം ചെയ്യപ്പെടണമെന്നുമുള്ള ആഗ്രഹം മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ അറിയിച്ചു. ഇത് സസന്തോഷം അംഗീകരിച്ച മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, യാത്രാ സൗകര്യം പരിഗണിച്ച് യെറുശലേമില്‍ ചെന്ന് പട്ടമേല്‍ക്കുവാന്‍ ഡോ. ഭാഭയോട് നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് കല്പന നല്‍കുകയും ചെയ്തു.

ഇതനുസരിച്ച് യെറുശലേമില്‍ എത്തിച്ചേര്‍ന്ന ഡോ. ഭാഭയ്ക്ക് 1902 ഡിസംബര്‍ 20-ന് വി. മൂറോന്‍ അഭിഷേകവും പൂര്‍ണ്ണശെമ്മാശു പട്ടവും നല്‍കി. പാശ്ചാത്യ പാരമ്പര്യത്തില്‍ വി. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മയും സുറിയാനി പാരമ്പര്യത്തില്‍ യല്‍ദോയ്ക്കു മുമ്പുള്ള വംശാവലി ഞായറാഴ്ചയുമായ ഡിസംബര്‍ 21-ന് അദ്ദേഹത്തിന് കശ്ശീശാ പട്ടവും നല്‍കി. മര്‍ക്കോസിന്റെ മാളികയില്‍വെച്ച് യേറുശലേമിലെ സുറിയാനി മേല്പട്ടക്കാരനായ മാര്‍ ഈവാനിയോസ് ഏലിയാസ് ആണ് ഈ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. മലങ്കര സഭയുടെ ഇംഗ്ലണ്ടിലെ സ്ഥാനപതി എന്ന സ്ഥാനത്ത് നിയമിച്ചുള്ള മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്റെ കല്പനയുമായി 1903 ജനുവരി 1-ന് ഡോ. ഭാഭ, ലണ്ടനിലേയ്ക്ക് കപ്പല്‍ കയറി.

ഡോ. ഭാഭ സത്യവിശ്വസത്തില്‍ ഉറച്ചു നില്‍ക്കുന്നതായും തീഷ്ണവാനും ആണെന്നും യാക്കോബിന്റെ തക്‌സായുടെ ഇംഗ്ലീഷ് പരിഭാഷ ഉപയോഗിച്ച് വി. കുര്‍ബാന അര്‍പ്പിക്കുന്നതായും പില്‍ക്കാലത്ത് ഇ. എം. ഫീലിപ്പോസ് രേഖപ്പെടുത്തുന്നുണ്ട്. 1909-ല്‍ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്റെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനരോഹണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഇടപടല്‍ മലങ്കരസഭാ ചരിത്രത്തിന്റെ ഗതി മാറ്റിയ ഒരു സംഭവമായി മാറി.

തിരുവിതാംകൂര്‍ റോയല്‍ കോടതിയുടെ 1889-ലെ സെമിനാരി കേസ് വിധിപ്രകാരം മലങ്കര മെത്രാപ്പോലീത്താമാര്‍ക്ക് ജനത്തിന്റെ തിരഞ്ഞെടുപ്പും പാത്രിയര്‍ക്കീസിന്റെ കൈവെപ്പും തുല്യ പ്രാധാന്യത്തോടെ അനിവാര്യമായിരുന്നു. എന്നാല്‍ ഇതേ വിധി തന്നെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കരയില്‍ ലൗകീകാധികാരം ഇല്ലന്നും അസന്നഗ്ദമായി പ്രഖ്യാപിച്ചിരുന്നു. കോടതി വിധി മറികടന്ന് രജിസ്റ്റര്‍ ഉടമ്പടി വഴി ലൗകീകാധികാരം കൈവശപ്പെടുത്താന്‍ അന്നുമുതല്‍ പാത്രിയര്‍ക്കീസുമാര്‍ നിരന്തരശ്രമം നടത്തിയെങ്കിലും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും മാനേജിംഗ് കമ്മറ്റിയും അതിനു വിസമ്മതിച്ചു.

ഈ പശ്ചാത്തലത്തിലാണ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്റെ പിന്‍ഗാമിയായി ജനം തിരഞ്ഞെടുത്ത വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന്‍ മേല്പട്ട സ്ഥാനാരോഹണത്തിനായി യേറുശലേമില്‍ എത്തുന്നത്. അദ്ദേഹത്തില്‍നിന്നും പാത്രിയര്‍ക്കീസിന് ലൗകീകാധികാരം വെച്ചൊഴിയുന്ന ഉടമ്പടി വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്റെ പിന്‍ഗാമി എന്ന നിലയില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന് സ്ഥാത്തിക്കോന്‍ നല്‍കാന്‍ പാത്രിയര്‍ക്കീസ് വിസമ്മതിച്ചു.

കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ 1909-ല്‍ അന്ത്യോഖ്യയുടെ അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് മൂന്നുമാസത്തോളം ലണ്ടനില്‍ ഡോ. ഭാഭായുടെ അഥിതിയായി താമസിച്ചു. ഈ സമയത്താണ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ രോഗശയ്യയില്‍ ആകുന്നതും കാലംചെയ്യുന്നതും. മാര്‍ ദീവന്നാസ്യോസ് ആറാമന് നിയമാനുസൃതം സ്ഥാനമേല്‍ക്കുവാന്‍ പിന്‍ഗാമി എന്ന നിലയിലുള്ള സ്ഥാത്തിക്കോന്‍ അനിവാര്യമായിരുന്നു. മലങ്കരസഭ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അത്തരമൊരു സ്ഥാത്തിക്കോന്‍ നല്‍കാന്‍ പാത്രിയര്‍ക്കീസ് തയാറായില്ല. പിന്‍ഗാമിക്ക് സ്ഥാനാരോഹണം ചെയ്യാനാവാത്ത സാഹചര്യത്തില്‍ കേരളത്തിലെത്തി കുളം കലക്കി ലൗകീകാധികാരം എന്ന മീന്‍ പിടിക്കാം എന്നതായിരുന്നു പാത്രിയര്‍ക്കീസിന്റെ കണക്കുകൂട്ടല്‍.

അപകടം മുമ്പില്‍ക്കണ്ട അസോസിയേഷന്‍ സെക്രട്ടറി ഇ. എം. ഫീലിപ്പോസ് നിരന്തരമായി ഡോ. ഭാഭായുമായി ബന്ധപ്പെട്ടു. ഇംഗ്ലണ്ടിലെ ആതിഥേയനായ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിന്റെ ഫലമായി സ്ഥാത്തിക്കോന്‍ നല്‍കാന്‍ പാത്രിയര്‍ക്കീസ് നിര്‍ബന്ധിതനായി. അതിനാല്‍ അബ്ദുള്ള ദ്വിതീയന്‍ കേരളത്തില്‍ കാലുകുത്തുന്നതിനുമുമ്പ് പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സുന്ത്രോണീസ സുഗമമായി നടക്കുകയും അദ്ദേഹം മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചില്ലായിരുന്നെങ്കില്‍ 1911-ലെ കലക്കത്തില്‍ മലങ്കരസഭയുടെ ഭാവി പ്രവചനാതീതമാകുമായിരുന്നു. ഇത്തരത്തിലാണ് ഡോ. ഭാഭാ മലങ്കരസഭാചരിത്രത്തില്‍ അവിസ്മരണിയസ്ഥാനം നേടിയത്.

പില്‍ക്കാലത്തും ഡോ. ഭാഭ മലങ്കരസഭയില്‍ ഉറച്ചുനിന്നു. തന്റെ എഡിന്‍ബറോ യാത്രക്കിടെ ലണ്ടനിലെത്തിയ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ അന്ന് 78 വയസ് പ്രായമുള്ള ഡോ. ഭാഭ പലപ്രാവശ്യം സന്ദര്‍ശിക്കുകയും സല്‍ക്കരിക്കുകയും 1937 സെപ്റ്റംബര്‍ 9-ന് ലണ്ടനിലെ അര്‍മ്മീനിയന്‍പള്ളിയില്‍ പ. ബാവാ അര്‍പ്പിച്ച വി. കുര്‍ബാന അനുഭവിക്കുകയും ചെയ്തു.

താമസിയാതെ ഡോ. ഭാഭ രോഗശയ്യയിലായി എന്നുവേണം അനുമാനിക്കാന്‍. കാരണം, എഡിന്‍ബറോ യാത്രയില്‍ പ. പിതാവിനെ അനുയാത്ര ചെയ്ത സി. എം. തോമസ് റമ്പാന്‍ (പിന്നീട് തോമാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത) ഓക്‌സ്‌ഫോര്‍ഡില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു ഇംഗ്ലണ്ടില്‍ തങ്ങി. 1939 വരെ നീണ്ട അദ്ദേഹത്തിന്റെ പഠനകാലത്ത് ഡോക്ടര്‍ എസ്. ഡി. ഭാഭയെ അദ്ദേഹത്തിന്റെ രോഗക്കിടക്കയില്‍ പലപ്പോഴും സന്ദര്‍ശിക്കുകയും ഒടുവില്‍ തൈലാഭിഷേകം നടത്തുകയും ചെയ്തു.

1941 ജനുവരി 3-ന് 82-ാം വയസില്‍ അവിവാഹിതനായ ഫാ. ഡോ. ഷാപ്പൂര്‍ജി ദാദാഭായി ഭാഭ അന്തരിച്ചു. അക്കാലത്ത് മലങ്കരസഭയിലെ വൈദീകര്‍ ആരും ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരു റോമന്‍ കത്തോലിക്കാ പുരോഹിതനാണ് അദ്ദേഹത്തിന്റെ കബറടക്കം നടത്തിയത്. തന്റെ കബറിടത്തിന്റെ കൈവശാവകാശം തോമാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച പത്തനാപുരം മൗണ്ട് താബോര്‍ ദയറായ്ക്ക് അദ്ദേഹം രേഖാമൂലം നല്‍കിയിരുന്നു.

ചരിത്രത്തില്‍ വിസ്മൃതനായിരുന്ന ഡോ. ഭാഭായെപ്പറ്റിയുള്ള അന്വേഷണം മലങ്കരസഭ ആരംഭിച്ചത് യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന രൂപീകരണ ശേഷമാണ്. ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ മലങ്കരസഭയുടെ ലണ്ടനിലെ മുഖ്യ ദേവാലയമായ സെന്റ് ഗ്രീഗോറിയോസ് പള്ളിക്കു സമീപമുള്ള ബ്രോക്കിലി സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ കബറിടം തിരിച്ചറിഞ്ഞു. തുടര്‍ന്ന് പത്തനാപുരം ദയറാ, ഡോ. ഭാഭായുടെ കബറിടത്തിന്റെ കൈവശാവകാശം യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കൈമാറി. ഡോ. ഭാഭായുടെ 80-ാം ചരമവര്‍ഷമായ 2021-ല്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസിന്റെ നേതൃത്വത്തില്‍ കബറിടം മനോഹരമായി പുതുക്കിപ്പണിത് സ്മാരകശിലയും സ്ഥാപിച്ചു.

പ. ബസേലിയോസ് ഗീവര്‍ഗീസ് ദിതീയന്‍ കാതോലിക്കായാണ് ഇംഗ്ലണ്ടില്‍ കാല്‍കുത്തിയ മലങ്കരസഭയുടെ ആദ്യ അതുന്നത മഹാപുരോഹിതന്‍. അദ്ദേഹം കാലംചെയ്ത ജനുവരി 3-നാണ് മലങ്കരസഭയുടെ ഇംഗ്ലണ്ടിലെ ആദ്യ വൈദീകനയ ഫാ. ഡോ. ഷെര്‍പ്പൂജി ഭാഭാ ഇഹലോകവാസം വെടിഞ്ഞതും. അതിനാല്‍ മലങ്കരസഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലുള്ള എല്ലാ പള്ളികളിലും കോണ്‍ഗ്രിഗേഷനുകളിലും എല്ലാവര്‍ഷവും ജനുവരി 3-നോ, തൊട്ടടുത്ത വി. കുര്‍ബാനയുള്ള ദിവസമോ ഇവരുടെ സംയുക്ത ഓര്‍മ്മ ആചരിക്കണമെന്നും, വിശിഷ്യാ ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ആ ദിനത്തില്‍ ഡോ. ഭാഭായുടെ കബറിടത്തില്‍ ധൂപാര്‍പ്പണം നടത്തണമെന്നും ഇടവക മെത്രാപ്പോലീത്താ ആയിരുന്ന ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് 2022 ഒക്‌ടോബര്‍ 8-നു കല്പന പുറപ്പെടുവിച്ചിട്ടുണ്ട്.

ഫാ. ഡോ. എസ്. ഡി. ഭാഭയുടെ 120-ാം പൗരോഹിത്യ വാര്‍ഷികമായ 2022 ഡിസംബര്‍ 21-ന്, താന്‍ സ്വയം അംഗമായ മലങ്കരസഭയുടെ സ്വാതന്ത്ര്യ സംരക്ഷണത്തിന് “അന്യദേശക്കാരനും അന്യഭാഷക്കാരനുമായ” അദ്ദേഹം, ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയിരുന്നുകൊണ്ട് നല്‍കിയ സേവനത്തെ ഒന്നു പുനഃസ്മരിക്കുന്നത് ഇത്തരം സേവനസന്നദ്ധത ഓരോ നസ്രാണിയുടേയും ബാദ്ധ്യതയാണ് എന്നു തിരിച്ചറിയുന്നതിന് സഹായകരമായിരിക്കും.