OVS - Latest NewsOVS-Kerala News

പാമ്പാടി തിരുമേനിയുടെ അൻപതാം ഓർമപ്പെരുന്നാളിന്റെ ഭാഗമായി പാവനസ്മ്യതി സംഗമം

തിരുവനന്തപുരം:- കർമങ്ങളിലെ പവിത്രത കൊണ്ടു തലമുറകൾ ഓർമിക്കുന്ന പുണ്യാത്മവാണു പാമ്പാടി തിരുമേനിയെന്നു മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അൻപതാം ഓർമപ്പെരുന്നാളിന്റെ ഭാഗമായി പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പാവനസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‍‌ മഹാനായ വ്യക്തിത്വങ്ങൾക്ക് ഉള്ള എല്ലാ ഗുണഗണങ്ങളും ഒത്തുചേർന്ന ആളായിരുന്നു അദ്ദേഹം. പാമ്പാടി തിരുമേനിയുടെ ജീവീതവും ദർശനവും മാർഗരേഖകളാണ്. ലൗകിക കാര്യങ്ങളിൽ ശ്രദ്ധചെലുത്താത്ത അദ്ദേഹത്തിൽ സഹാനുഭൂതി, കരുണ എന്നിവ നിറഞ്ഞു നിന്നിരുന്നു.

ലാളിത്യവും ഭക്തിയും കൈമുതലാക്കിയ പാമ്പാടി തിരുമേനി, തനിക്ക് 26 –ാം വയസ്സിൽ കൈവന്ന മെത്രാപ്പൊലീത്ത പദവി സ്വീകരിച്ചില്ല. 18 വർഷങ്ങൾക്കുശേഷം 1929ൽ ആണ് അദ്ദേഹം അതു സ്വീകരിച്ചത്. ഇതു തിരുമേനിയുടെ ലാളിത്യമാണ് കാണിക്കുന്നത്. മൂന്നു വ്യാഴവട്ടക്കാലം ബിഷപ്പായിരുന്ന അദ്ദേഹം പാവപ്പെട്ടവരോടു ദയ കാണിക്കണമെന്ന ക്രിസ്ത്യൻ അടിസ്ഥാനതത്വം ജനങ്ങളിലേക്ക് എത്തിച്ചു. നാലു കാര്യങ്ങൾ തിരുമേനി ആവർത്തിച്ചു പറയുമായിരുന്നു. മരണം, അന്ത്യവിധി, മോക്ഷം, നരകം എന്നിവയായിരുന്നു അത്. ഈ വാക്കുകളെക്കുറിച്ചു വളരെ ഫിലോസഫിക്കലായി സംസാരിക്കാൻ തിരുമേനിക്കു പ്രത്യേക ആർജവം ഉണ്ടായിരുന്നു. പ്രസംഗത്തിലൂടെയും വർത്തമാനങ്ങളിലൂടെയും ജനത്തെ ആഴത്തിൽ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

വ്യക്തിജീവിതത്തിൽ പുലർത്തിയിരുന്ന ലാളിത്യം, എഴുത്തിലും തിരുമേനി പുലർത്തിയിരുന്നു. മൃഗങ്ങളുടെ ഭാഷ അദ്ദേഹത്തിന് അറിയാമായിരുന്നു. മതേതരത്വ സ്വഭാവത്തിലൂടെ സമൂഹത്തിലെ എല്ലാവരെയും തന്നിലേക്ക് ആകർഷിക്കാൻ തിരുമേനിക്കു കഴിഞ്ഞു. രോഗികളോട് അനുകമ്പയും ദാരിദ്യ്രത്തിലും കടബാധ്യതയിലും ആയിരുന്നവരോടു കാരുണ്യവും സഹായവും കൈമുതലാക്കിയ തിരുമേനിയുടെ മാതൃക പുതുതലമുറ പാഠമാക്കണമെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു. പ്രകൃതിയുടെയും മനുഷ്യരുടെയും നിലനിൽപ്പിനു വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന ആധുനിക ആഹ്വാനം പഴയ കാലത്തു നടപ്പിലാക്കിയ ആളാണു തിരുമേനി.

പ്രാർഥനയിലൂടെ രോഗങ്ങൾ ഇല്ലാതാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. കുന്നംകുളത്ത് ഒരു പ്രദേശം മുഴുവൻ പ്ലേഗ് ബാധിച്ചപ്പോൾ, അവിടെ എത്തി അദ്ദേഹം പ്രാർഥനയിലൂടെ രോഗം മാറ്റി ഗ്രാമത്തെ രക്ഷിച്ച സംഭവം ഇതിനു തെളിവാണ്. കാരുണ്യം, ദയ, സ്നേഹം തുടങ്ങി വിശുദ്ധമായ എല്ലാ പാതയിലൂടെയും സഞ്ചരിച്ച കർമയോഗിയായ അദ്ദേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ പുതുതലമുറയ്ക്കു കഴിയണമെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു. വിശുദ്ധിക്കും സ്നേഹത്തിനും കാരുണ്യത്തിനും ഒരു മാതൃകയുണ്ടെങ്കിൽ, അതാണു പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പറ‍ഞ്ഞു. ചടങ്ങിൽ സ്മൃതിജ്വാലയും തെളിയിച്ചു.

തോമസ് ടി. വർഗീസ് കോറെപ്പിസ്കോപ്പ, പാമ്പാടി ദയറാ മാനേജർ ഫാ. മാത്യു കെ. ജോൺ, മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയം, ഭദ്രാസനം സെ‌ക്രട്ടറി അലക്സാണ്ടർ വൈദ്യൻ കോറെപ്പിസ്കോപ്പ, ഗീവർഗീസ് ഇലവുംകാട്ട് റമ്പാൻ, ഫാ. മാത്യു ഏബ്രഹാം, ഫാ. പി.ജെ. ജോസ്, ഫാ. ഗീവർഗീസ് മേക്കാട്ട്, ഫാ. ടി.ജെ. അലക്സാണ്ടർ, ഫാ. ജോസഫ് ചാക്കോ, ഫാ. എബ്രഹാം തോമസ്, ഫാ. മാത്യു ജോൺ, ഫാ. ജേക്കബ് കെ. തോമസ്, ഫാ. മാത്യു ഫിലിപ്പ്, ഫാ. എ. ലൂക്കോസ്, ഫാ. ഗീവർഗീസ്, ബാബു പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു