പകര്‍ച്ചവ്യാധിയും സാമൂഹിക അകലവും മലയാളിയും: ഒന്നര നൂറ്റാണ്ടിനു മുമ്പ്

കൊറോണാ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ (Lock down) ആയി വീടുകള്‍ക്കുള്ളില്‍ കഴിയണമെന്നും, പൊതു സ്ഥലത്ത് കൂട്ടം കൂടെരുതെന്നും, സാമൂഹിക അകലം പാലക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുകയും, സര്‍ക്കാര്‍ അത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തപ്പോള്‍ അതൊരു പുതിയ സംഭവമായി ആണ് മലയാളികളില്‍ ഭൂരിഭാഗവും കണ്ടത്.

പക്ഷേ കൊറോണാ വൈറസ് അഥവാ കോവിഡ് 19 അല്ലായിരുന്നെങ്കിലും ഇതിനു മുമ്പും കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടായിരുന്നു. കോളറാ, പ്ലേഗ്, വസൂരി എന്നിവയായിരന്നു അവയില്‍ മുഖ്യം. രോഗകാരണവും പരിഹാര മാര്‍ഗ്ഗങ്ങും കണ്ടുപിടിക്കപ്പെട്ട ആധുനിക കാലത്ത് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ഇവയ്‌ക്കെതിരെ രോഗനിവാരണ-പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ കര്‍ശന നടപടികളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിരുന്നു.

ഇവയില്‍ ഏറ്റവും അറിയപ്പെടുന്നത് കുന്നംകുളത്തെ പ്ലേഗ് ബാധയാണ്. 1935-ല്‍ പാലക്കാട്ടുനിന്നും ചരക്കുമായി വന്ന ഒരു കാളവണ്ടിയില്‍ ഉണ്ടായിരുന്ന ചത്ത എലിയില്‍ നിന്നുമായിരുന്നു കുന്നംകുളത്തെ പ്ലേഗിൻ്റെ തുടക്കം. ദിവസങ്ങള്‍ക്കുള്ളിള്‍ അനേകര്‍ മരിച്ചുവീണു. അസുഖം പ്ലേഗ് ആണന്നു സ്ഥിതീകരിച്ചതോടെ കുന്നംകുളത്തെ നിരോധിത മേഖലയായി കൊച്ചി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിര്‍ത്തികളില്‍ കാവല്‍ ഏര്‍പ്പെടുത്തി. ഒരു പക്ഷേ കേരളത്തിലെ ആദ്യ കണ്ടൈന്‍മെന്റ് സോണ്‍ (Containment Zone) ആയിരിക്കണം കുന്നംകുളം. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അവിടെ ക്യാമ്പ്‌ചെയ്ത് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. പള്ളികള്‍പോലും താല്‍ക്കാലിക ആശുപത്രകളാക്കി മാറ്റി. കുന്നംകുളത്തുനിന്നും പുറത്തേയ്ക്കുള്ള ചരക്കുനീക്കം കര്‍ശനമായി നിയന്ത്രിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെന്ന സാക്ഷ്യപത്രം ഉള്ളവര്‍ക്കുമാത്രമായിരുന്നു പുറത്തേയ്ക്ക് യാത്രാനുമതി നല്‍കിയിരുന്നത്. സര്‍ക്കാര്‍ നടപടികള്‍ വിജയിച്ചു. കുന്നംകുളത്തിനു പുറത്തേയ്ക്ക് പ്ലേഗ് പടരുന്നത് തടയാന്‍ ഈ നടപടികള്‍ക്കായി.

ഇത് രോഗാവബോധവും സര്‍ക്കാര്‍ ഇടപെടലുമുള്ള ഇരുപതാം നൂറ്റാണ്ട്. എന്നാല്‍ നൂറ്റമ്പതു വര്‍ഷം മുമ്പ് അത്തരം സര്‍ക്കാര്‍തല ഇടപടലുകള്‍ ഒന്നും കൂടാതെ ജനകീയമായ ലോക്ക്ഡൗണും സാമൂഹിക അകല പാലനവും (Social distancing) കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. 1863-ല്‍ മസൂരി പടര്‍ന്നുപിടിച്ച എറണാകുളം ജില്ലയിലെ കണ്ടനാട്ടു സംഭവിച്ച ഒരു ലോക്ക്ഡൗണിൻ്റെയും സാമൂഹികഅകലപാലനത്തിൻ്റെയും ദൃക്‌സാക്ഷി വിവരണം ലഭ്യമാണ്.

കണ്ടനാടു സ്വദേശിയായ കരവട്ടുവീട്ടില്‍ ശെമവോന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (…- 1886) എഴുതി സൂക്ഷിച്ചിരുന്ന 1,500-ല്‍ അധികം പേജുകളുള്ള നാളാഗമം എന്ന വൃത്താന്തക്കുറിപ്പു പുസ്തകത്തിലാണ് ശ്രദ്ധേയമായ ഈ വിവരണം ഉള്ളത്. ആ വര്‍ഷം പഴയ പഞ്ചാംഗപ്രകാരം ധനു 25-ന് ക്രിസ്തുമസിന് പ്രത്യേകമായുള്ള തീജ്വാല ശുശ്രൂഷയും അതിൻ്റെ പ്രദക്ഷിണവും നടത്തിയതാണ് പ്രതിപാദ്യ വിഷയം.

…മശിഹാകാലം 1863-മതക്ക കൊല്ലം 1039-മാണ്ട ധനുമാസം 25-നു, നമ്മുടെ കര്‍ത്താവിൻ്റെ പിറവിയുടെ ദിവസി, തീചാലിന്ന, ഇ എടകയില്‍ 13 കത്തനാരച്ചന്‍ന്മാരും, 5 ശെമ്മാശന്മാരും, കെമ്പൊളത്തിലും പുറമെയുംകൂടി ഏകദെശം 300 വീട്ടുകാരുവരയും ഉള്ളപ്പൊള്‍, ംരം കെമ്പൊളത്തില്‍ പള്ളിയ്ക്കു സമീപവും മറ്റും കൂടി 4 വീട്ടില്‍ വസൂരിരൊഗം ഉണ്ടായിരുന്നതിനാല്‍, രണ്ടു കത്തനാരച്ചന്മാരും 12 കൃസ്ത്യാനികള്‍ – കപ്യാരുകൂടിയും, 5 സ്ത്രീകളും മാത്രമെ ഉണ്ടായിരുന്നൊള്ളു. ഇതില്‍, അച്ചന്മാര്‍ക്കു രണ്ടുപെര്‍ക്കും വസൂരിവന്നു പൊറുത്തവരും, കൃസ്ത്യാനികള്‍ 5 പെര വരാത്തവരും, സ്ത്രീകളില്‍ ഒരുത്തി വരാത്തവളും ആയിരുന്നു…

വസുരി ഒരിക്കല്‍ വന്നുഭേദമായവര്‍ക്ക് പിന്നീട് വരികില്ല എന്ന് അന്നും ജനങ്ങള്‍ക്ക് അറിയാമായിരുന്നു. സമ്പര്‍ക്കമാണ് രോഗം പരത്തുന്നത് എന്ന ബോധവും പ്രായോഗികമായി അവര്‍ മനസിലാക്കിയിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ സ്വമേധയാ ലോക്ക്ഡൗണ്‍ പാലിച്ചത്. കണ്ടനാടു പള്ളിയോട് ചെര്‍ന്നുള്ള അങ്ങാടിലാണ് അന്ന് ഇടവകാംഗങ്ങളില്‍ ഭൂരിപക്ഷവും പാര്‍ത്തിരുന്നത്. ഈ നടപടി വിജയം കണ്ടെന്നുവേണം കരുതാന്‍. കാരണം മസൂരിയുടെ തുടര്‍വ്യാപനത്തേയോ അതിന്റെ കെടുതികളേയോ പറ്റി നാളാഗമം പിന്നീട് നിശബ്ദമാണ്.

സര്‍ക്കാര്‍ നിയന്ത്രണമോ സഭയുടെ നിര്‍ദ്ദേശമോ കൂടാതെയാണ് ഇത്തരമൊരു സ്വമേധയാ ലോക്ക്ഡൗണ്‍ സംഭവിച്ചത്. സ്വസുരക്ഷയെപ്പറ്റിയും അതിന് കൈക്കൊള്ളേണ്ട നടപടിയേപ്പറ്റിയും അന്നത്തെ പരിമിതമായ ജ്ഞാനമണ്ഡലത്തില്‍പ്പോലും ജനങ്ങള്‍ ബോധവാന്മാരായിരുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

മുന്നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടാനാട് അങ്ങാടി മദ്ധ്യേയുള്ള പള്ളിയില്‍ ഏറ്റവും വലിയ പെരുന്നാളുകളില്‍ ഒന്നായ ക്രിസ്തുമസിന് ഹാജരായത് കപ്യാരടക്കം 12 പുരുഷന്മാര്‍, 5 സ്ത്രീകള്‍, 2 വൈദീകര്‍. അവരില്‍ ഭൂരിഭാഗവും – മൊത്തം 19-ല്‍ 13 പേര്‍ – രോഗപ്രതിരോധശക്തി നേടിയവര്‍! ചിന്തിക്കേണ്ട കണക്കാണിത്.

ഇന്ന് വി. കുര്‍ബാനയ്ക്കും പെരുന്നാളുകള്‍ക്കും സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് സംബന്ധിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയും ഇതര ചടങ്ങുകള്‍ നിരോധിച്ചും പ. സഭ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ നീട്ടുന്നതില്‍ പരിതപിക്കുന്നവര്‍ ഒന്നുമാത്രം ഓര്‍ക്കുക; ഒന്നര നൂറ്റാണ്ടുമുമ്പ് പൂര്‍വികര്‍ സ്വമേധയാ ചെയ്തതാണ് ഇന്ന് പ. സഭ നിഷ്‌ക്കര്‍ഷിക്കുന്നത്.

ഡോ. എം കുര്യന്‍ തോമസ്
(OVS Online, 12 ജൂണ്‍ 2020)

error: Thank you for visiting : www.ovsonline.in