OVS - Latest NewsOVS-Pravasi News

ഓസ്ട്രേലിയയില്‍ മലങ്കര സഭയ്ക്ക് സ്വന്തമായി ഒരു ദേവാലയം കൂടി തയാറാകുന്നു.

പെര്‍ത്ത്, ഓസ്ട്രേലിയ: പെര്‍ത്ത് സെന്‍റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ 10 വര്‍ഷത്തെ പ്രാര്‍ത്ഥനയും സ്വപ്നവും യാഥാര്‍ത്ഥ്യമാകുന്നു. ആരാധനയ്ക്ക് സ്വന്തമായി ഒരു സ്ഥലം എന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത്. ഒരേക്കറോളം സ്ഥലവും (25 Wooloomooloo Road, Greenmount, WA -6056) ദേവാലയവും അനുബന്ധ സൗകര്യങ്ങളുമാണ് ഇടവക സ്വന്തമായി വാങ്ങിയിരിക്കുന്നത്. താത്കാലിക കൂദാശയും സന്ധ്യ പ്രാര്‍ത്ഥനയും ജൂലൈ 21-അം തിയതി ശനിയാഴ്ച നടത്തപ്പെട്ടു. മലങ്കര സഭയുടെ ഈ നേട്ടം ഉദ്ഘാടനദിവസം വിശ്വാസികള്‍ ആഘോഷപൂര്‍വ്വം വരവേറ്റു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആയിരിക്കും വി മൂറോന്‍ കൂദാശ. ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചുകൊണ്ട് ദേവാലയ കൂദാശയ്ക്ക് വേണ്ടി ഇടവക ഒരുങ്ങുന്നു.

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കൊറോസ് തിരുമേനിയുടെ ശക്തമായ പിന്തുണയും ഇടവകയിലെ ഭരണ സമിതികളുടെ അക്ഷീണമായ പ്രവര്‍ത്തനവും ഇടവക ജനങ്ങളുടെ ഒരുമിച്ചുള്ള ആത്മാര്‍ത്ഥമായ സഹകരണവുമാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ കാരണമെന്നു ഇടവക വികാരി ഫാ. ഐവാന്‍ മാത്യൂസ്‌ അറിയിച്ചു.

ഓസ്ട്രേലിയയില്‍ സിഡ്നിയിലും അഡലൈഡിലും ഓരോന്നും, മെല്‍ബണില്‍ രണ്ടും ദേവാലയങ്ങള്‍ മലങ്കര സഭയ്ക്ക് ഇപ്പോള്‍ സ്വന്തമായി ഉണ്ട്. ഇത് കൂടാതെ ഓസ്ട്രേലിയയുടെ പല ഭാഗങ്ങളില്‍ ആയി പത്തോളം കോണ്‍ഗ്രിഗേഷന്‍സും പ്രവര്‍ത്തിക്കുന്നു.