OVS - Latest NewsOVS-Kerala News

ക്രിസ്തുവിന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സമൂഹനന്മയ്ക്കായി പ്രവർത്തിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

കുണ്ടറ :- ക്രിസ്തുവിന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സമൂഹനന്മയ്ക്കായി പ്രവർത്തിക്കാൻ വിശ്വാസികൾക്കു കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ (വല്യപ്പൂപ്പൻ) ശ്രാദ്ധപ്പെരുന്നാളിന്റെ ഭാഗമായി പ്രഭാഷണം നടത്തുകയായിരുന്നു. ഭൂമിയിലെ സകല ജീവജാലങ്ങൾക്കും സമൂഹനന്മയ്ക്കും വേണ്ടിയാണ് ക്രിസ്തു യാതനകളും ദുരിതങ്ങളും അനുഭവിച്ചത്.

അനുഭവങ്ങളുടെ പശ്ചാത്തലമാണു വിശ്വാസികളുടെ കൂട്ടായ്മയായി മാറുന്നത്. വിശ്വാസം ദർശനത്തിന്റെ ശക്തിയാണ്. ലോകവും പ്രതാപങ്ങളുമെല്ലാം നമുക്കുള്ളതാണെങ്കിലും ദൈവികചിന്തയില്ലെങ്കിൽ അവയൊന്നും നമുക്കു ശുഭകരമാവുകയില്ലെന്നും ബാവാ പറഞ്ഞു. ഇടവക ഡയറക്ടറിയുടെ പുതുക്കിയ പതിപ്പിന്റെ പ്രകാശനവും ബാവാ നിർവഹിച്ചു. വികാരി ഫാ. വി. തോമസ് പട്ടാഴി, അസി. വികാരി ഫാ. ജോസഫ് കെ. ജോൺ, ട്രസ്റ്റി വി. ജോൺസൺ പണിക്കർ, സെക്രട്ടറി ജോർജ് മാത്യു മുളമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.