OVS - ArticlesOVS - Latest NewsOVS-Kerala News

കോതമംഗലം ചെറിയ പള്ളി ഉത്തരവ്-സത്യത്തെ കാപട്യംകൊണ്ട് മൂടരുത്.

കോതമംഗലം: കോതമംഗലം ചെറിയ പള്ളി സംബന്ധിച്ചു ഉണ്ടായ മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതിയുടെ വിധിയെതുടര്‍ന്നു ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈ പള്ളി പിടിക്കാന്‍ വരുന്നു എന്നും വ്യാജ രേഖ ചമച്ചുണ്ടാക്കി പള്ളിയില്‍ അധികാരം സ്ഥാപിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും ഒരു വിഭാഗം നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയാണ്. പള്ളിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ മനസിലാക്കാതെ കൊതമഗലത്തെ പലരും ഈ അസത്യ പ്രസ്താവനകള്‍ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്‌. എന്നാല്‍ വാസ്തവത്തില്‍ എന്താണ് ഈ വിധിയില്‍ ഉണ്ടായിട്ടുള്ളത് എന്ന് വിശദമാക്കേണ്ടത് എന്‍റെ കടമയായി ഞാന്‍ കരുതുകയാണ്.copyright-ovsonline.in

കോടതി ഉത്തരവിന്‍റെ പൂര്‍ണ്ണ രൂപം >>

1. 1977 ല്‍ OS. 12/1977 നമ്പര്‍ ആയി പിന്നീട് കേരളാ ഹൈക്കോടതിയില്‍ OS 1/1979 ആയി റീ നമ്പര്‍ ചെയ്തു കൊതമഗലം ചെറിയ പള്ളി ഇടവകക്കാര്‍ കൊതമഗലം ചെറിയ പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ഇടവകയാണ് എന്ന് പ്രഘ്യാപിക്കണമെന്നും സഭയുടെ 1934-ലെ ഭരണഘടനക്ക് വിരുദ്ധമായി പള്ളിയില്‍ കൂടിയ പൊതുയോഗവും കമ്മറ്റി യോഗങ്ങളും അസാധുവായി പ്രഘ്യാപിക്കണമെന്നുമായിരുന്നു ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിരാകരിച്ച് ഹൈകോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവായി. ഇതിന്മേല്‍ വാദികള്‍ AS 359/1980 നമ്പര്‍ ആയി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ബഹു കേരളാ ഹൈക്കോടതി വാദികളുടെ ആവശ്യം അംഗീകരിച്ചു ഉത്തരവായി. ഇതിന്മേല്‍ പ്രതികള്‍ (യാക്കോബായ വിഭാഗം) സുപ്രീം കോടതിയെ സമീപിച്ചു. ഇതിന്മേല്‍ വാദം കേട്ട സുപ്രീം കോടതി 02.05.1997 -ല്‍ ഓര്‍ത്തഡോക്സ് ‌ സഭയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.

2. ബഹു സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ വിധി നടത്തിപ്പ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. എന്നാല്‍ 2002 -ലെ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ആകമാനം സുപ്രീം കോടതി ഇടപെട്ടു ജസ്റ്റിസ്‌ മളീമട് നിരീക്ഷകനായി നിയമിച്ചു നടത്തിയ മലങ്കര അസോസിയേഷന്‍ യോഗത്തോടെ കൊതമഗലം ചെറിയ പള്ളിയുടെ ഡിക്രിയും നടപ്പായി എന്ന് യാക്കോബായ വിഭാഗം വാദിച്ചു. ഈ വാദം സുപ്രീം കോടതി അംഗീകരിച്ചു ഓര്‍ത്തഡോക്സ് ‌ വിഭാഗം നല്കിയ വിധി നടത്തിപ്പ് ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഇപ്പോള്‍ മൂവാറുപുഴ മുന്‍സിഫ്‌ കോടതിയിലും കൊതമഗലം ചെറിയ പള്ളിക്ക് വേണ്ടി യാക്കോബായ വിഭാഗം വാദിച്ചതും 2002 -ലെ പരുമല അസോസിയേഷന്‍ യോഗത്തിലൂടെ ചെറിയ പള്ളിയുടെ വിധിനടത്തിപ്പ് പൂര്‍ണ്ണമായി എന്നുമാണ്. അതുകൊണ്ട് തന്നെ ഈ പള്ളി മലങ്കര സഭയുടെ പള്ളിയാണെന്നും അതു ഭരിക്കപ്പെടെണ്ടതു 1934-ലെ സഭാ ഭരണഘടനപ്രകാരമാണെന്നും മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതി കണ്ടെത്തി വിധി പ്രസ്താവിച്ചതില്‍ പ്രകോപിതരാകുന്നത് എന്തുകൊണ്ടാനെന്നും മനസിലാവുന്നില്ല.

3. കോടതിയില്‍ ഒന്ന് വാദിക്കുകയും പുറത്തു പള്ളിയില്‍ മറ്റൊന്ന് നടപ്പാക്കുകയുമായിരുന്നു ഇതുവരെയുള്ള രീതി. അതുകൊണ്ട്തന്നെ മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതിയുടെ വിധി അംഗീകരിക്കാന്‍ ഉദ്ദേശമില്ലായിരുന്നു എങ്കില്‍ എന്തിനാണ് കേരളാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരെ മൂവാറ്റുപുഴയില്‍ കൊണ്ടുവന്നു കേസ് വാദിപ്പിച്ചത്. കേസ് ജയിച്ചാല്‍ അത് നിയമവിജയം തോറ്റാല്‍ ഹര്‍ത്താല്‍, പ്രകടനം, കോലംകത്തിക്കല്‍. ഇത് പരിഷ്കൃത സമൂഹത്തിലും അതി പുരാതനമായ മാര്‍ തോമാ ചെറിയ പള്ളി ഇടവകക്കും ചേര്‍ന്നതതല്ല

4. മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതി വിധി 1980-ലെ കേരളാ ഹൈക്കോടതി വിധിയുടെ തുടര്‍ച്ച മാത്രമാണു. അന്നു വിധിച്ചത് പലതരം കള്ളത്തരങ്ങള്‍ കൊണ്ട് മറച്ചു വച്ചിരുന്നത് ഇന്ന് നടപ്പാവാന്‍ പോകുന്നു എന്ന് മാത്രം.

5. ഈ കോടതി വിധി കലഹതിനുള്ളതല്ല. കൊതമഗലം ചെറിയ പള്ളി വ്യവസ്ഥാപിത ഭരണത്തിലേക്ക് വരികയാണ്. സഭയുടെ ഭരണഘടനയുടെ ഉള്ളില്‍ നിന്നുകൊണ്ട് ഇടവക മുന്നോട്ടുപോകും. അതുകൊണ്ട് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിരുന്ന സഭയുടെ സമാധാന കാലഘട്ടത്തിലെ വികാരിയായ യശശരീരനായ വന്ദ്യ കെ സി സഖറിയ അച്ഛന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്കുള്ള മാര്‍ഗ രേഖയായി ഈ വിധി മാറും. ആയതു ഇടവകയുടെ സമാധാന കാലഘട്ടത്തിലേക്കുള്ള ആദ്യ പടിയാണ് എന്നും പറയാം.

6. കൊതമംഗലത്തെ പൌരസമൂഹം വളരെ പ്രബുദ്ധരാണ്‌ എന്നതില്‍ തര്‍ക്കമില്ല ഈ പട്ടണത്തിന്‍റെയും ദേശം മുഴുവന്‍റെയും വിളക്കാണ് ചെറിയ പള്ളി. പരി ബാവായുടെ കബറിടം അനുഗ്രഹത്തിന്‍റെ കലവറയാണ്. ഇത് അണയാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. രാജ്യത്തെ നിയമത്തെയും കോടതിയും വെല്ലുവിളിച്ചല്ല നാം ഇത് സാധിക്കേണ്ടത്. അതിനോട് അനുസരണപുലര്‍ത്തിയും നീതിപൂര്‍വം കാര്യങ്ങള്‍ മനസിലാക്കിയും വിലയിരുത്തിയുമാണ്. അതിനായി ഇടവക മുഴുവനായും കോതമംഗലതെ പൌരാവലിയുടെയും ആത്മാര്‍ഥമായ സഹകരണം ആവശ്യപ്പെട്ടുകൊണ്ട്, മലങ്കര സഭയ്ക്കുവേണ്ടി,

വികാരി, മാര്‍ത്തോമാ ഓര്‍ത്തഡോക്സ് ചെറിയ പള്ളി, കോതമംഗലം