OVS - Latest NewsOVS-Kerala News

ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ പള്ളികൾ പൂട്ടിയ്ക്കാൻ അനുവദിയ്ക്കില്ല:-ഓര്‍ത്തഡോക്സ് സഭ

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും, നിയമനിഷേധം നടത്തിയും ക്രമസമാധാന നില തകരാറിലാക്കി അരാജകത്വം സൃഷ്ടിക്കാനും സഭയുടെ പളളികള്‍ പൂട്ടിക്കാനും യാക്കോബായ നേതൃത്വം നടത്തുന്ന ശ്രമം അപകടകരമാണെന്നും അത് അനുവദിക്കാനാവില്ലായെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കുന്നംകുളം ഭദ്രാസനത്തില്‍പ്പെട്ട ചേലക്കര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംബന്ധിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായ കോടതി വിധികളും വിധി നടപ്പിലാക്കണമെന്ന കോടതി ഉത്തരവും ലംഘിച്ച് കേരളത്തിലെ മുഴുവന്‍ പോലീസ് വന്നാലും വകവെയ്ക്കില്ലായെന്ന് വെല്ലുവിളിക്കുന്ന യാക്കോബായ നേതൃത്വത്തിന്‍റെ നിലപാട് അപലപനീയമാണ്. നിയമം അനുസരിക്കുന്നവരെയും അനുസരിക്കാത്തവരെയും ഒരു പോലെ കാണുകയും നിയമനിഷേധികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. റവന്യൂ പോലീസ് അധികൃതര്‍ നിയമലംഘനത്തിന് ഒത്താശ ചെയ്യുകയാണ്. കോടതി വിധി നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ മറ്റ് സ്വാധീനങ്ങള്‍ക്ക് വഴങ്ങി കൃത്യവിലോപം കാട്ടിയാല്‍ അവര്‍ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളി സംബന്ധിച്ചുണ്ടായ കോടതിവിധി സ്വാഗതം ചെയ്യുന്നു. അവിടെ ജനങ്ങളെ ഇളക്കിവിട്ട് സമാധാന അന്തരീക്ഷം തകര്‍ക്കാനുളള യാക്കോബായ നേതൃത്വത്തിന്‍റെ ശ്രമം ഫലിക്കുകയില്ല. 1934 ലെ സഭാഭരണഘടന അനുസരിച്ചാണ് ആ പളളിയും ഭരിക്കപ്പെടേണ്ടതെന്നും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് നിയമിച്ച വികാരി ഫാ. തോമസ് പോള്‍ റമ്പാന് ഭരണചുമതല കൈമാറണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ചേലക്കരയിലും കോതമംഗലത്തും എത്രയും വേഗം കോടതി വിധി നടപ്പിലാക്കേണ്ട നിയമാനുസൃത ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയില്ലായെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു.

(വാല്‍ക്കഷണം : 2017-ല്‍   സഭക്കേസ് സുപ്രീംകോടതി വിധി കോലഞ്ചേരി ,വരിക്കൊലി, നെച്ചൂര്‍, മുളക്കുളം, ചാത്തമറ്റം,തൃക്കുന്നത്ത് എന്നിവടങ്ങളില്‍ നടപ്പാക്കയതോടെ ‘ക്രമസമാധാനം’ഉമ്മാക്കി വിലപ്പോവില്ലെന്ന് വ്യക്തമാവുകയായിരുന്നു)